ഷിജി അനൂപ്. (Street Light fb group)
അറിയാതെ ഒന്ന് കാൽ വഴുതിവീണു ഇപ്പോ എവിടെയാണെന്ന് അറിയുന്നില്ല ഏതോ വലിയ തിരക്കുള്ള ഒരു വീടാണ്. എവിടെ നോക്കിയാലും പച്ച വെളിച്ചം തെളിഞ്ഞു കാണാം ചിലയിടങ്ങളിൽ അണഞ്ഞു കിടക്കുന്നു അവിടെ ആരുമില്ലെന്ന് തോന്നിപ്പിക്കും വിധം .സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും ഒരുപാട് തിരക്കുള്ള ഒരാൾ അവിടെ ഉണ്ടെന്ന്
അയ്യോ’ !!എന്തായിത് ?എന്റെ തലയിൽ വന്ന് തട്ടിയത് “ങേ; ചിരിക്കുന്ന ഒരു ഉണ്ട… ഒന്നല്ല ട്ടോ ഉൽക്കകളാണെന്ന് തോന്നുന്നൂ പാഞ്ഞു നടക്കുന്നുണ്ട് പൂച്ചെണ്ടുകളായും, ചിരിയായും, കരച്ചിലായുമൊക്കെ ഇതു പോലെ കുറെ എണ്ണം അതെല്ലാം വകഞ്ഞ് മാറ്റി വേണം ഇവിടെ നടക്കാൻ ..
ഒരു പുസ്തകത്തിന്റെതാളുകൾ പോലെയാണിവിടം രൂപകൽപന ചെയ്തിരിക്കുന്നത് ഓരോ നിലകൾക്കും വ്യത്യസ്തതകൾ ഏറെയാണ്
ഏതോ നല്ല ചിത്രകാരന്റെ ആർട്ട് ഗാലറി പോലെയാണിവിടം “ആഹാ… എന്ത് മനോഹരമായാണ് അലംങ്കരിച്ചിരിക്കുന്നത് .വളരെ മനോഹമായ രൂപങ്ങൾ അവയിൽ ചിലതിന് മുഖമില്ലായിരുന്നു…. ജീവൻ തുടിക്കുന്ന നിശ്ചല രൂപങ്ങൾക്കടിയിൽ നല്ലതും ചീത്തയുമായ് ആരൊക്കെയോ എന്തൊക്കെയോ എഴുതുന്നുണ്ട്
ആരും പരസ്പരം കാണുന്നില്ല, അറിയുന്നില്ല ,ശബ്ദം കേൾക്കുന്നില്ല എങ്കിലും ഇവിടം നല്ലൊരു വിളനിലമാണ്. സ്വന്തം കൃഷിയിടം തരിശ്ശിട്ട് പലരും ഇവിടെ വിളവിറക്കുന്നുണ്ട്. സൗഹൃദം, പ്രണയം, സാഹോദര്യം ഇങ്ങനെ പല വിധം വിത്തിനങ്ങൾ ആവശ്യാനുസരണം കൊയ്തെടുക്കുന്നുണ്ട്
എന്തായാലും ഞാൻ കണ്ടത് രണ്ടിനം വ്യക്തിത്വങ്ങൾ വിളയുന്നതാണ് മാന്യത കൈ മുതലായവരും മാന്യതയുടെ മുഖം മൂടിയണിഞ്ഞവരും.
കാഴ്ച കണ്ട് നടക്കുമ്പോൾ ഒരു നീലവെളിച്ചത്തിനു ചുറ്റും നല്ല തിക്കും തിരക്കുമാണ്. അസഹനീയമായ ദുർഗന്ധം വമിക്കുന്നയിടം മാനുഷിക മൂല്യങ്ങൾ അഴുകുന്നതിന്റെ ദുർഗന്ധമാണത്രേ അത് ഞാൻ മുന്നോട്ട് നടന്നു…
” അതെന്താണ്… അവിടെ ആളൊഴിഞ്ഞ മൂലയിൽ “!! പടിയിളകിക്കിടക്കുന്ന ഒരു പിരിയൻ ഗോവണിയാണ് … പഴമയുടെയും പുതുമയുടെയും മൂല്യങ്ങളുറങ്ങാത്തയിടം ഞാൻ ആദ്യത്തെ പടി കയറിയപ്പോൾ നിശബ്ദതയാണ് സ്വാഗതം ചെയ്തത് എങ്കിലും പതിയെ ഓരോ പടിയും കയറി മുകളിലെത്തിയപ്പോൾ അടഞ്ഞുകിടക്കുന്ന വാതിൽ പതിയെ തുറന്ന് അകത്തെത്തിയപ്പോൾ.,,
അവിടെ ഞാൻ കണ്ടു എന്റെ ചിന്തകളെ ചിറകു മുളച്ച അക്ഷരങ്ങളായ്… വിവിധ ഭാവത്തിൽ രൂപത്തിൽ ഞാൻ കേട്ടു ….ഓരോ മനസ്സിന്റെ വിങ്ങലുകൾ പ്രണയാർദ്രമായ സംഗീതം പൊഴിക്കുന്നത്…. നഷ്ടങ്ങൾ പുഞ്ചിരി തൂകുന്നത് എല്ലാം …. മനോഹരമാണിവിടം’… സൗഹൃദം പൂക്കുന്ന കാടുകളും…. സ്നേഹമലതല്ലുന്ന കടലും….. പ്രണയംപൂക്കുന്ന താഴ്വരകളും എല്ലാം ….
