ലക്ഷ്മി. (Street Light fb group)
മനസ്സിന്‍റെ മച്ചില്‍ക്കിടന്ന്
മാറാല മൂടിത്തുടങ്ങിയപ്പോഴാണ്
ചിതറിയ അക്ഷരക്കുഞ്ഞുങ്ങളെ-
യാകെ ഒരു തൂലികത്തുമ്പില്‍
കോര്‍ത്തെടുത്തത്.
ഗദ്യമെന്നോ പദ്യമെന്നോ
പേരിട്ടുവിളിയ്ക്കാനറിയാതെ
വരിയായും നിരയായും
ഞാനവയെ കോതിയൊരുക്കി
വെള്ളക്കടലാസ്സില്‍ നിരത്തിവച്ചു.
ആഗ്രഹങ്ങളൊക്കെ
ആഗ്രഹങ്ങളായ് മാത്രം
ശേഷിക്കുമെന്ന തിരിച്ചറിവില്‍
ഇന്നവ വീണ്ടും വീട്ടുമച്ചില്‍
മാറാല മൂടിക്കഴിഞ്ഞിരിക്കുന്നു.
ചൂടും തണുപ്പുമേറ്റ്,
ചിതലിന്ന് വിശപ്പാറ്റാന്‍,
ചിലന്തിക്കുഞ്ഞിന് വലനെയ്യാന്‍,
പല്ലിയ്ക്കും പാറ്റയ്ക്കും
മുട്ടയൊളിപ്പിയ്ക്കാന്‍.
പൊടിമൂടിച്ചുവപ്പായ
വെള്ളക്കടലാസ്സുകളില്‍
മുഖംപൊത്തിക്കരഞ്ഞ്,
ആരാലും അന്വേഷിക്കപ്പെടാതെ,
ആരുടെമുന്നിലും സാമീപ്യമാകാതെ.
ചുവന്ന മഷിപ്പേനയൊന്നു തുളുമ്പി,
സൃഷ്ടിയുടെ വേദനകൊണ്ട്
തേങ്ങിയതാകുമോ ആവോ,
പാഴായിപ്പോയ മഷിത്തുള്ളികളേയോ
സൃഷ്ടികളേയോ ഓര്‍ത്ത്…?!
പാഴായിപ്പോകുന്ന കുറേ
സ്വപ്നങ്ങളും മോഹങ്ങളും
കുറേ വ്യര്‍ത്ഥചിന്തകളും അലയുന്നു,
ഭ്രാന്തമായ്ത്തീരാന്‍ വെമ്പുന്ന മനസ്സില്‍…