സ്മിത ശേഖർ. (Street Light fb group)
അന്ന് ആദ്യമായിട്ടാണ് മൃദുല മകൻ ആർജിത് പഠിക്കുന്ന കോളേജിലെത്തിയത്.പാരൻസ് മീറ്റിംഗിന്.വിനയേട്ടന് വരാൻ കഴിയാത്തതു കൊണ്ടു മാത്രം.അല്ലെങ്കിൽ തന്റെ ചെറിയ ലോകത്തിൽ ജീവിക്കാനായിരുന്നു അവർക്കിഷ്ടം.
കോളേജിലെത്തുമ്പോൾ മണി പത്തരയായിരുന്നു.പരിചിതമുഖങ്ങൾ ഒന്നും കാണുന്നില്ല.മകനെ വിളിച്ചു പറഞ്ഞിരുന്നതാണ് താൻ വരുന്ന കാര്യം. അവനെയും എങ്ങും കാണാൻ കഴിഞ്ഞില്ല.
പരിചയമുള്ള ഒരു മുഖമെങ്കിലും കാണാൻ ആത്മാർത്ഥമായി മൃദുല ആഗ്രഹിച്ചു.അപ്പോഴാണ് അകലെ നിന്നും മകനും സുഹൃത്തും വരുന്നത് കണ്ടത്.
അമ്മയെന്താ ഇവിടെ നിൽക്കുന്നേ ഓഡിറ്റോറിയം ദാ അവിടെയാണ്, അങ്ങോട്ട് പോകാം. മകൻ അവരെ ഓഡിറ്റോറിയത്തിലാക്കി തിരിച്ചു പോയി.വീണ്ടും തനിച്ചായതു പോലെ മീറ്റിംഗ് തുടങ്ങാൻ ഇനിയുമേറെ സമയമുണ്ട്.സമയം ഇഴഞ്ഞു പോകുന്ന പോലെ, അവർ ചുറ്റിലും നോക്കി.അപ്പോഴാണ് തന്റെ തൊട്ടരികിൽ ഇരിക്കുന്ന ആളെ മൃദുല ശ്രദ്ധിച്ചത് .
തന്റെ ഹൃദയമിടിപ്പിന് വേഗത കൂടിയതായി അവർക്ക് അനുഭവപ്പെട്ടു.വല്ലാതെ വിയർക്കാൻ തുടങ്ങീരിക്കുന്നു.ഇവിടന്നിപ്പോൾ ഒന്ന് ഓടിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിൽ; ഇനിയൊരിക്കലും കാണില്ലെന്നു കരുതിയ ആൾ തൊട്ടരികിൽ , തന്നെ അദ്ദേഹം തിരിച്ചറിഞ്ഞാൽ; അതിനു മുമ്പേ ഇവിടന്നു പോയേ പറ്റൂ. അവർ അവിടെ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച നിമിഷം തന്നെയാണ് അടുത്തിരുന്നയാൾ മൃദുലയെ കണ്ടത്.
മൃദൂ ……അദ്ദേഹത്തിന്റെ ചുണ്ടുകൾ തന്റെ പേര് മന്ത്രിക്കുന്നത് കണ്ടപ്പോൾ എന്തു ചെയ്യണമെന്നറിയാതെ അവർ നിന്നു . മൃദു എന്താ ഇവിടെ? ഞാൻ …ഞാൻഅവരുടെ ചുണ്ടുകൾ വിറച്ചു.. മകൻ ഇവിടെയാ പഠിക്കുന്നത് ,ആണോ എന്റെ മകനും ഇവിടെയാണ് പഠിക്കുന്നത് .
താനെന്തിനാ ഇങ്ങനെ വിയർക്കുന്നേ?എന്നെ കണ്ടിട്ടാണോ? വിരോധമില്ലെങ്കിൽ പുറത്ത് കുറച്ചു നടക്കാം .താൻ കുറച്ച് റിലാക്സ് ആവട്ടെ, ആ വാക്കുകൾ അനുസരിക്കുകയായിരുന്നു മൃദുല എന്തിനെന്നറിയാതെ,
മൃദൂ…..ആ വിളി വർഷങ്ങൾക്കു ശേഷമാണ് കേൾക്കുന്നത്.അത് മനസ്സിനെ നനയിച്ചിരിക്കുന്നു. കണ്ണുകളേയും.
