Thursday, November 28, 2024
HomeSTORIESഏട്ടന്റെ മുത്ത്.(കഥ)

ഏട്ടന്റെ മുത്ത്.(കഥ)

നീലാംബരി. (Street Light fb group)
“ടീ കാന്താരീ നീ ഇറങ്ങുന്നോ അതോ ഞാൻ തള്ളിയിടണോ?”
“എനിച്ചു് പേടിയാ,”
“അയ്യേ… പേടിയാ , നിനക്കാ, നീ അല്ലെ പറഞ്ഞെ നീ വല്യപെണ്ണാണെന്ന് എന്നിട്ടിപ്പോൾ പേടിയാണ് പോലും, നാണമില്ലല്ലോ നിന്ന് ചിണുങ്ങാൻ “
“ഹും… ഞാൻ വല്യപെണ്ണാ…”
“പിന്നേ,, വല്യപെണ്ണാ…. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന നീ അല്ലാതെ പിന്നെ നാലിൽ പഠിക്കുന്ന ഞാൻ ആണോ വലുത്, ഏയ്…. നീ തന്നെയാ വലുത്…..ഹ…ഹ….ഹ!!”
“ഏട്ടാ മുത്തിനെ വെറുതേ ദേഷ്യം പിടിപ്പിക്കല്ലേ”
ദേഷ്യം പിടിച്ചു ചുകന്ന മുഖം നോക്കി ഏട്ടൻ കുഞ്ഞനുജത്തിയെ കളിയാക്കി.”
അച്ചോടാ…..പാവം, ഒന്ന് പോടീ…”
ഇത്രയും പറഞ്ഞുകൊണ്ടു അവൻ സ്വിമ്മിങ് പൂളിലേക്കു ചാടി, നീന്തിത്തുടിക്കാൻ തുടങ്ങി. വെള്ളത്തിൽ ഇറങ്ങണം എന്നുണ്ട് എല്ലാവരും നീന്തുന്നത് പോലെ നീന്തിത്തുടിക്കാൻ ആ കുഞ്ഞുമനസ്സിൽ ആഗ്രഹവും ഉണ്ട് എന്നാൽ ഒരുഭയം ആകുഞ്ഞുമനസ്സിലെ വല്ലാതങലട്ടികാണും. എല്ലാം നോക്കിക്കൊണ്ട് മുത്തും വെള്ളത്തിലേക് കാലിട്ട് ഇളക്കിമറിച്ചു്കൊണ്ടേയിരുന്നു. ഓരോരുത്തരായി കയറിപ്പോയി, ഒടുവിൽ അവനും കയറിവന്നു. അപ്പോൾ അവളും എഴുന്നേറ്റ് ഏട്ടന്റെ പുറകെ ചെന്നു.
“നീ നാളെമുതൽ ഇവിടേക്ക് വരണ്ടാട്ടോ”
“ആഹാ ഞാൻ വരും”
“എന്തിന് എല്ലാവരേയും നോക്കിയിരിക്കാനോ?” “നാളെമുതൽ ഞാൻ കൂടെ കൂട്ടില്ല ഉറപ്പാണ്”
അത്രയും കേട്ടതും മുത്തിന് ആകെ ദേഷ്യം പിടിച്ചു.
“അയ്യോ!!! മുത്തിന്റെ മൂക്ക് വിറക്കുന്നെ, ദേ… എല്ലാവരും നോക്കിക്കേ,,ഈ കാന്താരിയുടെ മൂക്ക് വിറക്കുന്നു….”
