അവൾ ഉറങ്ങുകയാണ്, സ്വസ്ഥമായി, ഇനി ഒരിക്കലും ഉണരാത്ത നീണ്ട ഉറക്കത്തിലാണ് അവൾ.
എന്നത്തേയും പോലെ വൈകിയാണ് അയാൾ അന്നും ഉണർന്നത്. സാധാരണ അയാൾ ഉണരുമ്പോഴേക്കും അയാൾക്ക് രാവിലത്തേക്കുള്ള ഭക്ഷണവും ഓഫിസിൽ കൊണ്ടുപോകാനുള്ള ഉച്ചഭക്ഷണവും റെഡിയായിരിക്കും. പക്ഷെ അന്ന് അയാൾ ഉണർന്നപ്പോൾ അവളെ അടുക്കളയിൽ കണ്ടില്ല,തനിക്ക് പോകണം എന്നറിയാം എന്നിട്ടും എവിടെപ്പോയോ എന്തോ? അയാൾ മനസ്സിൽ പിറുപിറുത്തുകൊണ്ട് പുറത്തേക്കിറങ്ങിചെന്നു.
അടുക്കളയുടെ പിൻഭാഗത്ത് പൈപ്പ് തുറന്നു വെള്ളം പോകുന്ന ശബ്ദം കേട്ട് അങ്ങോട്ട് ചെന്നപ്പോഴാണ് കണ്ടത്, അവിടെ വീണുകിടക്കുകയാണ് അവൾ. അയാൾ വേഗം അവളെ കോരിയെടുത്ത് അകത്തെ മുറിയിൽ കൊണ്ട് കിടത്തി, കയ്യിൽ പിടിച്ചു നോക്കിയപ്പോൾ കൈകൾ തണുത്തിരിക്കുന്നു, അയാൾക്ക് കാര്യം മനസ്സിലായെങ്കിലും അത് അംഗീകരിക്കാൻ സാധിക്കാതെ അവളെ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നു. അവസാനം അയാൾ മകളെ വിളിച്ചു പറഞ്ഞു.
പതുക്കെ പതുക്കെ വീട്ടിൽ ആളുകൾ എത്താൻ തുടങ്ങി. അയാൾ ഒരു മൂലയിൽ കസേരയിട്ട് ഇരുന്നു. വരുന്നവർ എല്ലാവരും അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു, ചിലർ പറഞ്ഞു, ഒന്ന് കരയൂ അപ്പോൾ മനസ്സിലെ വേദന കുറയും, ഇങ്ങനെ വേദന മുഴുവൻ അടക്കിപിടിച്ചിരുന്നാൽ അത് വേറെ എന്തിലെങ്കിലും കൊണ്ടെത്തിക്കും. ഞങ്ങൾക്കറിയാം നിങ്ങൾ തമ്മിൽ ഉണ്ടായിരുന്ന സ്നേഹം, എന്താ ചെയ്യുക, സമയമായാൽ പോയല്ലേ പറ്റൂ?
അയാൾക്ക് മനസ്സിൽ ദേഷ്യമാണ് തോന്നിയത്. കരയണമത്രേ! എന്തിന്? ഒന്ന് പറഞ്ഞിട്ട് പോകാനുള്ള മര്യാദ പോലും അവൾ കാണിച്ചില്ല, രാവിലെ ചായ പോലും കുടിച്ചിട്ടില്ല താൻ. തലവേദന എടുക്കും എന്നറിയാം എന്നിട്ടും? അയാൾ പതുക്കെ അവളുടെ മുഖത്തേക്കൊന്ന് നോക്കി.
സ്ത്രീകൾ ചേർന്ന് അവളെ കുളിപ്പിച്ച് പുതിയ സാരി ഉടുപ്പിച്ച് പൊട്ടൊക്കെ തൊടുവിച്ച് കിടത്തിയിരിക്കുകയാണ്. അവൾ ചിരിക്കുകയാണെന്ന് അയാൾക്ക് തോന്നി. നിങ്ങൾക്ക് അങ്ങനെ തന്നെ വേണം എന്ന് പറയുന്ന പോലെ.
അയാളുടെ ഓർമ്മകൾ കുറച്ചു പിറകിലോട്ടു പോയി. അച്ഛനും അമ്മയും ഒക്കെ പോയി കണ്ടു ഉറപ്പിച്ച് നടത്തിയ വിവാഹമായിരുന്നു അവരുടേത്. അയാൾക്ക് ഒട്ടും തന്നെ ഇഷ്ടമില്ലായിരുന്നു. എന്നിട്ടും വിവാഹം കഴിച്ചു.
വിവാഹത്തിന്റെ ആദ്യ നാളുകളിൽ അയാൾ പറഞ്ഞു, ‘ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു, ഞങ്ങളുടെ വിവാഹം നടത്താനിരുന്നതാണ്, നല്ല നീന്തൽ അറിയാവുന്ന കുട്ടിയായിരുന്നു അവൾ, എന്നിട്ടും പുഴ അവളെ കൊണ്ടുപോയി, പുഴയെ കുറ്റം പറയാൻ പറ്റില്ല, ആർക്കും പെട്ടെന്ന് ഇഷ്ടം തോന്നും അവളോട്. ഇപ്പോൾ അഞ്ച് വർഷമായി. അച്ഛന്റെയും അമ്മയുടെയും നിർബന്ധം കൊണ്ട് മാത്രമാണ് ഞാൻ നിന്നെ വിവാഹം കഴിച്ചത്’.
