Thursday, June 20, 2024
HomeSTORIESപുനഃസംഗമം. (കഥ)

പുനഃസംഗമം. (കഥ)

പുനഃസംഗമം. (കഥ)

കാർത്തിക മോഹനൻ. (Street Light fb group)
ഇന്നെങ്കിലും അവനെ കാണണം, കണ്ടേ തീരൂ; ചോദിക്കണം, എന്തു സംഭവിച്ചുവെന്ന്.. അറിയണം, എന്തിനി വേണമെന്ന്… ഇന്നേക്കു പതിനൊന്ന് ദിവസങ്ങളായി, പലരും കണ്ടെന്നു പറഞ്ഞു, കാണേണ്ട താൻ മാത്രം കണ്ടില്ല… മലമുകളിൽ ഇരുട്ടിന്റെ അദൃശ്യങ്ങളായ കൈകൾക്കുള്ളിൽ ഞെരിഞ്ഞമർന്നിരുന്ന് അദ്രു മനസ്സിലോർത്തു. അവനെ ലക്ഷ്യത്തിൽനിന്നും പിന്തിരിപ്പിക്കാനെന്നവണ്ണം ആ തലയ്ക്കും മെലിഞ്ഞ ശരീരത്തിനും മേലേ മഞ്ഞു പൊഴിഞ്ഞുവീഴുന്നുണ്ടായിരുന്നു, ചിലപ്പോൾ വലിപ്പം കുറഞ്ഞ തുള്ളികളായും മറ്റുചിലപ്പോഴൊക്കെ വലിപ്പം കൂടി ഖരരൂപത്തിലും എല്ലു മരവിപ്പിക്കുന്ന മഞ്ഞ് പെയ്തുകൊണ്ടേയിരുന്നു. അദ്രു വകവെച്ചതേയില്ല… മഞ്ഞിനെമാത്രമല്ല.. കുറ്റാകൂരിരുട്ടിനെയും, ഇടയ്ക്കിടെ ക്ഷണിക്കാതെ വന്ന് ദേഹത്തിൽ അവിടവിടെയായുള്ള രക്തമൂറ്റിയെടുത്ത് പിന്നെ തന്റെ കൈയ്യിന്റെ തരിപ്പറിയുമ്പോൾ എങ്ങോട്ടെയ്ക്കെന്നില്ലാതെ പറന്നുയരുന്ന കൊതുകുകളെയും, ഒരു താളബോധവുമില്ലാതെ തുടർച്ചയായി ഓരിയിടുന്ന കൂമനെയും അവൻ വകവെച്ചില്ല. കാരണം മറ്റൊന്നല്ല, ഇന്നവനെ കണ്ടേ തീരൂ, വേറെ നിവൃത്തിയില്ല.. മലമുകളിൽ അവർ രാത്രിവേളകൾ ചിലവഴിക്കാറുണ്ടായിരുന്ന പാറമേൽ അദ്രു ചമ്രംപടിഞ്ഞിരുന്നു. പതിവില്ലാതെ പാറയൊന്നിളകി, അദ്രു ഉറക്കെ വിളിച്ചുകൂവീ, “വാസവാ”.. പരുപരുത്ത ശബ്ദം ഇരുട്ടിലൂടെ മേലേക്കുയർന്ന് അദ്രുവിന്റെ തലയ്ക്കു മീതേ നിന്ന ഇന്നേ രാവിലെയേക നക്ഷത്രത്തെ വിളിച്ചുണർത്തി. അതൊന്നു കണ്ണുചിമ്മി, പിന്നെ താരതമ്യേന തിളക്കത്തിൽ താഴെ മലമുകളിലിരിക്കുന്ന അദ്രുവിനെ ചരിഞ്ഞൊന്നു നോക്കി, അദ്രുവറിയാതെ തന്നെ.