കൂട്ടുകാരെല്ലാം ചുറ്റിലും കൂടി പൊട്ടിച്ചിരിക്കാൻ തുടങ്ങി.അതൊക്കെ കണ്ടപ്പോൾ അവൾക്കു ശുണ്ടി അടക്കാൻ പറ്റിയില്ല. അവൾ ഏട്ടനെ ആഞ്ഞൊന്ന് അടിച്ചു.അത് കണ്ടപ്പോൾ കണ്ടുനിന്ന ഒരു കുട്ടി അട്ടഹസിച്ചുകൊണ്ടുപറഞ്ഞു,
“അയ്യേ നാണമില്ലല്ലോ അനിയത്തീടെ അടിയും വാങ്ങി നില്ക്കാൻ കഷ്ടം”
കൂട്ടുകാരുടെ കളിയാക്കൽ കേട്ടപ്പോൾ അവന്റെ മനസ്സിൽ സ്വന്തം അനിയത്തിക്കുട്ടിയോട് ദേഷ്യം തോന്നി. അവൻ പോയി നനഞ്ഞ ഡ്രെസ്സ് എല്ലാം മാറി വന്നു അപ്പോൾ അതാ മുത്ത് സ്വിമ്മിങ്പൂളിന്റെ അടുത്ത് നില്കുന്നു. അവൻ വേറൊന്നും ആലോചിച്ചില്ല പെട്ടന്ന് അവളുടെ അടുത്ത് ചെന്ന് അവളെ വെള്ളത്തിലേക്ക് തള്ളിയിട്ടു,
“നീ ഇവിടെ കിടക്ക്, എട്ടനെയാണോടീ അടിക്കുന്നെ കാന്തരീ…”
“ഏട്ടാ…. ഏട്ടാ..”
അവൾ ഉച്ചത്തിൽ നിലവിളിച്ചു.ഒന്ന്‌ തിരിഞ്ഞുപോലും നോക്കാതെ അവൻ അവിടെനിന്നും പോയി. കൂട്ടുകാരുമൊത്ത് അവൻ ഗ്രൗണ്ടിൽ കളിതുടങ്ങി. പെട്ടന്ന് കുറച്ചുപേർ ചേർന്ന് മുത്തിനേയും എടുത്ത് കൊണ്ട് കാറിൽ കയറിപ്പോയി. കണ്ടു നിന്ന ആർക്കും ഒന്നും മനസ്സിലായില്ല. കുട്ടികൾ എല്ലാംതന്നെ ഓടിച്ചെന്ന് വാച്ച്മാൻറെ അടുത്ത്‌ കാര്യം തിരക്കി.
“7th-D യിലെ കൊച്ച് വെള്ളത്തിൽ വീണു, ഒത്തിരി വെള്ളം കുടിച്ചു പാവം, രക്ഷപ്പെടുമോ എന്നുള്ള കാര്യത്തിൽ സംശയമാ”
“ഏയ്,അത് തീർന്നു ശ്വാസം ഒന്നും ഇല്ലായിരുന്നു,,എന്നാലും കഷ്ട്ടം ആയിപ്പോയി”
അവിടെ കൂടിനിന്നവർ പലതും സംസാരിച്ചുകൊണ്ടേയിരുന്നു.
അതീന്ന് ഒരു കുട്ടി ഓടിവന്ന് അവനോടു ചോദിച്ചു.
“ടാ അരവിന്ദേ,അത് നിന്റെ മുത്തണോ?”.ഇത്രയും കേട്ടതും അവന്റെ കൈകാലുകൾ വിറക്കാൻ തുടങ്ങി. അവൻ ഉച്ചത്തിൽ കരയാൻ തുടങ്ങി. കൂട്ടുകാരെല്ലാം അവനെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചു. അവന്റെ മനസ്സ് വല്ലാതെ പിടഞ്ഞു. അമ്മയുടേയും അച്ഛന്റേയും ശകാരത്തിനേയും അടിയെക്കാളും അവൻ പേടിച്ചത്,ഞാൻ കാരണം സ്വാന്തം കുഞ്ഞുപെങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമായിരുന്നു. അവൻ അവിടെനിന്നും ഓടി ഫ്ലാറ്റിൽ അവന്റെ റൂമിൽ കയറി ആരോടും മിണ്ടാതെ ഇരിപ്പുതുടങ്ങി.ഏകാന്തമായ ഒരു രാത്രി ഭയപ്പാടിന്റെ തീചൂളയിൽ വെന്തുരുകിയ നിമിഷങ്ങൾ.ഉറക്കം കിട്ടാതെ ആ കുഞ്ഞു മനസ്സ് അലഞ്ഞു. ഒരു ഭ്രന്തനെപോലെ.രാവിന്റെ ഏകാന്തതയിൽ അവൻ അലറിവിളിച്ചു.അവന്റെ കണ്ണുകളിൽ നിന്നും ഒഴുകിയത് കണ്ണുനീരല്ല പകരം ചുടുരക്തമായിരുന്നു. ഉറക്കം കിട്ടാത്ത ആ രാത്രി അവൻ ഒരു യുഗംപോലെ തള്ളിനീക്കി.
