അജിന സന്തോഷ്. (Street Light fb group)
ഉറക്കം വരാതെ അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു ..
ഇത് ഈ വീട്ടിലെ അവസാനത്തെ രാത്രിയാണ്..
നീണ്ട ഇരുപത്തിയഞ്ചു വര്‍ഷം തന്‍റെ സന്തോഷവും സങ്കടവുമെല്ലാം ഏറ്റുവാങ്ങിയ ഈ ചുവരുകളോട് താന്‍ വിട പറയുകയാണ്.
ഒാര്‍മ്മകള്‍ തിരമാകള്‍ പോലെ അയാളുടെ മനസ്സിലേക്ക് അലയടിച്ചു..
വിവാഹം കഴിഞ്ഞു കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഈ വീട് ഉണ്ടാക്കിയത്.. ഒരു സ്വപ്ന സാക്ഷാത്ക്കാരം..
തന്‍റെ പൊന്നു മകള്‍.. അവള്‍ പിറവിയെടുത്തത് ഇവിടെയാണ് . അവളെ പോലെ തന്നെ പ്രിയപ്പെട്ടതാണ് തനിക്ക് ഈ വീടും..
തന്‍റെ മോളൂട്ടി….അവളുടെ കിളിക്കൊഞ്ചലും നൂപുരധ്വനിയും കൊണ്ട് മുഖരിതമായിരുന്നു ഒരു കാലത്ത് ഈ വീട്..
ഇപ്പോള്‍ അവള്‍ വളര്‍ന്നു വലിയ പെണ്ണായില്ലേ..
എത്ര വേഗമാണ് അവള്‍ വളര്‍ച്ചയുടെ ഓരോ പടവും താണ്ടിയത്.. അച്ഛനായിരുന്നു അവള്‍ക്കെല്ലാം..
അച്ഛനും, അമ്മയും കൂട്ടുകാരനും എല്ലാം..
അവളെ പ്രസവിച്ചതിനു ശേഷം സമനില തെറ്റി ചങ്ങലയിലായ അമ്മയുടെ അടുത്തേക്ക് പോകാറേയില്ല.. അമ്മയുടെ സ്നേഹം കിട്ടാത്തതില്‍ അവള്‍ക്ക് വിഷമം ഉണ്ടെന്ന് തോന്നിയിട്ടില്ല. എല്ലാത്തിനും അച്ഛന്‍ മതിയായിരുന്നു അവള്‍ക്ക്.. കുഞ്ഞു ന്നാള്‍ മുതല്‍..
പൊട്ടു തൊടുവിക്കാനും കാഴ്ചകള്‍ കാണിച്ച് ഭക്ഷണം കഴിപ്പിക്കാനും.. എല്ലാത്തിനും..
തന്‍റെ മാലതി.. അവള്‍ എത്ര പാവമായിരുന്നു..
ഭാര്യയെ കുറിച്ച് ഒാര്‍ത്തപ്പോള്‍ അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞു..
മോളൂട്ടിയെ പ്രസവിച്ച ശേഷം അവളുടെ മാനസിക നില തെറ്റി.. ഒരുപാട് ചികിത്സിച്ചു.. ഒന്നിനും ഫലമുണ്ടായില്ല..
ഒടുവില്‍ അക്രമാസക്തയാകാന്‍ തുടങ്ങിയപ്പോള്‍ ചങ്ങലയില്‍ പൂട്ടേണ്ടി വന്നു..
പലരും നിര്‍ബന്ധിച്ചു അവളെ ഭ്രാന്താശുപത്രിയിലാക്കാന്‍.. പക്ഷേ അവിടുത്തെ ഇരുളടഞ്ഞ മുറിയില്‍ അവളെ തളച്ചിടാന്‍ താന്‍ ഒരുക്കമല്ലായിരുന്നു.. ഇവിടെയാകുമ്പോള്‍ തനിക്ക് എപ്പോളും കാണുകയെങ്കിലും ചെയ്യാലോ..
ഒരുപാട് മോഹിച്ച് സ്വന്തമാക്കിയതായിരുന്നല്ലോ അവളെ..
ചങ്ങലയില്‍ കിടക്കുന്നത് സ്വന്തം അമ്മയാണെന്ന് എത്ര പറഞ്ഞു കൊടുത്തിട്ടും മോളൂട്ടി ഉള്‍ക്കൊണ്ടില്ല..
”നിക്ക് അച്ഛ മാത്രേയുള്ളൂ.. അച്ഛ മാത്രം മതി”..
അതായിരുന്നു അവളുടെ സ്ഥിരം പല്ലവി..
അവള്‍ക്ക് വേണ്ടി താന്‍ ജോലിയുപേക്ഷിച്ച് കൃഷിയും കാര്യങ്ങളുമായി വീട്ടില്‍ത്തന്നെ കൂടി..
മാലതിയേയും താന്‍ തന്നെ നോക്കി..
മോളൂട്ടി എട്ടിലേക്ക് ജയിച്ചു നില്‍ക്കുന്ന സമയത്താണ് അതു സംഭവിച്ചത്..
തന്നെയും മോളെയും തനിച്ചാക്കി മാലതി പോയി..
മോളൂട്ടിക്ക് ഒട്ടും വിഷമമില്ലായിരുന്നൂ.. കാരണം അമ്മ അവള്‍ക്ക് അന്യയായിരുന്നല്ലോ..
പക്ഷേ തന്‍റെ മനസ്സിലെ മുറിവുണങ്ങാന്‍ കുറേ നാളെടുത്തു..