അദ്രുവും വാസവനും സുഹൃത്തുക്കളായിരുന്നു, ഓർമ്മവെച്ച കാലം മുതൽക്കേ കളിക്കൂട്ടുകാരായവർ, ഒരേ ബുദ്ധിയും ഒരേ വട്ടും യാതൊരു വിവേചനവും കൂടാതെ ദൈവം കനിഞ്ഞു നൽകിയ സുഹൃത്തുക്കൾ. എല്ലാ നല്ലതിനും എല്ലാ കൊള്ളരുതായ്മയ്ക്കും ഒരുപോലെ ചാടിവീഴുന്നവർ. പകലുമുഴുവൻ വയലിൽ പണിയെടുത്ത് ഒടുവിൽ രാത്രിയാവുമ്പോൾ നാലു കൈകളിലും വാറ്റുകുപ്പികളുമായി മലയേറുന്നവർ.. വാറ്റ് കുറച്ചങ്ങ് ഉള്ളിൽച്ചെന്നുകഴിഞ്ഞാൽ അദ്രു ആടും, വാസവൻ പാടും.. ആട്ടവും പാട്ടുമൊടുങ്ങുമ്പോൾ ലഹരിയ്ക്കു കീഴടങ്ങി കൈയും കാലും നാവും കുഴഞ്ഞു പാറമുകളിൽ മലർന്നുകിടന്നു മയങ്ങും, രാവിൽ ഇടയ്ക്കെഴുന്നേറ്റ് ഉറങ്ങിക്കിടക്കുന്ന ഇരുട്ടിനെയും ആകാശത്തേയും നോക്കി ഒരുപോലെ കൂവും, അതുകേട്ട് ഞെട്ടിത്തരിച്ചുനോക്കുന്ന നിലാവിനെയും നക്ഷത്രങ്ങളെയും തുറിച്ചുനോക്കി ചീത്ത വിളിക്കും, പടച്ചോനും കൃഷ്ണനും ഒരു പിശുക്കുമില്ലാതെ വാരിക്കോരി നൽകിയ മറ്റൊരു വട്ട്… വട്ടുകൾ മാറിമാറി വന്നുകൊണ്ടിരുന്നു, പക്ഷേ അദ്രുവും വാസവനും മാറിയില്ല, മലയും പാറയും ഇരുട്ടും ആകാശവും മാറിയില്ല, പതിനൊന്നു ദിവസങ്ങൾക്കുമുൻപു വരെ.
പതിനൊന്നു ദിവസങ്ങൾക്കുമുൻപ്.. അതൊരു വെള്ളിയാഴ്ചയായിരുന്നു, പതിവില്ലാതെ കുപ്പി കാലിയാവുന്നതിനു മുൻപു തന്നെ വാസവൻ കുടി നിർത്തി, അവൻ ഭാരമുള്ള ഏതോ ഒരു ചിന്തയിൽ മുഴുകിയിരുന്നു, വാറ്റ് വായിലേയ്ക്ക് ഇടതടവില്ലാതെ കമിഴ്ത്തിക്കൊണ്ടിരുന്ന അദ്രു നോക്കുമ്പോൾ വാസവൻ അകലേക്ക് മിഴികളൂന്നി പണ്ടെങ്ങോ കളഞ്ഞുപോയ എന്തിനെയോ തിരയുകയായിരുന്നു. തന്റെ പങ്ക് കുടിച്ചുതീർത്ത് അദ്രു കുഴഞ്ഞ കാലുകൾ നേരെയാക്കി ആട്ടം തുടങ്ങി, പക്ഷേ വാസവൻ പാടിയില്ല, അവനപ്പോഴും ചിന്തയിലായിരുന്നു. അദ്രു ആട്ടം നിർത്തി, ചങ്ങാതിയുടെ മനസ്സിലെന്തെന്നറിയാനായി ചോദ്യങ്ങളൊന്നൊന്നായി നിരത്തി, പക്ഷേ അവയ്ക്കുള്ള ഉത്തരങ്ങൾ ലോകം കാണാനൊക്കാതെ വാസവന്റെ തൊണ്ടക്കുഴിയിൽത്തന്നെ മരവിച്ചുനിന്നു. കുറേക്കഴിഞ്ഞപ്പോൾ പതിവുപോലെ അദ്രു മയങ്ങി. രാവിന്റെ മൂന്നാം യാമത്തിൽ കാലൻ കോഴി