Friday, December 27, 2024
HomeSTORIESമുഖംമൂടികള്‍. (കഥ)

മുഖംമൂടികള്‍. (കഥ)

മുഖംമൂടികള്‍. (കഥ)

സിബി നെടുംചിറ. (Street Light fb group)
ജയിംസ് അക്ഷമയോടെ വീണ്ടും വാച്ചിലേക്കു നോക്കി, താന്‍ കാത്തിരിക്കുന്ന ട്രെയിന്‍ ഇനിയുമെത്താറായിട്ടില്ല, രണ്ടു മണിക്കൂര്‍കൂടി ബാക്കിയുണ്ടു, എന്നുവെച്ചാല്‍ ഭൂമിയിലെ തന്‍റെ ജീവിതം അവസാനിക്കുവാന്‍ ഇനി വെറും രണ്ടുമണിക്കൂര്‍ മാത്രം….
പിടികിട്ടാപുള്ളിയെന്നു മുദ്രകുത്തി ഒരുനിയമത്തിനും തന്നെവിലങ്ങുവെക്കാനാവില്ല, തന്നെ കല്ലെറിയുവാന്‍ കാത്തിരിക്കുന്ന നാട്ടുകാര്‍ക്കിനി താനെന്ന വ്യക്തി ഓര്‍മമാത്രമാകും, അയാളുടെ മനസ്സില്‍ ആരോടോക്കെയോയുള്ള വൈരാഗ്യം നുരഞ്ഞുപൊന്തി….വഴിയിലൂടെ നടന്നുപോയ ആരോ എറിഞ്ഞുകൊടുത്ത അമ്പതു പൈസയുടെ നാണയത്തുട്ടിലേക്കും, താന്‍ ധരിച്ചിരിക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളിലേക്കും അയാള്‍ മാറിമാറി നോക്കി, കുളിച്ചിട്ടും ഷൌരം ചെയ്തിട്ടും ഏതാനും ദിവസങ്ങളായിരിക്കുന്നു……
താനൊരു ഭിക്ഷക്കാരനായിരിക്കുമെന്നു അയാള്‍ക്ക് തോന്നിയിട്ടുണ്ടാകും അതുകൊണ്ടായിരിക്കാം ഈ നാണയത്തുട്ട്‌ തന്‍റെ മടിയിലേക്കിട്ടുതന്നത് ജയിംസിന് തന്നോടുതന്നെ വെറുപ്പുതോന്നി…
ഇന്നേക്ക്‌ മാസം രണ്ടായിരിക്കുന്നു നിയമത്തിന്‍റെയും, നാട്ടുകാരുടെയും കണ്ണില്‍പ്പെടാതെ അജ്ഞാതവാസം തുടങ്ങിയിട്ട്, അതിനു മുന്നേ താനൊരു സമ്പന്നപിതാവിന്‍റെ പുത്രനായിയിരുന്നു, ഭാര്യയും രണ്ടു മക്കളുമുണ്ടായിരുന്നു, ശാന്തമായൊഴുകിയ ജീവിതം, ഇതിനിടയിലെപ്പോഴാണ് തന്‍റെ ജീവിതത്തിന്‍റെ താളം തെറ്റിയത്…?? ജയിംസിന്‍റെ മനസ്സ് മാസങ്ങള്‍ക്കു പിന്നിലേക്കു പാഞ്ഞു…
പട്ടണത്തില്‍വെച്ചു അപ്രതീക്ഷിതമായിട്ടായിരുന്നു ‘’ആകാശിനെ’’ കണ്ടുമുട്ടിയത്‌, ബെന്‍സ്കാറില്‍ വന്നിറങ്ങിയ ആ സൂട്ടുധാരിയെ ആദ്യം തനിക്കു മനസ്സിലായില്ല, സ്കൂളില്‍ ഒരേബെഞ്ചിലിരുന്നു പഠിച്ച ആ പഴയ ‘’അകാശാണ്’’ താനെന്നു പറഞ്ഞപ്പോള്‍ വിശ്വസിക്കുവാനായില്ല , മുഴുക്കുടിയനായ അച്ഛന്‍റെ പട്ടിണിക്കോലമായിരുന്ന മകന്‍, രക്തം ശര്‍ദ്ദിച്ചു അച്ഛന്‍ മരിച്ചപ്പോള്‍ ഉണ്ടായിരുന്ന അഞ്ചുസെന്‍റെ ഭൂമിയും പുരയിടവുംവിറ്റ് എങ്ങോട്ടോ പോയവര്‍, അന്നത്തെ അകാശില്‍നിന്നും ഇന്നത്തെ അകാശിലേക്കുള്ള മാറ്റം….??
