Sunday, November 24, 2024
HomeSTORIESആരാണവൾ.? (കഥ)

ആരാണവൾ.? (കഥ)

ആരാണവൾ.? (കഥ)

വേണു നൈമിഷിക. (Street Light fb group)
ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ഞാൻ അവിടെയെത്തിയത്. ഹരിയാനയിലെ ഒരു കുഗ്രാമം .. നോക്കെത്താദൂരംവരെ ഗോതമ്പുവയലുകൾ .. ഇടയ്ക്കിടക്ക് ചെറിയ വീടുകൾ ..
ഷൂട്ടിങ് അധികവ=ും ഒരു ചെറിയ വീട്ടിലും അതിനുചുറ്റുമുള്ള വയലിലും ആയിരുന്നു .. മൂന്നാഴ്ച അവിടെത്തന്നെ കഴിയണം .. ഞങ്ങൾ ഏകദേശം 30 പേരോളം ഉണ്ടായിരുന്നു ..അതിലെ നായകകഥാപാത്രം ചെയ്യുന്നത് ഞാനായതുകൊണ്ടും, ഷൂട്ടിങ്ങിന്റെ ടെക്നിക്കുകൾ കൂടുതൽ അടുത്തറിയാനുംവേണ്ടി ഞാൻ സെറ്റുകളിൽ തന്നെ കൂടുതൽ സമയം ചിലവഴിച്ചു.
ഞങ്ങൾക്ക് അവിടെ അടുത്തൊരു ഹവേലിയാണ് താമസത്തിനായി നിശ്ചയിച്ചിരുന്നത് . പക്ഷേ ഹവേലിയിൽ ക്ലീനിങ് നടക്കുന്നതിനാൽ ഒരുദിവസത്തെ താമസം വരുമെന്നും തൽക്കാലം ഒരു രാത്രി താങ്ങാനായി വേറെ ഒരു വീട് അറേഞ്ച് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു . ഹോട്ടലിലോ മറ്റോ തങ്ങണമെങ്കിൽ ഏകദേശം 60 കിലോമീറ്ററോളം സഞ്ചരിച്ചു സോനിപത്തിലോ, അതിലും ദൂരത്തിലുള്ള അംബാലയിലോ പോകണമായിരുന്നു . അതുകൊണ്ടുതന്നെ പ്രൊഡ്യൂസർ ആ ഉദ്യമത്തിൽനിന്നും പിന്തിരിഞ്ഞു . അതും പോരാഞ്ഞിട്ട് മിക്കദിവസങ്ങളിലും രാവിലെ 5 മണിക്ക് ഷൂട്ടിംഗ് തുടങ്ങുമെന്നും അറിയിച്ചിരുന്നു.
ഞാനും എന്റെ സുഹൃത്ത് അസിസ്റ്റന്റ് ഡയറക്ടർ കൂടിയായ പരംജിത് സിങ്ങും ഒരുമിച്ചു ഒരുമുറിയിൽ തങ്ങുവാൻ തീരുമാനിച്ചു . ഞങ്ങൾ കുറേക്കാലമായിട്ട് അങ്ങിനെയാണ് . ഒരുമിച്ചൊരു പ്രൊജക്റ്റ് ഒത്തുവന്നാൽ ഒരു റൂം ഷെയർ ചെയ്തിരുന്നു.
ദില്ലിയിൽ നിന്നുള്ള യാത്രാക്ഷീണംമൂലം ഞങ്ങൾ നേരത്തെതന്നെ ഉറങ്ങുവാനുള്ള വട്ടംകൂട്ടി .. സുഖമായ ഉറക്കം .. വെളുപ്പിന് 4 മണിക്ക് പരംജിത് എന്നെ വിളിച്ചുണർത്തി ..
“സാലെ … 5 ബജേ ഷൂട്ടിങ് ഹെ .. ഔർ തു ഖർറാട്ട മാർകെ സൊ രഹാ ഹെ …”
