Friday, May 24, 2024
HomeSTORIESപ്രാരബ്‌ധം. (കഥ)

പ്രാരബ്‌ധം. (കഥ)

പ്രാരബ്‌ധം. (കഥ)

ഉമ രാജീവ്. (Street Light fb group)
നമുക്കൊരു കാര്യം ചെയ്യാം…ഒരു കുപ്പി വിഷം വാങ്ങിക്കാം…അത് കഴിച്ച് എല്ലാവര്ക്കും കൂടി ആത്മഹത്യ ചെയ്യാം…പുതപ്പിനടിയിൽ ചുരുണ്ടു കിടന്നുറങ്ങുന്നതിനിടയിൽ ഇടയ്ക്കെപ്പോഴോ ചെറുതായി ഉണർന്നപ്പോൾ ഞാൻ കേട്ട വാക്കുകളാണ് അത്. അച്ഛൻ അമ്മയോട് പറയുന്നതാണ്….ഞാൻ ശരിക്കും ഞെട്ടി!…അമ്മയുടെ മറുപടി എന്തായിരിക്കും? ഞാൻ അതൊന്നു കേൾക്കാൻ കൊതിച്ചു…ഇല്ല, നമ്മുടെ കുഞ്ഞുങ്ങൾക്ക് വിഷം കൊടുക്കാൻ എനിക്ക് പറ്റില്ല…നമുക്ക് നോക്കാം…എന്തെങ്കിലും ഒരു വഴി തെളിയാതിരിക്കില്ല… അമ്മ പറയുകയാണ്…പറയുന്നതിനിടയിൽ അമ്മ കരയുന്നതും എനിക്ക് കേൾക്കാം…ചേച്ചിയെയും അനിയത്തിയേയും ഉണർത്താതെ, ഞാൻ ഉണർന്നു കിടക്കുകയാണെന്ന് അമ്മയെയും അച്ഛനെയും അറിയിക്കാതെ ഞാൻ അവരുടെ സംഭാഷണം കേട്ടുകൊണ്ടു കിടന്നു…അച്ഛൻ പറഞ്ഞു..എല്ലാം എന്റെ തെറ്റാണ്….എത്രയോ പേർ എന്നോട് പറഞ്ഞതാണ്…അവനു വേണ്ടി ജാമ്യം നില്ക്കരുതെന്ന്..ഞാൻ കേട്ടില്ല…അവനെ ഞാൻ അത്രയ്ക്ക് വിശ്വസിച്ചു…പക്ഷെ…അവൻ…അതെല്ലാം പൂങ്കണ്ണീരായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കാൻസാധിച്ചില്ല….
അവന്റെ അമ്മയ്ക്ക് ഹാർട്ട് ഓപ്പറേഷന് വേണ്ടിയാണ് പണം എന്ന് പറഞ്ഞു എന്റെ കാലു പിടിച്ചു കരഞ്ഞപ്പോൾ, അവന്റെ കയ്യിൽ വിഷക്കുപ്പി കണ്ടപ്പോൾ ഞാൻ അവനെ സഹായിക്കാൻ തീരുമാനിച്ചു…അവൻ എന്നെ മുൻനിർത്തി ഒരു ലക്ഷം രൂപയാണ് കടമെടുത്തത്…അവനും എന്റെ കൂടെ റെയിൽവേ കാന്റീനിലെ ജോലി ചെയ്യുന്നവനാണ്….പക്ഷെ അവൻ പെർമനന്റ് ആയിട്ടില്ല….അപ്പോൾ എന്നെക്കൊണ്ട് പറ്റുന്ന സഹായം…അവൻ തിരിച്ചടയ്ക്കാമെന്നു വാക്ക് തന്നു….ഇപ്പോൾ കുറച്ചു ദിവസം മുൻപ് എന്നെ അന്വേഷിച്ച് ആ പലിശക്കാരൻ വന്നിരുന്നു…അവൻ ഇതുവരെ ഒരു പൈസ പോലും അടച്ചിട്ടില്ല….പലിശകൂടിക്കൂടി..ഇപ്പോൾ രണ്ടു ലക്ഷത്തിൽ എത്തി നിൽക്കുകയാണ്… അയാൾ പറഞ്ഞു…അത് ഞാൻ അടച്ചു തീർക്കണമെന്ന്….ഞാൻ അയാളോട് അവൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു..പക്ഷെ…ഞാൻ ഒപ്പിട്ടുകൊടുത്തിട്ടുണ്ടല്ലോ..അയാൾ അതെടുത്തു കാണിച്ചു…ഞാൻ അവനെ അന്വേഷിച്ചു അവന്റെ വീടുവരെ പോയി..വീട് പൂട്ടിക്കിടക്കുകയാണ്…അവർ താമസം മാറിപ്പോയെന്നും എവിടേക്കാണ് പോയതെന്ന് പറഞ്ഞില്ലെന്നുമാണ് അയൽക്കാരിൽ നിന്നും കിട്ടിയ മറുപടി…എനിക്ക് കിട്ടുന്ന ശമ്പളത്തിൽ നിന്നും ഒരു നല്ല തുക അവർ കഴിഞ്ഞ മാസം മുതൽ വാങ്ങാൻ തുടങ്ങി..
