സജി.കുളത്തുപ്പുഴ. (Street Light fb group)
കാശിനാഥന്റെ ഭൂമികയുടെ മുകളിലുടെ രാത്രിയുടെ കരിമ്പടക്കെട്ടഴിഞ്ഞു വീണു….!!
ആലക്തിക ദീപങ്ങൾ മിഴിതുറന്നു….
കാശി വിശ്വനാഥ ക്ഷേത്രവും അസംഖ്യം മഠങ്ങളും ദീപപ്രഭയിൽ കുളിച്ചുനിന്നു…
തെരുവിൽ ശരണമന്ത്രങ്ങളോടെ മോക്ഷപ്രാപ്തി നേടി നിത്യതയിലലിയാൻ കൊതിച്ചെത്തിയ ആയിരങ്ങൾ….
ദേഹമാകെ ഭസ്മം പൂശി കമണ്ഡലുവും…ശൂലവും കയ്യിലേന്തി തെരുവോരത്ത് കൂടി ഗംഗയിലേക്ക് നടക്കുന്ന അഘോരികൾ….!!
അവർക്കിടയിലൂടെ നിർത്താതെ മണിമുഴക്കി പായുന്ന സൈക്കിളുകൾ….
തെരുവിൽ അലഞ്ഞു തിരിയുന്ന കാലികൾ….!!
ഗംഗയുടെ തീരത്തുള്ള അസംഖ്യം ഘാട്ടുകൾ . അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന മണികർണിക് ഘാട്ടിന്റെ തൂണുകളിലൊന്നിൽ ഗംഗയിലേക്ക് നോക്കി… ചാരിയിരിക്കുന്നുണ്ടൊരു സ്ത്രീരൂപം…
ഇവൾ….ചീത…ചീത ബായ്…
വാരാണസിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ശവസംസ്കരണ തൊഴിലാളി…!!
കറുത്തുമെലിഞ്ഞൊരു രൂപം…. പ്രിയതമന്റെ വേർപാടിന്റെ വേദന ആ മുഖത്തുനിന്ന് ഒറ്റനോട്ടത്തിൽ തന്നെ
വായിച്ചെടുക്കാം…പുഴയിലെ ഓാളങ്ങളെന്നോണം ഒഴുകിത്തുളുമ്പാനൊരുങ്ങി ഒരു ശോക ഗംഗയെത്തന്നെ ആവാഹിച്ച
വിഷാദം നിറഞ്ഞ മിഴികൾ….മുന്നിലേക്ക് വീണുകിടക്കുന്ന ചെമ്പിച്ചമുടിയിഴകൾ ഗംഗയിൽ നിന്നെത്തുന്ന ഇളം കാറ്റേറ്റ് ഇളകി പറന്ന് മുഖത്തേക്ക് ചിതറുന്നു…!!
ഈ തൊഴിലിലേക്കവൾ വന്നിട്ട് ഇന്ന് ഇരുപത്തിയഞ്ച് ദിവസമേ ആകുന്നുള്ളു.ഭർത്താവായ സച്റാമിന്റെ മരണത്തെ തുടർന്നു സഹായിക്കാനാരുമില്ലാത്ത അവസ്ഥയിൽ ഏറ്റെടുത്തതാണ് ശവസംസ്‌കാരണം.സച്റാമും മണികർണിക് ഘാട്ടിലെ തൊഴിലാളിയായിരുന്നു….!!
വൈധവ്യം വിധിച്ച ആ ശപിക്കപ്പെട്ട നാൾ അവളുടെ ഓർമ്മയിലേക്ക് വന്നു.താനും…മിന്നുവും അനാഥരായിത്തീർന്ന ആ ദിനത്തിന്റെ ഓർമ്മയിലേക്ക് നോക്കുമ്പോൾ തന്നെ അവൾ ആശ്രയമറ്റവളായ് വിറപൂണ്ടു…!
സീമന്തരേഖയിലെ സിന്ദൂരം മായ്ക്കപ്പെട്ട….കുപ്പിവളകൾ ഇരു കൈകളേയും ചേർത്തടിച്ച് തല്ലിയുടയ്ക്കപ്പെട്ട നാൾ…മഞ്ഞ ചരടിൽ കോർത്ത് തന്റെ നെഞ്ചോടു ചേർത്ത താലി പൊട്ടിച്ചെടുത്ത കറുത്ത ദിനം…!!
