വൈകുന്നേരം ആകുമ്പോൾ കടൽക്കരയിൽ ഒറ്റയ്ക്ക് പോയിരിക്കുക എന്നത് ഇപ്പോൾ അയാൾക്ക് ഒരു ശീലമായിക്കഴിഞ്ഞു. വെറുതെ കാഴ്ചകൾ ഒക്കെ കണ്ട്, അസ്തമയസൂര്യൻ കടലിൽ വിപ്ലവം കലക്കുന്നത് കൂടി കണ്ടിട്ടേ അയാൾ മടങ്ങാറുള്ളു….
“ചേട്ടാ …..കടല വേണോ….. ചേട്ടാ….”
അയാൾ നോക്കിയപ്പോൾ ഒരു കുട്ടിയാണ്. ഏകദേശം ഒരു പന്ത്രണ്ട് വയസ്സു വരും അവന്.. അവന്റെ മുഖം കണ്ടിട്ട് വെറുതെ മടക്കാൻ തോന്നിയില്ല. അഞ്ചു രൂപ കൊടുത്ത് ഒരെണ്ണം വാങ്ങി കൊറിച്ചു നോക്കിയപ്പോൾ ഭയങ്കര ഉപ്പ്…. എന്തെങ്കിലും പറയും മുൻപേ പയ്യൻ അടുത്ത ആവശ്യക്കാരെ നോക്കി നടന്നു പോയി. എന്തോ ഒരു കൗതുകം തോന്നി അയാൾ അവന്റെ ചെയ്തികളെ നോക്കിക്കൊണ്ടിരിന്നു . പഠിക്കുന്ന പയ്യനാവും . വൈകിട്ട് സ്കൂൾ വിട്ട് വന്നതാണെന്ന് കണ്ടാൽ അറിയാം. മുഷിഞ്ഞ ഒരു സ്കൂൾ യൂണിഫോം ആണ് വേഷം.
അവൻ നടന്ന് കൂട്ടം കൂടി നിന്ന കുറച്ചു ചെറുപ്പക്കാരുടെ അടുത്തെത്തി. ചെറുപ്പക്കാർ കടല വാങ്ങുന്നതും കൊറിക്കുന്നതും കണ്ടു. കടലയുടെ ഉപ്പിന്റെ കടുപ്പമോർത്തു അയാൾ ഒന്നു ഊറിച്ചിരിച്ചു . പെട്ടെന്ന് കൂട്ടത്തിൽ ഒരുവൻ ആ പയ്യന്റെ കടലയൊക്കെ തട്ടി ദൂരെക്കളഞ്ഞു. ഉച്ചത്തിൽ ചീത്ത വിളിക്കുന്നുമുണ്ട് . ഉപ്പ് കൂടിയത് കൊണ്ടാണെന്ന് വ്യക്തം.കടല അങ്ങിങ്ങ് ചിതറിക്കിടക്കുന്ന ആ പയ്യൻ അത് വാരിയെടുക്കാൻ ഒരു വിഫലശ്രമം നടത്തി പിന്നെ ചെറുപ്പക്കാരന്റെ ദേഷ്യത്തിന്റെ മുനമ്പിൽ തട്ടി അവൻ പതിയെ പിൻവാങ്ങി അയാൾക്ക് മുന്നിലൂടെ തലകുമ്പിട്ടു നടന്നു പോയി..
എന്തോ ഉൾപ്രേരണ തോന്നി അയാളും അവനെ പിൻതുടർന്നു. കുറച്ചു ദൂരം മുന്നോട്ട് പോയി അവൻ പുറമ്പോക്ക് ഭൂമിയിൽ എത്തി.. പുറമ്പോക്കിൽ ഒരു പ്ലാസ്റ്റിക്ക് വലിച്ചു കെട്ടിയ കൂരയിലേക്കാണ് അവൻ ചെന്ന് കയറിയത് അത് ഉള്ളു കാണും വിധം കുറെ ഭാഗത്ത് കീറിയിട്ടുണ്ട്. അയാൾ പിറകെ ചെന്ന് കുറച്ചു മാറി നിന്നു. പയ്യന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൻ അകത്ത് അടുപ്പിൻെ അടുത്തിരിക്കുന്ന സ്ത്രീയോട് കരഞ്ഞു കൊണ്ട് എന്തോ പറയുന്നതും അവർ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുന്നതും കണ്ടു. അയാൾ എല്ലാം നോക്കിക്കൊണ്ടിരുന്നു…
അവർ വേറെ കടല വറുക്കാൻ ഉള്ള ശ്രമം ആണെന്ന് മനസ്സിലായി.. പയ്യൻ അകത്ത് നിന്ന് പേപ്പറുകൾ കീറി കുമ്പിൾ ഉണ്ടാക്കാൻ തുടങ്ങി. അപ്പോളാണ് അയാൾ കണ്ടത് ആ സ്ത്രീ നിലത്തു കൂടി നിരങ്ങിയാണ് പോകുന്നത്. അവർ നിരങ്ങി പോയി അപ്പുറത്ത് നിന്നും കടല എടുത്തു കൊണ്ട് വരുന്നു. രണ്ടു കാലും വയ്യാത്ത ആളാണ് അവൾ എന്നയറിവ് അയാളിൽ ഒരു അസ്വസ്ഥത നിറച്ചു. എന്തോ വല്ലായ്മ തോന്നിയെങ്കിലും അയാൾ കുറച്ചു കൂടി അടുത്തേക്ക് ചെന്നു.
ആ സ്ത്രീ കടല വറുക്കാൻ തുടങ്ങി. അവരുടെ കണ്ണുകൾ ഉപ്പളങ്ങളായി നീർ ഘനീഭവിച്ചു ഉപ്പുപരലുകളായി പൊഴിഞ്ഞു കൊണ്ടേയിരുന്നു.. പാത്രത്തിൽ മണലിന്റെ കൂടെ ചേർന്നു കടല ഇളകിക്കൊണ്ടിരുന്നു. അയാളുടെ തൊണ്ടയിൽ ഒരു ഗദ്ഗദം വന്നു ശ്വാസം കെട്ടി ഉപ്പായി നിറഞ്ഞു കണ്ണിന്റെ വക്കിലെത്തി വിങ്ങി… വായിൽ ഉപ്പ് രുചിക്കുന്നു… കടലയിലെ ഉപ്പിൻെ കാഠിന്യമോർത്ത് അയാൾ …..