നമ്മൾ എങ്ങനെ ഇനി ജീവിക്കും? സ്വന്തമായി വീട് പോലുമില്ല….വീടിന്റെ വാടക കൊടുക്കണം, കുട്ടികളുടെ പഠിത്തം, ആഹാരം…..ആൺകുട്ടികളാണെങ്കിൽ പിന്നെയും…ശരി എന്ന് പറയാം…ഇത് മൂന്നും പെൺകുട്ടികൾ……അമ്മ പറഞ്ഞു..മതി നിർത്തു…പെൺകുട്ടികളാണെങ്കിലും അവർ മൂന്നുപേരും മാലാഖമാരാണ്…. എന്റെ കുട്ടികൾ എല്ലാ സാഹചര്യത്തിലും ജീവിക്കാൻ പഠിച്ചവരാണ്…നാളെ നേരം വെളുക്കട്ടെ…ഞാൻ പറഞ്ഞു മനസ്സിലാക്കാം എന്റെ കുട്ടികളെ…നമ്മുടെ ഈ അവസ്ഥയെപ്പറ്റി…ആ പലിശക്കാരനെ കാണാൻ ഞാനും വരാം…എന്റെ പേരിൽ നാട്ടിൽ ഒരു രണ്ടു സെന്റ് സ്ഥലം ഉണ്ടല്ലോ..നാട്ടിൻപുറമായത് കൊണ്ട് സ്ഥലത്തിന് വലിയ വിലയൊന്നും കാണില്ല..എന്നാലും അയാൾക്ക് ഒരുറപ്പിനു ഞാൻ അത് കൊടുക്കാം…ശരിക്കും എനിക്ക് അമ്മയോട് ഏറ്റവും ഇഷ്ടം തോന്നിയ സമയമായിരുന്നു അത്…ഞാൻ നോക്കുമ്പോൾ ഒരു ചെറിയ കരച്ചിലിന്റെ ശബ്ദം…എന്റെ ചേച്ചിയാണ്…അവളും കരഞ്ഞുകൊണ്ട് കിടക്കുകയാണ്…ഞാനും അവളും കൈകൾ ചേർത്തുപിടിച്ചു കിടന്നു…അങ്ങനെ എപ്പോഴോ ഉറങ്ങിപ്പോയി….അടുത്ത ദിവസം ശനിയാഴ്ചയായതുകൊണ്ടു വളരെ പതുക്കെയാണ് ഉണർന്നത്… ഞങ്ങൾ ഒന്നുമറിയാത്തതുപോലെ പല്ലുതേച്ച് മുഖം കഴുകി രാവിലത്തെ കാപ്പിക്കായി അടുക്കളയിലേക്ക് ചെന്നു..അമ്മ ദോശ ചുടുകയാണ്…ഞങ്ങളെ കണ്ടതും അമ്മ പറഞ്ഞു..ആഹ് എണീറ്റോ? ദാ കാപ്പി അവിടെയിരിപ്പുണ്ട്… രണ്ടുപേരും എടുത്തു കുടിച്ചോ…ഞാൻ കാപ്പികുടിച്ചുനോക്കി..മധുരം തീരെയില്ല…ഒന്നും പറയാതെ ഞങ്ങൾ ആ കാപ്പി മുഴുവനും കുടിച്ചു…കുറച്ചുകഴിഞ്ഞപ്പോൾ അനിയത്തി എണീറ്റ് വന്നു…അവൾ ആ കാപ്പി ഒരു കവിൾ കുടിച്ചപ്പോൾ തന്നെ തുപ്പിക്കളഞ്ഞു…അമ്മേ..ഇതിൽ തീരെ മധുരമില്ല..അമ്മ പറഞ്ഞു…മോളെ അത് പഞ്ചസാര തീർന്നു…ഞാൻ നാളെ വാങ്ങിക്കാം…ഇതുതന്നെയല്ലേ അമ്മ ഇന്നലെയും പറഞ്ഞത്.., അവൾ ചോദിച്ചു…അമ്മയുടെ മുഖത്ത് സങ്കടം കണ്ടു ഞങ്ങൾ രണ്ടുപേരും അവളെയും വിളിച്ചു മുൻപിലത്തെ മുറിയിൽകൊണ്ടുപോയി ഇരുത്തി..എന്നിട്ട് പറഞ്ഞു. മോളെ….കാപ്പിയിൽ മധുരം ഇടാതെ കുടിക്കുന്നതാ നല്ലത്..അപ്പോൾ നമുക്ക് വലുതാകുമ്പോൾ അസുഖമൊന്നും വരില്ല…അവൾ ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ചു കേട്ടു..
