സിബി നെടുംചിറ.
ഇനിയും നേരം വെളുത്തിട്ടില്ല അതിനുമുമ്പേ ഇവള്‍ക്കെന്താ വട്ടുപിടിച്ചോ! ആകെയൊരു ‘വീക്കെന്‍റെ’ കിട്ടുന്നതാണ്. റബര്‍മരങ്ങള്‍ക്കിടയിലൂടെ ചൂളമടിമടിച്ചെത്തുന്ന തണുത്ത കാറ്റ്, കിടന്നുറങ്ങാന്‍ നല്ലസുഖം, അന്നേരമാണ് അവളെന്തോ മഹാകാര്യം പറയുവാന്‍വരുന്നതു അയാള്‍ വീണ്ടും പുതപ്പിനിടയിലേക്ക് വലിഞ്ഞ്..
‘’ചന്ദ്രേട്ടാ”, ഒന്നെഴുന്നേല്‍ക്ക് ഭാര്യയുടെ സ്വരത്തില്‍ എന്തോ പന്തികേട് തോന്നിയതുകൊണ്ടാകാം അയാള്‍ കാര്യമന്വേക്ഷിച്ചത് ചന്ദ്രേട്ടാ സേതുവേട്ടനും…. കുടുബവും???? ആള്‍ക്കാരെല്ലാം അങ്ങോട്ടാണ് ഓടുന്നത്… പോലീസ് ഉടനെ വരുമെന്നാ കേട്ടത്. ഇടിനാദംപോലെ കേട്ട വാക്കുകള്‍, അയാളുടെ ഉറക്കം എവിടെയോ പോയ്മറഞ്ഞു കേട്ടതു സത്യമോ മിഥ്യയോയെന്നറിതെ അയാള്‍ ഒരുനിമിഷം പകച്ചുനിന്നു, ഇന്നലെയും അവനെ ടൌണില്‍ വെച്ച് കണ്ടിരുന്നു, ഒത്തിരി സങ്കടങ്ങള്‍ തന്നോട് പറഞ്ഞുവെങ്കിലും ഈ കടുംകൈ ചെയ്യുവാന്‍മാത്രം?…. അയാള്‍ക്കൊന്നും മനസ്സിലായില്ല കിട്ടിയ ഷര്‍ട്ടെടുത്തിട്ടു അയാള്‍ പാഞ്ഞു സേതുവിന്‍റെ വീട് ലക്ഷ്യമാക്കി.
ആ വീടിന്‍റെ മുറ്റത്തും പരിസരത്തുമായി ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും തടിച്ചുകൂടിയിരുന്നു, അതാ അവിടെയാ…അരോ ചൂണ്ടിക്കാണിച്ച ബഡ്റൂമിലേക്കയാളുടെ കണ്ണുകള്‍ പാഞ്ഞു….ഹൃദയം പിളരുന്ന കാഴ്ച, പരസ്പരം കെട്ടിപ്പുണര്‍ന്നുകിടക്കുന്ന നാലു ശരിരങ്ങള്‍, . തന്നെ കാണുമ്പോള്‍ അങ്കിളേയെന്നു വിളിച്ചുകൊണ്ടു സ്നേഹത്തോടെ ഓടിവരുന്ന അമ്മുവും, അപ്പുവും ജീവിതമെന്തന്നറിയാത്ത കുരുന്നുകള്‍ അവരുടെ മുഖം അയാളുടെ മനസ്സില്‍ തെളിഞ്ഞു!.
എങ്കിലും ആ കുട്ടികളെയെങ്കിലും!…..ആള്‍ക്കൂട്ടത്തില്‍നിന്നും ആരുടെയോ തേങ്ങല്‍…. എന്തിന്‍റെ കുറവാ വലിയ വീട് കാറ് എന്തൊക്കെയുണ്ടായിട്ടെന്താ!……ആള്‍ക്കുട്ടത്തില്‍ നിന്നും ആരുടെയൊക്കെയോ അടക്കിപ്പിടിച്ചുള്ള സംസാരം, ‘’അല്ല…ചന്ദ്രാ’’ നിങ്ങളൊരുമിച്ചു ജോലിചെയ്തവരും കൂട്ടുകാരുമോക്കെയല്ലായിരുന്നോ നിനക്കു വല്ലതും അറിയുമോ? ആ നാട്ടിലെ ദല്ലാള്‍വാസുവെന്നറിയപ്പെടുന്ന വാസുവേട്ടന്‍റെ ചോദ്യത്തിനുത്തരമൊന്നും പറയാതെ അയാള്‍ വിദൂരതയിലേക്ക്…..കണ്ണുംനട്ടിരുന്നു….പിന്നെ കടിഞ്ഞാണില്ലാത്ത മനസ്സിനെ വര്‍ഷങ്ങള്‍ക്ക് പുറകിലോട്ട് പായിച്ചു..
സേതുവും താനും ഒരുമിച്ചുപഠിച്ച്, ഈന്തപ്പനകളുടെ നാട്ടില്‍ ഒരുമിച്ചു ജോലിചെയ്തവര്‍ സ്വപ്നങ്ങളും മോഹങ്ങളും പരസ്പരം പങ്കുവെച്ചവര്‍, എവിടെയായിരുന്നു അവന് തെറ്റുപറ്റിയത്? യു.കെയില്‍ ജോലിയുള്ള ജോണി പുതിയതായി പണിതുയര്‍ത്തിയ കൊട്ടാരംപോലെയുള്ള വീടുകണ്ടപ്പോഴായിരുന്നു സേതുവിന്‍റെ മനസ്സിലേക്കു അതുപോലൊരു ഭവനം സ്വന്തമായിട്ടുവേണമെന്ന് മോഹമുദിച്ചത്, നിന്‍റെ ഇപ്പോഴത്തെ വീടിനെന്താ കുഴപ്പം അതുപോരെയെന്ന് പലയാവര്‍ത്തി ചോദിച്ചതാ, നിന്‍റെ ഒരാളുടെ ശമ്പളംകൊണ്ട് കൂട്ടിയാല്‍ കൂടാത്തതാണു ഈ പുതിയസ്വപ്നമെന്ന് ഒരു സുഹൃത്തെന്നനിലയില്‍ ഉപദേശിച്ചതുമാണ്, എടുക്കാന്‍പ്പറ്റാത്ത ചുമടെടുത്ത് തലയില്‍വെക്കരുതെന്ന്‍ പലപ്രാവശ്യം വിലക്കിയതാ പക്ഷേ തന്‍റെ ഉപദേശങ്ങളെല്ലാം അവന്‍റെ മനസ്സില്‍ ഭ്രാന്തമായി കത്തിപ്പടര്‍ന്ന സ്വപ്നകൊട്ടാരത്തിനു മുന്നില്‍ എരിഞ്ഞമര്‍ന്നു..
വീടുപണിയെന്ന മോഹവുമായി അവധിക്ക് നാട്ടില്‍ പോയവന്‍, ഉളള സ്വത്തെല്ലാം ഈടുവെച്ചു ബാങ്കില്‍നിന്നും ലോണെടുത്ത്, ഭാര്യയുടെ സ്വര്‍ണ്ണഭരണങ്ങള്‍ വിറ്റ്, പലരോടായി കടംമേടിച്ചു, അതുംകൂടാതെ കൊള്ളപലിശക്ക് ബ്ലെയിഡ്കമ്പനിയില്‍ നിന്നും പണം പലിശക്കെടുത്ത്, കോടികള്‍ മുടക്കി അയല്‍ക്കാരന്‍റെ വീടിനോട് കിടപിടിക്കുന്ന ഭവനം പണിതുയര്‍ത്തി, അതിനുമോടിയേകുവാന്‍ വിലപിടിപ്പുള്ള ഒരു കാറും കാര്‍പോര്‍ച്ചിലെത്തി കൊട്ടാരംപോലെയുള്ള ഭവനമല്ലേ! കേറിത്താമസത്തിന് ആര്‍ഭാടം കുറക്കരുതല്ലോ, നാടടക്കിവിളിച്ചു സുഭിക്ഷമായി സദ്യയും നടത്തി സേതുവിന്‍റെ മഹാഭാഗ്യത്തെ പുകഴ്ത്തി ഭക്ഷണവും കഴിച്ചു വന്നവര്‍ സ്ഥലംവിട്ടു..
