ജോണ്‍സണ്‍ ചെറിയാന്‍.
ആനപ്പന്തിയിലെ താരങ്ങള്‍ ഇപ്പോള്‍ വലിയ കൊമ്പന്‍മാരല്ല മൂന്നു കുഞ്ഞന്‍മാരാണ്. അമ്മു, അപ്പു, ചന്തു എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന ഈ കുഞ്ഞന്‍ ആനക്കുട്ടികള്‍ മുത്തങ്ങ ആനപന്തിയുടെ കണ്ണിലുണ്ണികളാണ്. മരങ്ങള്‍ക്കിടയിലൂടെ ഓടി നടക്കുന്ന വികൃതിക്കുട്ടികള്‍. ആരെയും കൂസാതെ പന്തിയില്‍ തങ്ങളെ പരിപാലിക്കുന്നവരോട് കൂട്ടുകൂടിയും അവരോടൊപ്പം പുല്‍മൈതാനത്ത് മേഞ്ഞു നടന്നും ജീവിതം ആസ്വദിക്കുകയാണെന്നും തോന്നും ഇവരുടെ പ്രവൃത്തികള്‍ കണ്ടാല്‍. ഇതിനിടയില്‍ വഴിയില്‍ കാണുന്ന കുഞ്ഞു മരക്കഷ്ണങ്ങല്‍ തുമ്പിക്കൈ കൊണ്ട് പൊക്കിയെടുത്ത് തട്ടിക്കളിക്കും കുഞ്ഞു കുറുമ്പന്‍മാര്‍.
മുത്തങ്ങ ആനപ്പന്തിയില്‍ ഇപ്പോള്‍ മൂന്നു കുട്ടിയാനകളാണുള്ളത്. ഒന്നരവയസുള്ള അമ്മു, ഒരു വര്‍ഷം മുമ്പ് പന്തിയിലെത്തിയ അപ്പു, ഒരു മാസം മുമ്പ് പന്തിയിലെത്തിയ ചന്തു. അമ്മുവാണ് പന്തിയിലെ മുതിര്‍ന്നയാള്‍. എന്നാല്‍ അതിന്റെ ഗൗരവമൊന്നും അമ്മുവിനില്ല. ഉച്ചയോടടുത്ത് പന്തിയില്‍ തന്നെ നോക്കുന്ന പാപ്പാന്‍ ബൊമ്മന്‍ പുല്‍മൈതാനത്ത് കിടന്ന് ഒന്നു മയങ്ങിയപ്പോള്‍ തുടങ്ങിയതാണ് അമ്മുവിന്റെ കുസൃതികള്‍. ഒരു കയര്‍ കൊണ്ട് പാപ്പാന്‍ അമ്മുവിനെ ഒരു കുറ്റിയില്‍ തളച്ചിട്ടുണ്ടെങ്കിലും അവളുടെ കുസൃതി ചേഷ്ട്കള്‍ക്ക് ഒരു കുറവുമില്ലായിരുന്നു. ഇപ്പോള്‍ ഒന്നര വയസുള്ള അമ്മുവിനെ ഒരുവര്‍ഷം മുമ്പാണ് പന്തിയിലെത്തിച്ചത്.
വെള്ളത്തില്‍ ഒലിച്ചുവന്ന അമ്മു പന്തിയിലെത്തിയപ്പോള്‍ നന്നേ ഷീണിതയായിരുന്നു. തുടര്‍ന്ന് വനപാലകരുടെയും വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള പാപ്പാന്‍ ബൊമ്മന്റെയും പരിശ്രമം കൊണ്ടാണ് അമ്മു ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ദിവസവും രണ്ടു ലിറ്റര്‍ ലാക്ടോജനാണ് അമ്മുവിന് നല്‍കി വരുന്നത്. കൂടാതെ പാലും പുല്ലും ചോറും എല്ലാം സമയാസമയങ്ങളില്‍ അമ്മുവിന് നല്‍കുന്നുണ്ട്. ബൊമ്മന് സഹായിയായി മകന്‍ ബാബുവും കൂടെയുണ്ട്. അമ്മുവിനെ തീറ്റുന്നതിനും കാട്ടില്‍ നിന്നു പുല്ല് ശേഖരിക്കുന്നതിനും ബാബുവാണ് അച്ഛനെ സഹായിക്കുന്നത്. സദാസമയവും ബാബുവിന്റെ കൂടെ നടക്കുന്ന അമ്മു ഓരോ വികൃതികള്‍ കാണിച്ചുകൊണ്ടിരിക്കും. കൊച്ചു കുട്ടികളെ പരിപാലിക്കുന്ന ശ്രദ്ധയോടെ തന്നെയാണ് എല്ലാവരെയും പന്തിയില്‍ പരിപാലിക്കുന്നത്.