ഈ വലിയ വീട്ടിലെ ഈ മുറിയോട് എനിക്കെന്തോ ഇഷ്ടം തോന്നി ഒരു ദിനമെങ്കിലും അവിടെ തങ്ങാനൊരു മോഹം.. അവിടെ കണ്ട അക്ഷരങ്ങൾക്ക് നേരെ ഞാനും തൊടുത്തുവിട്ടു ഒന്നുരണ്ടുൽക്കാശ കലങ്ങളെ … അതാ വരുന്നു ഒന്നിന് ഒൻപതായി
“കൊടുത്താൽ തിരിച്ചു കിട്ടുന്ന ഒന്നാണത്രേ സ്നേഹം’
ഇഴജന്തുക്കളെ പേടിച്ച് വാതിലും ജനലും ഭദ്രമായ ടച്ച് തഴുതിട്ടിട്ടുണ്ട്. “എന്താണൊരു ശബ്ദം !! ആരോ കതകിൽ മുട്ടി തിരിച്ച് പോകുന്നതാണ്
” പോട്ടെ ” ഇനി വരാതിരുന്നാൽ മതി തെല്ല് ഭയത്തോടെ രാവുറങ്ങി.. പിറ്റേന്നാരോ പറയുന്നകേട്ടു സൗഹൃദമായിരുന്നത്രേ കതകിൽ തട്ടി തെറിച്ച് പോയത്
അറിഞ്ഞില്ല … സങ്കടമായിക്കാണും. അവഗണന എങ്ങനെ സഹിക്കാനാണ് ആത്മാഭിമാനം വൃണപ്പെട്ടു കാണും.. ഒരു കുഞ്ഞു സങ്കടം മനസ്സിൽ വീണുരുണ്ടു മറിഞ്ഞു.
എല്ലാറ്റിനും കാരണം ഈ അമ്മയാണ് ഓരോന്ന് പറഞ്ഞ് പേടിപ്പിച്ചിരിക്ക്യാണ്….. നല്ല ഭംഗിയുണ്ടാകുമത്രേ ചില ചിരിച്ച മുഖങ്ങൾക്ക്
അവരുടെ ദംഷ്ട്രകൾ മറയ്ക്കുന്നത് ആ സുന്ദരമായ ചിരിയിലാണെന്ന് …… ലോലഹൃദയങ്ങളിലേക്ക് അത് ആഴ്ന്നിറങ്ങുമത്രേ
പിന്നെ…. പിറ്റേന്ന് ആളൊഴിഞ്ഞ കുറ്റിക്കാട്ടിലോ, കുളത്തിലോ മറ്റോ വികൃതമാക്കിയോ അല്ലാതെയോ ചില ശരീരങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് .. മറ്റു ചിലവ അകത്തോ പുറത്തോ ഊഞ്ഞാലുകെട്ടിയാടുമെന്ന് ”
ചിലത് ജീവഛവങ്ങളായി കാലം കഴിക്കുമെന്ന്!
“പേടിക്കാനെവിടെക്കെങ്കിലും പോണോ?
ആവശ്യത്തിലധികം ഭയപ്പെടുത്തിയിട്ട് പറയാണ്
“എല്ലാ മുഖങ്ങളും ഇങ്ങനെയല്ലാ ചിലരെ ഇങ്ങനെ കാണൂന്ന് “!!
ഒരു കാര്യത്തിൽ അത്ഭുതമാണ് എന്തു വേഗതയാണ് വളരുന്ന ബന്ധങ്ങൾക്ക് പരസ്പരം അറിയാതെ വിശ്വാസമില്ലാതെ ഇതൊരു മായാലോകം തന്നെയാണ്… ഒരു അത്ഭുത ലോകം… ഞാനടക്കമുള്ളവരുടെ മായക്കൊട്ടാരം…