ആണോ…എങ്കിൽ ശരി..എന്നും പറഞ്ഞ് അവൾ ഓടി അടുക്കളയിൽ ചെന്നു..അമ്മയോട് പറഞ്ഞു..അമ്മേ…എനിക്ക് ഇനിമുതൽ കാപ്പിയിൽ പഞ്ചസാര വേണ്ട…അമ്മയുടെ മുഖത്ത് കരച്ചിലും ചിരിയും ഒരുമിച്ചുവരുന്നത് ഞങ്ങൾ കണ്ടു..എന്റെ ചേച്ചി പ്രീഡിഗ്രിക്കും ഞാൻ പത്താം ക്ലാസ്സിലും അനിയത്തി നാലാം ക്ലാസ്സിലും പഠിക്കുന്ന സമയമാണ് അത്…അമ്മ ഞങ്ങളെ വിളിച്ചിരുത്തി വീട്ടിലെ അവസ്ഥയെക്കുറിച്ചു പറഞ്ഞു തന്നു….അച്ഛന് കാന്റീൻ മാസ്റ്റർ ആയതുകൊണ്ട് അവിടെ പാൽ കൊണ്ടുവരുന്ന ഏജൻസിക്കാരുമായി എന്തോ ഒരു ഏർപ്പാട് ഉണ്ട്..അതുകൊണ്ടു ദിവസവും പാൽ രണ്ടുനേരം വീട്ടിൽ കിട്ടിയിരുന്നു…അച്ഛന്റെ ശമ്പളത്തിൽ ആ പലിശക്കാരൻ നല്ലൊരു ഭാഗം എല്ലാ മാസവും വാങ്ങിക്കൊണ്ടു പോയിരുന്നു..ബാക്കി വന്നത് വാടക കൊടുക്കാൻ മാത്രമെ ഉണ്ടായിരുന്നുള്ളു.. ആ സമയത്ത് ഞങ്ങളുടെ സഭയിൽ (ബ്രാഹ്മണ സഭ) പഞ്ചസാരയും അരിയും ഫ്രീയായി കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു…..ഞങ്ങൾ ആദ്യമേ അതിനു അപേക്ഷ കൊടുത്തിരുന്നു…ഭാഗ്യം..ഞങ്ങൾക്കതു ലഭിച്ചുതുടങ്ങി…അപ്പോൾ അമ്മ ദിവസവും പാൽ കാച്ചി പച്ചരി വേവിച്ച് പാലിൽ ഒഴിച്ച് പഞ്ചസാര ഇട്ട് പാൽപായസം എന്ന പേരിൽ ഞങ്ങൾക്ക് തന്നിരുന്നു…ഒരു ദിവസം അമ്മയുടെ കൂട്ടുകാരി വീട്ടിൽ വന്നു….ഇന്നെന്താ കറി….ആ ആന്റി ചോദിച്ചു…ഞാനും ചേച്ചിയും പറഞ്ഞു.,..ഇന്ന് അവിയലും..സാമ്പാറും…കുട്ടിത്തം വിട്ടുമാറാത്ത ഞങ്ങളുടെ അനിയത്തി…കള്ളം പറയാതെ..ഇവിടെ പാൽപായസമല്ലേ എന്നു ചോദിച്ചു..ആ ആന്റി പാത്രം തുറന്നു നോക്കി…എന്റടുത്തു പറയാത്തതെന്താ എന്നും ചോദിച്ചുകൊണ്ട് വീട്ടിൽ നിന്നും സാധനങ്ങൾ കൊണ്ട് തന്നു…അങ്ങനെ എത്രയോ ദിവസങ്ങൾ…ഇതിനിടയിൽ വീടൊഴിഞ്ഞു തരണം എന്ന് പറഞ്ഞ് ഉടമസ്ഥനും ബഹളം കൂട്ടാൻ തുടങ്ങി….ഞങ്ങൾക്ക് ഒരു ചെറിയ വീട് ലഭിച്ചു…ഞങ്ങൾ താമസം അങ്ങോട്ട് മാറ്റി… ആ സമയത്താണ് ഞങ്ങളുടെ അച്ഛമ്മ ചെറിയച്ഛന്റടുത്തു നിന്നും ഞങ്ങളുടെ കൂടെ താമസിക്കാൻ വന്നത്….അച്ഛമ്മയ്ക്ക് ഗർഭപാത്രം എടുത്തുമാറ്റുന്ന ഓപ്പറേഷൻ കഴിഞ്ഞിരുന്ന സമയമായിരുന്നു അത്…ആ പ്രായത്തിലും അച്ഛമ്മ ഞങ്ങൾക്ക് വേണ്ടി വീട്ടുജോലിക്ക് പോകാൻ തുടങ്ങി..
