സിബി നെടുംചിറ. (Street Light fb group)
യാത്രാക്ഷീണം നന്നായിട്ടുണ്ട്,ശരിക്കൊന്നുറങ്ങണം അച്ഛന്‍ സ്ഥിരം ഇരിക്കാറുണ്ടായിരുന്ന ചാരുകസേര പൊടിതട്ടിയെടുത്തശേഷം, അയാള്‍ അതില്‍ നിണ്ടുനിവര്‍ന്നു കിടന്നു, നീണ്ട പ്രവാസജീവിതത്തിനു വിരാമമിട്ടുകൊണ്ടു സ്വന്തം തറവാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണു ജീവിതയാത്രയില്‍ തുണയായി വന്നവള്‍ നഷ്ടപ്പെട്ടപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയി,
അന്ന് തീരുമാനിച്ചതാണ് സ്വന്തം തറവാട്ടിലേക്ക് തിരിച്ചുപോരണമെന്നു, വാര്‍ദ്ധക്യത്തില്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തി സ്വസ്ഥമായ ജീവിതം നയിക്കണമെന്ന ആഗ്രഹം അവള്‍ക്കായിരുന്നല്ലോ! അതിനു നില്‍ക്കാതെ അവള്‍ പോയപ്പോള്‍ വല്ലാത്ത ശൂന്യതയായിരുന്നു…
അല്ല മക്കളെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല! അവര്‍ക്ക് അച്ഛനോട് സ്നേഹമില്ലാഞ്ഞിട്ടല്ല, ‘’അവര്‍ക്കെവിടെയാ സമയം’’ ജോലി, കുടുംബം, മക്കള്‍, തിരക്കേറിയ ജീവിതം… അതിനിടക്ക് ജീവിക്കാന്‍ തന്നെ മറന്നുപോകുന്നു… പോരാന്‍ നേരം അത്യവശ്യ സാധനങ്ങള്‍ മാത്രമെടുത്തു ബാക്കിയെല്ലാം മക്കളെ ഏല്‍പ്പിച്ചു,
ഇവിടെ രമേശന്‍ ഉള്ളതുകൊണ്ട് തറവാടും തൊടിയും വൃത്തിയായി കിടക്കുന്നു, മക്കളെല്ലാം ഓരോത്തണല്‍ തേടിപോയപ്പോള്‍ അവന്‍റെ അമ്മ പാറുവേടത്തിയായിരുന്നു അച്ഛനും അമ്മക്കും തുണയായിട്ടുണ്ടായിരുന്നതു, ഇത്രയും നാളും അച്ഛന്‍റെയും അമ്മയുടെയും അസ്ഥിത്തറയില്‍ രമേശനായിരുന്നു വിളക്ക് വെച്ചിരുന്നത് അല്ലാതെ ആരുവെക്കാനാ,
സഹോദരിമാര്‍ക്ക് അവരുടേതായ തിരക്കുകള്‍ അനുജനാണെങ്കില്‍ അങ്ങ് പട്ടണത്തിലും, ഇനി ആ ഉത്തരവാദിത്ത്വം തനിക്ക് ഏറ്റെടുക്കണം…
അച്ഛനും അമ്മയും മരിച്ചതോടുകൂടി ഈ വലിയ തറവാട് അനാഥമായി, അല്ല തങ്ങള്‍ എട്ടു മക്കള്‍ വളര്‍ന്ന പഴയ ചെറ്റക്കുടിലില്‍നിന്നും ഈ വലിയ നാലുകെട്ടിലേക്ക് ഉയര്‍ന്നത് അവളുടെ മനസ്സിന്‍റെ നന്മയായിരുന്നല്ലോ!!
“”ശേഖരേട്ട, അടുക്കളപ്പണിക്ക് ആരെയെങ്കിലും കോണ്ടുവരട്ടെ, രമേശന്‍റെ ചോദ്യം,”
വേണ്ടടോ, അത്യാവശ്യം വേണ്ട ആഹാരം വെച്ചുണ്ടാക്കാന്‍ എനിക്കറിയാം തുളസിയില്‍ നിന്നും പഠിച്ചതാണു, ഒരുക്കണക്കിനു പറഞ്ഞാല്‍ അവിടുത്തെ തിരക്കേറിയ ജീവിതത്തില്‍ രണ്ടുപേരും സഹകരിച്ചെങ്കിലേ ജീവിതം ഒരുകരക്കടുപ്പിക്കാന്‍ പറ്റുകയുള്ളു, പിന്നെ ഷുഗറും, കൊളോസ്ട്രോളും, ബ്ലഡ്‌പ്രഷറും രാജകീയമായി വാഴുന്ന ഈ ശരീരത്തില്‍ എല്ലാ ഭക്ഷണവും ശരിയാവില്ല, എന്‍റെ ആരോഗ്യത്തില്‍ അവള്‍ക്കായിരുന്നല്ലോ കൂടുതല്‍ ശ്രദ്ധ!! എന്നിട്ടെന്താ അവള്‍ ആദ്യംപോയി.