താനും മിന്നുവും ഒറ്റയ്ക്കായപ്പോൾ തന്നെ സ്വന്തമാക്കാൻ മോഹിച്ച രാഘവ് റാം.. എന്ന ദുഷ്ടനെക്കുറിച്ചോർക്കെ ഉള്ളം നടുങ്ങുന്ന നിസ്സഹായത അവളെ തളർത്തി.
ചീത രാഘവ്‌റാമിനെ കുറിച്ചോർത്തു…ഒത്ത ഉയരവും വണ്ണവും ചോരച്ച കണ്ണുകൾ…സദാ ചുണ്ടിലെരിയുന്ന സിഗരറ്റും… ബീഡിയും…അകലെയെത്തുമ്പോഴേ മൂക്കിലേക്കടിച്ചു കയറുന്ന മദ്യത്തിന്റേയും കഞ്ചാവിന്റെയും വിയർപ്പിന്റെയും കൂടിക്കുഴഞ്ഞ ഗന്ധം.
തന്റെ പ്രിയതമന് അവസാനമൊയൊരുക്കിയ പന്തലിലെ പൂക്കൾ വാടും മുമ്പ് രാഘവ്റാമിന് വേണ്ടി വിവാഹമാലോചിച്ചെത്തിയ മാധവ് റാം എന്ന റാംജി…!!
” മോളെ നീയെത്രനാൾ ഇങ്ങിനെ ദുഖിച്ചിരിക്കും…നിന്റെ നല്ലതിനായി ഞാനൊരു കാര്യം പറയാം…നമ്മുടെ രാഘവ്റാം നിന്നെ പൊന്നുപോലെ നോക്കും..നിന്നെ മാത്രമല്ല മോളെയും….!!
ചുമരിൽ ചാരിയിരുന്ന ചീത മുഖമുയർത്തി മാധവ്‌റാമിനെ നോക്കി..അവളുടെ കണ്ണുകൾ അപ്പോഴും തോർന്നിട്ടുണ്ടായിരുന്നില്ല..
“നിങ്ങൾക്കിതെങ്ങിനെ പറയാൻ കഴിയുന്നു റാംജി…സച് റാം പോയിട്ട് ആറ് നാളുകളെ ആയിട്ടുള്ളു…അതിനും മുമ്പ്…ചീതയിൽ നിന്ന് വാക്കുകൾ ചിതറി വീണു…അവൾ തല പിറകോട്ട് ചാരി ഏങ്ങലടിച്ചു കരഞ്ഞു…
“നോക്കുമോളെ…പറഞ്ഞത് ശരിയാണ്…പക്ഷെ രണ്ടു ജീവനുകൾ ഇപ്പോഴും ബാക്കിയാണ്…മിന്നുവിന് വയസ്സ് പന്ത്രണ്ടായി…അവളുടെ വിദ്യാഭ്യാസം…വിവാഹം…നിങ്ങളെടെ ചിലവുകൾ ഇതൊക്കെ നിന്നെക്കൊണ്ട് ഒറ്റയ്ക്ക് സാധിക്കുമോ?
“അറിയില്ല റാംജി….സച്റാം എന്നെയും മോളെയും പൊന്നുപോലെയാണ് നോക്കിയത്…ഒരുദിവസം പോലും ജോലിക്കയച്ചിട്ടില്ല…അവൾ വിതുമ്പി..
“ഇനിയെന്തെങ്കിലും ജോലി കണ്ടെത്തിയേ തീരൂ..എങ്ങിനെയെങ്കിലും എന്റെ മോളെ നല്ല രീതിയിൽ വളർത്തും.
“എന്ത് തൊഴിലാണ് നീ ചെയ്യാൻ പോണത്…?
“കുലത്തൊഴിൽ തന്നെ ചെയ്യാനാണ് എന്റെ തീരുമാനം…നെഞ്ചുനീറി പുകയുന്ന വേദനയിലും ഉറച്ചതായിരുന്നു അവളുടെ വാക്കുകൾ..
“നമ്മുടെ കുലത്തൊഴിൽ ചെയ്യാൻ സ്ത്രീകൾക്കനുവാദമില്ല ചീതാ…അത് മറികടന്ന് കുലത്തൊഴിൽ ചെയ്യാനാണ് നിന്റെ തീരുമാനമെങ്കിൽ സമുദായം വിലക്ക് കല്പിക്കും…പിന്നെ കല്ലുപ്പിന്റെ സഹായം പോലും നിനക്ക് ലഭിക്കില്ല….മുന്നി ബായിയുടെ ഗതി നിനക്കോർമ്മയുണ്ടല്ലോ അല്ലേ? റാംജി താക്കീതുപോലെ ചോദിച്ചു…!!