കൂവുന്ന ശബ്ദം കാതുകളിലേക്ക് അരിച്ചിറങ്ങിയപ്പോഴാണ് പിന്നെയവൻ കണ്ണുതുറന്നത്, അദ്രു ഞെട്ടി, വാസവനടുത്തുണ്ടായിരുന്നില്ല, അവൻ അലച്ചുകൂവി മലമുകളിലോടി നടന്നു, വാസവനെ എങ്ങും കണ്ടില്ല. നേരം പുലരുന്നതു വരെ അദ്രു വിശ്രമമില്ലാതെ ചങ്ങാതിയെത്തേടി നടന്നു, വാസവന്റെ കാൽപ്പാടുകൾ പോലും കണ്ടെത്താനായില്ല. അതിന്റെ പിറ്റേന്ന് അദ്രുവിന് ജ്വരം പിടിപെട്ടു. നാട് ഇന്നിതേവരെ കണ്ടിട്ടില്ലാത്ത ജ്വരം, തൊട്ടടുത്തു നിൽക്കുന്നവരെക്കൂടി പൊള്ളിക്കുന്ന ചൂടായിരുന്നു അദ്രുവിന്റെ ദേഹത്തിന്.. അവൻ രാവും പകലും പിച്ചും പേയും പറയാൻ തുടങ്ങി, മയക്കത്തിലെല്ലാം ആ ചുണ്ടുകളിൽ നിന്നും ചിലമ്പിച്ച ശബ്ദമായി വാസവന്റെ പേര് പുറത്തുവന്നു. കവലയിലെ നാട്ടുവൈദ്യൻ പച്ചിലക്കൂട്ടുകളുടെയും കഷായങ്ങളുടെയും സഹായത്തോടെ തൽക്കാലത്തേക്ക് അവന്റെ നാവടക്കി. പക്ഷേ പിന്നീടുള്ള ദിവസങ്ങൾ കൊഴിയുംതോറും അദ്രുവിന്റെ കണ്ണുകൾ കുഴിഞ്ഞു അതിന്നുള്ളിലേയ്ക്ക് കറുപ്പലിഞ്ഞിറങ്ങി, തിന്നാൻ കിട്ടാതെയും തിന്നതൊന്നും പിടിക്കാതെയും വയറൊട്ടിക്കിടന്നു, മെലിഞ്ഞ കഴുത്തിനുള്ളിലെ തൊണ്ടമുഴ പുറത്തേയ്ക്കുന്തിനിന്നു, കൈകാലുകൾ ശോഷിച്ചു തുടങ്ങി. ഒൻപതു ദിവസങ്ങൾക്കു മുൻപ് ഇറങ്ങിപ്പോയ അയാളുടെ ബോധം എവിടെയെല്ലാമോ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ ഇന്നലെ നട്ടുച്ചയ്ക്ക് ആ കുടിലിന്റെ പടികയറിവന്നു.
തിരിച്ചെത്തിയ ബോധത്തിനുമുൻപിൽ നാട്ടുകാർ പലരും വന്നു സാക്ഷ്യം പറഞ്ഞു.. “ഇക്കഴിഞ്ഞ രാത്രികളിലെല്ലാം മലമുകളിൽ പാട്ടും കൂവലും കേട്ടെന്ന്, ഒരു നിഴൽ മലമുകളിൽ നിന്നും ഉച്ചത്തിൽ ആരെയൊക്കെയോ ചീത്ത വിളിച്ചുവെന്ന്”… അദ്രു തന്റെ തിരിച്ചുവന്ന ബോധത്തിലും മറ്റേതോ ഒരു ബോധക്കേടിന്റെ പിടിയിലകപ്പെട്ട് അകത്തെ തഴപ്പായിൽ പുതച്ചുമൂടിയിരുന്നു, അവനെയപ്പോഴും പനിയ്ക്കുന്നുണ്ടായിരുന്നു, തനിയ്ക്കു പിടിതരാതെ എവിടെയോ മറഞ്ഞുനിൽക്കുന്ന വാസവൻ പലപ്പോഴും തന്നെ തുറിച്ചുനോക്കുന്നതായി തോന്നീയവന്. അന്നു രാത്രി ഉറങ്ങാൻ കിടന്ന അദ്രു എന്തോ കണ്ടു ഭയന്നിട്ടെന്നവണ്ണം പിടഞ്ഞെണീറ്റു, മച്ചിന്റെ മുകളിലേക്കു കൈചൂണ്ടി എന്തൊക്കെയോ പിറുപിറുത്തു, കൂട്ടുകിടക്കാൻ വന്ന അപ്പുറത്തെ നാണിത്തള്ള എള്ള് കരിച്ചെടുത്ത ഭസ്മം അവന്റെ നെറ്റിയിൽ വാരിത്തൂകി, നിസ്കാരത്തഴമ്പ് തീരേയുമില്ലാത്ത അദ്രുവിന്റെ നെറ്റിയിൽ ആ പൊടി പറ്റിച്ചേർന്നുകിടന്നു. അന്നേരം അവനിൽ ഭ്രാന്തിന്റെ ലക്ഷണങ്ങൾ കണ്ട തള്ളയുടെ പ്രായം ചെന്ന മുഖം പേടിച്ചരണ്ട്, ചോര വറ്റിവരണ്ട് വല്ലാതെ വിളറിയിരുന്നു. തള്ളയെ പിന്നെയും പേടിപ്പിച്ച് പരാക്രമങ്ങൾ ഒരുപാടു കാട്ടി അദ്രു, ഒടുവിലൊന്നുറങ്ങി, ആ ഉറക്കം പതിനൊന്നാം ദിവസം ഉച്ചവരെ നീണ്ടു. ഉച്ചയ്ക്ക് ഞെട്ടിയെഴുന്നേറ്റ് അവൻ വീടുവിട്ടിറങ്ങി, ആരോടെന്നില്ലാതെ ബഹളംവെച്ചുകൊണ്ടു മലയേറുന്ന അദ്രുവിനെ നാട്ടുകാരിലൊരാൾ മൂക്കത്ത് കൈവിരൽ വെച്ച് നോക്കിനിന്നു, പതിയെപ്പതിയെ മൂക്കുകളുടെയും അതിന്റെമേലെയുള്ള വിരലുകളുടെയും എണ്ണം കൂടി.. ആദ്യത്തെ മൂക്കിന്റെയുടമ രണ്ടാമന്റെ ചെവിയിലെന്തോ ഓതി, രഹസ്യമായിരുന്നിട്ടും താഴ്ന്ന ശബ്ദമായിരുന്നിട്ടും കൂടി എല്ലാ മൂക്കുകളുടെയും ഉടമകളിൽ ആ വർത്തയെത്തി, “അദ്രുവിന്റെ ദേഹത്ത് വാസവൻ കേറിയിരിക്കുന്നു, മലമുകളിൽനിന്നും താഴേക്കു ചാടിച്ചത്ത വാസവൻ..”
അദ്രു പാറപ്പുറത്തിരുന്നു ആകാശത്തിലേക്ക് നോക്കി, ചുറ്റുമുള്ള പാറകളിലേക്ക് നോക്കി, എവിടെയും വാസവനെ കണ്ടില്ല, ഒരിക്കൽക്കൂടി ഭ്രാന്തമായി അലറിവിളിച്ചു, “വാസവാ”.. ആരും വിളികേട്ടതുമില്ല, അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു, ഒറ്റയൊരു ഹൃദയമായി കാലത്തിനു പിടികൊടുക്കാതെ ഇത്രനാളും പാഞ്ഞു നടന്നിട്ട് ഒടുവിൽ വാസവൻ തന്നെ തനിച്ചാക്കി പോയെന്ന ചിന്ത അദ്രുവിന്റെ സമനില തെറ്റിച്ചുകൊണ്ടിരുന്നു.. അവൻ നീണ്ടുനിവർന്നു പാറപ്പുറത്തേക്കു മലർന്നുകിടന്നു. സന്ധ്യാ സമയത്ത് ഒരു നക്ഷത്രം ഇരുണ്ട ഒരു മേഘത്തിന്റെ മറവിൽ നിന്നും അദ്രുവിനെ നോക്കിക്കൊണ്ടിരുന്നു. അത്യന്തം അവശനായി അദ്രു അവിടെക്കിടന്നു മയങ്ങി, അവനെ വീണ്ടും പനിച്ചു തുടങ്ങിയിരുന്നു.
രാവേറി, പ്രകൃതിയാകെ മൂകമായി, ഒരു ചീവീടിന്റെ ശബ്ദം പോലും കേൾക്കാനില്ലാത്ത മൂകത മലമുകളിലാകെ മഞ്ഞിനോടൊപ്പം പരന്നുകിടന്നു. രാവിന്റെ മൂന്നാം യാമത്തിൽ അദ്രുവിനെ പതിനൊന്നു ദിവസങ്ങൾക്കുമുൻപ് ഇതേ സമയം ഉറക്കത്തിൽനിന്നെഴുന്നേല്പിച്ച കാലൻ കോഴി എവിടെനിന്നോ പൊട്ടിമുളച്ചിട്ടെന്നപോലെ ദിക്കുകൾ ഞെട്ടുമാറൊന്നു കൂവീ.. അദ്രു ഞെട്ടിയുണർന്നു. അവൻ ഉണർന്നിട്ടും അത് കൂവൽ നിർത്തിയില്ല, പിന്നെയും പിന്നെയും കൂവി. അദ്രു ചുറ്റിനും നോക്കി, മുന്നിൽക്കണ്ട കാഴ്ച്ചയിൽ ഭയം കൊണ്ട് അവന്റെ മുഖം വിളറിവെളുത്തു.. തനിക്കു മുന്നിൽ വാസവൻ.. ഒന്നല്ല ഒരായിരം വാസവന്മാർ, ചുറ്റിനും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്രയെണ്ണം വാസവന്മാർ.. ആരും ഒന്നും മിണ്ടിയില്ല, അദ്രുവിനെ തുറിച്ചുനോക്കിക്കൊണ്ട് അവരോരോരുത്തരും തങ്ങളുടെ സ്ഥാനങ്ങളിൽ നിന്നു. ചില നിമിഷങ്ങൾക്കുശേഷം ഒരു വാസവൻ പതിയേ നടന്നുവന്ന് അദ്രുവിന്റെ മുൻപിൽ നിന്നു, വിറച്ചുകൊണ്ട് പാറമുകളിലിരിക്കുന്ന അവന്റെ മുഖത്തിനുനേർക്കു കുനിഞ്ഞുനോക്കി.
അദ്രു പേടിച്ചു തലയുയർത്തി നോക്കിയതും വാസവന്റെ കണ്ണുകളിൽനിന്നും തണുത്ത എന്തോ ഒന്ന് അവന്റെ മുഖത്തേക്ക് ഒലിച്ചിറങ്ങി, അദ്രുവിന്റെ ജ്വരം അതിനെ ചൂടുള്ളതാക്കി, അദ്രു അതിനെ കൈകൊണ്ടു തുടച്ചെടുത്തു, അതിനു ചോരയുടെ ഗന്ധമായിരുന്നു. അവൻ തലയ്ക്കുമുകളിൽ നിന്ന വാസവനെ തള്ളിമാറ്റി ബദ്ധപ്പെട്ടു ഞരങ്ങി പിറകോട്ടു നീങ്ങി. ആ വാസവൻ പൊട്ടിച്ചിരിച്ചു. പതിയെ ഓരോരുത്തരും മാറിമാറി അദ്രുവിനെനോക്കി പൊട്ടിച്ചിരിച്ചു, ക്രമേണ പൊട്ടിച്ചിരി അട്ടഹാസമായി, അദ്രുവിന്റെ മങ്ങുന്ന കാഴ്ചയ്ക്ക് മുന്നിൽ എതിരെ നിൽക്കുന്ന വാസവന്റെ പിറകിൽ നിന്നും പലയിടങ്ങളിലും കീറിത്തൂങ്ങിയ പാവാടയും ബ്ളൗസും ധരിച്ച ഒരു കൊച്ചുപെൺകുട്ടി വന്നുനിന്നു, അവൾക്കു വാസവന്റെ കുഞ്ഞനിയത്തിയുടെ മുഖമായിരുന്നു.. മുടിയാകെ പാറിപ്പറന്നിരുന്നു, കൈകളിലും കാലുകളിലും അങ്ങിങ്ങായി പല മുറിവുകൾ, ചുണ്ടുകൾ വീങ്ങി നീലിച്ചുകിടക്കുന്നു, അവളുടെ രണ്ടുകണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ട്. അദ്രു ഞെട്ടിത്തരിച്ചു.. ഉറക്കെക്കരയാനൊരുമ്പിട്ട അയാളുടെ ശബ്ദം നിലച്ചതു തിരിച്ചറിഞ്ഞിട്ടാവണം കാലൻ കോഴിയൊരിക്കൽക്കൂടി അത്യുച്ചത്തിൽ കൂവി. അവൻ നെഞ്ചുതകർന്നു അവളുടെ കാൽക്കൽ വീണു, വർഷങ്ങൾക്കുമുൻപ് തനിക്കു പറ്റിയ കൈയബദ്ധം അവന്റെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണരായി പാഞ്ഞുവന്നു.
