Saturday, April 26, 2025
HomeLiteratureനിലാപക്ഷി (കവിത).

നിലാപക്ഷി (കവിത).

ദീപ  രഞ്ജിത്ത്‌.
ഒരു നിലാപക്ഷിയായ് വീണ്ടുമണയുന്നു ഞാന്‍ 
കുഞ്ഞിളം കാറ്റിന്റെ ചിറകിലേറി
നാളേയ്ക്കുനീളുന്ന കിരണങ്ങളൊക്കെയും
എന്നിലെ സ്നേഹത്തിന്‍ ചൂടുമാത്രം
വീണ്ടും തളിര്‍ക്കുക പൂക്കുക കായ്ക്കുക
എന്നിലെ സ്വപ്നത്തിന്‍ മുകുളങ്ങളെ
ഹിമബിന്ദുതൂവുമാ സ്നേഹസ്പര്‍ശത്തിനായ്
കാത്തിരിക്കുന്നൊരു പുല്‍നാമ്പു ഞാന്‍ 
നൊമ്പരപൂവിതള്‍ എന്നിലേയ്ക്കണയുമ്പോള്‍
കുഞ്ഞരിപ്രാവായി മാറിടുന്നു
മണ്‍ചിരാതൊക്കെയും മിഴിയടയ്ക്കുന്നുവോ
രാവിന്റെ മാറിലേയ്ക്കലിഞ്ഞിറങ്ങാന്‍
ഇലകള്‍ കൊഴിക്കുമാ ശിശിരവും മാഞ്ഞുപോയ്
പൂക്കുന്നു നീയെന്റെ മനസ്സിലാകെ
വന്നണഞ്ഞൊരെന്‍ സ്നേഹവസന്തമേ
ചേര്‍ത്തുപുല്‍കുന്നു ഞാന്‍ എന്നിലേയ്ക്കായ്.
RELATED ARTICLES

Most Popular

Recent Comments