പുലർകാലെ ഒന്ന് മയങ്ങിയപ്പോഴേക്കും അച്ഛന്റെ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി.
“എന്തോ ആരുടെയൊക്കെയോ പ്രാർത്ഥനയും ഭാഗ്യവും കൊണ്ടാണ് നമ്മൾക്കവളെ തിരിച്ചു കിട്ടിയത്,ഒരു നിമിഷം വൈകിയിരുന്നെങ്കിൽ…..”
ഇടറിയ സ്വരത്തിൽ അച്ഛന് പറഞ്ഞു തീർക്കാൻ പറ്റിയില്ല.
“പലവട്ടം പറഞ്ഞതല്ലേ അവളെ തനിച്ചെങ്ങും വിടരുത് എന്ന് സുഖമില്ലാത്ത കുട്ടിയല്ലേ അവൾ,എന്നിട് നിങ്ങളാരേലും കേട്ടോ?”
അവൻ പെട്ടന്ന് എഴുന്നേറ്റ് അച്ഛന്റെ അരികിലേക്ക് ഓടി.
“അച്ഛാ എനിക്ക് മുത്തിനെ കാണണം”
“പോകാം പോയി റെഡിയായി വാ”.
അവൻ പെട്ടന്ന് ചെന്ന് കയ്യിൽകിട്ടയ ഡ്രസ്സ് ഇട്ട് വന്നു.
അവരെല്ലാം പെട്ടന്ന് ഹോസ്പിറ്റലിലേക് പോയി . അവിടെ എത്തിയ ഉടനെ പെട്ടന്ന് റൂമിലേക് കയറി അവളുടെ അടുത്ത് ചെന്ന് കുഞ്ഞുകയ്യിലേക്ക് പിടിച്ച് നെറ്റിയിലും കവിളിലും മാറിമാറി ഉമ്മവെച്ചു. കണ്ടുനിൽക്കുന്നവരുടെ കണ്ണു നനയിക്കുന്ന കാഴ്ച്ചയായിരുന്നു അത്. കുഞ്ഞനുജത്തിക്ക് ബോധം വരുന്നതുവരെ ഏട്ടൻ അവളുടെ കുഞ്ഞുകയ്യിലും പിടിച്ചു അടുത്ത് തന്നെ ഇരുന്നു.
“ഏട്ടാ….. ഏട്ടാ….”
അബോധാവസ്ഥയിലും അവൾ ‘ഏട്ടാ’ എന്ന് വിളിക്കുന്നത് കേട്ട് അവന്റെ ഉള്ള് പിടഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.പെട്ടന്ന് അവൾക്ക് ബോധം വന്നു. അപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്. അവൾ സംസാരിച്ചു തുടങ്ങി. അവൾ എങ്ങനെ വെള്ളത്തിൽ വീണു എന്നറിയാൻ എല്ലാവരും പലവട്ടം ചോദിച്ചു. ചോദ്യങ്ങൾ കേട്ടപ്പോൾ അവന്റെ ഹൃദയത്തുടിപ്പിന്റെ ശബ്ദം പെരുമ്പറ കൊട്ടുപോലെ ഉയർന്നുകൊണ്ടിരുന്നു.
“അമ്മേ… ഞാൻ …. “
അവൻ ഇടറിയ സ്വരത്തിൽ നടന്ന കാര്യങ്ങൾ അവൻ ആമ്മയോട് പറയാൻ തുടങ്ങി. അവനെ ഞെട്ടിച്ചുകൊണ്ട് അവൾ സംസാരിച്ചു തുടങ്ങി.