എല്ലാം തന്‍റെ കര്‍മ്മഫലം അല്ലാതെന്താ!
ഓരോന്നോര്‍ത്തു ഉറക്കത്തിലേക്ക് വഴുതിവീണതറിഞ്ഞില്ല രാവിലെ രമേശന്‍ തട്ടിവിളിച്ചപ്പോഴാണു കണ്ണ് തുറക്കുന്നത്, കുറേകാലം കൂടി നന്നായിട്ടൊന്നുറങ്ങി, പഠിപ്പിച്ച സ്കുള്‍വരെയൊന്നു പോകണം കുളിയും കഴിഞ്ഞ് ചെറിയ രീതിയില്‍ ബ്രേക്ക്ഫാസ്റ്റും കഴിച്ച് അയാള്‍ നേരെനടന്നു കുറച്ചുകാലം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച സ്കൂളിലേക്ക്.
അവിടെ തന്നെ അറിയുന്നവര്‍ ആരെങ്കിലും ഉണ്ടോ ആവോ!! ഓരോന്നോര്‍ത്ത് സ്കുള്‍മുറ്റത്ത് എത്തിയത് അറിഞ്ഞില്ല,
.
ഇന്‍റെര്‍ബെല്ലിന്‍റെ സമയമാണെന്നു തോന്നുന്നു കുട്ടികളെല്ലാം വെളിയിലുണ്ട് അയാള്‍ ആല്‍ത്തറയിലെ ബെഞ്ചിലിരുന്നു കുട്ടികള്‍ കളിക്കുന്നതും നോക്കി
, അവളിപ്പോള്‍ എവിടെയാണാവോ!! രാധിക……. ഒന്നു കാണാന്‍ ആഗ്രഹമുണ്ടു.
’ താനിവിടെ അദ്ധ്യാപകനായി ആറുമാസം കഴിഞ്ഞപ്പോഴായിരുന്നു ഒഴിഞ്ഞ് കിടന്ന, സംഗീത അദ്ധ്യാപികയുടെ പോസ്റ്റില്‍ രാധിക ടീച്ചറെത്തിയത് ,നിലംപോത്താറായ ഒരില്ലത്തിലെ അന്തര്‍ജ്ജനം, തുളസിക്കതിരിന്‍റെ പരിശുദ്ധിയും, അസ്തമയസൂര്യന്‍റെ കാന്തിയും ഒത്തുചേര്‍ന്ന രാധിക ടീച്ചറെ തനിക്ക് വളരെ ഇഷ്ടമായിരുന്നു, അവളുടെ സംഗിതമാധുരിയില്‍ ലയിച്ച് നിമിഷങ്ങളോളോളം മതിമറന്നിരുന്നിട്ടുണ്ട് പിന്നെയെപ്പോഴോ ഈ ദരിദ്രനായ നായര് മാഷേ അവളും സ്നേഹിച്ചു തുടങ്ങി….
തങ്ങള്‍ തമ്മിലുള്ള പ്രണയം ഇവിടുത്തെ അദ്ധ്യാപകക്കിടയില്‍ ഒരു സംസാരവിഷയമായിരുന്നു അവളോടൊത്തൊരു ജീവിതമായിരുന്നു കൊതിച്ചിരുന്നത്, അല്ല അവള്‍ തന്നെയാണ് തന്‍റെ ജീവിതപങ്കാളിയെന്ന് ഉറപ്പിച്ചതുമാണ് അപ്പോഴായിരുന്ന്‍ പ്രണയജോഡികള്‍ക്കിടയിലെ വില്ലനായി ദല്ലാള്‍ രാഘവന്‍ ഒരു വിവാഹാലോചനയുമായി പ്രത്യക്ഷപ്പെട്ടത്..