“ചൽ ബേ …” ഞാൻ ഉണർന്നപ്പോഴേ അവനെ തെറി വിളിക്കാൻ മറന്നില്ല..
നായകൻ കൃഷിക്കാരൻ ആയതുകൊണ്ട് എനിക്ക് നല്ല കോളായിരുന്നു … മിക്കവാറും എല്ലാം വയലിൽ തന്നെ സീനുകൾ ..
ഉച്ചക്ക് അറിയിപ്പുവന്നു .. ഹവേലി റെഡി .. രണ്ടു വണ്ടികൾ ഞങ്ങളുടെ സാധനങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിൽ നിന്നും ഷിഫ്റ്റ് ചെയ്യുവാനായി പോകുന്നുണ്ട് .. പരംജിത് എന്നോട് രഹസ്യമായി വന്നുപറഞ്ഞു..
:”അരെ … തു ഭി ഇസ് ഗാഡി മേ ജാ ..ഔർ അപ്നാ റൂം സെലക്ട് കർ … നഹി തോ ശാംകോ ഫിർ ലഡായി കർനെ സെ കോയി ഫായിദ നഹി .. “
അവൻ എന്റെ സീനുകൾ അഡ്ജസ്റ്റ് ചെയ്തു വൈകുന്നേരത്തേക്ക് ആക്കിത്തന്നു ..
ഞങ്ങളുടെ വണ്ടികൾ ഹവേലിയിലെത്തിയപ്പോൾ അവിടെ ഒരു പ്രായംകൂടിയ വ്യക്തി മാത്രമേ ഉണ്ടായിരുന്നുള്ളു.. ജോലിക്കാർ സാധനങ്ങൾ എല്ലാം ഷിഫ്റ്റ് ചെയ്യുന്ന തിരക്കിലായി .. ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ സമയം കണ്ടെത്തി.
“ഇവിടെ കുറേക്കാലമായിട്ട് ആരും താമസിക്കാറില്ല .. അതാണ് ക്ലീൻ ചെയ്യാൻ സമയമെടുത്തത് ..” അദ്ദേഹം ഹര്യാനവി കലർന്ന ഹിന്ദിയിൽ പറഞ്ഞു..
“പക്ഷേ … എല്ലാ സൗകര്യവുമുണ്ട് കേട്ടോ.. ” എന്നെ ആശ്വസിപ്പിക്കാനെന്നവണ്ണം അദ്ദേഹം പറഞ്ഞു..
നല്ലൊരു റൂം കണ്ടെത്തി ഞാൻ എന്റെയും പരംജിത്തിന്റെയും ബാഗുകൾ അവിടെയാക്കിയിട്ട് ഇട്ടിരുന്ന ടീ ഷർട്ട് ഊരി ഭിത്തിയിൽ പിടിപ്പിച്ചിരുന്ന ഒരാണിയിൽ തൂക്കി .. വേറൊന്നെടുത്തിട്ടു .
സന്ധ്യക്ക് എന്റെ സീനുകൾ വീണ്ടും എടുത്തുതുടങ്ങി .. രാത്രി ഒൻപതര .. പാക് അപ്പ് ..
നല്ല ക്ഷീണം .. ഹവേലിയിലെത്തിയ ഉടൻ ഞങ്ങൾ കുളിക്കാനായി ഹാൻഡ് പമ്പിന്റെ അടുത്തെത്തി.. മങ്ങിയ വെളിച്ചത്തിൽ കുളിച്ചൂന്നു വരുത്തി.. ബാത്റൂമുകൾ ഉണ്ട് .. പക്ഷെ ഹാൻഡ് പമ്പിൽ കുളിക്കുന്ന സുഖം കിട്ടില്ല ..
റൂമിലെത്തിയപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് .. എന്റെ ടീ ഷർട്ട് ചുരുട്ടിക്കൂട്ടി എന്റെ ബാഗിന്റെ പുറത്തിട്ടിരിക്കുന്നു.. ഞാൻ പരംജിത്തിനെ ഒരുമൂച്ചു തെറി പറഞ്ഞു..
