അജ്മല്‍.സി.കെ.
ഫെയ്‌സ്ബുക്കും വാട്‌സപ്പുമില്ലാത്ത അപൂര്‍വം ചില പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു അശ്വതി. പിന്നീട് അവള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചു തുടങ്ങിയത് അതിലെ എഴുത്തുകളുടെ വിസ്‌ഫോടനം കണ്ടാണ്. പുസ്തകങ്ങളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ കാണാന്‍ സാധിക്കാത്ത സുന്ദരമായ കവിതകളുടെ മായാ പ്രപഞ്ചം അവളെ ഫെയ്‌സ്ബുക്കുമായി പ്രണയത്തിലാഴ്ത്തി.
പത്തു പേര്‍ പോലും തികയാത്ത ഫ്രണ്ട്‌ലിസ്റ്റുമായി അവള്‍ ഫെയ്‌സ്ബുക്ക് എഴുത്തു ഗ്രൂപ്പുകളില്‍ ഓടിനടന്നു. ചാറ്റിങ്ങും ചീറ്റിംങ്ങുമില്ലാതെ അവള്‍ എഴുത്തുകള്‍ വായിക്കാനായ് മാത്രം മുഖപത്രത്തിലെ നിത്യസന്ദര്‍ശകയായി. കെട്ടിക്കിടക്കുന്ന ഫ്രണ്ട് റിക്വസ്റ്റുകളും ഇന്‍ബോക്‌സിലെ ഹായ് ഹൂയ് പ്രളയങ്ങളും അവള്‍ ഗൗനിച്ചതേയില്ല.
ഒരിക്കല്‍ ഒരു ഗ്രൂപ്പില്‍ അവള്‍ വായിച്ച ഒരു കവിത അവള്‍ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. സ്ത്രീ ഭാവങ്ങളെ പ്രപഞ്ചത്തിന്റെ കാലവ്യതിയാനവുമായ് താരതമ്മ്യം ചെയ്യുന്ന ആ കവിത അവള്‍ ഒരായിരമാവര്‍ത്തി വീണ്ടും വീണ്ടും വായിച്ചു. എത്ര വായിച്ചിട്ടും മതിവരാത്ത പോലെ. ഏതായാലും ആ കവിതയുടെ സൃഷ്ടാവിന്‍റെ നാമം അവള്‍ടെ ഹൃദയത്തില്‍ അത്ര ആഴത്തിലല്ലെങ്കില്‍ പോലും കുറിച്ചിട്ടു, കാര്‍ത്തിക്.
പിന്നീട് പല ഗ്രൂപ്പുകളിലായ് അവള്‍ കാര്‍ത്തികിന്റെ കവിതകള്‍ വായിച്ചു. ചെറിയ കവിതകളെങ്കിലും വലിയ അര്‍ത്ഥങ്ങളുള്ള മനസ്സില്‍ നെമ്പരമുണ്ടാക്കുന്ന കവിതകള്‍. വല്ലാത്ത ഒരിഷ്ടവും ആരാധനയുമൊക്കെ പുള്ളിയോട് തോന്നിപ്പോയത് സ്വാഭാവികം.
കൂട്ടുകാരികളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവള്‍ ആദ്യമായി ഫെയ്‌സ്ബുക്കില്‍ ഒരു കവിത എഴുതി. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഫെയ്‌സ്ബുക്ക് ലോഗിന്‍ ചെയ്തപ്പോള്‍ കമന്റുകളുടേയും ലൈക്കുകളുടേയും തിക്കും തിരക്കുമാണ് കവിതയില്‍. പക്ഷെ കാര്യമാത്രമായ അഭിപ്രായങ്ങളൊന്നും തന്നെയില്ല.
