സുജാവിശ്വനാഥൻ.
ചേറിൽ വിരിഞ്ഞൊരാ കുഞ്ഞാമ്പലാമെനിക്കെന്തിനേകി
നിൻ മധുരമാം പ്രണയത്തിൻ പാലൊളി…
അന്നു നാം കണ്ടൊരാനാൾമുതലിന്നോളം
തന്നു നീ
മിന്നും പ്രകാശമെനിക്കായെന്നും…
മിന്നിയും മങ്ങിയും വീണ്ടും ജ്വലിച്ചും നീ
എന്നിലെ പ്രണയം കെടാതെ കാത്തുസൂക്ഷിച്ചില്ലേ…
ഇന്നുഞാൻ നിന്നിൽനിന്നേറെ യകന്നിട്ടും
എന്തിനായ് കാത്തിരിക്കുന്നു പ്രഭതൂകി നീയെനിക്കായ്…
അന്നുനിൻ ജാലകവാതിൽ തുറന്നിട്ടുനീ
എൻ വരവും കാത്തു കാതോർത്തിരുന്ന ദിനങ്ങളിൽ…
മറ്റൊരു പൊൻപ്രഭയിൽ വിടർന്നൊരു
ചെന്താമരയായി മാറി ഞാനെപ്പോഴോ…
എന്തിനെന്നറിയാതെ നീ നിൻമേനിയെ
കാർമുകിൽ പാളിയാൽ മൂടി വച്ചിത്രനാൾ…
എങ്കിലും പാലൊളി തൂകുമെൻചന്ദ്രികേ
നിൻ പൊൻപ്രഭയിൽ കുളിച്ചു ഞാൻ കിടക്കട്ടേയൊരിക്കൽ കൂടിയും…..