മാധവ്റാമിന്റെ ഭീഷണിക്ക് വഴങ്ങാത്തതിനാൽ ചണ്ഡാള സമുദായം വിലക്ക് കല്പിച്ചു..വീടുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ടു…ആഘോഷങ്ങളിലും… എന്തിന് മരണങ്ങളിൽ പോലും പങ്കെടുപ്പിച്ചില്ല… താനും മകളും ഒറ്റപ്പെട്ടു…ആകെയുള്ള സഹായം തൊട്ടപ്പുറത്തുള്ള “ദാദ’ വിളിക്കുന്ന റാണാപ്രതാപ് മാത്രം…വയസ്സ് അറുപത് കഴിഞ്ഞ ആരും തുണയില്ലാത്ത മനുഷ്യൻ…അയാൾ തനിക്ക് അച്ഛനായി….മിന്നുവിന് അപ്പൂപ്പനായി…
ചീത ഓർമ്മയിൽ നിന്നുണർന്നു….അവൾ മെല്ലെ എഴുന്നേറ്റ് ചിതയ്ക്ക് സമീപം ചെന്നു.ഘട്ടിലാകെ നിറഞ്ഞു നിൽക്കുന്ന കത്തുന്ന മനുഷ്യ മാംസത്തിന്റെ അസഹനീയമായ ഗന്ധം…
ചെറിയ പുക മൂടൽ മഞ്ഞുപോലെ അവിടെ തങ്ങി നിൽക്കുന്നു…അവൾ മൂലയിൽ ചാരിവച്ചിരുന്ന നീളൻ കമ്പുകൊണ്ട് ചിതയിലെ കനലുകൾ മെല്ലെയിളക്കി..ഗംഗയിൽ നിന്നെത്തിയ ചെറുകാറ്റിൽ തീപ്പൊരികൾ ഇളകി പറന്നു…ചിതയിലെ ചൂടേറ്റവൾ വിയർപ്പിൽ കുളിച്ചു…ദേഹമാസകലം വിയർപ്പ് ചാലിട്ടൊഴുകി.ചീത എളിയിൽ കുത്തിയിരുന്ന സാരിതലപ്പഴിച്ചു മുഖം തുടച്ചു…അവളുടെ വയറിലൂടെ വിയർപ്പുകണങ്ങൾ പൊക്കിൾ ചുഴിയിലേക്ക് ഊർന്നിറങ്ങി…!
കൊളുത്തിൽ തൂക്കിയിരുന്ന കൊടുവാളെടുത്തു ചിതയിലേക്കുള്ള വിറക് വെട്ടുമ്പോൾ
സച്റാമിന്റെ ഓർമ്മ മിഴികളെ ഈറനണിയിച്ചു .എന്നും ഉറങ്ങുന്നതിന് മുമ്പാ കത്തിരാകി മൂർച്ച കൂട്ടുന്ന പ്രിയതമന്റെ മുഖം മനസ്സിൽ തെളിഞ്ഞു..ഒരിക്കൽ പോലും ദേഷ്യപ്പെട്ടിട്ടില്ലാത്ത…കുറ്റപ്പെടുത്തിയിട്ടില്ലാത്ത ഒരു പാവം മനുഷ്യൻ…
ഇല്ലായ്മയിലും എന്ത് സുന്ദരമായിരുന്നു ജീവിതം..അതാണ് പാതിവഴിയിൽ നിലച്ചു പോയത്..മിഴിനീർ കവിളിലൂടെ ഒലിച്ചിറങ്ങി മാറിൽ വീണു ചിതറി .അവളുടെ തേങ്ങൽ ഗംഗയിലെ ഓളങ്ങൾ കേട്ടുവോ? ആശ്വസിപ്പിക്കാനെന്നവണ്ണം ഗംഗയുടെ മറുകരയിൽ നിന്നെത്തിയ ഒരിളം കാറ്റ് അവളെ തഴുകി കടന്നുപോയി.
പാതി വെന്ത ശരീരം ഗംഗയിലൊഴുക്കി ചിതയിലെ തീകെടുത്തി തുണിസഞ്ചിയുമെടുത്തവൾ വീട്ടിലേക്ക് നടന്നു.