കുട്ടിക്കുറുമ്പന്‍ അപ്പു ഇതിനിടയില്‍ പാപ്പാന്‍ രാംദാസിന്റെ കാലില്‍ വന്നിടിച്ചു; തന്നെ ശ്രദ്ധിക്കുന്നില്ലെന്ന തെല്ലു പരിഭവത്തോടെ. കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് അപ്പു മുത്തങ്ങയില്‍ എത്തുന്നത്. മേപ്പാടിയിലുണ്ടായ കനത്ത മഴയില്‍ വെള്ളത്തിലൂടെ ഒലിച്ചു വന്നതായിരുന്നു അപ്പു. പന്തിയില്‍ എത്തിയപ്പോള്‍ നന്നേ കുഞ്ഞായിരുന്നു ഇവനെന്ന് അപ്പുവിനെ നോക്കുന്ന രാംദാസ് പറഞ്ഞു. രാംദാസിന് സഹായിയായി സനീഷ് എന്നയാള്‍ കൂടിയുണ്ട്. ഈ ഇത്തിരിക്കുഞ്ഞന്‍മാരെ സംരക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെ തന്നെയാണ് മുത്തങ്ങ അനപ്പന്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ആനക്കുട്ടിക്കും രണ്ടു പേര്‍ വീതമാണ് സംരക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. 15 വര്‍ഷമായി മുത്തങ്ങ ആനപന്തിയില്‍ പ്രവര്‍ത്തിക്കുന്ന രാംദാസിന് അപ്പുവിനോടൊപ്പം ചേര്‍ന്നാല്‍ പിന്നെ സമയം പോകുന്നതറിയില്ലെന്നാണ് പറയുന്നത്.
ഇവിടെയെത്തുന്ന ആര്‍ക്കും ഇത് നേരില്‍ കണ്ടാല്‍ മനസിലാകും. കൃത്യമായ ഇടവേളകളില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരും, ആര്‍ആര്‍ടി എലഫന്റ് സ്ക്വാഡ് അംഗങ്ങളും ഇവിടെയെത്തി കുഞ്ഞന്‍മാരുടെ ആരോഗ്യ വിവരങ്ങള്‍ വിലയിരുത്തുകയും സഹായികള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാറുമുണ്ട്. കുഞ്ഞന്‍മാരുടെ കൂട്ടത്തിലെ ഇത്തിരികുഞ്ഞന്‍ ചന്തു രണ്ടു മാസം മുമ്പാണ് ഇവിടെയെത്തിയത്. തോല്‍പ്പെട്ടി റേഞ്ചില്‍ നിന്നുമാണ് ഇവനെ കിട്ടിയത്. ട്രഞ്ചില്‍ വീണു കിടിക്കുകയായിരുന്ന ചന്തുവിനെ വനപാലകരാണ് കണ്ടെത്തിയത്. പിന്നീട് കാട്ടില്‍ ആനക്കൂട്ടത്തോടൊപ്പം വിടാന്‍ ശ്രമിച്ചെങ്കിലും ചന്തു പോകാന്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഇവനെ ഇവിടെയെത്തിക്കുകയായിരുന്നു. ഇവിടെയെത്തുമ്പോള്‍ മതിയായ ആഹാരം ലഭ്യമാകാതിരുന്നതിനാല്‍ നന്നേ ക്ഷീണിതനായിരുന്നു ചന്തുവെന്ന് ഇവനെ പരിപാലിക്കുന്ന രാജനും വിവേകും പറഞ്ഞു. കഴിഞ്ഞ ദിവസം മുത്തങ്ങ ആനപ്പന്തിയിലെത്തിയ വനംമന്ത്രി കെ. രാജുവാണ് ഈ കുട്ടിക്കുറുമ്പന് ചന്തുവെന്ന പേരിട്ടത്. വനം വെറ്ററിനറി സര്‍ജന്‍ ഡോ. ജിജിമോന്റെ നേതൃത്വത്തില്‍ കുഞ്ഞന്‍മാര്‍ക്ക് വേണ്ട എല്ലാ ചികിത്സയും കൃത്യസമയങ്ങളില്‍ ലഭ്യമാക്കുന്നുണ്ട്.
