കെ.കെ.രാജശ്രീ (Street Light fb group).
ബാല്യത്തിനിപ്പോ കഷ്ടകാലം !
കുട്ടിത്തമില്ലാത്ത കുട്ടിക്കാലം !
കുഞ്ഞുതലച്ചോറിലെന്തെന്തു കാര്യങ്ങള്‍
സ്കൂളില്‍ ചെല്ലണം ട്യൂഷനും പോകണം .
പാട്ടു പഠിക്കണം നൃത്തംചവിട്ടണം
ചിത്രം വരക്കണം വീണയും മീട്ടണം !
ടിവിയില്‍ കേറണം നാട്യങ്ങള്‍ കാട്ടണം
ഒന്നാമനായി മികച്ചങ്ങു നില്‍ക്കണം .
അമ്മതന്‍ ഗര്‍വവും അച്ഛന്റെയന്തസും
തന്നുടെ കെെയിലാണോര്‍ക്കണമെപ്പഴും .
തീര്‍ന്നില്ലാ ദുരിതങ്ങള്‍ ചുറ്റിലും ചൂഷകര്‍
അവരെച്ചെറുക്കണം തങ്ങളെകാക്കണം .
പുഴയില്‍ കുളിച്ചതും നീന്തിക്കളിച്ചതും
മാവേലെറിഞ്ഞതും പുളിമാങ്ങ തിന്നതും
പുളിങ്കുരുചുട്ടതും തായംകളിച്ചതും
പൂതത്തെ കണ്ടു ഞാന്‍ കണ്ടത്തില്‍ വീണതും
നാട്ടിലെ പൂ നുള്ളി പൂക്കളമിട്ടതും
ആതിര നോറ്റു തുടിച്ചു കുളിച്ചതും
ചുണ്ടങ്ങു ചോക്കുവാന്‍ ഞാവല്‍ക്കാ തിന്നതും
മിന്നാമിനുങ്ങുകള്‍ ക്രിസ്മസ്ട്രീ തീര്‍ത്തതും
കെെതപ്പൂവാസന കാറ്റില്‍ പരന്നതും
പുള്ളോത്തി വന്നെന്റെ നാവോറു പാട്യേതും
അമ്മൂമ്മയൊരുപാടു കഥകള്‍ പറഞ്ഞതും
ഇങ്ങനെയെന്‍ ബാല്യകഥകള്‍ ഞാന്‍ ചൊല്ലവേ
കണ്ണും മിഴിച്ചങ്ങിരുന്നുപോയ് പാവങ്ങള്‍ !
ഏതോ വിഷാദമാ മിഴികളില്‍ കണ്ടു ഞാന്‍
നഷ്ടങ്ങള്‍ നല്‍കി വളര്‍ത്തുമീ കുഞ്ഞുങ്ങള്‍
ഇഷ്ടപ്പെടേണമോ നാളെ നമ്മെ ?