വീട്ടിലേക്ക് തിരിയുന്ന ഗല്ലിയുടെ വശങ്ങളിലായി വഴിയിലേക്കിറക്കി വിച്ചിരിക്കുന്ന സൈക്കിളുകൾ…വഴിക്ക് കുറുകെ കിടക്കുന്ന കാലികളെയും കടന്ന് മുന്നോട്ടു നടക്കുമ്പോൾ… ചുണ്ടിലെരിയുന്ന സിഗരറ്റും ഉറയ്ക്കാത്ത ചുവടുകളുമായി രാഘവ്റാം…
അവൾ തുണിസഞ്ചി മുതുകിൽ തൂക്കി വലംകയ്യിലിരുന്ന കൊടുവാളിൽ പിടിമുറുക്കി മുന്നോട്ട് നടന്നു..അടുത്തെത്തിയതും രാഘവ് റാം അവളുടെ വഴിതടഞ്ഞു…
ചീതാ എനിക്ക് നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്…
ചീത അയാളുടെ നേരേ കൂർത്ത നോട്ടം നോക്കി.അയാളുടെ ലഹരി ബാധിച്ച കണ്ണുകൾ തന്റെ മാറിടത്തെ കൊത്തിപ്പറിക്കുന്നതായി തോന്നി അവൾക്ക്
“ചീതാ….നിന്നെയും മോളെയും ഞാൻ നോക്കിക്കോളാം…ഇപ്പോൾ വേണ്ട..നീ ആലോചിച്ചു മറുപടി പറഞ്ഞാൽ മതി…
“ആലോചിക്കാനൊന്നുമില്ല എനിക്ക് സമ്മതമല്ല… പല പ്രാവശ്യം പറഞ്ഞു ഞാൻ. മേലാൽ ഇതും പറഞ്ഞെന്റെ പിറകെ വരരുത്.
താക്കീതുപോലെ പോലെ പറഞ്ഞിവൾ അയാളെ മറികടന്ന് മുന്നോട്ട് നടന്നു..!!
ആറു മാസങ്ങൾ കഴിഞ്ഞുള്ളൊരു രാത്രി…!
പതിവുപോലെ അരിയും പച്ചക്കറികളുമായി ചീത വീട്ടുമുറ്റത്തേക്ക് കയറുമ്പോൾ മിന്നുവിന്റെ ഉറക്കെയുള്ള പുസ്തക വായന കേട്ടില്ല… കതക് ചാരിയിട്ടേയുള്ളു.സാധാരണതാൻ വന്നുവിളിച്ചിട്ടാണ് തുറക്കാറുള്ളത്.അതവളിൽ ആപത്ശങ്ക ജനിപ്പിച്ചു.
ചീത കതക് തള്ളിത്തുറന്ന് അകത്തേക്ക് കയറി…മുറിയിൽ വെളിച്ചമില്ല…എന്ത് പറ്റി…മിന്നു ഉറങ്ങി കാണുമോ?ചീത മുന്നോട്ട് നടന്നു..പെട്ടെന്ന് എന്തിലോ തടഞ്ഞു മുന്നോട്ട് കമിഴ്ന്നു….കയ്യിലെ തുണിസഞ്ചി വീഴ്ചയിൽ പിടിവിട്ട് തറയിൽ വീണ് ചിതറി.. അവൾ ഇരുളിൽ തപ്പിനോക്കി.,അത് മിന്നുവാണെന്ന് തിരിച്ചറിഞ്ഞതും അവളുടെ നട്ടല്ലിലൂടൊരു പെരുപ്പ് അരിച്ചു കയറി….
തറയിൽ കൊഴുപ്പുള്ള നനവ്… നനവ്…ചോരയുടേതാണെന്ന്
തിരിച്ചറിഞ്ഞ ചീത ഭയം കൊണ്ട് വിറങ്ങലിച്ചു… പൊന്നുമോളുടെ ശരീരം തണുത്തു മരവിച്ചിരിക്കുന്നു.
