Thursday, November 28, 2024
HomePoemsഭ്രാന്തയാത്രകള്‍. (കവിത)

ഭ്രാന്തയാത്രകള്‍. (കവിത)

ഭ്രാന്തയാത്രകള്‍. (കവിത)

പ്രവീണ്‍ കണ്ണത്തുശ്ശേരില്. (Street Light fb group)
ഒരു ചിരിയില്‍, കരച്ചിലില്‍
മൗനത്തില്‍ പിറുപിറുക്കലില്‍
ആരും ഒന്നും അറിയില്ല
ചിരി പൊട്ടിച്ചിരിയാകുമ്പോള്‍
കരച്ചില്‍അലറിക്കരച്ചിലാകുമ്പോള്‍
മൗനം തുറിച്ചുനോക്കലാവുമ്പോള്‍
പിറുപിറുക്കല്‍ പാട്ടാകുമ്പോള്‍
ഒരു ഭ്രാന്തന്‍ ജനിക്കുന്നു
ബോധവീചിയുടെ നേര്‍ത്ത തന്ത്രികള്‍
ചെറുനോവിന്റെ അലകളില്‍
മെല്ലെ ഉലയുമ്പോള്‍ അവന്‍
അറിയാതെ ചിരിച്ചുപോകും
ഓര്‍ക്കാതെ കരഞ്ഞുപോകും
ഒന്നും മിണ്ടാതെയിരുന്നു പോകും
ആരും കേള്‍ക്കാതിരിക്കാന്‍
എല്ലാം സ്വയം പറഞ്ഞുപോകും
അപ്പോള്‍ ഭ്രാന്ത് പിറക്കുന്നു
രാസക്കൂട്ടുകള്‍ അറിഞ്ഞുനല്‍കുന്ന
ഉറക്കത്തിന്റെ ഉന്മാദത്തിനുംശേഷം
സിരകളെ വിറകൊള്ളിച്ചു പായും
ജീവനറ്റുപോകും വൈദ്യുതാഘാതങ്ങള്‍
ചെറുപ്രകമ്പനങ്ങളായ് ചേര്‍ത്തുവെക്കും
തെറിച്ചുതെറ്റിയ ബോധക്കമ്പികള്‍കള്‍
തിരിച്ചു നല്‍കുന്ന അതിജീവനത്തിന്റെ
ഭ്രാന്തന്‍ നൂല്‍പ്പാലങ്ങള്‍
കഴിഞ്ഞ യാത്രകളോര്‍ത്ത്
അറിയാതൊന്നു ചിരിച്ചാല്‍
ഓര്‍ക്കാതൊന്നു കരഞ്ഞാല്‍
മൗനമായിരുന്നാല്‍, പിറുപിറുത്താല്‍
അപ്പോള്‍ നമ്മള്‍ ചിരിക്കും
ഭ്രാന്തന്‍, അവന്‍ പിന്നെയും ഭ്രാന്തന്‍
തുടങ്ങുകയായി ആര്‍ക്കും വേണ്ടാത്ത
ചുടലവരെ നീളുന്ന ഭ്രാന്തയാത്രകള്‍
RELATED ARTICLES

Most Popular

Recent Comments