Thursday, November 28, 2024
HomeTravelogueഗള്‍ഫിലെ അപകടമരണം. (അനുഭവം)

ഗള്‍ഫിലെ അപകടമരണം. (അനുഭവം)

ഗള്‍ഫിലെ അപകടമരണം. (അനുഭവം)

 ഷെരീഫ് ഇബ്രാഹിം.
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് ഡിസംബര്‍ പതിനേഴിന്നാണ് ഈ സംഭവം നടന്നത്.  ഞാനന്ന് വൈകീട്ട് ഒരു മീറ്റിംഗില്‍ പങ്കെടുക്കുമ്പോഴാണ് എനിക്കൊരു ഫോണ്‍ കാള്‍ വന്നത്. അങ്ങേ തലക്കല്‍ എന്റെ ബോസ്സ് ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍നഹിയാന്റെ പിതാവായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്‌ അല്‍നഹിയാന്റെ ബോയ്‌ ആയ മലയാളിയായിരുന്നു.
എന്റെ ബോസ്സിന്റെ ഹൌദജ് (ഈ അറബി വാക്കിന്റെ ശെരിയായ അര്‍ത്ഥം പല്ലക്ക് എന്നാണ്) – അവിടെ താമസിക്കാന്‍ ചില ഷേയ്ഖുമാര്‍ ചെന്നു. ഈ ഹൌദജിന് എട്ടു ബെഡ് റൂം ഉള്ള, വലിയ ടയര്‍ ഫിറ്റ്‌ ചെയ്ത വലിച്ചു കൊണ്ട് പോകാവുന്ന, ഗിന്നസ്സ് ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കൊര്‍ഡില്‍ സ്ഥാനം പിടിച്ചതാണ്. അത് അന്ന് പാര്‍ക്ക് ചെയ്തിരുന്നത് മരുഭൂമിയില്‍ ആയിരുന്നു. വലിയ ജെനെറെറ്റര്‍ കൊണ്ടാണ് എലെക്ട്രിസിറ്റി ലഭിച്ചിരുന്നത്.
ആ ഹൌദജിലേക്ക് പെട്രോള്‍ വാങ്ങാന്‍ പോയ റയ്ഞ്ചു റോവര്‍ വാഹനം തീപിടിച്ചു രണ്ടു പേര്‍ മരിച്ചെന്നും അവരുടെ ബോഡി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി എന്നുമായിരുന്നു ഫോണ്‍ കാള്‍.
വിവരം ഉടനെ ഞാന്‍ എന്റെ ബോസ്സിനെ അറിയീച്ചു. അന്ന് നേരം ഇരുട്ടിയത് കൊണ്ട് പിറ്റേന്ന് സംഭവം നടന്ന സ്ഥലത്ത് പോയി വിവരം അന്വേഷിച്ചു അറിയീക്കാന്‍ ബോസ്സ് എന്നോട് പറഞ്ഞു. വേണമെങ്കില്‍ പോലീസിനെ കൂട്ടിക്കോളാനും പറഞ്ഞു. ഡെഡ്ബോഡി കൊണ്ട് പോയത് കൊണ്ടും ഇന്‍ക്വസ്റ്റ് കഴിഞ്ഞത് കൊണ്ടും പോലീസിനെ വിളിക്കേണ്ട എന്ന് ഞാനങ്ങ് തീരുമാനിച്ചു.
പിറ്റേന്ന് ഏകദേശം പതിനൊന്നു മണിയോടെ ഞാന്‍ സംഭവസ്ഥലത്തേക്ക് പോയി. കൂടെ വേറെ രണ്ടാളും. റോഡാണെങ്കില്‍ കട്ടറ റോഡാണ്. ടാര്‍ ഇല്ല എന്നതും പോട്ടെ വണ്ടികള്‍ പോയി കുഴിയായ റോഡ്‌. ചില സ്ഥലങ്ങളില്‍ റോഡിന്റെ സൈഡ്‌ ഇടിഞ്ഞിട്ടുമുണ്ട്. ഒരു പെട്ടികടയോ വീടുകളോ ഇല്ലാത്ത മരുഭൂമിയിലൂടെയുള്ള റോഡ്‌. ഏകദേശം ആ കച്ചററോഡിലൂടെ ഒരു മണിക്കൂറോളം ഞാന്‍ വണ്ടി ഓടിച്ചിട്ടുണ്ടാവും. കുറച്ച് അകലെ നിന്ന് തന്നെ ആ റെയിഞ്ചു റോവര്‍ റോഡിന്റെ കുറച്ചു താഴെ വീണു കിടക്കുന്നത് കണ്ടു.
ഞാന്‍ വണ്ടി നിറുത്തി. താഴെ ഇറങ്ങി ആ വണ്ടിയുടെ ചുറ്റും നോക്കി. ഞാനാകെ ഭയപ്പെട്ട ഒരു കാഴ്ചയാണ് ആ വാഹനത്തില്‍ കണ്ടത്. ആ വണ്ടിയുടെ പിന്നിലെ സീറ്റിന്റെ താഴെ കാലു വെക്കുന്ന ഭാഗത്ത് ഒരു ഡെഡ്ബോഡി കിടക്കുന്നു. ഭയപ്പെദാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്ന് വിജനമായ സ്ഥലത്ത് ഒരു അപകടമരണത്തിന്റെ ബോഡി കണ്ടതാണ്. മറ്റൊന്ന് രാജ്യം ഗള്‍ഫ്‌ ആണല്ലോ. ചിലപ്പോള്‍ നമ്മളെ തന്നെ അറെസ്റ്റ്‌ ചെയ്തെന്നും വരാലോ?