അവൾ ഉറക്കെ നിലവിളിച്ചു..പക്ഷേ ഭീതികൊണ്ട്
നിലവിളി പുറത്തേക്ക് വരാതെ കണ്ഠനാളത്തിൽ കുരുങ്ങി. ഓടിപ്പോയി വെളിയിൽ തൂക്കിയിരുന്ന റാന്തലെടുത്തു ഞൊടിയിടയിൽ തിരിച്ചെത്തി…അവിടെ കണ്ട കാഴ്ച അവളിലെ മാതൃത്വത്തെ നടുക്കുന്നതായിരുന്നു…ചാണകം മെഴുകിയ തറയിൽ കമിഴ്ന്നു കിടക്കുന്ന മിന്നു…മുറിയിലാകെ ചിതറിക്കിടക്കുന്ന സാധനങ്ങൾ…ഒരു മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങൾ..മിന്നുവിന്റെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരിക്കുന്നു…അവളുടെ കാല്പാദങ്ങളിൽ നിന്ന് ഒഴുകിയിറങ്ങിയ ചോര തറയിൽ പടർന്നിരിക്കുന്നു…
ചീത തറയിലേക്കിരുന്ന് മിന്നുവിന്റെ ശിരസ്സ് മടിയിലേക്ക് എടുത്തു വെച്ചു. അവളുടെ ചുണ്ടുകളിൽ പല്ലുകൾ ആഴ്ന്നിറങ്ങിയ ഭാഗങ്ങളിൽ ചോര കട്ടപിടിച്ചിരിക്കുന്നു…മുട്ടുകാലിൽ നിന്ന് കണംകാലിലേക്ക് ഒഴുകിയിറങ്ങിയ ചോര….
തന്റെ പൊന്നുമകൾ കൊല്ലപ്പെട്ടിരുന്നു…ജീവിതത്തിൽ ആകെയുണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു.ഇനി താൻ ആർക്കുവേണ്ടി ജീവിക്കണം..എന്തിനു വേണ്ടി ജീവിക്കണം..എന്റെ ദൈവമേ…ഞാനെന്ത് തെറ്റുചെയ്തിട്ടാണ് എന്നെയിങ്ങനെ ക്രൂരമായി ശിക്ഷിക്കുന്നത്..മിന്നു ഏറെ നാളായി കൊതിച്ചൊരു പൊട്ട് കമ്മലും വാങ്ങിവന്നപ്പോൾ…എന്റെ കാശിനാഥാ എന്നേയും കൂടങ്ങു വിളിക്കരുതോ…
ചീത ഉന്മാദം ബാധിച്ചവളെപോലെ കാലുകൾ നിലത്തുരച്ചു അലറി കരഞ്ഞു…കുനിഞ്ഞു മിന്നുവിന്റെ നെറ്റിയിലേക്ക് ചുണ്ട് ചേർത്തു…ചീതയുടെ മിഴിനീർ വീണ് മിന്നുവിന്റെ നെറ്റിത്തടം നനയാൻ തുടങ്ങി.എത്ര നേരം പതംപറഞ്ഞു കരഞ്ഞു എന്നോർമ്മയില്ല.ആരും വരാനില്ല എന്ന തിരിച്ചറിവ് അവളെ കൂടുതൽ സങ്കടപ്പെടുത്തി…അവളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ദാദാ ഓടിയെത്തി….
“എന്ത്പറ്റി മോളെ എന്റെ മിന്നുവിന്…
“എന്നെ തനിച്ചാക്കി മിന്നു പോയി ദാദാ…
ചീതയുടെ ഹൃദയം പിളർക്കുന്ന വാക്കുകൾ…
മിന്നുവിന്റെ കിടപ്പുകണ്ട് ദാദയുടെ മിഴികൾ നിറഞ്ഞു തുളുമ്പി…
“ആർക്കാ മോളെ എന്റെ മിന്നുവിനോടിങ്ങനെ പെരുമാറാൻ കഴിയുക…..നമുക്കിത് പോലീസിൽ അറിയിക്കേണ്ടേ മോളേ..
” അറിയിച്ചിട്ടെന്തിനാണ് ദാദാ..ആര് സാക്ഷി പറയും എന്റെ മകൾക്ക് വേണ്ടി…ആരും പറയില്ല ദാദാ…പറഞ്ഞാലും ഇല്ലെങ്കിലും എന്റെ മോളുടെ ശരീരം കീറിമുറിക്കും.അത് വേണ്ട ദാദാ.പോയത് എനിക്കല്ലേ..പോട്ടെ…ഭാഗ്യം കെട്ട ജന്മമാണെന്റേത്…ആറുമാസം മുമ്പ് സച് ദേവ് പോയി..ഇപ്പോൾ മിന്നുവും…ഇതെല്ലാം കാണാനും അനുഭവിക്കാനും ഞാൻ മാത്രം ബാക്കി.ദാദ ഘട്ടിൽ പോയി കൈവണ്ടി എടുത്തു വരൂ.ഞാനെന്റെ മോളെ ഒരുക്കട്ടെ…!!
തന്റെ പൊന്നു മകളെ വിറയാർന്ന കൈകളിൽ കോരിയെടുത്തു കുളിപ്പുരയിലേക്ക് കൊണ്ടുപോയി….കുളിപ്പിച്ചു.ഉള്ളതിൽ ഏറ്റവും പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചു.
അവളുടെ കാതിൽ കിടന്ന പ്ലാസ്റ്റിക് കമ്മൽ മാറ്റി പകരം പുതിയ കമ്മൽ ധരിപ്പിച്ചു…ചീതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…അത് ഊർന്ന് വീണ് മീനുവിന്റെ വസ്ത്രങ്ങളെ നനയ്ക്കാൻ തുടങ്ങി…വിതുമ്പലടക്കാൻ ശ്രമിച്ചെങ്കിലും അവൾക്കതിന്
കഴിയുമായിരുന്നില്ല..പെറ്റവയറിന്റെ നൊമ്പരം…ഹൃദയഭിത്തികൾ പൊട്ടിത്തെറിക്കുമെന്നവൾക്ക് തോന്നി….ലോകത്തൊരമ്മയ്ക്കും ഇങ്ങനെയൊരു വിധിയുണ്ടാവല്ലേ ഈശ്വരാ….ചീത മനമുരുകി പ്രാർത്ഥിച്ചു.
അപ്പോഴേക്കും ദാദയും എത്തി.ഇരുവരും ചേർന്ന് മിന്നുവിനെ താങ്ങിയെടുത്തു കൈവണ്ടിയിലേക്ക് കിടത്തി…
അതിനു ശേഷം മിന്നുവിനെ പുതപ്പിട്ടുമൂടി..ദാദ മുന്നിലും ചീത പിന്നിലുമായി മണികർണിക് ഘാട്ടിലേക്ക്…!!
ദാദയും ചീതയും ചേർന്ന് മിന്നുവിനെ ഗംഗയിൽ മുക്കിയെടുത്തു…മെല്ലെ ചിതയിലേക്ക് കിടത്തി..അവിടെയുണ്ടായിരുന്ന പാണ്ഡ(കർമ്മി) ആയിരം വട്ടം മന്ത്രങ്ങൾ ഉരുക്കഴിച്ചു….
ചിതയ്ക്ക് തീകൊളുത്താൻ പോവുകയാണ്…ചീതയുടെ ഉള്ളിൽ തിരമാലകൾ ഇരമ്പിയാർത്തു…അത് അവളുടെ ഹൃദയഭിത്തിയിൽ തട്ടിത്തകർന്നു…തന്റെ മകൾ ലോകം വിട്ടു പോകുവാണ്..ഇനിയൊരിക്കലും തനിക്കവളെ കാണാൻ കഴിയില്ല.അതോർത്തപ്പോൾ
അതുവരെ അടക്കിനിർത്തിയിരുന്ന കരച്ചിൽ അവളിൽനിന്ന് പുറത്തേക്ക് വന്നു…അവൾ മിന്നുവിന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു തെരുതെരെ ചുംബിച്ചു.ദാദാ അവളെ പറിച്ചുമാറ്റി…ചാണക വരളികൾ കൊണ്ട് മിന്നുവിന്റെ മുഖം മൂടി…ചിതയിലേക്ക് അഗ്നിപകർന്നു….അഗ്നിനാമ്പുകൾ മിന്നുവിന്റെ ശരീരത്തെ വിഴുങ്ങാൻ തുടങ്ങി..
നൊന്ത് പ്രസവിച്ച മകൾ തീപ്പെടുന്നത് അവളിൽ കരൾ പിടയുന്ന വേദനയുളവാക്കി.കണ്ടു നിൽക്കാൻ കരുത്തില്ലാതെ അവൾ കണ്ണുകൾ ഇറുകെയടച്ചു…ഇറുകെ പിടിച്ചിട്ടും കൺപോളകൾക്കിടയിലൂടെ മിഴിനീർ മറ്റൊരു ഗംഗ പോൽ കുതിച്ചൊഴുകി.
ആകെയുണ്ടായിരുന്ന മകളും നഷ്ടപ്പെട്ട ചീതയുടെ വിലാപം ഗംഗയുടെ ഓളങ്ങളെ നിശ്ചലമാക്കി…ഗംഗയും തേങ്ങിയുട്ടുണ്ടാവണം ആ മാതൃഹൃദയത്തിന്റെ നൊമ്പരം കണ്ട്…!!
മിന്നുവും കൂടി നഷ്ടപ്പെട്ടതോടെ ചീത തീർത്തും ഒറ്റപ്പെട്ടു പോയി…മിണ്ടാനും പറയാനും ആരുമില്ല…സമയത്തു ഭക്ഷണം പോലും കഴിക്കാതെ കൂടുതൽ മെലിഞ്ഞു..ഇപ്പോളവൾ തീർത്തുമൊരു പേക്കോലമായി മാറിയിരിക്കുന്നു…കണ്ണുകളിൽ മിഴിനീരോഴിഞ്ഞ നേരമില്ല…അത് തോരാമഴയായ് പെയ്തുകൊണ്ടേയിരുന്നു…
രാത്രി ദാദാ അത്താഴം കഴിക്കാൻ വരുമ്പോൾ വല്ലതും മിണ്ടിയാലായി…
അവൾക്കീ ലോകത്തോട് തന്നെ വെറുപ്പായി തുടങ്ങിയിരുന്നു….തന്നെയിങ്ങനെ ഒറ്റപ്പെടുത്താൻ മാത്രം താനെന്ത് തെറ്റാണ് ഈ ലോകത്തോട് ചെയ്തത്…ഇന്നോളം അറിഞ്ഞുകൊണ്ടൊരു തെറ്റും ചെയ്തിട്ടില്ല…എന്നിട്ടും പ്രിയതമനെയും മകളെയും വിധി തട്ടിപ്പറിച്ചെടുത്തു….താൻ മാത്രം മരണത്തിനുപോലും വേണ്ടാതെ….അവൾ തന്നെ തന്നെ ശപിച്ചു…ഇനി എന്തിനാണ് എനിക്കീ ജീവിതം എന്റെ കാശിനാഥാ….അവൾ വിതുമ്പിപ്പോയി…
രാവിലെ ഘട്ടിലേക്ക് പോകുമ്പോൾ ചീത ദാദയോടായി
“ദാദാ പറ്റുമെങ്കിൽ വൈകുന്നേരം ഘാട്ടുവരെ ഒന്ന് വരാമോ….ഈ ഇടെയായി രാഘവിന്റെ ശല്യം കൂടുതലാണ്…ധൈര്യം കിട്ടുന്നില്ല ദാദ…പഴയതുപോലെ അവനെ എതിർക്കാൻ…
നിസ്സഹായത അവളുടെ വാക്കുകളിൽ നിഴലിച്ചു നിന്നു.
“അതിനെന്താ വരാം മോളേ..
സമയം പത്തുമണി കഴിഞ്ഞു.
മറ്റ് ഘട്ടുകളിലെ തീയണഞ്ഞു…പണിക്കാരെല്ലാം പോയി.ഇപ്പോൾ കത്തിക്കൊണ്ടിരിക്കുന്ന മൃതശരീരം പുഴയിലൊഴുക്കിയാൽ ചീതയുടെയും ജോലി കഴിയും..
“ദാദാ…അവൾ ആർദ്രമായി വിളിച്ചു…
“എന്താമോളെ…
എങ്ങിനെയാണ് മിന്നു മരിച്ചതെന്നറിയാമോ….ആരാണത് ചെയ്തതെന്നറിയാമോ…?
“അറിയില്ല മോളേ…രാഘവ് അവനാകാനേ തരമുള്ളു…ദുഷ്ടൻ…പാവം എന്റെ മിന്നുക്കുട്ടീ…അവൻ പഴുത്തു ചാവും…!!
ദാദ ദേഷ്യവും….നിരാശയും കൊണ്ട് പല്ലുകൾ ഞെരിച്ചു
ചീത അരയിൽ തിരുകിയിരുന്ന തുണിസഞ്ചിയിൽ നിന്ന് രുദ്രാക്ഷം കെട്ടിയ ചരട് പുറത്തെടുത്തു…
ഇതാരുടേതാണെന്നറിയാമോ ദാദാ…
“ഇല്ല മോളേ… ഇതാരുടേതാണ്….!