“അമ്മാ… ഞാൻ വെള്ളത്തിൽ കാലിട്ടുകളിച്ചപ്പോൾ കാലുവഴുതിവീണതാ”
ഇത്രയും അവൾ പറഞ്ഞു തീർന്നപ്പോഴേക്കും അമ്മ ശകാരത്തിന്റെ മാലപ്പടക്കത്തിനു തീകൊളുത്തിക്കഴിഞ്ഞു.പിന്നീടവിടെ വെടിക്കെട്ട് കഴിഞ്ഞ പ്രതീതി ആയിരുന്നു. എല്ലാം കേട്ടുകൊണ്ട് അവൻ ഒന്നും മിണ്ടാതെ നിന്നു. പെട്ടന്ന് അവൻ പറഞ്ഞു,
“അമ്മാ അവൾ കുഞ്ഞല്ലേ എന്തിനാ ഇങ്ങനെ വഴക്കുപറയുന്നെ?”
“അതെ,പാവം കുഞ്ഞ് ഓരോന്ന് കാണിച്ചുവെച്ചിട്ട് മനുഷ്യരെ തീ തീറ്റിക്കാൻ ഒരു ജന്മം”.
ആ ശകാരവാക്കുകൾ തുടർന്നുകൊണ്ടേയിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.പതിവുപോലെ ഏട്ടനും അനിയത്തിക്കുട്ടിയും വഴക്കടിച്ചും കുറുമ്പുകാട്ടിയും സന്തോഷത്തോടെ ആ വീട്ടിൽ ഓടിനടന്നു. ഒരുദിവസം ആരും അടുത്തില്ലാത്ത സമയത്ത് അവൻ മുത്തിനോട് ചോദിച്ചു.
“മുത്തേ, മുത്തേ….”
“എന്താ ഏട്ടാ?”
“നീ എന്തിനാ അന്ന് അങ്ങനൊരു നുണ പറഞ്ഞത്?”.
“ഞാനോ എന്ത് നുണ പറഞ്ഞു”.
“അല്ല,ഞാനല്ലേ നിന്നെ അന്ന് വെള്ളത്തിൽ തള്ളിയിട്ടെ? എന്നിട്ട് നീ എന്താ പറഞ്ഞെ?നീ തനിയെ വീണാതാണെന്നു. നീ എന്തിനാ അങ്ങനെ പറഞ്ഞെ?”
“ഓഹ് അതാണോ, ഏട്ടൻ തള്ളിയിട്ടെന്നു എന്തിനാ പറയണെ?”
“നീ പറയാഞ്ഞിട്ടല്ലേ അന്ന് അമ്മ നിന്നെ വഴക്കു പറഞ്ഞെ”
“അതിനെന്താ?”
“എന്നാലും ഞാൻ കാരണം എന്റെ മുത്ത്‌…”
“എന്റെ ഏട്ടനെ ഞാൻ ഇടിക്കും,പിച്ചും, വഴക്കുപറയും കളിയാക്കും. എന്നാൽ മറ്റാരും ഏട്ടനെ അടിക്കുന്നതോ വഴക്കുപറയുന്നതോ എനിക്കിഷ്ട്ടമല്ല. അത് അമ്മയായാലും അച്ഛനായാലും ചേച്ചിയായാലും മറ്റാരായാലും കേട്ടല്ലോ?”.
ആ കുഞ്ഞു മനസ്സിൽ എട്ടനോടുള്ള സ്നേഹം അവൻ അറിഞ്ഞപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.ആ അനിയത്തിക്കുട്ടയെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവളുടെ നെറ്റിയിലും കവിളിലും മാറിമാറി ഉമ്മ വെച്ചു. പല തവണ അവളെ അവൻ വേദനിപ്പിച്ചിട്ടുണ്ട്. മനസ്സുകൊണ്ടും ശരീരം കൊണ്ടും. എന്നാൽ ആ നിമിഷം അവൻ മനസ്സിൽ ഉറപ്പിച്ചു. ഇനി ഒരിക്കലും ആ കുഞ്ഞുമനസ്സോ ശരീരമോ വേദനിപ്പിക്കില്ല എന്ന്.ആ കണ്ണുകൾ നിറയാൻ അവൻ കാരണമാകില്ല എന്ന്…..
RELATED ARTICLES

Most Popular

Recent Comments