പത്താം ക്ലാസ് കഴിഞ്ഞതും ഞാൻ പഠിത്തം നിർത്തി….ചേച്ചിയും പ്രീഡിഗ്രി ഫലം വന്നതും ജോലിക്ക് പോകാൻ ആരംഭിച്ചു…തുണിക്കടയിലാണ് ഞാനും എന്റെ ചേച്ചിയും ജോലിക്കു പോയത്….കഷ്ടപ്പാടുകൾക്കിടയിലും ചേച്ചി കറസ്പോണ്ടൻസായി ഡിഗ്രി എഴുതിയെടുത്തു….അവൾക്ക് കുറച്ചുകൂടി നല്ല ജോലി ലഭിച്ചു..അനിയത്തിയെ പഠിപ്പിച്ചു…പക്ഷെ അവൾ പ്രീഡിഗ്രിക്ക് ശേഷം പഠിക്കാൻ താത്പര്യം കാണിച്ചില്ല..ഞങ്ങളുടെ കഷ്ടപ്പാടിൽ അവൾക്കും പങ്കാളിയാകണം എന്ന് വാശി പിടിച്ചു ജോലിക്ക് പോകാൻ തുടങ്ങി… അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ഒത്തു പിടിച്ചപ്പോൾ പതുക്കെ പതുക്കെ ഞങ്ങളുടെ കുടുംബവും രക്ഷപ്പെടാൻ തുടങ്ങി…അച്ഛൻ റെയിൽവേ കാന്റീൻ ജോലി രാജി വച്ചു… അപ്പോൾ കിട്ടിയ പിഎഫ് പൈസയിൽ നിന്നും അച്ഛന്റെ കടം അടച്ചുതീർത്തു…അമ്മയുടെ പ്രമാണം ആ പലിശക്കാരന്റെ കയ്യിൽ നിന്നും തിരിച്ചുവാങ്ങി…അതുവിറ്റ് കിട്ടിയ കാശും പിന്നെ ഞങ്ങളുടെ കൊച്ചു സമ്പാദ്യവും ചേർത്ത് ഞങ്ങൾ സിറ്റിയിൽ തന്നെ ഒരു ചെറിയ വീട് വാങ്ങിച്ചു…
ഇപ്പോൾ അച്ഛനും അമ്മയും ആ വീട്ടിലാണ്…..സ്വസ്ഥമായി…ഇപ്പോൾ ആരും ഇറക്കിവിടാൻ ഇല്ല…വാടക കാലാവധി കഴിഞ്ഞു എന്നും പറഞ്ഞ്, കടം കൊടുത്തവർ വന്നു നിൽക്കാറില്ല….മൂന്നു നേരവും നല്ല രീതിയിലുള്ള ഭക്ഷണം…അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ വറുത്തരച്ച തീയൽ കഴിക്കാൻ ഞാനും ചേച്ചിയും ഓടിയെത്തും ഞായറാഴ്ചകളിൽ….അനിയത്തി അടുത്ത് തന്നെയാണ് വിവാഹം ചെയ്തുകൊടുത്തത്..ഇപ്പോൾ ഞങ്ങൾ മൂന്നുപേരും ഒന്നിച്ചുകൂടുമ്പോൾ കഷ്ടപ്പാടുകളുടെ കാര്യം ചർച്ചയിൽ വരാറില്ല…ഇത്രയും കഷ്ടപ്പാടുകൾ എന്താണ് പഠിപ്പിച്ചത്? ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല….കുടുംബം എന്ന ചങ്ങല ബലമുള്ളതാകണം അപ്പോൾ ഏതു പ്രതിസന്ധിയും നമ്മുക്ക് നേരിടാൻ സാധിക്കും, എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കരുത്……പിന്നെ…പ്രവൃത്തിയിലൂടെ ഞങ്ങൾക്ക് കാണിച്ചുകൊടുക്കാൻ സാധിച്ചു..പെണ്ണെന്നു പറഞ്ഞാൽ പ്രാരാബ്ദമല്ല എന്ന്.
RELATED ARTICLES

Most Popular

Recent Comments