തന്‍റെ സ്വപ്നകൊട്ടാരത്തിലെ ഏതാനും ആഴ്ചത്തെ ആര്‍ഭാടജീവിതംകഴിഞ്ഞു വലിയ സന്തോഷത്തോടെയായിരുന്ന്‍ അവന്‍ ലീവ്കഴിഞ്ഞു തിരിച്ചെത്തിയതു, ഏതാനും മാസം കഴിഞ്ഞപ്പോഴാണ് കേള്‍ക്കാന്‍ ഒട്ടും സുഖകരമല്ലാത്ത ആ വാര്‍ത്ത തങ്ങളുടെ കാതിലെത്തിയത് ജോലിചെയ്യുന്ന കമ്പനി പൂട്ടാന്‍ പോകുന്നു, അവിടെ ജോലിചെയ്തവരുടെയെല്ലാം ജോലിനഷ്ടപ്പെട്ടു, എല്ലാവരെയുംപ്പോലെ ഞങ്ങളും നാട്ടിലേക്ക് മടങ്ങി അവിടെത്തുടങ്ങി സേതുവിന്‍റെ കഷ്ടകാലവും, കോടികളുടെ കടബാദ്ധ്യത, അന്നന്നുള്ള അഷ്ടിക്കുവരെ നിവൃത്തിയില്ലാത്ത അവസ്ഥ, നാട്ടില്‍ ഒരു പ്രൈവറ്റ്കമ്പനില്‍ ജോലികിട്ടിയെങ്കിലും ആ പണം ഒന്നിനും തികയുമായിരുന്നില്ല.
ബാങ്കിലടക്കാനുള്ള തവണകള്‍ കൂടികൂടിവന്നു തന്‍റെ സ്വപ്നകൊട്ടാരത്തിലെ ജീവിതം തീര്‍ത്തും ദുരിതപൂര്‍ണ്ണമായിമാറി, മനസ്സമാധാനത്തോടെയൊന്നു കണ്ണടയ്ക്കാന്‍വരെ പറ്റാത്ത അവസ്ഥ, ബ്ലെയിഡ് പലിശക്കാര്‍ വീട്ടില്‍ കയറിയിറങ്ങി.
അവസാനം അതു സംഭവിച്ചു’’ ജപ്തിനോട്ടീസ്!!!
മക്കളുയുമായി തെരുവിലേക്കിറങ്ങണ്ട അവസ്ഥ, തലേദിവസം ടൌണില്‍ വെച്ചുകണ്ടപ്പോള്‍ കുറേസങ്കടങ്ങള്‍ പറഞ്ഞുകരഞ്ഞു എല്ലാം ശരിയാകുമെന്നുപറഞ്ഞു ആശ്വസിപ്പിച്ചതുമാണു, അതല്ലേ തനിക്ക് ചെയ്യുവാന്‍പ്പറ്റുകയുള്ളു, ആരെങ്കിലും കൂട്ടിയാല്‍ കൂടുന്ന കടബാദ്ധ്യതയാണോ? ‘ചന്ദ്രാ’’ പോലീസെത്തി, പോസ്റ്റ്‌മാര്‍ട്ടത്തിന് കൊണ്ടുപോവുകയാണ്, കത്തെഴുതിവെച്ചിട്ടുണ്ടന്നാണു കേട്ടത്! കടബാദ്ധ്യതയാണു കാരണമെന്നാ ജനസംസാരം! എന്തെങ്കിലും കാര്യമുണ്ടായിരുന്നോ ലോണെടുത്ത് ഇത്രെയും വലിയൊരു വീടുപണിയാന്‍! കൈയിലുള്ള ആസ്തികണ്ടുവേണ്ടേ ജീവിക്കാന്‍, ഇതുവല്ലതും മനുഷ്യരോടു പറഞ്ഞാല്‍ കേള്‍ക്കുമോ! പുല്ലുപോലെ കരിഞ്ഞുപോകുന്ന ജീവിതം അതിനിടക്ക് മനുഷ്യന്‍ എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നത്, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈശ്വരന്‍ മനുഷ്യനെ സൃഷ്ടിച്ചതു സരളഹൃദയനായിട്ടുതന്നെയാ, എന്നാല്‍ അവന്‍റെ പ്രശ്നങ്ങളുടെ ഉത്തരവാദി അവനവന്‍ തന്നെയാ…ഇപ്പോള്‍ തന്നെ കണ്ടില്ലേ! വാസുവേട്ടന്‍ പറഞ്ഞതൊന്നും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല
ഒന്നുമറിയാതെ അച്ഛന്‍ വരുത്തിവെച്ച കടബാദ്ധ്യതകള്‍ക്ക് രക്തസാക്ഷികളാകേണ്ടി വന്ന അപ്പുവും, അമ്മുവും, ആ കുരുന്ന് മുഖങ്ങളായിരുന്നു അയാളുടെ മനസ്സുമുഴുവനും, അപ്പോഴും…. ചന്ദ്രനങ്കിളേയെന്നുള്ള…. അവരുടെ വിളി… റബര്‍മരങ്ങള്‍ക്കിടയിലൂടെ ചൂളമടിച്ചെത്തിയ തണുത്തകാറ്റില്‍ അലയടിച്ചിരുന്നു…..