നാട്ടിലും വിദേശത്തുമുള്ള അവന്‍റെ ബിസിനസ്സ് സാമ്രാജ്യങ്ങളുടെ കണക്കുകളോരോന്നായ്‌ തന്നോടുപറഞ്ഞപ്പോള്‍ ആരാധനയോടെ അവനെ നോക്കിനിന്ന നിമിഷങ്ങള്‍…..
.പിന്നീടു പലപ്രാവശ്യം അയാളെ പട്ടണത്തില്‍വെച്ചു കാണുവാനിടയായി.‘’അകാശായിരുന്നു’’ ആ തീരുമാനം തന്നോടു പറഞ്ഞതു, കേട്ടപ്പോള്‍ നല്ലതാണന്നു തനിക്കും തോന്നി, സ്വന്തമായി പണമിടപാടുനടത്തുന്ന ഒരു ബാങ്ക് തുടങ്ങുക… അതിലൂടെ ലാഭമായി കൈയില്‍വന്നുചേരുവാനിടയുള്ള ഭാരിച്ച തുക…
ആകാശ് പറഞ്ഞതുകേട്ടപ്പോള്‍ തന്‍റെ മനസ്സിലും മോഹങ്ങള്‍ പൊട്ടിമുളച്ചു, ഭാര്യയോടു പറഞ്ഞപ്പോള്‍ അവളെതിര്‍ത്തു,
‘’ബാങ്കിനെപ്പറ്റി അച്ചായനെന്തറിയാം’’,
അറിയാത്ത മേഘലയില്‍ പണംമുടക്കുന്നതു മണ്ടത്തരമാണന്നു അവള്‍ ഉപദേശിച്ചപ്പോള്‍ ഒരു നാട്ടുംമ്പുറത്തുകാരിയുടെ ജല്പനമായിട്ടെ താന്‍ കരുതിയുള്ളു,
പണം മുടക്കുവാന്‍ തന്‍റെ കൈവശം പണമില്ലായിരുന്നു, അതിനായ് അപ്പച്ചനോടു പണം ആവശ്യപ്പെട്ടപ്പോള്‍ അപ്പച്ചനും എതിര്‍ത്തു, അറിയാത്ത ബിസിനസ്സിനായ് പണം മുടക്കാന്‍ തയ്യാറല്ലെന്നു തറപ്പിച്ചുപറഞ്ഞു, പണം കിട്ടില്ലന്നു മനസ്സിലായപ്പോള്‍ തന്‍റെ ഓഹരിക്കായി നിര്‍ബന്ധം പിടിച്ചു.
‘’അച്ഛായനിതെന്തിന്‍റെ പുറപ്പാടാ ഈശ്വരന്‍ ആവശ്യത്തിനു സമ്പത്ത് നമ്മള്‍ക്കു നല്കിയിട്ടില്ലെ….!!
‘’അപ്പച്ചന്‍റെ റബര്‍ക്കട മാത്രം നേരാവണ്ണം നോക്കിനടത്തിയാല്‍പോരേ അല്ലെലില്ലാതെ കഴിഞ്ഞുകൂടുവാന്‍, അപ്പച്ചന് അതൊരാശ്വാസമാവുകയും ചെയ്യും’’.
ഭാര്യയുടെ ഉപദേശത്തോടു വീണ്ടും പുച്ഛംതോന്നി, ദിവസങ്ങളോളമുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ മനസ്സില്ലാമനസ്സോടെ അപ്പച്ചന്‍ നല്കിയ രണ്ടേക്കര്‍ റബര്‍ത്തോട്ടം വിറ്റുകിട്ടിയ പണവുമായി, ഭാര്യയും മക്കളോടുമൊത്ത് പട്ടണത്തിലേക്ക്‌ കുടിയേറി, വിശാലമായ വീട്ടുമുറ്റത്ത്‌ ഓടികളിച്ചിരുന്ന കുട്ടികള്‍ക്ക് പട്ടണത്തിലെ ആ ഇടുങ്ങിയ മുറി അരോചകമായി തോന്നി….