“എനിക്കറിയാം ദാദ ഇതാരുടേതാണെന്ന്…ഇന്നലെ രാത്രിയിൽ മുറി തൂത്തുവരുന്നതിനിടയിലാണ് മേശയുടെ അടിയിൽ നിന്നെനിക്കിത് കിട്ടുന്നത്….എന്റെ മകളുടെ മരണത്തേക്കാൾ വലിയ നൊമ്പരമായിരുന്നു ഇതിന്റെ ഉടമയെ തിരിച്ചറിഞ്ഞപ്പോൾ….ചങ്ക് പൊട്ടിപ്പോയി ദാദാ…പന്ത്രണ്ടു വയസ്സ് പ്രായം..മെലിഞ്ഞുണങ്ങിയ എന്റെ മോളുടെ ശരീരത്തിൽ നിന്ന് അയാൾക്ക് എന്ത് സുഖമാണ് ലഭിച്ചിട്ടുണ്ടാവുക….അവൾ വിതുമ്പിപ്പോയി….കണ്ണീർ തുടച്ചു ചീത തുടർന്നു.
“ഞാൻ അച്ഛനെ പോലെ കണ്ടിരുന്ന….എന്റെ മിന്നുവിനെ ചെറുമകളായി കാണേണ്ടിയിരുന്ന”റാണ പ്രതാപിന്റെ കയ്യിൽ കെട്ടിയിരുന്ന ചരടാണിത്….!!
റാണാ പ്രതാപിന്റെ മുഖം വിളറി വെളുത്തു….താൻ പിടിക്കപ്പെട്ടിരിക്കുന്നു….!!
“എന്നിട്ട് എന്തൊരു അഭിനയമായിരുന്നു ദാദ…ഒന്നുമറിയാത്തവനെ പോലെ…!!
പെട്ടെന്ന് ചീതയുടെ ഭാവം മാറി…മിഴികളിൽ അഗ്നി ജ്വലിച്ചു…മകളെ കൊന്നവനോടുള്ള പക ക്ഷണനേരം കൊണ്ടവളെ കണ്ണകിയാക്കി മാറ്റി…കൊളുത്തിൽ നിന്ന് കൊടുവാൾ കൈക്കലാക്കി അത് വായുവിൽ സീൽക്കാരം തീർത്തു ദാദയുടെ കഴുത്തിലേക്ക് പുളഞ്ഞിറങ്ങി….അയാളുടെ കഴുത്തിൽ ആഴത്തിലുള്ള കീറൽ വീഴ്ത്തി കടന്നുപോയി…ഒന്ന് നിലവിളിക്കാൻ പോലുമായില്ല ദാദയ്ക്ക്… ചീത അയാളെ കത്തിക്കൊണ്ടിരുന്ന ചിതയിലേക്ക് തള്ളി വീഴ്ത്തി.ദാദയുടെ വസ്ത്രങ്ങൾ തീനാളങ്ങൾ ആർത്തിയോടെ വിഴുങ്ങി…മുടിനാരുകൾ കരിയുന്ന ഗന്ധം വായുവിൽ പരന്നു…ചീത ബായ് ആത്മസംതൃപ്തിയോടെ ചിതയിലേക്ക് നോക്കി…തന്റെ മകളെ കൊന്നവൻ കത്തിത്തീരുന്നത് സന്തോഷത്തോടെ നോക്കി നിന്നു..എത്രയോ നാളുകൾക്ക് ശേഷം അവളുടെ ചുണ്ടിലൊരു പുഞ്ചിരി പൂത്തു…ഒരു നിറകൺ ചിരി…
ചീത ഘാട്ടിന്റെ പടവുകൾ കടന്ന് ഗംഗയിലേക്കിറങ്ങി മുന്നോട്ട് നടന്നു…അവളുടെ കണ്ണുകളിൽ ഭയമില്ലായിരുന്നു…സംതൃപ്തി മാത്രം…തനിക്കിനി ജീവിതത്തിൽ ഒന്നും നേടാനില്ല…ഒരു ലക്ഷ്യവും ബാക്കിയില്ല…അവസാന ലക്ഷ്യവും നിറവേറ്റി….അവൾ കൂടുതൽ മുന്നോട്ട് നടന്നു….അവളുടെ ശിരസ്സ് മുങ്ങിക്കഴിഞ്ഞിരുന്നു….ചീതയുടെ മുടിയിഴകൾ ഗംഗയുടെ ഓളപ്പരപ്പിൽ നിരന്നു…ജീവിച്ചിരുന്നപ്പോൾ ദുഃഖങ്ങൾ മാത്രമുണ്ടായിരുന്ന അവളെ ഗംഗാമാതാവ് മാറിലേക്കാശ്ശേഷിച്ചു…ചീത ഗംഗയുടെ ആഴങ്ങളിലേക്ക് ആണ്ടുപോയി…!!!