ഉടനെ ഞാന്‍ എന്റെ ബോസ്സ് ഷെയ്ഖ് ഹമദിന് ഫോണ്‍ ചെയ്തു. ഭാഗ്യത്തിന് ആദ്യത്തെ ശ്രമത്തില്‍ തന്നെ ഷെയ്ഖിനെ കിട്ടി. ഞാന്‍ വിവരം പറഞ്ഞു. ഉടനെ ബിദസായെദ് എന്ന സ്ഥലത്തെ പോലീസിനെ വിവരം അറിയീക്കാന്‍ ഷെയ്ഖ് പറഞ്ഞു. ഞാന്‍ അപ്രകാരം ചെയ്തു. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ബിദസായെദ് പോലീസ് എത്തി. അവര്‍ ആ ഡെഡ് ബോഡി കൊണ്ട് പോകാന്‍ ഏര്‍പ്പാടാക്കി. മരണകാരണം അന്വേഷിക്കാന്‍ ഷെയ്ഖ് ഹമദ് എന്നോട് പറഞ്ഞത് ഞാന്‍ അവരോടു അന്വേഷിച്ചു. അവര്‍ക്ക് അതിനെപ്പറ്റി അറിയില്ലെന്നും മഫ്രക്ക് എന്ന സ്ഥലത്തെ പോലീസിനോട് അന്വേഷിക്കട്ടെ എന്ന് പറഞ്ഞു. പക്ഷെ അവിടെ നിന്നും വിവരം കിട്ടാതെ വന്നപ്പോള്‍ അവര്‍ അബുദാബി പോലീസ് കോര്‍ക്കോര്‍ട്ടേഴ്സ് വഴി അന്വേഷിച്ച് എന്നോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.
ഇതിനിടെ അവര്‍ അവരുടെ ജീപ്പില്‍ നിന്ന് പോലീസുകാര്‍ തന്നെ, ശെരിക്കും പറഞ്ഞാല്‍ അദ്ദേഹം ളാബത്ത് (നമ്മുടെ നാട്ടിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍) ഫ്രൂട്ട്സും ഈത്തപ്പഴവും ജൂസും കൊണ്ട് വന്നു തന്നു.
മരണകാരണം അദ്ദേഹം അന്വേഷിച്ചു എനിക്ക് വിവരം തന്നു. ഹൌദജ് പാര്‍ക്ക് ചെയ്തിരുന്നിടത്ത് നിന്ന് ജെനറേറ്ററില്‍ ഒഴിക്കാന്‍ പെട്രോള്‍ വാങ്ങാന്‍ രണ്ടു പേര്‍ ആ മണലാരണ്യത്തില്‍ നിന്നും ബിദസായെദ് എന്ന ചെറുപട്ടണത്തിലേക്ക് പോയി. പോകുമ്പോള്‍ അവരുടെ ഒരു കൂട്ടുകാരനെയും കൂട്ടി. പെട്രോള്‍ വാങ്ങിയത് വളരെ ടയ്റ്റ് ആയ കേപ്പ് ഉള്ള ജെറിക്കനില്‍ ആണ്. വണ്ടി ആ റോഡിലൂടെ കുലുങ്ങി പെട്രോളിന്റെ ആവി ആ വണ്ടിയില്‍ നിറഞ്ഞു. പക്ഷെ, അത് യാത്രക്കാര്‍ അറിഞ്ഞില്ല. അതിലൊരാള്‍ പെട്ടെന്ന് സിഗരെറ്റിന് തീ കൊളുത്തിയപ്പോള്‍ വണ്ടിപൊട്ടി തെറിച്ചു വളരെ ഉയരത്തില്‍ പൊന്തി താഴെ വീണു. മൂന്നുപേരും അപ്പോള്‍ തന്നെ മരിച്ചു.
എല്ലാം വിശദീകരിച്ചു പറഞ്ഞു കഴിഞ്ഞു വണ്ടിയില്‍ കയറുമ്പോള്‍ ആ പോലീസ് ഓഫീസര്‍ എന്നോട് ഇങ്ങിനെ പറഞ്ഞു. ഷെയ്ഖ് ഹമദിനോട് എന്റെ അസ്സലാമു അലൈക്കും എന്ന് പറയണം എന്റെ പേര് ഖല്‍ഫാന്‍ ബിന്‍ ഖമീസ് അല്‍റുമൈത്തി എന്നാണ് എന്ന്.
പിറ്റേന്ന് ഡെഡ് ബോഡി റിലീസ് ചെയ്യേണ്ട കാര്യത്തിന് കുറെ കഷ്ടപ്പെടേണ്ടി വന്നു. അതെല്ലാം ശെരിയായി. ഇവരെ മറവ് ചെയ്തത് അബൂദാബി മക്ത പാലം കഴിഞ്ഞു ഉമ്മുന്നാറില്‍ നിന്ന് മഫ്രക്ക് എത്തുന്നതിനു മുമ്പ് ഇടത്ത് ഭാഗത്ത് തുറസ്സായി കിടക്കുന്ന ഖബര്‍സ്ഥാനില്‍ ആണ്.
RELATED ARTICLES

Most Popular

Recent Comments