പട്ടണത്തിലേക്കുള്ള കൂടുമാറ്റം അവള്‍ക്കും തീരേ ഇഷ്ടപ്പെട്ടിരുന്നില്ല അതവള്‍ നേരിട്ടു തന്നോടു പറയുകയും ചെയ്തിരുന്നു….ആകാശ് പറഞ്ഞതുപോലെ തുടങ്ങുവാന്‍ പോകുന്ന ബിസിനസ്സൊന്നു പുരോഗമിച്ചാല്‍ പട്ടണത്തില്‍ ഒരു മാളികതന്നെ പണികഴിപ്പിക്കാം, ആ പട്ടിക്കാട്ടിലെ മലയാളം സ്കൂളിനുപകരം, കുട്ടികളെ മുന്തിയ ഇംഗ്ലീഷ്മീഡിയം സ്കൂളിലയച്ചു പഠിപ്പിക്കണം, പിന്നെ ആകാശിനെപ്പോലെ സൂട്ടും കോട്ടും ധരിച്ചു ‘’ബെന്‍സ്‌കാറില്‍’’ താനും…. മനസ്സില്‍ സ്വപ്നങ്ങള്‍ക്കൊണ്ടൊരു പാലാഴി തീര്‍ത്തു……..
ആകാശിന്‍റെ നേതൃത്വത്തില്‍ പുതിയ ബിസിനസ്സിനു പ്രാരംഭംകുറിച്ചു,
‘’നിക്ഷേപിക്കുന്ന പണത്തിന് മറ്റുബാങ്കിടപാടുസ്ഥാപനങ്ങള്‍ നല്കുന്നതിനേക്കാള്‍ ഇരട്ടി പലിശ ഓഫര്‍ച്ചെയ്‌തു അതോടപ്പം കുറഞ്ഞ പലിശനിരക്കില്‍ പണം വായ്പയുമായെടുക്കാം,’’
ഇതുരണ്ടും ജനങ്ങളെ ആകര്‍ഷിച്ചു,
പട്ടണം തന്‍റെ ഗ്രാമവുമായി വലിയ അകലമില്ലായിരുന്നു, ഗ്രാമത്തിലെ ചെറുകിട റബര്‍വ്യാപാരിയായിരുന്ന അപ്പച്ചന്‍ കച്ചവട ആവശ്യങ്ങള്‍ക്കായി സ്ഥിരം പട്ടണത്തില്‍ വന്നുപോകുന്ന ആളായിരുന്നു, അതുകൊണ്ട് ചെറുകിട വ്യവസായികള്‍ക്കൊക്കെ തന്നെയും അപ്പച്ചനെയും അറിയാമായിരുന്നു, ഇതെല്ലാം തങ്ങളുടെ പുതിയ ബിസിനസ്സിന്‍റെ ഉയര്‍ച്ചക്ക് കാരണമായി.
അതുകൂടാതെ അപ്പച്ചന് സ്വന്തം ഗ്രാമത്തിലുണ്ടായിരുന്ന വിലയും, നിലയും മാനിച്ചു സ്വന്തം ഗ്രാമത്തില്‍നിന്നുതന്നെ ധാരാളംപേര്‍ പണമിടപാടുകള്‍ക്കായി തങ്ങളുടെ ബാങ്കിലെത്തി, ഇതെല്ലാം മുന്‍കൂട്ടിതന്നെ മനസിലാക്കിയ അകാശിന്‍റെ ബുദ്ധിയായിരുന്നു ഈ പുതിയ ബിസിനസ്സ്… ധാരാളംപേര്‍ പണം നിക്ഷേപിക്കുവാന്‍ ബാങ്കിലെത്തി, അതോടൊപ്പം സ്വര്‍ണ്ണാഭരണങ്ങളും, വീടിന്‍റെ രേഖകളും വെച്ച് പണം ലോണെടുക്കാനെത്തിയവര്‍ വേറെയും, എല്ലാ അര്‍ത്ഥത്തിലും പുതിയ ബിസിനസ്സ് ഒരു വന്‍വിജയമായിരുന്നു, ബാങ്കിന്‍റെ എല്ലാ അധികാരവും ആകാശ് തനിക്കായിരുന്നു തന്നിരുന്നത്.
പണമിടപാടുസംബന്ധമായ, എല്ലാ രേഖകളിലും തന്‍റെ പേരും കൈയൊപ്പുമായിരുന്നു പതിഞ്ഞിരുന്നത്‌,
അതിന്‍റെ കാരണമന്വേഷിച്ചപ്പോള്‍ ബിസിനസ്സ് സംബന്ധമായി തനിക്കു ഗള്‍ഫിലേക്കു തിരിച്ചുപോകേണ്ടിവരുമെന്നും, ധാരാളം ബിസിനസ്സ് സ്ഥാപനങ്ങള്‍ സ്വന്തമായുള്ളതുകൊണ്ടു താനെപ്പോഴും ബിസിനസ്സ് ടൂറിലായിരിക്കുമെന്നും, തന്‍റെ അഭാവത്തില്‍ ബാങ്കിടപാടുകളെല്ലാം ജയിംസിനു തനിച്ചുനടത്തുവാനുള്ള എളുപ്പത്തിനുമാണന്നു പറഞ്ഞപ്പോള്‍ അവനോട് തനിക്ക് ആരാധനയാണു തോന്നിയത്…..
ആഴ്ചകളും മാസങ്ങളും കടന്നുപോയി, തങ്ങള്‍ നിക്ഷേപിച്ച പണത്തിനു കൃത്യമായി പറഞ്ഞിരുന്ന പലിശ ലഭിച്ചിരുന്നതുകൊണ്ടു ജനങ്ങള്‍ക്ക്‌ തങ്ങളുടെ സ്ഥാപനത്തോടുള്ള വിശ്വാസം വര്‍ദ്ധിച്ചു, പണവും സ്വര്‍ണ്ണാഭരണങ്ങളും ബാങ്കില്‍ കുമിഞ്ഞുകൂടി, ഇതിനിടയില്‍ പലപ്പോഴുമുള്ള ആകാശിന്‍റെ തിരോധാനം, ഇടക്കിടക്കുള്ള പ്രത്യക്ഷപ്പെടല്‍… വലിയ തിരക്കുള്ള ആളല്ലേ ബിസിനസ്സാവശ്യങ്ങള്‍ക്കായി യാത്രപോയതായിരിക്കുമെന്നു താനും വിശ്വസിച്ചു…..
തങ്ങള്‍ വിശ്വസിച്ചു പണം നിക്ഷേപിക്കുന്ന സ്ഥാപനത്തിന്‍റെ പാട്ണര്‍മാരിലൊരാളാണു അകാശെന്ന്‍ ഒരിക്കലും പുറംലോകമറിഞ്ഞിരുന്നില്ല, രേഖകളിലൊന്നും അയാളുടെ പേരുണ്ടായിരുന്നില്ല, ഒരിക്കല്‍പോലും ബാങ്കിലെത്തുന്ന കസ്റ്റംമേഴ്സിന്‍റെ മുന്നില്‍ അയാള്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല…..എന്നാല്‍ ബാങ്കില്‍ കുമിഞ്ഞുകൂടിയ പണത്തിലേക്കും, സ്വര്‍ണ്ണാഭരണങ്ങളിലേക്കും, കണ്ണുകള്‍ പതിയുമ്പോള്‍ അയാളുടെ മുഖത്തുവിരിഞ്ഞ ഗൂഡമായ പുഞ്ചിരി താന്‍ ശ്രദ്ധിച്ചിരുന്നില്ല….
ആഴ്ചകളും മാസങ്ങളും പിന്നെയും കടന്നുപോയി, അന്നും പതിവുപോലെ പണയംവെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ കസ്റ്റംമേഴ്സ് ഓരോരുത്തരായി വന്നുതുടങ്ങി, പണയവസ്തുക്കള്‍ ഉടമസ്ഥനെ തിരിച്ചേല്പ്പിക്കുന്നതിനായി പണവും സ്വര്‍ണ്ണാഭരണങ്ങളും പൂട്ടി സൂക്ഷിച്ചിരുന്ന ലോക്കര്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച…..??
