രശ്മി കേളു. (Street Light fb group)
ആക്രമിക്കപ്പെട്ട വാർത്ത എത്ര വേഗമാണ് പീഡന വാർത്തയായത് ! കാരണം പീഡനം എന്ന വാക്കിൽ ഉള്ള എരിവും പുളിയും ‘ആക്രമണ’ത്തിൽ ഇല്ല… എത്രയും വേഗം ഒരു ‘ഇര’യെ സൃഷ്ടിച്ചെടുക്കുക എന്നതാണ് ആവശ്യം… അഞ്ചു പുരുഷന്മാരോട് മല്ലിട്ട് പിടിച്ചു നിന്നവളുടെ ധീരത സംഭവത്തിന്റെ പബ്ലിസിറ്റി കുറയ്ക്കും. അതുകൊണ്ട് അതങ്ങു മറക്കാം… കഷ്ടം!
(ധീരമായി പിടിച്ചു നിൽക്കുകയും, പരാതിപ്പെടുകയും, പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ശ്രമിക്കുകയും ചെയ്ത ഭാവനയ്ക്ക് അഭിനന്ദനങ്ങൾ…!)
പൾസർ സുനിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും, ഫെഫ്കയിൽ മെമ്പർഷിപ്പ് ഉണ്ടെന്നും അറിയാം. പക്ഷെ, പൾസർ സുനിയെ ആർക്കുമറിയില്ല! എത്ര രസകരം അല്ലെ? ഓരോ പീഡന ആക്രമണ വാർത്തകൾ ഉണ്ടാവുമ്പോഴും നമുക്കിങ്ങനെ ചർച്ച നടത്താം. അന്വേഷണത്തിന്റെ ചൂടാറുമ്പോൾ നടിയുടെ തന്നെ വല്ല വീഡിയോയും പ്രചാരത്തിൽ ഉണ്ടോ എന്നും നോക്കാം. ഈ മുതലക്കണ്ണീർ ഒഴുക്കൽ അല്ലാതെ കണ്മുന്നിൽ നടക്കുന്ന ഒരു കാര്യത്തോട് പ്രതികരിക്കാൻ പൊതുസമൂഹം തയ്യാറാവുന്നുണ്ടോ? ഉണ്ടായിരുന്നെങ്കിൽ തൊട്ടടുത്ത ദിവസം ചർച്ച ചെയ്യേണ്ടി വന്ന മേഘാലയ സ്വദേശിനിക്കു നേരെ നടന്ന പീഡന സംഭവം ഉണ്ടാകുമായിരുന്നോ?
രണ്ടു ദിവസം തുടർച്ചയായി ശല്യം ഉണ്ടായിട്ടും സഹയാത്രികർ ആരും തന്നെ ഒന്ന് പ്രതികരിക്കുകയോ, സഹായിക്കുകയോ ചെയ്തില്ല എന്നതല്ലേ ഏറ്റവും വലിയ ദുരന്തം? ഒന്നോർത്തു നോക്കൂ….ഈ മനോഭാവം കൊണ്ട് തന്നെയാണ് സൗമ്യയുടെ ജീവൻ പൊലിഞ്ഞതും. തൊട്ടടുത്തു നടന്ന ആ കാര്യത്തിൽ സഹയാത്രികർ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ സൗമ്യ ഇപ്പോൾ ജീവിച്ചിരുന്നേനേ…
ജിഷയുടെ നിലവിളി കേട്ട് അയൽവാസികൾ ആരെങ്കിലും വന്നെത്തി നോക്കിയിരുന്നെങ്കിൽ അവളും.
നമുക്ക് വേണ്ടത് ‘ഇര’യെ മാത്രമാണ്. ഓരോ സ്ഥലപ്പേരിട്ടു വിളിച്ചു ഉൾപ്പുളകം കൊള്ളാൻ…! പീഡനത്തിൽ കൊല്ലപ്പെടുന്നവർ മാത്രമാണ് നമ്മുടെ സഹോദരികൾ. രക്ഷപ്പെട്ടവരും പരാതിപ്പെട്ടവരും എല്ലാം വെടികൾ, വേശ്യകൾ… മഹാ മര്യാദക്കാരായ പുരുഷ സമൂഹത്തെ ഒന്നടങ്കം വസ്ത്ര ധാരണത്തിലൂടെയും, അപഥസഞ്ചാരത്തിലൂടെയും വഴി തെറ്റിക്കാൻ നടക്കുന്നവർ!
ഒരു കേസിൽ അകപ്പെട്ട് ഒരുവനെ പിടിച്ചാൽ ഏത് പിച്ചക്കാരനായിരുന്നാലും അവനു വേണ്ടി ശുപാർശ ചെയ്യാൻ വരുന്ന രാഷ്ട്രീയക്കാരെ കണ്ടാൽ ഞെട്ടിപ്പോകും. അവിടെ പൊലീസിന് നോക്കുകുത്തിയാകാനേ കഴിയൂ….എന്നിട്ട് രാഷ്ട്രീയ ചേരി ചേർന്നിരുന്നു ഘോരഘോരം തർക്കിക്കും..”ഗൂണ്ടകളാണ് നാടിന്റെ ശാപം !”
പീഡന വാർത്തകൾ ഇല്ലാതെ ഒരു പത്ര ദിനവും കടന്നു പോകുന്നില്ല. കാലാകാല വിചാരണകൾക്കിടാതെ ഒരു പത്തു കേസിലെങ്കിലും ശിക്ഷ നടപ്പാക്കിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ?
പെണ്ണിനെ നോക്കുമ്പോൾ ശരീരം മാത്രം കാണുന്ന കണ്ണ് കുത്തിപ്പൊട്ടിക്കേണ്ടത് കുടുംബത്തിൽ നിന്ന് തന്നെയാണ്. പുറത്തിറക്കാതെയും, ഉറക്കെ മിണ്ടിക്കാതിരിക്കുകയും, വസ്ത്രങ്ങൾ കൊണ്ട് മൂടിക്കെട്ടി നടത്തുകയും ചെയ്ത് പെൺകുട്ടികളെ കൂടുതൽ കൂടുതൽ അവർ തന്നെ ഒരു അശ്ലീലമാണെന്നു വരുത്തി തീർക്കുകയല്ല വേണ്ടത്; പെണ്ണെന്നാൽ ഒരു വ്യക്തിയാണെന്നും, അവളെ ബഹുമാനിക്കുന്നതാണ് മാന്യത എന്നും, ഒരുവളുടെ സമ്മതപ്രകാരം മാത്രമേ, അവളെ സ്പർശിക്കാൻ അവകാശമുള്ളൂ എന്നും ആൺകുട്ടികളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാം. മികച്ച ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളിൽ നൽകാൻ ശ്രമിക്കുക. പെണ്ണിനെ ഉപദ്രവിച്ചാൽ കടുത്ത ശിക്ഷ ലഭിക്കും എന്ന ബോധ്യം ഉണ്ടാവുന്ന തരത്തിൽ നിയമ സംവിധാനങ്ങൾ മാറ്റുക…അല്ലാതെ, ഇരയാക്കി മാറ്റി, മുഖത്തു നോക്കി ചോദിക്കാതിരിക്കുക: ആര് ചെയ്തപ്പോഴാ കൂടുതൽ സുഖം കിട്ടിയതെന്ന്?!!