സിബി നെടുഞ്ചിറ.
ഹേ…ലോകമേ അന്ധതയുടെ
മൂടുപടലം മാറ്റി മിഴിതുറന്നു കാണ്‍ക…
മാനവനന്മ മൃതിപുല്കിയ ഹീനദൃശ്യം…
നെഞ്ചകം പിളര്‍ന്നൊരു ധരിത്രിതന്‍
വിലാപം അന്തരീക്ഷത്തിലലയടിക്കുന്നു
നെഞ്ചിലെ ചൂടുനല്കിയവള്‍ വിരിയിച്ച
ഇളം പൈതങ്ങള്‍ നരാധകരാല്‍
അപമാനിക്കപ്പെട്ട് അപമൃത്യുവിനിരയായ്…
അവര്‍ക്ക് നീതിതേടിയലഞ്ഞ അവളും
വാക്കാവുന്ന ശരവര്‍ഷങ്ങളാല്‍
അപമാനിതയാകുന്നു….
കുറ്റവാളികള്‍ക്ക് ശിക്ഷവിധിക്കേണ്ട
നീതിപീഠമിതാ അന്ധതയുടെ മൂടുപടലമണിഞ്ഞ്
കുറ്റവാളികള്‍ക്കായ് മിഴിതുറക്കുന്നു
കൊടിവെച്ച കാറില്‍ പാറിപ്പറക്കുന്ന
അധികാരവര്‍ഗ്ഗങ്ങളും കണ്ണുച്ചിമ്മുന്നു
നീതിരഹിതമാം ധരണിയില്‍
കൂടുക്കൂട്ടി പാര്‍ക്കാന്‍
മടിച്ചൊരാകാശപ്പറവകള്‍
അനന്തവിഹായുസ്സിലേക്കു
പറന്നുയര്‍ന്നു … പരസ്പരം ചൊല്ലിടുന്നു
ഭൂമിയിലെവിടെ നീതി….?
ഹേയ്….മനുഷ്യാ നീയുണരുക
അന്ധതയുടെ മൂടുപടലമുരിഞ്ഞുമാറ്റി,
നീതിനിഷേധിക്കപ്പെട്ട പാരിന്റെമ മക്കള്‍ക്കായ്
നിര്‍ഭയം കൈകോര്‍ത്തിടുക…