സെല്‍ഫോണില്‍ അകാശുമായ് ബന്ധപ്പെടുവാന്‍ ശ്രമിച്ചപ്പോള്‍ അങ്ങനെയൊരു ഫോണ്‍നമ്പര്‍ നിലവിലില്ലെന്നുള്ള മെസ്സേജും… ആത്മാര്‍ത്ഥമായി വിശ്വസിച്ച കൂട്ടുകാരന്‍റെ വഞ്ചനയുടെ പൊയ്മുഖം തിരിച്ചറിഞ്ഞപ്പോഴേക്കും കൈമോശം വന്നത് സ്വന്തം ജീവിതമായിരുന്നു…
അതിനോടകം പണം നിക്ഷേപിച്ചവരെല്ലാം ബാങ്ക് വളഞ്ഞിരുന്നു, ആരും തന്‍റെ നിസഹായകത തിരിച്ചറിഞ്ഞില്ല, ഇതിനിടയില്‍ ആരോ പോലീസിനെയും വിവരമറിയിച്ചു, നല്ലൊരു ശതമാനം പലിശ പ്രതീക്ഷിച്ച് പണം നിക്ഷേപിച്ചവരെല്ലാം വഞ്ചിതരായിരിക്കുന്നു, രോഷാകുലരായ ജനങ്ങളില്‍നിന്നു ഓടി രക്ഷപെടുകയായിരുന്നു പിന്നിടു താന്‍ ചെയ്തതു. പണം തട്ടിപ്പുകേസിലെ പ്രതിയായ തന്‍റെ ചിത്രങ്ങള്‍ റ്റിവിയിലും ന്യൂസ്പേപ്പറുകളിലും മിന്നിമറഞ്ഞു, തന്‍റെ ഭാര്യ, മക്കള്‍, അപ്പച്ചന്‍….അയാളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി…..
ദൂരേനിന്നും അലറിപ്പാഞ്ഞുവരുന്ന ട്രെയിനിന്‍റെ ഇരമ്പല്‍…. ജയിംസ് കണ്ണുകളടച്ചു, സര്‍വ്വശക്തിയും സംഭരിച്ചു തീവണ്ടിയുടെ മുന്നിലേക്കു എടുത്തുചാടുവാനൊരുങ്ങിയനിമിഷം… ഏതോ ബലിഷ്ടകരങ്ങളുടെ ചങ്ങലക്കെട്ടിനുള്ളില്‍ അയാള്‍ ബന്ധിക്കപ്പെട്ടിരുന്നു,
അതിനോടകം ആ ഇരമ്പല്‍ അകന്നകന്നു പോയിരുന്നു, എന്താണു സംഭവിക്കുന്നതെന്നു മനസിലാകുംമുന്നേ പെട്ടന്നാണതു സംഭവിച്ചത് തന്‍റെ കവിളിലേക്കാഞ്ഞുപ്പതിച്ച ബലിഷ്ടമായ കൈപ്പത്തികള്‍, വേച്ചുവീഴാന്‍പോയ അയാളെ അതേ കരവലയങ്ങള്‍ താങ്ങിയെടുത്തു,
ആ മുഖത്തേക്കു നോക്കിയ ജയിംസിന് വിശ്വസിക്കാനായില്ല തന്‍റെ അപ്പച്ചന്‍….!! ആ പിതാവിന്‍റെ കണ്ണില്‍ തുളുമ്പിനിന്ന കണ്ണുനീരില്‍ ജയിംസ് തന്‍റെ സ്നേഹനിധിയായ അപ്പച്ചന്‍റെ ഹൃദയമിടിപ്പ് തന്നിലേക്കു ചേര്‍ത്തുവെച്ചുകൊണ്ടു വിറയാര്‍ന്ന ശബ്ദത്തില്‍ മന്ത്രിച്ചു,
അപ്പച്ചാ, മാപ്പ്….
അപ്പോഴും വഞ്ചനയുടെ മുഖംമൂടിയണിഞ്ഞ ആകാശ് എവിടെയൊക്കെയോ പാറിപറക്കുകയായിരുന്നു…..
RELATED ARTICLES

Most Popular

Recent Comments