പെണ്ണ് അമേരിക്കയില്‍ നേഴ്സ്, കാണാന്‍ അല്പം ശേലുകുറവുണ്ടന്നൊഴിച്ചാല്‍ തങ്കംപോലത്തെ സ്വഭാവം, അച്ഛന് ആ ആലോചന വളരെ ഇഷ്ടപ്പെട്ട് തന്‍റെ ഇളയവര്‍ ഏഴുപേര്‍ കെട്ടുപ്രായം തികഞ്ഞ സഹോദരിമാര്‍ അവരെ ഓരോരുത്തരെയും ഓരോ കൈകളില്‍ ഏല്‍പ്പിക്കണം, ആ കല്യാണം നടന്നാല്‍ കുടുംബം രക്ഷപെടുമല്ലോ അതായിരുന്നു അച്ഛന്‍റെ കണക്കുകൂട്ടല്‍…
മനസ്സില്ലാമനസ്സോടെ അച്ഛന്‍റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പെണ്ണു കാണല്‍ ചടങ്ങ് നടത്തിയത് ആകപ്പാടെ കറത്തിരുണ്ട് കുറുകിയ ‘’തുളസി’’ തനിക്കൊരു ചേര്‍ച്ചയുമില്ലായിരുന്നു, അല്ലെങ്കിലും മനസ്സില്‍ രാധിക മാത്രമായിരുന്നല്ലോ!!
,
ഒരുതരത്തില്‍ പറഞ്ഞാല്‍ കുടുംബത്തിനുവേണ്ടി സ്വയം ബലിയാടാകുന്നതുപ്പോലെയായിരുന്ന്‍ തുളസിയേ കല്യാണം കഴിച്ചത് വിവാഹം കഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞ് അവള്‍ അമേരിക്കയിലേക്ക് തിരിച്ചപ്പോള്‍ എന്തോ വലിയൊരു ഭാരം ഒഴിഞ്ഞുപ്പോയതുപോലെയാണ് തോന്നിയത്.
, തിരിച്ച് സ്കൂളിലേക്ക് ചെന്നപ്പോള്‍ മനസ്സ് മുഴുവന്‍ കുറ്റബോധം കൊണ്ട് നീറുകയായിരുന്ന്‍ രാധികയുടെ മുഖത്തുനോക്കാന്‍ നന്നേ വിഷമിച്ചു, മാപ്പ് പറഞ്ഞിട്ടും കാര്യമില്ലല്ലോ, താന്‍ എന്നെന്നേക്കുമായി മറ്റൊരുവള്‍ക്ക് സ്വന്തമായില്ലെ.
, ഏതാനും മാസം കഴിഞ്ഞപ്പോള്‍ തനിക്ക് അമേരിക്കക്ക് പോകുവാനുള്ള വിസയും ശരിയായി രാജിക്കത്ത് ഹെഡ്മാസ്റ്ററെ ഏല്‍പ്പിച്ച് യാത്രയായി, അതിനുമുമ്പേ രാധിക ടീച്ചര്‍ സ്ഥലംമാറി പോയിരുന്ന്‍ അമേരിക്കയില്‍ എത്തിയ ഏതാനുംനാളുകള്‍ കൊണ്ടുന്നെ മനസ്സിലായി അവളുടെ മേനിക്ക് മാത്രമേ കറപ്പുള്ളു, ഹൃദയം തുമ്പപ്പുപോലെ വെളുത്തതായിരുന്നുവെന്ന്
കുറേനാള്‍ ജോലിയും കൂലിയുമില്ലാതെ ഇരിക്കേണ്ടിവന്ന നാളുകളില്‍ യാതൊരു പരിഭവുംകൂടാതെ താന്‍പോലും അറിയാതെ ഭര്‍ത്താവിന്‍റെ കുടുംബത്തേ അവള്‍ സഹായിച്ചിരുന്ന്‍, അവളായിരുന്ന്‍ പുരനിറഞ്ഞ് നിന്നിരുന്ന സഹോദരിമാരെ ഓരോരുത്തരെയായി ഉയര്‍ന്ന ഉദ്യോഗമുള്ളവരെ കൊണ്ട് കല്യാണം കഴിപ്പിച്ചതും, അനിയനെ പഠിപ്പിച്ചു ഉന്നതനിലയിലെത്തിച്ചതും…
അവളുടെ മനസ്സിന്‍റെ നന്മയായിരുന്നു
തന്‍റെ ചെറ്റക്കുടിലിന്‍റെ സ്ഥാനത്ത് വലിയ നാലുകെട്ട് ഉയര്‍ന്നത് ഭര്‍ത്താവിന്‍റെ കുടുംബത്തേ കരക്കയറ്റുവാന്‍ അവള്‍ കഠിനാദ്ധ്വാനം ചെയ്തു, പതുക്കെപ്പതുക്കെ അവളെ താനും സ്നേഹിച്ച് തുടങ്ങി,
‘’ബാഹ്യസൗന്ദര്യമല്ല ആന്തരിക സൗന്ദര്യമാണ്’’ എല്ലാത്തിനേക്കാളും പ്രധാന്യമെന്ന് പഠിച്ചത് അവളില്‍ നിന്നുമായിരുന്നു.