ചങ്ങലയിലാണെങ്കിലും തന്‍റെ പ്രിയതമ അടുത്തുതന്നെയുള്ളത് ഒരു ഊര്‍ജ്ജമായിരുന്നു.. അത് നഷ്ടപ്പെട്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല..
മോളൂട്ടി വളരുന്തോറും ആധിയായിരുന്നു മനസ്സില്‍.. അമ്മയില്ലാത്ത അവളെ നല്ല കുട്ടിയായി വളര്‍ത്താന്‍ തനിക്ക് ആകുമോയെന്ന്..
പക്ഷേ തനിക്ക് ഒരു വിഷമവും ഉണ്ടാക്കാതെ നല്ല കുട്ടിയായിത്തന്നെ അവള്‍ വളര്‍ന്നു.. പഠിച്ച് മിടുക്കിയായി..
അവളുടെ വിവാഹം ..അതായിരുന്നു തന്‍റെ ഏറ്റവും വലിയ സ്വപ്നം..
അവളെ കണ്ടു മോഹിച്ച് ഒത്തിരി പേര്‍ വിവാഹാലോചനയുമായി വന്നു..അവളുടെ അമ്മയെ പോലെ സുന്ദരിയാണല്ലോ അവളും..
ഒന്നും അവള്‍ക്ക് ഇഷ്ടമായില്ല..
ഒടുവില്‍ അവള്‍ക്ക് ഇഷ്ടപ്പെട്ടയാളെ അവള്‍ തന്നെ മുന്‍പില്‍ കൊണ്ടുവന്ന് നിര്‍ത്തി..
അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ സഹോദരന്‍…
ബാംഗ്ളൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ അഭിജിത്ത്..
ആ ബന്ധത്തില്‍ തനിക്കും എതിര്‍പ്പില്ലായിരുന്നു.. നല്ല പയ്യന്‍.. നല്ല ജോലി.. കുടുംബവും നല്ലത്..
മനസ്സില്‍ ആഗ്രഹിച്ചതു പോലെത്തന്നെ അവളുടെ വിവാഹം ഗംഭീരമായി നടത്തി.. അഭിജിത്തിന്‍റെ കെെയ്യും പിടിച്ചു ഇവിടെ നിന്നും ഇറങ്ങുമ്പോള്‍
”ന്‍റെ അച്ഛ തനിച്ചായി പോകൂല്വോ” എന്നും പറഞ്ഞ്
അവള്‍ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു..
അന്ന് എത്ര പാടുപെട്ടാണ് അവളെ സമാധാനിപ്പിച്ച് പറഞ്ഞയച്ചത്..
മോളൂട്ടി അഭിജിത്തിന്‍റെ കൂടെ ബാംഗ്ളൂരില്‍ പോയപ്പോള്‍ ശരിക്കും വിഷമം തോന്നി.. തന്‍റെ മാലതിയുടെ ആത്മാവ് കൂട്ടിനുണ്ടാവുമല്ലോ എന്നോര്‍ത്തപ്പോള്‍ എല്ലാ സങ്കടവും ഉള്ളിലൊതുക്കാന്‍ കഴിഞ്ഞു…. കൃഷിയും പശുക്കളുമൊക്കെയായി ഇവിടത്തന്നെ കൂടി..
പക്ഷേ മോളൂട്ടിയുടെ ഇപ്പോളത്തെ ആവശ്യം കേട്ടപ്പോള്‍ താന്‍ ശരിക്കും ധര്‍മ്മ സങ്കടത്തിലായി..
അവള്‍ക്ക് ബാംഗ്ളൂരില്‍ സ്വന്തമായി ഫ്ളാറ്റ് വാങ്ങാനായി ഈ വീടു വില്‍ക്കണമത്രേ.. കേട്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല..
മോളൂട്ടിക്ക് വിഷമം ആവണ്ട എന്നു കരുതി മറുത്തൊന്നും പറഞ്ഞില്ല..
”അച്ഛക്ക് ബാംഗ്ളൂര്‍ ഒന്നും പിടിക്കൂല.. അതുകൊണ്ട് ഇവിടെ ശരണാലായത്തില്‍ എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്.. അവിടെയാകുമ്പോള്‍ അച്ഛയെ പോലെ ഒത്തിരി പേരുണ്ടാകും.. തനിച്ചാവില്ല”..
അച്ഛക്ക് പറ്റിയ ഇടവും അവളുതന്നെ കണ്ടെത്തി..
താന്‍ എതിര്‍ത്തില്ല..അവളുടെ സന്തോഷമാണല്ലോ തനിക്ക് പ്രധാനം..അതിനുവേണ്ടിയാണല്ലോ ഇത്രയും കാലം ജീവിച്ചത്..
ഒരേയൊരു ദുഃഖം മാത്രമേയുള്ളു.. മാലതി ഉറങ്ങുന്ന ഈ മണ്ണില്‍ത്തന്നെ ഉറങ്ങണമെന്നായിരുന്നു ആഗ്രഹം… അത് ഇനി നടക്കില്ലല്ലോ..
നാളെ താന്‍ ഇവിടുന്ന് ശരണാലയത്തിലേക്ക് പറിച്ചു നടപ്പെടും.. പക്ഷേ തന്‍റെ മനസ്സ് എപ്പോളും ഈ വീട്ടില്‍ത്തന്നെ ആയിരിക്കും.. അത് പറിച്ചെടുക്കാന്‍ ആര്‍ക്കും കഴിയില്ല.. ആര്‍ക്കും..
അയാളുടെ കവിളിലൂടെ പുറത്തേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുള്ളികള്‍ താഴെ വീണു ചിന്നി ചിതറി..