“തു പാഗൽ ഹെ ക്യാ ? മേനേ നഹി കിയാ ” അവൻ തർക്കിച്ചു..
“നീയല്ലെങ്കിൽ പിന്നാരാ.. ? ” ഞാൻ ഷർട്ട് എടുത്തു വീണ്ടും വേറൊരു ആണിയിൽ തൂക്കി ..
ഡിന്നർ ഒരുമിച്ചായിരുന്നു.. പരംജിത് രണ്ടു പെഗ്ഗ് അകത്താക്കി .. ഞാൻ ഒരു ബിയറും ..
റൂമിൽ എത്തിയപ്പോൾ അവൻ പറഞ്ഞു ..
“ജൽദി സോ ജാ .. കൽ സുബഹ് ഫിർ 5 ബജേ പഹ്ലാ സീൻ ഹേ , തെരെ ഊപ്പർ ഹേ ..”
ഞാൻ ഷർട്ട് ഊരി ആണിയിൽ തൂക്കി. പാന്റ് ഊരിക്കൊണ്ടിരുന്നപ്പോഴാണ് അത് ശ്രദ്ധിച്ചത് .. എന്റെ ടീ ഷർട്ട് വീണ്ടും ബാഗിന്റെ പുറത്തുകിടക്കുന്നു..
അവനോട് വഴക്കിടാൻ തുനിഞ്ഞപ്പോൾ അവൻ ഇങ്ങോട്ടു വഴക്കിനുവരുന്നു ..
“ക്യാ ആദ്മി ഹെ യാർ .. തൂനെ മേരെ കപ്പടെ ഭി നീച്ചേ ഡാലാ ”
ഇത് കൊള്ളാമല്ലോ.. അവന്റെ തുണികളും താഴെ ഒരു കോണിൽ കിടക്കുന്നു..
എന്നിൽനിന്ന് വാക്കുകൾ ഒന്നും പുറത്തുവന്നില്ല .. നേരിയ ഭയം മനസ്സിൽ നുരഞ്ഞുപൊന്താൻ തുടങ്ങി ..
‘ഏയ് .. ഇല്ല .. അവൻ കള്ളുകുടിച്ചതുകൊണ്ടു തോന്നിയതാകാം .. എനിക്കാണേൽ ഒരു ബിയർ പത്തു പെഗ്ഗിനു തുല്യവും ‘
“പരംജിത് .. ഭായ് .. “
“ന്ഹാ ബോലോ “
“തേരെ വാഹെഗുരു കഠിനായ് മേ ഹെല്പ് കർത്തെ ഹെ ക്യാ ?”
അവൻ കിടക്കാൻ തുടങ്ങുകയാണ് ..
“ക്യാ ഫാൽത്തൂ സവാൽ പൂച്ച്താ ഹേ യാർ …? വോ തോ ഖുദാ ഹേ .. ഖുദാ സെ ഭി ബട്കർ ഹേ ..”
“ഉം “
“സാലെ സോജാ ജൽദി ..”
“ഉം”
അവൻ സർദാറാണ് .. ഒരു വാഹെഗുരുവിനെ മാത്രം വിളിച്ചാൽ മതി.. ഇവിടെ മുപ്പത്തിമുക്കോടി ദൈവങ്ങളെ വിളിച്ചാലും ചിലപ്പോൾ തിരിഞ്ഞുനോക്കിയെന്നു വരില്ല..
ഞാൻ കിടന്നു.. ലൈറ്റണച്ചു …കണ്ണടച്ചു ..
കണ്ണു തുറന്നു ..
കണ്ണടച്ചു …
എന്തോ വീഴുന്ന ശബ്ദം ..
കണ്ണുതുറന്നു..
അരണ്ടവെളിച്ചത്തിൽ ………………..
“അയ്യോ…………….”
പരംജിത് ചാടിയെണീറ്റു ..
:സാലെ മദ്രാസി .. തു സോനെ ഭി നഹി ദേഗാ ..”
റൂമിൽ വെളിച്ചം നിറഞ്ഞു..
അണികളിൽ തൂക്കിയിരുന്ന ഷർട്ടുകളും പാന്റുകളും ..
എല്ലാം താഴെ ഒരു മൂലയ്ക്ക്.. ചവിട്ടിക്കൂട്ടിയിട്ടതുപോലെ ..
അവന്റെ ലഹരി നീരാവിയായി.. ആ കണ്ണുകളിൽ ഭയം ചിറകടിച്ചെത്തുന്നത് എനിക്കുകാണാമായിരുന്നു ..
അവൻ ഒരിക്കലും ദേഹത്തുധരിക്കാത്ത ;കൃപാൺ; ബാഗിൽനിന്നു പുറത്തെടുത്തു.
“അബ് കുച്ച് നഹി ഹോഗാ.. തു സോജാ “
അവൻ ആ തുണികൾ ഓരോന്നായി വീണ്ടും ആണികളിൽ തൂക്കിയിട്ടു..
ലൈറ്റ് അണയ്ക്കാതെതന്നെ ഞങ്ങൾ കിടന്നു..
അവൻ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.. ഞാനും .
“അർജ്ജുനൻ. ഫൽഗുനൻ.. പാർത്ഥൻ.. വിജ.. “
തലയിണക്കടിയിൽ തിരുകിയ കൃപാൺ ഞാൻ തൊട്ടുനോക്കി .. പിന്നെ അതിൽ മുറുകെപ്പിടിച്ചു..
ഉറങ്ങിയോ.. ? ഇല്ല ..
ഉറങ്ങിയില്ലേ ? .. ഉറങ്ങി ..
അലാറം അടിക്കുന്നതിനുമുമ്പ് ആദ്യമായി ഞാൻ ഉണർന്നു.. ആദ്യം കണ്ണുകൾ തിരഞ്ഞത് തുണികൾ ആയിരുന്നു..
ഞെട്ടിപ്പോയി..
പരംജിത് ഉണർന്നിരുന്നില്ല.. അവനെ തല്ലിയുണർത്തി ..
ഇരുട്ടിൽ പതിയിരിക്കുന്ന ശത്രുവിനെ പരതി ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നോക്കി..
കുളിക്കണം .. മങ്ങിയ വെളിച്ചത്തിൽ ..
ഷൂട്ടിങ്ങിനു പുറപ്പെടാൻ തയ്യാറായി .. ഞാനും അവനും വസ്ത്രങ്ങളെല്ലാം ബാഗിനുള്ളിൽ കുത്തിത്തിരുകി ..
ബാഗെടുത്തു .. പ്രൊഡക്ഷൻ കൺട്രോളർ വന്നപ്പോൾ ബാഗ് സൂക്ഷിക്കാനായി വേറെ എവിടെയെങ്കിലും കൊടുക്കാൻ പറഞ്ഞു.. അയാളതു കൊണ്ടുപോയി..
വണ്ടി മുന്നോട്ടെടുത്തു.. മുന്നിൽ ..
ഇന്നലെക്കണ്ട വൃദ്ധൻ..
ഞാൻ വണ്ടിയിൽനിന്നു ചാടിയിറങ്ങി..
എന്റെ പരിഭ്രാന്തമായ മുഖം കണ്ടു അയാൾ ചോദിച്ചു..
“പേടിച്ചു അല്ലെ.. ?”
“പേടിക്കണ്ട .. ഒരു ചന്ദനത്തിരി കത്തിച്ചുവെച്ചേക്കു .. അവളുടെ ശല്യമുണ്ടാവില്ല.. ” അയാൾ ഹവേലിയിലേക്കു നടന്നുപോയി.. പിന്നെ തിരിഞ്ഞുനിന്നു..
“ആണുങ്ങളുടെ വസ്ത്രങ്ങളോട് അവള്ക്കല്പ്പം മമത കൂടുതലാ .. സാരമില്ല.. “
ഞാൻ ഓടി അയാളുടെ അടുത്തെത്തി..
“ആരാ.. ആരാ അവൾ.. ?”
“ആ .. “

 

RELATED ARTICLES

Most Popular

Recent Comments