ആര്യ. (Street Light fb group)
” മരത്തിനും മൃഗങ്ങൾക്കും എന്തിനേറെ പറയുന്നു പുൽനാമ്പുകൾ പോലും സനാഥരാണ്.അങ്ങിനെയുള്ള ഈ ലോകത്തിൽ അനാഥരെന്നു മുദ്ര കുത്തി ഒരു കൂട്ടം കുഞ്ഞുങ്ങളെ സമൂഹത്തിൽ നിന്നും വേർതിരിക്കുന്നു. അവർ ചെയ്ത തെറ്റ് ഈ ഭൂമിയിൽ പിറന്നു എന്നുള്ളതാണ്.അനാഥനായി ആരും ജനിക്കുന്നില്ല…വിധിയവരെ അങ്ങിനെയാക്കിയതാണ്.. ഏതെങ്കിലും ഒരച്ഛനും അമ്മയ്ക്കും ജനിച്ചവർ തന്നെയാവില്ലേ അവർ..അല്ലാതെ കാറ്റത്തു പറന്നൊരു വിത്തു പൊട്ടിമുളച്ചതാവില്ലാലോ. ആരാന്റെ എച്ചിലിലിൽ കൈയിട്ടു വാരി , പൈപ്പു വെള്ളം കുടിച്ചു ഒരു നേരത്തെ വിശപ്പടക്കി കടത്തിണ്ണയിൽ അന്തിയുറങ്ങി വയറു നിറയെ ഒരു നേരം ഉണ്ണുന്നതു സ്വപ്നം കാണുന്ന ബാല്യത്തിനെ ചൂഷണം ചെയ്യാനും മാന്യരെന്നു പേരു കേട്ട അവസരം കിട്ടിയാൽ തനിനിറം പുറത്തു കാട്ടുന്ന പകൽമാന്യദ്ദേഹങ്ങളും സുലഭം.. എല്ലുന്തി കുഴിയിലാണ്ട കണ്ണുകളിൽ ദൈന്യം നിറച്ചു വിളറി ശോഷിച്ച ൈകകൾ നീട്ടി മുന്നിലെത്തുന്ന കുട്ടികൾക്കു നേരെ മുഖം ചുളിക്കുന്ന കൊച്ചമ്മമാരും ഏറെ..
പത്തു പെറ്റാലും ഒന്നു പെറ്റാലും കുട്ടികൾ എല്ലാം ഒരേ പോലെ ആണെന്നും സാഹചര്യം അവരെ തെരുവിലെത്തിച്ചതാണെന്നും മനസ്സിലാക്കാതെ അവഗണിക്കുമ്പോഴും അവരോർക്കുന്നില്ല അതും ഒരു അമ്മയുടെ കുഞ്ഞാണെന്നു.. നിഷേധിക്കപ്പെട്ട മുലപ്പാലിന്റെ മധുരവും , മാതൃത്വത്തിന്റെ ഒരു തലോടലും ഊഷ്മളമായ വാത്സല്യവും അനുഭവിക്കാൻ യോഗമില്ലാതെ തെരുവിൽ ജീവിതം തിരയുകയാണെന്ന്. വേണ്ടിയിട്ടും വേണ്ടാതെയും വസ്ത്രങ്ങൾക്കും ആഡംബരത്തിനും കളയുന്നതിൽ നിന്നും നാലിലൊരു ഭാഗം മാറ്റി വെച്ചാൽ ചിലപ്പോഴതൊരു കുഞ്ഞിനു ഭാവിയിലേക്കൊരു വാതിലാകും.. അതിൽ നിങ്ങൾക്കു നഷ്ടപ്പെടാനൊന്നുമില്ല… ”നാളെയൊരിക്കൽ നിങ്ങളുടെ കുട്ടികൾക്കു ആണു ഈ അവസ്ഥ വരുന്നതെങ്കിൽ” ഈ ഒരു ചിന്ത മനസ്സിലുണ്ടായാൽ മാത്രം മതി.. ” മുന്നിലിരിക്കുന്ന വലിയൊരു ആൾക്കൂട്ടത്തെ ഒന്നു നോക്കി പറഞ്ഞവസാനിപ്പിക്കുമ്പോൾ അരുണിന്റെ കണ്ണുകളിൽ നിന്നും ഒരു തുള്ളി താഴെ വീണു.. വേദിയുടെ പിറകിലിട്ട കസേരയിൽ ഇരുന്നിരുന്ന വളർത്തച്ഛനെ താങ്ങി പുറത്തേക്കു നടക്കുമ്പോൾ അയാൾ അരുണിനോടുചോദിച്ചു , ” മോനൊന്നും മറന്നിട്ടില്ലാല്ലേ ?” അയാളെ നോക്കി വേദനയുള്ള ഒരു ചിരിയായിരുന്നു അരുണിന്റെ മറുപടി.. തന്നെ തെരുവിൽ നിന്നും എടുത്തു വളർത്തിയ ആ കൈകളിൽ മുറുകെ പിടിച്ചു അവൻ മുന്നോട്ടു നടന്നു…