നീണ്ട നുപ്പത് വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ അവള്‍ തനിക്കെന്നും താങ്ങും തണലുമായിരുന്നു കോപവും, പകയും വഞ്ചനയും ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ തീര്‍ക്കുമ്പോള്‍, സ്വാര്‍ത്ഥതയില്ലാത്ത സ്നേഹം, അതായിരുന്നു തുളസി
ഒരു പക്ഷേ തനിക്ക് മുമ്പേ അവള്‍ പോകുമെന്ന് അവള്‍ക്കറിയാമായിരിക്കണം അതുകൊണ്ടാണല്ലോ തമാശയായിട്ടെങ്കിലും പലപ്പോഴായി അവള്‍ പറഞ്ഞത് ശേഖരേട്ടാ ഞാന്‍ പോയാലും എന്‍റെ ആത്മാവ് ഒര് കുളിര്‍ക്കാറ്റായി ശേഖരേട്ടനെ തേടിയെത്തുമെന്ന്…
അല്ല ശേഖരന്‍ മാഷേ എന്താ ഇവിടെ ഇരിക്കുന്നത് സ്നേഹിതനും സഹാദ്ധ്യാപകനുമായിരുന്ന ജോസഫ് സാര്‍, നിങ്ങള്‍ വന്നെന്നറിഞ്ഞു, ഞാന്‍ അങ്ങോട്ടൊന്നു ഇറങ്ങാന്‍ ഇരിക്കുകയായിരുന്നു, കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ളോരു കൂടികാഴ്ച, വിശേഷങ്ങള്‍ ഒത്തിരി പറയുവാനുണ്ടായിരുന്നു പെട്ടന്ന് എവിടെയോ കേട്ടുമറന്ന ഒരു സംഗീത ലഹരിയില്‍ അയാള്‍ ലയിച്ചിരുന്നു, പരിചയമുള്ള ശബ്ദം ആ ശബ്ദത്തിന്‍റെ ഉടമയെ തേടി അയാളുടെ കണ്ണുകള്‍ പരതവേ ജോസഫ് സാര്‍ പറഞ്ഞു, പുതിയതായി ചര്‍ജ്ജെടുത്ത സംഗീത അദ്ധ്യാപികയാ.. ഇന്ദു ടീച്ചര്‍… ശേഖരന്‍ മാഷിന് ഓര്‍മയില്ലേ!! നമ്മുടെ രാധിക ടീച്ചറെ അവരുടെ മകളാണ് …
അയാളുടെ കണ്ണുകള്‍ ജനല്‍പ്പഴുതിലൂടെ കുട്ടികളേ സംഗീതം പഠിപ്പിക്കുന്ന ഇന്ദു ടീച്ചറിലുടക്കി, അതേ കണ്ണുകള്‍, അതേ മൂക്ക്, അതേ സ്വരം, വിധി അനുവദിച്ചിരുന്നങ്കില്‍ തന്‍റെ മകളാകേണ്ടിയിരുന്നവള്‍ ശേഖരന്‍മാഷിനറിയുമോ രാധികടീച്ചര്‍ മരിച്ചു അഞ്ചുവര്‍ഷം മുമ്പ്…. ജോസഫ് സാര്‍ അത് പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകളിലൂടെ രണ്ട്ത്തുള്ളി കണ്ണുനീര്‍ ഇറ്റിറ്റ് വീണു പിന്നെ നിരത്തിലൂടെ ഇറങ്ങിനടന്ന് എങ്ങോട്ടെന്നില്ലാതെ…അപ്പോഴും തുളസിയുടെ ആത്മാവ് ഒരു സാന്ത്വനമായി അയാളെ പൊതിഞ്ഞിരുന്നു….
………………………………………………………………………..