രശ്മി. (Street Light fb group)
ജീവിത വഴിത്താരയിൽ
മനസ്സിന്റെ പിന്നാമ്പുറ –
ങ്ങളിലെവിടെയോ
പെറുക്കി കൂട്ടി വച്ചിരിക്കുന്ന
വളപ്പൊട്ടുകൾക്ക്,
ചിലതൊക്കെ
പറയാനുണ്ടാവും.
പറയാതെ പറഞ്ഞത്,
പറഞ്ഞു പതിരായത്,
മുള പൊട്ടുമ്പോഴേ
കരിഞ്ഞുണങ്ങിയത്,
ഓർക്കുമ്പോഴേക്കും
മഴയായ് നനച്ചത്.
ചിലതങ്ങനെയാണ്
തളയ്ക്കാനാവാതെ
കുതറിത്തെറിക്കും.
മൂളിയും ഞെരങ്ങിയും
സാന്നിധ്യമറിയിക്കും.
മറഞ്ഞിരുന്ന് ചിരിക്കും
നോക്കാതെ നോക്കും ചിലത്,
മൂർച്ച കൂട്ടിയ അരികു കൊണ്ട്
മുറിവ് തീർക്കാൻ ശ്രമിക്കും.
കൈക്കുമ്പിളിലൊതുക്കുമ്പോൾ
മഞ്ചാടി മണികളാവും
പിടി തരാതെ,
ചിതറി വീഴും.
ഒടുവിലൊന്ന്
വിരലിടുക്കിലുടക്കും.
അപ്പോഴാവും,
മുന്തിരിവള്ളിയായ്
പടർന്നങ്ങനെ മനസ്സി-
ലിരിപ്പുറപ്പിക്കുക.