വർഷങ്ങൾക്കുമുൻപ്, എവിടുന്നോ കിട്ടിയ ഒരു വാറ്റു കുപ്പിയുമായി വാസവനെത്തേടി താൻ അവന്റെ കൂരയിലെത്തിയ ഒരു നാൾ.. അപ്പനില്ലാത്ത അവന് പന്ത്രണ്ടു വർഷങ്ങൾക്കുമുൻപ് ഒരു പെങ്ങളെ പെറ്റിട്ടു കൊടുത്ത് മേലെയൊരു നക്ഷത്രമായി മാറിയ അവന്റെ അമ്മ കോലായിനുമുകളിൽ ദ്രവിച്ച ഒരു ഫോട്ടോയ്ക്കുള്ളിലിരുന്ന് തന്നെ തുറിച്ചുനോക്കി. പുറത്താരെയും കാണാതായപ്പോൾ ഉള്ളിൽ കയറി നോക്കിയപ്പോൾ കണ്ടത് വാസവന്റെ അനുജത്തിയെ. അവളെ കണ്ടപ്പോൾ അവൾക്കു പ്രായം തികഞ്ഞെന്ന് കഴിഞ്ഞ ദിവസം സന്തോഷത്തോടെയോടിവന്നു വാസവൻ തന്നോടു പറഞ്ഞതോർത്തു. അവൾക്കു പുത്തനടുപ്പു വാങ്ങാൻ പുറത്തേയ്ക്കു പോയതാണ് വാസവനെന്നും വരുമ്പോൾ നേരം കുറച്ചാവുമെന്നും അവൾ പറഞ്ഞപ്പോൾ താൻ പോയി കോലായിരുന്നു, അവനെ കാത്തിരുന്നു മുഷിഞ്ഞപ്പോൾ വാറ്റുകുപ്പി തുറന്നു, പതിയെപ്പതിയെ അത് കാലിയാവാൻ തുടങ്ങി, തന്റെ ബോധം നശിച്ചുതുടങ്ങി, പക്ഷേ ഉള്ളിലെ പുരുഷനെ തിരിച്ചറിയുവാനുള്ള ബോധം മാത്രം തലയ്ക്കുള്ളിൽ മിച്ചംനിന്നു. അവളെ പിച്ചിച്ചീന്തി, കൊച്ചായിരുന്നു, പക്ഷേ നശിച്ച ബോധത്തിന്റെ കൂടെ തിരിച്ചറിവ് പൊയ്പ്പോയിരുന്നു.
അവളുടെ ശ്വാസം നിലച്ചുവെന്നറിഞ്ഞപ്പോൾ ഇറങ്ങിയോടി, മല കേറിയോടി, മുകളിലെത്തിയാണ് നിന്നത്, തളർന്നുറങ്ങി ഒരുപാടുനേരം. ഉണർന്നപ്പോൾ കഴിഞ്ഞതെല്ലാം ഓർമയിൽ വന്നത് മുണ്ടിന്റെ മടക്കിലുടക്കിയിരുന്ന ചളുങ്ങിയൊരു ഏലസ്സുകോർത്ത കറുത്ത ചരട് കണ്ടപ്പോളാണ്, അവളുടെ കഴുത്തിൽകിടന്നതായിരുന്നു അത്. പാറമുകളിലിരുന്നു നെഞ്ചുപൊട്ടികരഞ്ഞു, പറ്റിപ്പോയ കൈപ്പിഴയോർത്ത്.. പ്രയോജനമൊന്നുമില്ലെന്നറിഞ്ഞിട്ടും. പിന്നെ മലയിറങ്ങി. വാസവന്റെ വീട്ടിലെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. വേറെ വഴിയുണ്ടായിരുന്നില്ല, ആരുമില്ലാത്ത തനിയ്ക്കും ആരുമില്ലാതായ വാസവനും വേണ്ടി അഭിനയിച്ചു, ഒന്നുമറിയാത്തതുപോലെ. വാസവനൊന്നുമറിഞ്ഞില്ല, ആരും ഒന്നും അറിഞ്ഞില്ല, കൊച്ചുപെണ്ണിനെ പിച്ചിച്ചീന്തിയവനെ നാട് മുഴുവൻ ശപിച്ചു, ആ ശാപം മുഴുവൻ തലയിലേന്തി താൻ വാസവന്റെ നിഴലായി നടന്നു ഇക്കാലമത്രയും, അന്ന് ഇരുമ്പുപെട്ടിയിലിട്ടടച്ചുവെച്ച ഏലസ്സുചരട് കാണാതായതോർത്തു താൻ കഴിഞ്ഞദിവസം ഏറെ പരിഭ്രമിച്ചിരുന്നു, പക്ഷേ തന്റെ കുടിലിൽ തന്നെപ്പോലെ കയറിയിറങ്ങാൻ സ്വാതന്ത്ര്യമുള്ള വാസവന്റെ കണ്ണിൽ അത് പെട്ടിരിക്കുമെന്നു തീരെയും ഓർത്തില്ല, അതുകൊണ്ടു തന്നെ അഭിനയം തുടർന്നു. വാസവനാവട്ടെ അഭിനയം തുടങ്ങി, ഒന്നുമറിയാത്തതുപോലെ. ആ ദുഷിച്ച ഓർമ്മകളിൽ നനഞ്ഞുകുതിർന്നതും അദ്രുവിന്റെയുള്ളിലെ മിന്നൽപ്പിണർ പതിയെ ദൂരേയ്ക്ക് മറഞ്ഞു. പശ്ചാത്താപത്തിന്റെ പിടിയിലമർന്ന് അവൻ ആർത്താർത്തുകരഞ്ഞു. അവന്റെ കണ്ണുകളിൽനിന്നും ഇടതടവില്ലാതെ ഒഴുകിവീണ നീർത്തുള്ളികൾ പെൺകുട്ടിയുടെ കാലുകൾ നനച്ചു. പക്ഷേ അവളുടെയും, ചുറ്റും നിൽക്കുന്ന ഓരോ വാസവന്മാരുടെയും കണ്ണുകൾ കത്തിജ്വലിക്കുകയായിരുന്നു, ആയിരങ്ങളോളം തീപ്പന്തങ്ങളായി അവ രൂപം പ്രാപിക്കാൻ അധികനേരം വേണ്ടിവന്നില്ല.. കുഞ്ഞനുജത്തിയെ കൊന്നുതള്ളിയ ചങ്ങാതിയെ ജീവിച്ചിരിക്കെ മനസ്സാൽ ഒന്നും ചെയ്യാനാവില്ലെന്നു മനസ്സിലാക്കി, സ്വയം മരിച്ചു, പിന്നെ പലതായി പുനർജ്ജനിച്ചു വന്ന വാസവൻമാർ അദ്രുവിനെ തങ്ങളുടെ കണ്ണുകൾകൊണ്ടുഴിഞ്ഞു, ആ തീച്ചൂളയിൽ അദ്രു വെന്തു പിടഞ്ഞു. മലയാകെ തീപിടിച്ചു, ഇന്നലെ മുളച്ച പുൽനാമ്പുകളെവരെ അഗ്നി നക്കിത്തുടച്ചു.
പന്ത്രണ്ടാം ദിവസം നേരം പുലർന്നു, കരിഞ്ഞ മലമുകളിൽ വന്നെത്തി നോക്കിയ സൂര്യനും പുതിയ പുൽനാമ്പുകൾക്കു ജന്മം നല്കാൻ വന്ന പുതുമഴയും അവിടെ ആരെയും കണ്ടില്ല, അദ്രുവിനെയോ പെൺകുട്ടിയെയോ ആയിരം വാസവന്മാരെയോ ആരെയും… മലമുകളിലെ ആകാശത്തിൽ പതിവായിക്കാണാറുള്ള അമ്മനക്ഷത്രത്തെയും ആ രാവിൽ കണ്ടില്ല.. പിന്നീടൊരിക്കലും അദ്രുവിന്റെയും വാസവന്റെയും വട്ടുകൾക്ക് ആ മലയോ നാടോ സാക്ഷിയായില്ല.

 

RELATED ARTICLES

Most Popular

Recent Comments