തിരുവണ്ണൂർ രാജശ്രീ (Street Light fb group).
സ്ത്രീകള്‍ക്ക്സ്വതന്ത്രമായൊരു
രാത്രി സഞ്ചാരം അടുത്തകാലത്തൊന്നും കിട്ടില്ലീ നാട്ടില്‍.എങ്കിലും അങ്ങനൊരു രാത്രിയെങ്കിലും കിട്ടിയാല്‍ ………
ഈ മുഖപത്രക്കുറിപ്പിലൊതുങ്ങില്ലെന്റെകാമനകള്‍! എന്നാലുമൊരു പാഴ്ശ്രമം.ഞാനെന്റെ സങ്കല്പലോകംതുറക്കട്ടെ …..
സവിശേഷമായൊരു രാവാണിന്ന്. നാട്ടിലേയും കാട്ടിലേയും ദുഷ്ടമൃഗങ്ങളെല്ലാം ഒരജ്ഞാതശക്തിക്കടിമപ്പെട്ടു തലപൊക്കാനാവാതെ മയങ്ങുമീരാത്രിയില്‍ ! സഹൃദയരായ സ്തീകള്‍ക്കെല്ലാം മനോവേഗത്തിന്‍ സഞ്ചരിക്കാനുളള കഴിവുകിട്ടും.
ഇരുള്‍ വീണതും ഞാന്‍ പുറത്തേക്കു കുതിക്കും.
കടപ്പുറത്തു പോണം.അകാശം നോക്കി മണലില്‍ മലര്‍ന്നു കിടക്കണം.തിങ്കളും താരങ്ങളും സാഗരസംഗീതവും കാറ്റും പിന്നെ ഞാനും…. നിലാവിലങ്ങനെ..അതെ..ഒരു മൂണ്‍ബാത്ത് !അത്കഴിഞ്ഞ് ഉന്‍മേഷത്തോടൊരു തട്ടുകടയില്‍ ചെല്ലണം.
ഹായ് !കൂട്ടുകാരികളൊക്കെ അവിടുണ്ട്.എല്ലാരുകൂടെ ചിരച്ചുല്ലസിച്ചുറക്കെ ബഹളം വച്ച് അവിടന്നു ചായകുടിക്കും പലഹാരങ്ങള്‍തിന്നും.ഒറ്റക്കു വന്നൊരു ചെറുപ്പക്കാരന്‍ ഞങ്ങളെകണ്ട് അല്പം നാണമോടെ ചായകുടിക്കാതെ പോകും.
കൂട്ടുകാരികളെ കൂടാതെ ഇനിയുളള സമയം ഒറ്റക്കു സഞ്ചരിക്കണം.പിന്നീടൊരിക്കലും കിട്ടില്ലീ ഏകാന്ത നിശാസഞ്ചാരം .
ആത്മവിദ്യാലയത്തിലും ആരാധനാലയങ്ങളിലും അര്‍ധരാത്രി ചെല്ലും. പണ്ടമ്മൂമ്മ പറഞ്ഞുതന്ന പ്രേതാത്മാക്കളേയോ ശിവഭൂതങ്ങളേയോ ഒക്കെയൊന്നു കണ്ടെങ്കില്‍………..
ഇല്ലെങ്കില്‍ വേണ്ട എന്റന്ധവിശ്വാസം തുലയട്ടെ !
പിന്നെ നേരെ കാട്ടിലേക്കു ചെല്ലും.
ശ്യാമസുന്ദരിയായ രജനി നിലാവിന്റെ വെളളിത്തൂലികയാല്‍ ചിത്രം വരച്ചിട്ട വനവീഥിയിലൂടെ അലസമായി നടക്കും.നിശാശലഭംപോലെ പരിമളം നുകര്‍ന്ന് രാക്കിളിപ്പാട്ടുകള്‍ കേട്ട് വനഭംഗികളാസ്വദിച്ചങ്ങിനെ…………ശരറാന്തല്‍ വിളക്കുമായ് ചന്ദ്രനെന്നെയനുഗമിക്കും.നടന്ന് നടന്നൊരുകാട്ടു ചോലക്കരികിലെത്തും.അതിന്റെ കരയിലുള്ളൊരു പൂത്ത കടമ്പുമരച്ചുവട്ടിലിരുന്ന് ഞാനെന്റെ പാഥേയം തുറക്കും.വിശപ്പില്ലെങ്കിലും മുഴുവന്‍ ആസ്വദിച്ച് കഴിക്കും.കാരണം ഭര്‍ത്താവ് സ്വന്തം കെെൊണ്ട് പാചകം ചെയ്ത് പൊതിഞ്ഞുകെട്ടി സ്നേഹത്തോടെ നിര്‍ബന്ധിച്ച് തന്നയച്ചതല്ലേ !
മനോവേഗമെന്ന വരം കിട്ടീട്ടും അധികം സഞ്ചരിക്കാത്ത പൊട്ടിയാണു ഞാന്‍!ചെന്നിടത്തെല്ലാം മിഴിച്ചുനിന്നു നേരം പോയി. പുലരാറായി.ആളുകളുണരും മുമ്പ് തിരിച്ചെത്തണം.ഇല്ലെങ്കില്‍ ദോഷെെകദൃക്കുകള്‍ എന്റെ രാത്രിസഞ്ചാരത്തെകുറിച്ചു കഥകളുണ്ടാക്കും.ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും സ്വസ്ഥത കെടുത്തും.പറയാനുണ്ടായിരുന്നു
കുറേകൂടി.വായിച്ചു നിങ്ങളും ബോറടിച്ചു ,ടെെപ്പു ചെയ്തെന്റെ വിരലും കുഴഞ്ഞു. വിരസത മാറാനൊരുപാട്ടു മൂളി നിര്‍ത്താം
”വെറുതെയീമോഹങ്ങളെന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം”
__________________________________