ഹേയ് താൻ കരയാ പണ്ടും താനിങ്ങനെ ആയിരുന്നു.ഒന്നു മിണ്ടിയാൽ മതി.അതൊക്കെ പോട്ടെ താനിപ്പോൾ ഹാപ്പിയല്ലേ?അതെ സുഖം സ്വസ്തം.അജിത്തേട്ടനും സുഖമാണെന്നു വിശ്വസിച്ചോട്ടെ ഞാൻ.സുഖാണ് മൃദു .രണ്ടു കുട്ടികൾ ഭാര്യ സന്തോഷമായി പോകുന്നു ജീവിതം.
മൃദൂ… താൻ ഏതർത്ഥത്തിൽ എടുക്കുമെന്നറിയില്ല.തന്നെ കണ്ട സ്ഥിതിക്ക് അത് പറയാതിരിക്കുവാനും എനിക്കാവില്ല
പറയു അജിത്തേട്ടാ മനസ്സിപ്പോൾ ശാന്തമാണ്.
അന്ന് നമ്മൾ അവസാനമായി കണ്ട ദിവസം ഓർമ്മയുണ്ടോ?അന്ന് താൻ കാട്ടിയ ധൈര്യം.അതെനിക്ക് ഇന്നും ഓർമ്മയിലുണ്ട്.മൃദു എനിക്കറിയാം അത് തന്റെ
അഭിനയമായിരുന്നെന്ന്.
പക്ഷേ തോറ്റു കൊടുക്കാൻ പാകമല്ലാതിരുന്ന എന്റെ മനസ്സ് അതിനെ കണ്ടില്ലെന്നു നടിച്ചു. ഒന്നു നോക്കിരുന്നെങ്കിൽ ഒന്നു ചിരിച്ചിരുന്നെങ്കിൽ എന്ന് പരസ്പരം ആഗ്രഹിച്ചിട്ടു പോലും വാശി നമ്മളെ പിൻതിരിപ്പിച്ചു, അല്ലേ മൃദു.
മൃദൂ…..ഒരിക്കൽ പോലും തന്നെ വെറുക്കാനെനിക്ക് കഴിഞ്ഞിട്ടില്ലടോ അന്നും ഇന്നും , മറ്റൊരാളുമായി ശരീരവും മനസ്സും പങ്കിടുമ്പോൾ പോലും മനസ്സിന്റെ കോണിലെവിടെയോ താനുണ്ടായിരുന്നു.ഒരു വർഷം പോലും തികച്ചു ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു ആത്മ ബന്ധം നമുക്കിടയിൽ ഉണ്ടായീരുന്നുവെന്ന് തിരിച്ചറിഞ്ഞത് താനില്ലാതായതിനു ശേഷമാണ്.പക്ഷേ അപ്പോഴേക്കും നാം രണ്ടു കരകളിലായി കഴിഞ്ഞിരുന്നു.
താൻ വീണ്ടും കരയാൻ തുടങ്ങിയോ?ആരേലും കണ്ടാൽ;ഇല്ല അജിത്തേട്ടാ ഈ കരച്ചിൽ എന്നും എന്റെ മനസിലുണ്ടായിരുന്നതാണ് . ഏറ്റു പറയാൻ കഴിയാത്ത ഒരു കുറ്റബോധത്തിന്റെ നോവായി , അജിത്തേട്ടൻ പറഞ്ഞപോലെ അതു മനസിലാക്കുമ്പോഴേക്കും ഏറെ വൈകിയിരുന്നു.
കോടതി വരാന്തയിൽ പരസ്പരം വാശിയുമായി നിൽക്കുമ്പോൾ നമ്മളെ പോലുള്ളവർ മറന്നുപോകുന്ന തിരിച്ചറിയാതെ പോകുന്ന സത്യം
ഇപ്പോൾ മനസ്സിലെ ഭാരമൊഴിഞ്ഞു അജിത്തേട്ടാ ഇനി നമ്മുടെ മക്കളെയെങ്കിലും നേർവഴിക്കു നടത്താം
അതേ മൃദു. വാശിയല്ല ജീവിതമെന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കണം അവരെ എന്നിട്ട് ഒരു നല്ല ജീവിതത്തിനായി പ്രാപ്തരാക്കണം .
ശരി മൃദു വരൂ….മീറ്റിംഗ് തുടങ്ങിയെന്നു തോന്നുന്നു.അജിത്തിനൊപ്പം നടക്കുമ്പോൾ കോളൊഴിഞ്ഞ കടൽ പോലെ ശാന്തമായിരുന്നു മൃദുലയുടെ മനസ്സ്.. …