മജു അയിരൂർ. (Street Light fb group)
കാത്തിരുന്നു, മഴയെ കാത്തിരുന്നു..
ഇടവപാതിക്കുമില്ല, പള്ളികൂടം-
തുറന്നതുമറിഞ്ഞില്ലേ….
എന്തേവന്നില്ല,കുഞ്ഞുടുപ്പ് നനക്കാനും..
എത്തിയില്ല….
പിന്നെ മിഥുനകാറ്റായ് എത്തിനോക്കി…
ഞാറ്റുവേലയും തോറാനയും-
പോയ്മറഞ്ഞു…
എന്തേവന്നില്ല, പുതുനാമ്പുകാണാനും..
എത്തിയില്ല…
കർക്കിടകവാവിനും എത്തിയില്ല….
പഞ്ഞപ്പാട്ട് പാടി നടത്താനും-
വന്നതില്ല…
എന്തേവന്നില്ല,ബലിച്ചോറ് നനക്കാനും..
എത്തിയില്ല…
ചിങ്ങപുലരിയിൽ ചിന്നി ചിണുങ്ങി….
വന്നെത്തിനോക്കി,അത്തം-
കറുപ്പിക്കാനും നിന്നില്ല…
എന്തേവന്നില്ല,ഒാണത്തപ്പനെനനക്കാൻ
എത്തിയില്ല….
കന്നിമാസത്തിലുരുണ്ടുകൂടി ….
കന്നിക്കാരനായ് വന്ന് –
പോയ് മറഞ്ഞ് ….
എന്തേവന്നില്ല, കന്നികൊയ്ത്തിനും..
എത്തിയില്ല…
തുലാവർഷം താലപ്പൊലിയുമായ് …
എത്തിനോക്കി, കൊട്ടുംപാട്ടുമായ് –
പോയ് മറഞ്ഞു….
എന്തേവന്നില്ല, നദികൾ നിറക്കുവാനും..
എത്തിയില്ല…
വൃശ്ചികപുലരിയും, ധനുമാസ-
തിരുവാതിരയും, മകരവിളക്കും…
പോയതറിഞ്ഞില്ലേ?
എന്തേവന്നില്ല,കാലവർഷം പോയത് …
അറിഞ്ഞില്ലേ?
വരികില്ലേ നീ കുംഭത്തിലെങ്കിലും…
കുപ്പനിറക്കാനും, കുംഭച്ചൂടകറ്റാനും-
എത്തുകില്ലേ?
എന്തേവന്നില്ല,വേനലായതും നീ…
അറിഞ്ഞില്ലേ?
നദികളും കുളങ്ങളും വറ്റിവരണ്ടതും…
ഭൂതലമാകെ ചുട്ടുപഴുത്തതും നീ…
അറിഞ്ഞില്ലേ?
എന്തേവന്നില്ല,വേനൽമഴയായെങ്കിലും..
എത്തുകില്ലേ?
മീനസൂര്യനടുത്തു,മേടപുലരിയുമെത്തി..
കുടിവെള്ളമെങ്ങും കിട്ടാക്കനിയായതും
അറിഞ്ഞില്ലേ?
എന്തേവന്നില്ല,മഴയേ..നീ, പെയ്യാൻ..
മറന്നുവൊ?
കാത്തിരിക്കുന്നു, ഒരു വേഴാമ്പലായ്…
കാത്തിരിക്കുന്നു ഈ ധരണിമുഴവനും..
വരികില്ലേ നീ…
പെയ്തിറങ്ങുകില്ലേ? മഴയേ…നീ,,
ഇനിയെങ്കിലും..,