അവൾ പറഞ്ഞു ‘എനിക്ക് അറിയാം. ഞാൻ ഈ വിവാഹത്തിന് സമ്മതിക്കാൻ കാര്യം തന്നെ അവളാണ്. അവൾ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു. ഞങ്ങൾ സ്‌കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. നിങ്ങൾ പ്രണയാഭ്യർത്ഥന നടത്തിയത് മുതലുള്ള കാര്യങ്ങൾ അവൾ എന്നോട് കത്തിലൂടെ അറിയിക്കുമായിരുന്നു. അവൾ പോയ ആ ദിവസം ഞാനും വന്നിരുന്നു അവളുടെ വീട്ടിൽ. കൊച്ചുകുട്ടിയെ പോലെ കരയുന്ന നിങ്ങളെയും കണ്ടു!. അവളോളം സ്നേഹം എനിക്ക് ചിലപ്പോൾ തരാൻ സാധിച്ചുവെന്നുവരില്ല, എന്നാലും ഞാൻ അതിനു ശ്രമിക്കും. കാരണം അവൾ ഓരോ കത്തിലും നിങ്ങൾ സന്തോഷമായിരിക്കുന്നത് കാണാനാണ് അവൾക്കിഷ്ടം എന്ന് പറയുമായിരുന്നു’.
പിന്നീടുള്ള വർഷങ്ങൾ അവൾ പരിശ്രമിച്ചുകൊണ്ടേയിരുന്നു. അയാൾ അവളെ തീർത്തും അവഗണിച്ചിരുന്നു. അവൾ ഉണ്ടാക്കുന്ന കറികളിൽ എന്തെങ്കിലും കുറ്റം അയാൾ കണ്ടെത്തുമായിരുന്നു, അലക്കി വച്ചിരിക്കുന്ന തുണികളിൽ, വീട് തൂത്തു വാരുന്ന രീതിയിൽ ഒക്കെ. അവഗണിച്ചു അവഗണിച്ചു അവസാനം അയാൾ അവളെ സ്നേഹിക്കാൻ തുടങ്ങി.
അവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു, കൂട്ടുകാരിയുടെ പേര് തന്നെ അവൾ മകൾക്കിട്ടു അളകനന്ദ. ആ വീട്ടിൽ അളകാനന്ദയുടെ കൊലുസിലെ ശബ്ദവും അവരുടെ ചിരിയും ഒരുപോലെ നിറഞ്ഞുനിന്നിരുന്നു. തന്നെ അവഗണിക്കുന്നവനെയും സങ്കടപ്പെടുത്തുന്നവനെയും സ്നേഹം നൽകുമ്പോൾ എത്ര പെട്ടെന്നാണ് സ്ത്രീകൾ സ്വീകരിക്കുന്നത്! അയാൾ അതിശയിച്ചു.
മകൾ കല്യാണം കഴിഞ്ഞുപോയപ്പോൾ വീണ്ടും അവർ മാത്രമായി ആ വീട്ടിൽ. അപ്പോൾ അയാൾ വെറുതെ അവൾക്ക് നേരെ ശുണ്ഠി പിടിക്കുമായിരുന്നു. കാരണം അവളോട് എന്തെങ്കിലും നാല് വാക്ക് സംസാരിക്കാതെ, അയാൾക്ക് ഒരു ദിവസം പോലും കഴിച്ചുകൂട്ടാൻ സാധിക്കുമായിരുന്നില്ല.
എന്നിട്ടും, തന്നെ വിളിക്കാതെ അവൾ ഒറ്റയ്ക്ക് പോയിരിക്കുന്നു, അച്ഛാ, അച്ഛാ, അമ്മയെ ദഹിപ്പിക്കാനുള്ള ഏർപ്പാടുകൾ തുടങ്ങിക്കഴിഞ്ഞു. മരുമകനാണ്. അയാൾ ഒന്നും മിണ്ടാതെ മരുമകന്റെ കൂടെ ചെന്നു. വീടിനു പിൻവശം തന്നെയാണ് അവൾക്ക് വേണ്ടി സ്ഥലം ഒരുക്കിയിരുന്നത്. അവൾ എപ്പോഴും കിന്നാരം പറഞ്ഞിരുന്ന അവളുടെ മൂവാണ്ടൻ മാവിന്റെയടുത്ത്.
കർമ്മങ്ങൾ ഒക്കെ മരുമകൻ തന്നെയാണ് ചെയ്തത്. ചിത കത്തിയെരിയാൻ തുടങ്ങിയപ്പോൾ ഓരോരുത്തരായി അവിടെനിന്നും പിൻവാങ്ങി. അയാൾ മാത്രം അവിടെത്തന്നെ നിന്നു, അയാളെ നിർബന്ധിച്ച് അകത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അയാൾ സമ്മതിച്ചില്ല, പേടിക്കണ്ട, ഞാൻ ആത്മഹത്യ ചെയ്യില്ല, എന്റെ കൈ പിടിച്ച് ഈ വീട്ടിലേക്ക് കയറി വന്നവൾ ഇവിടെനിന്നും യാത്രയാവുന്നതും എനിക്ക് കാണണം. അയാൾ പറഞ്ഞു.
ചിതയിൽ നിന്നും ഉയരുന്ന പുക ആകാശത്തോട്ടു പോകുന്നത് കണ്ടു അയാൾ അപ്പോഴും അവളോട് മനസ്സുകൊണ്ട് ശുണ്ഠി എടുത്തുകൊണ്ടിരുന്നു, എന്നെ ഇവിടെ ഒറ്റക്കാക്കി നീ മാത്രം….