മുത്തങ്ങ ആനപ്പന്തിയിലെ സീനിയര്‍ താരം സൂര്യ എന്ന കൊമ്പനാണ്. 25 വര്‍ഷം മുമ്പ് നന്നേ ചെറുപ്പത്തില്‍ തന്നെ ഇവിടെയെത്തിച്ച സൂര്യക്കും സഹായത്തിന് ആളു കൂടെയുണ്ട്. സൂര്യക്കു പുറമേ മറ്റ് രണ്ട് പേര്‍ കൂടിയുണ്ട് ആനപ്പന്തിയില്‍- കോടനാട് നിന്നെത്തിച്ച കുഞ്ചുവും ഒരു മാസം മുമ്പ് കര്‍ണാടകയില്‍ നിന്നുമെത്തിച്ച പ്രമുഖയും. കാട്ടില്‍ നിന്നും നാട്ടിലിറങ്ങി നാശനഷ്ടങ്ങള്‍ വരുത്തുന്ന ഗജപോക്കിരികളെ ചട്ടം പഠിപ്പിക്കുന്നതിനുള്ള ആനക്കൊട്ടിലും ആനപ്പന്തിയോട് ചേര്‍ന്ന് ഒരുങ്ങിയിട്ടുണ്ട്.
കഴിഞ്ഞ മേയ് 18ന് ഇവിടെയുണ്ടായിരുന്ന ഒരു ആനക്കുട്ടി ചെരിഞ്ഞിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് റേഞ്ചില്‍ നിന്നെത്തിച്ച ആനയാണ് ചെരിഞ്ഞത്. കൂടാതെ മണ്ണാര്‍കാട്ട് കൂട്ടംതെറ്റിയ ആനക്കുട്ടിയേയും ഇവിടേക്ക് എത്തിക്കാന്‍ നീക്കമുണ്ട്. ആനമൂളി ഫോറസ്റ്റ് റേഞ്ചിലെ കാഞ്ഞിരമ്പുഴ പാമ്പന്‍തോട് ആദിവാസി കോളനിക്കു സമീപത്തെ കുഴിയില്‍ നിന്നാണ് ഒന്നരമാസം പ്രായമുള്ള ആനക്കുട്ടിയെ കിട്ടിയത്.
ശാരീരിക സ്ഥിതി വളരെ മോശമായതിനാല്‍ ഇത്രയും ദൂരം യാത്ര ചെയ്ത് മുത്തങ്ങിയിലെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ അവിടെ തന്നെ ചികിത്സ നല്‍കുകയാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഈ ആനക്കുട്ടിയേയും മുത്തങ്ങിയിലേക്കെത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മുത്തങ്ങ വലിയ ആനപ്പന്തിയിലെ ഈ ഇത്തിരിക്കുഞ്ഞന്‍മാര്‍ക്കുവേണ്ടി അധികൃതരുടെ ഭാഗത്തു നിന്നുമുള്ള പരിചരണം ശ്രദ്ധേയമാണ്. മൂന്ന് സ്ഥിരം ജോലിക്കാരെയും ഒമ്പത് താത്കാലിക ജോലിക്കാരെയുമാണ് ഇവരുടെ സംരക്ഷണത്തിനായി ഇവിടെ നിയമിച്ചിരിക്കുന്നത്. കൂടാതെ തൊട്ടടുത്തുള്ള ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും ഇടയ്ക്കിടെയുണ്ട്. ആനക്കുട്ടികളുടെ സംരക്ഷണ ചുമതലയുള്ള പാപ്പാന്‍മാരും സഹായികളും ആനപ്പന്തിയില്‍ തന്നെയാണ് താമസവും.