എല്ലാം നൈസ്,അടിപൊളി,ഗുഡ് വണ്‍ തുടങ്ങിയ നുറുങ്ങു വെട്ടങ്ങള്‍. പെട്ടെന്നാണ് കമന്റുകളുടെ കുട്ടത്തില്‍ ഒരു ദീര്‍ഘാഭിപ്രായം കിടക്കുന്നു. അതും അവളുടെ ആരാധനാ പുരുഷന്‍ കാര്‍ത്തിക്കിന്റെ വക. കവിതയെ ചെറിയ രീതിയില്‍ നിരൂപണം ചെയ്തിരിക്കുന്നു. അവള്‍ക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി. പിന്നീട് അവള്‍ നിരവധി കവിതകളെഴുതി. എല്ലാത്തിനും ചുവടെ കാര്‍ത്തിക് അഭിപ്രായം പങ്കുവെച്ചു. ചില തിരുത്തലുകളും നിര്‍ദ്ദേഷങ്ങളും അഭിപ്രായത്തിന്റെ കൂടെ അദ്ദേഹം പങ്കുവെച്ചു.
കമന്റ് ബോക്‌സില്‍ നിന്ന് ചാറ്റ് ബോക്‌സിലേക്കും കോളിങ്ങിലേക്കും കോളിങ്ങില്‍ നിന്ന് പ്രണയത്തിലേക്കുമുള്ള അവരുടെ പ്രയാണം ദ്രൂതഗതിയിലായിരുന്നു. തന്നേക്കാള്‍ 15 വയസ്സ് കൂടുതലായിരിന്നിട്ടു കൂടി അവള്‍ കണ്ണും മൂക്കുമില്ലാതെ പ്രണയിച്ചു. കോളേജിനടുത്തുള്ള സിറ്റിയിലാണ് അദ്ദേഹത്തിന്റെ ഏകാന്തവാസം. എന്നിട്ടും കാര്‍ത്തിക് നിര്‍ബന്ധിച്ചിട്ടും ഒരു തവണ പോലും നേരിട്ടു കാണാനുള്ള ധൈര്യം അവള്‍ക്കുണ്ടായിരുന്നില്ല.
പെട്ടെന്നൊരു ദിവസം ഫെയ്‌സ്ബുക്കില്‍ അയ്യാളുടെ പച്ച ലൈറ്റ് കത്താതെയായത് അവളെ വിഷമത്തിലാക്കി. കുറേ തവണ അദ്ദേഹത്തെ മൊബൈലില്‍ ട്രൈ ചെയ്‌തെങ്കിലും കിട്ടിയില്ല. ഒടുവില്‍ അയ്യാളിങ്ങോട്ട് വിളിച്ചു. സുഖമില്ലാതെ കിടപ്പിലാണത്രെ. ശക്തമായ പനി ബധിച്ചിരിക്കുന്നു. അവള്‍ടെ മനസ്സ് അസ്വസ്ഥമായി. തന്റെ പ്രാണപ്രിയന്‍ ആരോരും സഹായിക്കാനില്ലാതെ സിറ്റിയിലെ അദ്ദേഹത്തിന്റെ ഭവനത്തില്‍ വയ്യാതെ കിടക്കുന്നു. അവള്‍ മറ്റൊന്നും ആലോചിച്ചില്ല. അദ്ദേഹത്തെ കാണാന്‍ പുറപ്പെട്ടു.
അന്നാ ഭവനത്തില്‍ വെച്ച് അയ്യാള്‍ക്ക്, മുമ്പേ അടിയറവ് വെച്ച മനസ്സിന്റെ കൂടെ അവള്‍ അവള്‍ടെ ശരീരവും നഷ്ടട്ടപ്പെടുത്തി. അവളിലെ പ്രതിരോധത്തിന്റെ ചെറു കണികകളെ പ്രണയത്തിന്റെ കുട ചൂടി അയ്യാള്‍ ആ ഇളം മേനി കവര്‍ന്നെടുക്കുകയായിരുന്നുവെന്നു പറയാം. കുറ്റബോധത്തിന്റെ നെരിപ്പോട് പേറിക്കൊണ്ടാണ് അവള്‍ അന്നാ വീടു വിട്ട് ഹോസ്റ്റലിലെത്തിയത്. എങ്കിലും തന്റെ പ്രിയതമന്റെ നിറഞ്ഞ പുഞ്ചിരികള്‍ അവളില്‍ ആശ്വാസം പടര്‍ത്തി.
