സുജാത ശിവൻ. (Street Light fb group)
മലയ്ക്കലെ ചന്ദ്രൻ തൂങ്ങിച്ചത്തൂത്രേ !!!
മുത്തിക്കുടുമ്പയാണ്..ആയാസപ്പെട്ട്,കിതച്ച്, കയറ്റംകയറുന്നതിനൊപ്പം,മലയ്ക്കുമുകളിൽ വാർത്ത എത്തിയ്ക്കാനുള്ള തത്രപ്പെടലാണ്…
ഒറ്റമുണ്ടും അരബ്‌ളൗസും,മേലേ അലസമായി ഇട്ടിരിയ്ക്കുന്ന കുട്ടിത്തോർത്തും..അതാണ് മുത്തിക്കുട്മ്പയുടെ വേഷം…
കൈയിലെടുക്കുന്നതെന്തായാലും അതിന്റെ ബാക്കി ഉടുക്കണമുണ്ടിൽ തൂത്തുതൂത്ത് അതിന്റെ ഇരുവശവും നിറയെ കറപുരണ്ടിരിയ്ക്കുന്നു…
താഴെ വാഴയ്ക്കും തൈത്തെങ്ങിനും തടം കോരുന്ന അപ്പനൊപ്പം നിക്കുമ്പോഴാണ് ആ വാർത്തകേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞത്…
“തൂങ്ങി മരിയ്ക്കേ” ??? !!!!!
ജീവിതത്തില് ആദ്യായാണ് ഞാൻ അങ്ങനൊരു മരണം കേക്കണത് !!!
മാത്രല്ല,അതിനു മുൻപൊരിയ്ക്കലും ഞാനൊരു മരിച്ചയാളെ കണ്ടിട്ടൂല…
വാഴത്തടത്തിലേയ്ക്ക് വെള്ളം തെക്കിവന്ന അമ്മയും ചേട്ടനും ആ പണിനിർത്തി മുത്തിക്കുടുമ്പ മുകളിലെത്താൻ കാത്തുനിന്നു…
അപ്പോഴേയ്ക്ക് അടുത്ത വീട്ടിലെ വല്യച്ഛനും മോഹനച്ഛനും ലീലാമ്മയും ഒക്കെ വാഴത്തോട്ടത്തിലേയ്‌ക്ക് വന്നു…
ഞാനെന്റെ കുഞ്ഞുകണ്ണിൽ കൗതുകം നിറച്ച്,ഇട്ടിരുന്ന, മുണ്ട് വെട്ടി,അമ്മ തയ്ച്ചുതന്ന പെറ്റിക്കോട്ടിൽ കൈയിലെ ചെളി തുടച്ച്,ലീലാമ്മയുടെ വിരലിൽ തൂങ്ങിപ്പിടിച്ചുനിന്നു.
അവരങ്ങു ബോംബേലാരുന്നൂല്ലോ ?
അവിടെ വച്ചാത്രേ !!!
മുത്തിക്കുടുമ്പ വായിലെ മുറുക്കാൻ വാഴത്തടത്തിലേയ്ക്ക് നീട്ടിത്തുപ്പി ചിറി തുടച്ചു..
ഓരുക്കടെ ഓൾടെ നടപ്പുദോഷാന്നാണ് നാട്ടാര് പറയണെ !!
ആയമ്മ ശബ്ദം താഴ്ത്തി…
“ദേ,തള്ളേ”,,,നാട്ടാര്ടെ തലേല് പഴി വച്ച് ,ആവശ്യോല്ലാത്തത് പറഞ്ഞൂട്ടാൻ നോക്കണ്ട,,,അപ്പൻ മുത്തിക്കുടുമ്പയ്ക്ക് നേരേ കണ്ണുരുട്ടി…
മരിച്ചോൻ മരിച്ചു,,,
ഇനീപ്പോ ജീവിച്ചിരിയ്ക്കണോരെക്കൂടി കൊലയ്ക്ക് കൊടുക്കണം…വായും വച്ച് മിണ്ടാതിരുന്നോണം…
എന്റെ ഒടപ്രന്നോനേ,,,നിങ്ങളെന്തിനേ എന്റെ മെക്കിട്ട് കേറണെ,,,ഞാങ്കേട്ടത് പറഞ്ഞ്…
മുത്തിക്കുടുമ്പ പതിയെ വിഷയം മാറ്റി.
മറ്റന്നാൾ ഉച്ച കഴിമ്പോ ഇവിടേയ്‌ക്ക് കൊണ്ടരൂത്രേ !!!
വല്യ ജോലിക്കാരനായിരുന്നൂന്നൊക്കെ പറഞ്ഞിട്ട് എന്താ വിശേഷം ?
വയസ് അമ്പതായിട്ടും കേറിക്കിടക്കാൻ ഒര് വീടോ,ഒരുതരി മണ്ണോ,സ്വന്തമായി ഉണ്ടാക്കീല…
വല്യൊരു വാടകവീട്ടിലാരുന്നൂത്രേ പൊറുതി !!!
പിള്ളേര് കാക്കക്കേട് മാറീലല്ലോ ?
അതേള്ളൂ,എനിയ്ക്ക് സങ്കടം…ഉണ്ടാവാതെയിരുന്ന് ,പത്തുപതിമൂന്ന് വർഷത്തിനുശേഷം,ആറ്റുനോറ്റുകിട്ടിയ കുഞ്ഞുങ്ങളല്ലേ ?
അതെങ്കിലും ഓർക്കാരുന്നു അവന് !!!
അപ്പൻ സംസാരം തുടരാൻ താല്പര്യമില്ലാതെയാവും അമ്മയോട് ചോറു വിളമ്പാൻ പറഞ്ഞത്…
അത് മനസ്സിലായെന്നോണം” രാമരാമ” ചൊല്ലി മുത്തിക്കുടുമ്പ മലയിറങ്ങി നീട്ടിവലിച്ചുനടക്കുമ്പോ,
മുഴുവൻ മനസ്സിലാവാതെ,എന്നാൽ ഗൗരവമായതെന്തോ നടന്നിരിയ്ക്കുന്നു,എന്ന തിരിച്ചറിവിൽ കലുഷിതമായ മനസ്സോടെ ഞാൻ ലീലാമ്മയുടെ കൈപിടിച്ച്, മോഹനച്ഛന്റെ വീട്ടിലേയ്ക്ക് നടന്നു…
വീണ്ടും പിറ്റേന്ന് അവിടവിടെ കേൾക്കുന്ന സംസാരം മുഴുവൻ തൂങ്ങിമരണത്തെക്കുറിച്ചാണ്…കുട്ടികൾ കാതുകൂർപ്പിച്ച് ജാഗരൂകരായി കേട്ടിരിയ്ക്കുന്നു….ഞാനും !!!
അന്നുമുതൽ, വർണ്ണനയുടെ ഏറ്റക്കുറച്ചിലിലാവാം,എന്റെ മനസ്സും ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത ആ മരിച്ചയാൾക്കും,ആ കുടുംബാംഗങ്ങൾക്കുമൊപ്പം നിശ്ശബ്ദമായി സഞ്ചരിച്ചു തുടങ്ങിയത്…
അതോടൊപ്പംതന്നെ,അതിനുമുൻപ് ഇത്തരുണത്തിൽ ഞാനനുഭവിച്ചിട്ടില്ലാത്ത ഒരു പരിഭ്രമവും,പേടിയും ആകാംക്ഷയും എന്നെ വലയം ചെയ്തു നിന്നിരുന്നു…
വീണ്ടുമൊരു രണ്ടുദിവസംകൂടി…
കാത്തിരിപ്പ് ഇന്ന് തീരുകയാണ്…
ഇന്ന് വൈകുന്നേരം നാലുമണിയോടുകൂടി ആ ചേട്ടനെ കൊണ്ടുവരുമത്രേ !!!
നാലരയോടുകൂടി സംസ്‌ക്കാരവും നടത്തുമെന്ന്…വീണ്ടും വച്ചുതാമസിപ്പിച്ചൂടാ പോലും !!!
അതെന്താവും അങ്ങനെ ?
ഞാൻ ചിന്തിച്ചുകൊണ്ടേയിരുന്നു…
എന്തായാലും വീട്ടില് നിന്നും എല്ലാരും പോണുണ്ട്,പോവാതിരുന്നാല് അതും മോശാത്രേ !!!
അവരുടെ വീടുകൊണ്ട് കഴിഞ്ഞതാത്രേ,കാരണവൻമാര് !!!
അതും മുഴുവൻ എനിയ്ക്ക് മനസ്സിലായില്ലെങ്കിലും കുറച്ചൊക്കെ മനസ്സിലായി….
വൈകിട്ട് നാലുമണിയോടെ അമ്മ എന്നെയുമൊരുക്കി കൂടെക്കൊണ്ടുപോകാൻ,അങ്ങനെ പറയുന്നതല്ല ശരി,
അമ്മയെ വിട്ടുനിൽക്കാൻ പറ്റാത്തവണ്ണം ഞാൻ ഭയന്നിരുന്നു,അതന്നെയാണ് ശരി…
നാലരയോടെ ആ വീട്ടിലെത്തി…മുറ്റത്തുനിറയെ ജനക്കൂട്ടം…ആ വലിയ വീട്ടിലെ ഒരു മുറിയിലെ ജനലരികിലേയ്ക്ക് അമ്മയ്‌ക്കൊപ്പം ഞാനും ഒതുങ്ങി..
മുറിയിലെ കട്ടിലിലേയ്ക്ക് തലങ്ങും വിലങ്ങും വീണുവിതുമ്പുന്ന ബന്ധുജനങ്ങൾ…
എന്റെ കണ്ണുകൾ ജനലിലൂടെ പുറത്തെ പന്തലിലേയ്ക്ക് നീണ്ടു..നിറയെ ആളുകൾ…തെക്കുവശത്ത് ജഡമെത്തിയാലുടനെ സംസ്കരിയ്ക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു..
പന്തലരികിൽ സംസ്‌ക്കാര ശുശ്രൂഷയ്ക്കുള്ള പൂജാദ്രവ്യങ്ങളുടെ ഗന്ധവും,ദേഹം കിടത്താൻ സജ്ജമാക്കിയ ഡസ്കിന്റെ തലയ്ക്കലെ കത്തുന്ന നിലവിളക്കും കത്തിയമരുന്ന ചന്ദനത്തിരിയുടെ ഗന്ധവും എന്നെ അസ്വസ്ഥയാക്കിത്തുടങ്ങിയിരുന്നു…പതിയെ ഞാനമ്മയെ തോണ്ടിത്തുടങ്ങി..
നമ്ക്ക് പോവാമ്മേ ?
ഇപ്പൊ വരും മക്കളേ,നമ്ക്ക് കണ്ടിട്ട് ഉടനേ പോവാം.കുഞ്ഞുമനസ്സിന്റെ വേവലാതിയറിയാതെ അമ്മയുടെ മറുപടി…
പന്തലിലെ ആളുകളുടെ അടക്കിപ്പിടിച്ച സംസാരത്തിലേയ്‌ക്ക് വീണ്ടും ന്റെ ശ്രദ്ധ തിരിഞ്ഞു…
നാരായണൻ ചേട്ടനാണ്…അവിടെ പുറകിലെ വീട്ടിലെ കണ്ണൻചേട്ടനോടാണ്..
കണ്ണാ,ഇനീം നേരം വൈകുമോ ?
ഇപ്പൊത്തന്നെ പറഞ്ഞതിലും അരമണിക്കൂറാ വൈകിയേക്കുന്നത്..
അദ്ദേഹം പറഞ്ഞതിലെ അർത്ഥമൊന്നും മനസ്സിലായില്ല..അപ്പോൾ ബാക്കി കേൾക്കുന്നുന്നുണ്ട്..
ഒന്നാമതേ ദുർമ്മരണം..പിന്നെ സംസ്ക്കാരവും തീരുമാനിച്ച് വൈകിയ്ക്കണത്,”മരിച്ചാൾടെ ആത്മാവിനും,കുടുംബത്തിനും അത്ര നന്നല്ലട്ടോ”,
അദ്ദേഹത്തിന്റെ വാക്കുകൾക്ക് വല്ലാത്തൊരു സ്വരമാറ്റം…
കണ്ണൻചേട്ടന്റെ മറുപടി കേട്ടു,
ഞാനൊന്ന് പുഴക്കടവ് വരെ പോയിനോക്കട്ടേ ഏട്ടാ.,
ചെലപ്പോ അക്കരെ എത്തീട്ട്ണ്ടാവും?
പ്രതീക്ഷയോടെ പുറപ്പെടുന്ന കണ്ണൻചേട്ടനൊപ്പം ഒന്ന് രണ്ട് കൂട്ടുകാരും കുറച്ച് ആങ്കുട്ട്യോളും പുഴക്കരയ്ക്ക് ധൃതിയിൽ പോവുന്നത് കണ്ടു.
മനംമടുപ്പിയ്ക്കുന്ന ആ അന്തരീക്ഷത്തിൽനിന്ന് ഒന്നു പുറത്തുകടക്കാൻ ഞാൻ പണിപ്പെട്ടു…
എപ്പളോ,മുത്തികുടുമ്പയെ കണ്ടപ്പോളാണ് ഞാൻ അമ്മയോട് ചോദിച്ചത്..
ഞാൻ മുറ്റത്തുപൊക്കോട്ടേ അമ്മേന്ന്,
അനുവാദം കിട്ട്യപാടേ പുറത്തേയ്‌ക്ക്…
പുറത്ത് ഓരോ മുഖങ്ങളിലുംകാത്തുനിൽപ്പിന്റെ വിരസതയുണ്ട്…അടക്കംപറച്ചിലും കേൾക്കുന്നുണ്ട്…
വായില് മുറുക്കാൻ നിറച്ച് നിൽക്കണ മുത്തിക്കുടുമ്പ,,,
മരണാനന്തരജീവിതത്തെക്കുറിച്ച് അയൽപക്കക്കാരോട് ആ തൃസന്ധ്യയിൽ അവ്ടവ്ടെ തെളിഞ്ഞ ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ വാചാലയാവുന്നതും കുഞ്ഞുമനസ്സിനെ പിടിച്ചുലച്ചുകൊണ്ടിരുന്നു..
വീണ്ടും കാത്തിരിപ്പ് രാത്രി എട്ട് മണി വരെ നീണ്ടു..അപ്പൊഴേയ്ക്ക് പുഴക്കടവിൽ നിന്ന് ആരോ കുതിച്ചെത്തി,വിവരം പറഞ്ഞു…
അക്കരെയെത്തീട്ടോ !!!
പിന്നെയും ആരൊക്കെയോ നാട്ടുകാരും കുട്ടികളുമൊക്കെ പുഴക്കരയിലേയ്‌ക്കോടി…
വീണ്ടും സമയം ഇഴഞ്ഞുനീങ്ങുകയാണ്…ഞാൻ വീണ്ടും അമ്മയുടെ കൈവലയത്തിലേയ്ക്ക്,,,
വള്ളത്തിൽ ഇക്കരെയെത്തിച്ച ശരീരം,വീട്ടുപന്തലിലെ ഡെസ്കിൽ കിടത്തുമ്പോഴേയ്‌ക്ക് കൂട്ടക്കരച്ചിലുയരുന്നതും,പിറകേ താങ്ങിയെടുത്തു കൊണ്ടുവരുന്ന ഭാര്യയേയും, കുട്ടികളേയും കണ്ട് പേടിയിൽ ഞാൻ പിടഞ്ഞുകൊണ്ടേയിരുന്നു.
ഒപ്പം മൂക്ക്തുളച്ചുകയറുന്ന ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയുമടങ്ങിയ മരണഗന്ധവും എന്നെ അവശയാക്കിയിരുന്നു…
തലയിലെന്തോ കയറ്റിവച്ചതുപോലെ ഭാരവും തലവേദനയും.കണ്ണുകൾ കൂമ്പിയടയുന്നുണ്ട്…
നാലരമണി പറഞ്ഞിടത്ത്,ഒമ്പതരമണിയോടെ,
കർമ്മങ്ങൾക്ക് ശേഷം പട്ടടയിലെത്തിച്ച ശരീരംകണ്ട്,എല്ലാവർക്കുമൊപ്പം വീട്ടിലേയ്ക്കുള്ള ഇടവഴി താണ്ടുമ്പോൾ,
ഭയത്തിന്റെ മൂർദ്ധന്യത്തിൽ ഒരിയ്ക്കലും മറ്റാരുമറിയാതെ ഞാൻ മുമ്പിലോ,പുറകിലോ,അരികിലോ ആയിപ്പോവാതെ ആളുകൾക്കിടയിൽ മാത്രംനടന്നു…
ആളുകളുടെ നിഴലുകൾപോലും,മരിച്ചാൾടെ ആത്മാവ്പോലെ എന്നെ ഭയചകിതയാക്കി..
ആൾസാന്നിദ്ധ്യത്തിലും,
അസ്വസ്ഥമായ ആ ചുറ്റുപാടിലെ,പേടിപ്പിയ്ക്കുന്ന ചന്ദനത്തിരിമണം ഒരിയ്ക്കലും എന്നെ വിട്ടു
പോകാൻ കൂട്ടാക്കിയിരുന്നില്ല…
പിന്നെപ്പിന്നെ വീട്ടിലും നിത്യം വിളക്ക് വയ്ക്കുമ്പോ,കത്തിയ്ക്കുന്ന ചന്ദനത്തിരിയും എന്നെ അസ്വസ്ഥയാക്കിത്തുടങ്ങി…
ആദ്യം മനസ്സിലായിരുന്നില്ല,എങ്കിലും,,കാര്യഗൗരവം മനസ്സിലായതോടെ,അമ്മയും അച്ഛനും,മരണം എന്നത് ഇത്ര പേടിയ്‌ക്കേണ്ട കാര്യമല്ല,എന്നും,ജനിച്ചാലൊരിയ്ക്കൽ മരണം സുനിശ്ചിതമെന്നും പറഞ്ഞു മനസ്സിലാക്കിത്തരാൻ ശ്രമിയ്ക്കുന്നുണ്ട്…
ചന്ദനത്തിരിമണം ഇഷ്ടപ്പെടുത്താനും പേടിമാറ്റാനും ശ്രമിയ്ക്കുന്നുണ്ട്…
എങ്കിലും ആ പേടിയുടെ ആഴം മനസ്സിലാക്കിയതിൽപ്പിന്നെ വീട്ടിൽ ചന്ദനത്തിരി വാങ്ങുന്നതിന് അമ്മ കർശനമായ നിരോധനം ഏർപ്പെടുത്തി…
അതും വളരെ നീണ്ട വർഷങ്ങളോളം…
അന്നൊരുപക്ഷേ,എന്റെ മനസ്സറിഞ്ഞ് അമ്മ അങ്ങനൊരു തീരുമാനമെടുത്തത് കൊണ്ടുമാത്രാവും ഇന്നീ കുറിപ്പ് നിങ്ങൾക്ക് മുന്നിലേയ്ക്ക് ഒരു കഥപോലെ എത്തിയ്ക്കാൻ
എനിയ്ക്ക് കഴിഞ്ഞത്.
പിന്നെപ്പളോ,അറിഞ്ഞിരുന്നു,നിരപരാധിയായ ആ സാധുസ്ത്രീയെക്കുറിച്ച്,,,വളരെ കഷ്ടപ്പെട്ടും കുഞ്ഞുങ്ങളെ വളർത്തി വൈധവ്യംപേറി ജീവിയ്ക്കുന്ന പരമസാധു…
നമുക്ക് ചുറ്റും മുത്തിക്കുടുമ്പമാർ ഒരുപാടുണ്ട്…സ്ഥാനത്തും അസ്ഥാനത്തും സ്വന്തം സംഭാവനകൾ നിഷ്ക്കളങ്കതയോടെ,മനസ്സറിയാതെനൽകി,
ശുദ്ധതയോടെ ദുഷ്ഫലം നൽകുന്നവർ.
ഞാനുൾപ്പെടെയാണ് ട്ടോ…
ഓർമ്മയിൽ ആദ്യംകണ്ട മരിച്ചടക്കും അതിന്റെ പരിണിതഫലങ്ങളും വർഷങ്ങളോളംവിടാതെ പിന്തുടർന്നത് ഇന്നിപ്പോ ഇവ്ടെ എഴുതിയിറക്കുകയാണ്…
ഒപ്പം മുത്തിക്കുടുമ്പ എന്ന,എന്റെ സുന്ദരസങ്കൽപ്പവും…
ചിത്രം.കടപ്പാട്,സുന്ദരിയമ്മൂമയ്‌ക്ക്…
@അപ്പൂസ്.