അയ്യാളിലേക്ക് മാത്രം അവളുടെ ലോകം കൂടുതല്‍ കൂടുതല്‍ ഉള്‍വലിയുകയായിരുന്നു. ആയിടക്കായി അവള്‍ക്കൊരു സംശയം അയ്യാള്‍ അവളില്‍ നിന്ന് അകല്‍ച്ച പാലിക്കുന്നുണ്ടോയെ ന്ന്. സംശയം വാസ്തവമായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അയ്യാള്‍ അവളോട് പറഞ്ഞു നീയെനിക്കൊരു ശല്ല്യമായിരിക്കുന്നു. നമുക്കീ ബന്ധം ഇവിടെ വച്ചവസാനിപ്പിക്കാം. ഇനിയൊരിക്കലും തന്നെ കാണാനോ ബന്ധപ്പെടാനോ ശ്രമിക്കരുതെന്ന്. ശരിക്കും അവള്‍ തകര്‍ന്നു പോയി എന്നതാണ് സത്യം. അയ്യാള്‍ തകര്‍ത്തെറിഞ്ഞ പല പെണ്ണുങ്ങളില്‍ ഒരാള്‍ മാത്രമായിരുന്നു താനെന്ന സത്യം അവള്‍ വൈകാതെ തിരിച്ചറിഞ്ഞു.
എന്നിട്ടും പിറ്റേന്ന് രാവിലെ അവള്‍ അയ്യാളെ തേടിപ്പോയി. കതക് തുറന്ന് അവളെ കണ്ടപ്പോള്‍ കാര്‍ത്തിക് ക്രോധാകുലനായി. ഇനി തന്നെ കാണാന്‍ വരരുതെന്ന് പറഞ്ഞിരുന്നില്ലേന്ന് ചോദിച്ച് അവളുടെ ഇരുകവിളിലും മാറിമാറി അടിച്ചു. അവള്‍ പൊട്ടിക്കരഞ്ഞു. അടിയുടെ ശക്തിയില്‍ അവളുടെ ഷാള്‍ സ്ഥാനം മാറിക്കിടക്കുന്നതും അവള്‍ടെ ശ്വാസഗതി ക്കനുസരിച്ച് മാറിടം ഉയര്‍ന്നു താഴുന്നതും അയ്യാള്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. അയ്യാളിലെ കാമം ഉണര്‍ന്നു. അവളെ കട്ടിലിലേക്ക് വലിച്ചിട്ട് ഒരിക്കല്‍ കൂടി അവളെ അയ്യാള്‍ ചവച്ചു തുപ്പി. ഒടുക്കം അവളോട് അയ്യാള്‍ പറഞ്ഞു: നിന്ക്ക് എന്നോട് പ്രണയമില്ല… നിനക്കെന്നല്ല ലോകത്തില്‍ പ്രണയമെന്ന സംഗതിയേ ഇല്ല കാമം മാത്രമേയുള്ളു. അവള്‍ കണ്ണു തുടച്ച് അയ്യാളെ നോക്കി പുഞ്ചിരിച്ചു.
അടുത്ത ദിവസം നേരം പുലര്‍ന്നത് രണ്ട് വാര്‍ത്തകളുമായാണ്. കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആര്‍ട്‌സ് കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. അതിന് തൊട്ടു താഴെ മറ്റൊരു വാര്‍ത്തയും ഉണ്ടായിരുന്നു. പ്രമുഖ ബ്ലോഗറും സാസ്‌കാരിക പ്രവര്‍ത്തകനുമായ കാര്‍ത്തിക് തന്റെ ഭവനത്തില്‍ ദാരുണമായ് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി.