ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.
ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒമ്പതിൽ (1969) ലാഞ്ചിയിൽ പേർഷ്യയിൽ പോയ ഞാൻ തിരിച്ചു ആദ്യമായി ഇന്ത്യയിലേക്ക് വന്നത് കപ്പലിലായിരുന്നു. അക്ബർ എന്നായിരുന്നു ആ കപ്പലിന്റെ നാമം. ഹജ്ജ് കാലത്ത് അത് ഹജ്ജ് യാത്രക്കാരെ കൊണ്ട് പോകാനും അല്ലാത്ത സമയത്ത് പേർഷ്യൻ യാത്രക്കാരെ കൊണ്ട് പൊകാനുമായി ഉപയോഗിക്കുന്ന ഒരു കപ്പൽ. grey mackenzie എന്ന കമ്പനിയായിരുന്നു ടിക്കറ്റ് ഇഷ്യൂ ചെയ്തിരുന്നത്. ദുബൈയിൽ നിന്നും ബോംബയിലേക്ക് നൂറ്റിമുപ്പത്തി ഏഴു ദിർഹം ആയിരുന്നു ടിക്കറ്റ് ചാർജ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടു ഒക്ടോബർ പതിനെഴിന്നു ദുബൈ റഷീദ് പോർട്ടിൽ നിന്നും കപ്പൽ കയറി.
എന്റെ കയ്യിൽ അലൂമിനിയത്തിന്റെ വലിയ ഒരു ട്രങ്ക് പെട്ടി. അതിൽ നിറയെ പേർഷ്യൻ സാധനങ്ങൾ. ഒരു ടാക്ക സാരി എടുക്കും. ഇരുപത്തഞ്ചു വാരയോ മീറ്ററോ ആണ് അളവ്. എന്നിട്ട് നാട്ടിൽ ചെന്ന് നാല് സാരിയാക്കി മുറിക്കും. ഒരേ കളറിലുള്ള സാരിയാവുമ്പോൾ കസ്റ്റംസിൽ നാലിന്നു പകരം മൂന്ന് എന്ന് പറയാമല്ലോ? അല്ലാതെ വ്യതസ്തമായ കളറിൽ സാരി വാങ്ങിയാൽ ഡ്യൂട്ടി കൂടുതൽ കൊടുക്കേണ്ടി വരും. പിന്നെ അനിയന്മാർക്ക് കുറച്ചു പേനകൾ, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയ സ്കൂൾ ഐറ്റംസ്. പിന്നെ ഉപ്പാക്ക് ഷർട്ടിനുള്ള 80 : 20 ന്റെ തുണി. ഉപ്പാക്ക് എന്തെങ്കിലും വേണോ എന്ന് അന്നത്തെ കാലത്ത് ഞാൻ എഴുതിചോദിച്ചാൽ ഒന്നും വേണ്ട എന്നെ എന്റെ പോന്നുപ്പ പറയാറുള്ളൂ, ഇന്ന് എന്റെ മക്കളോട് ഞാൻ പറയുന്ന പോലെ.
കപ്പലിന്റെ തുടക്കം ഇറാഖിലെ ബസ്രയിൽ നിന്നാണ്. പിന്നെ കുവൈറ്റ്, ദമ്മാം, ബഹ്‌റൈൻ, ദോഹ അത് കഴിഞ്ഞാൽ ദുബൈ. ദുബായിൽ നിന്ന് ബോംബെക്ക് പോകുന്നതിനിടയിൽ മസ്കറ്റിൽ സ്റ്റോപ്പ് ഉണ്ട്. ദുബൈ – ബോംബെ നാല് ദിവസത്തെ യാത്രയാണ്. റഷീദ് പോർട്ടിൽ നിന്നും കപ്പലിലേക്ക് കയറാൻ കോണിയുണ്ട്. കപ്പലിന്റെ ഉള്ളിൽ നല്ല വൃത്തിയും വെടിപ്പും ഉണ്ട്. എല്ലാ റൂമുകളിലും ടൂ ടയർ ത്രീ ടയർ കട്ടിലുകളാണ്. ഞാനും അതിലൊരു അന്തേവാസിയായി.
ഞാനന്നു ഇരുപത്തി ഒന്ന് വയസ്സ് പ്രായമുള്ള പയ്യൻ. ഇടയ്ക്കിടെ കപ്പലിന്റെ മുകൾ തട്ടിൽ ചെന്ന് കടലിലേക്ക് നോക്കിയിരിക്കും. ഇന്നാണെങ്കിൽ ദ്വീപ് എന്ന സിനിമയിലെ ഒരു പാട്ട് പാടിയേനെ…..
കടലേ, നീല കടലേ
നിന്നാൽമാവിലും നീറുന്ന ചിന്തകളുണ്ടോ?
പക്ഷെ അന്ന് ആ സിനിമ ഇറങ്ങിയിട്ടില്ല. ലാഞ്ചിയിൽ പോയ എനിക്ക് ഈ കപ്പൽ യാത്ര സ്വർഗ്ഗതുല്യമായിരുന്നു. അത് മാത്രമല്ല, എന്റെ പോന്നുപ്പാനേയും ഉമ്മ, അനിയന്മാരെയും മറ്റും കാണാമല്ലോ. അനിയന്മാർക്ക് ഞാൻ കൊടുക്കുന്ന സമ്മാനം കിട്ടുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷം ആലോചിച്ചപ്പോൾ എന്റെ മനസ്സ് ഇതിനകം നാട്ടിലെത്തി കഴിഞ്ഞു.
നാല് ദിവസത്തെ കടൽ യാത്രക്ക് ശേഷം അഞ്ചാം ദിവസം കപ്പൽ ബോംബെ തീരത്ത് അടുത്തു. സമയം ഏകദേശം എട്ടു മണി. എന്റെ പെറ്റമ്മയായ ഭാരതത്തിന്റെ മണം നാസികയിലൂടെ വന്നപ്പോൾ ഞാനേറെ സന്തോഷിച്ചു. പോറ്റമ്മയായ പേർഷ്യ എനിക്ക് എന്തൊക്കെ തന്നാലും എന്റെ പെറ്റമ്മയെ മറക്കാൻ കഴിയുമോ? കപ്പൽ പോർട്ടിൽ അടുക്കാൻ കുറച്ചു നേരം വേണം. പുറം കടലിലാണ് നങ്കൂരമിട്ടത്. അകലെ നിന്ന് ബോംബയുടെ ആകാശം മുട്ടുന്ന കെട്ടിടങ്ങൾ കാണാം. മീൻ പിടിക്കാൻ പോകുന്ന ഭോരികളുടെ വഞ്ചികളും ബോട്ടുകളും മറ്റൊരു വശത്ത്.
ഉച്ചക്ക് രണ്ടു മണിയായപ്പോൾ പോർട്ടിൽ കപ്പൽ അടുത്തു. കപ്പലിൽ ഭക്ഷണം കൊടുക്കുന്നുണ്ട്. ഒരു വിശപ്പുമില്ല. വിശപ്പ് ഇല്ലാതല്ല, പ്രത്യുത നാട്ടിലെത്തികഴിഞ്ഞാൽ ഉമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ, എന്റെ പോന്നുപ്പാടെ പുറത്തു കാണിക്കാത്ത ഉള്ളിൽ വെച്ചുള്ള ലാളന, അനിയന്മാരുടെ കുസൃതികൾ. എല്ലാം ആലോചിച്ചപ്പോൾ വിശപ്പ് ഇല്ലാതായി എന്നതാണ് സത്യം. ഗ്രഹാതുരത്വം അനുഭവിച്ചറിയുക തന്നെ വേണം.
കപ്പലിൽ നിന്നും പെട്ടികൾ ഇറക്കാൻ പോർട്ടിലെ പോർട്ടർമാർ ഉണ്ട്. മാന്യമായ കൂലി മാത്രം. കത്തി വെക്കില്ല, നോക്കുകൂലിയും ഇല്ല.
പോർട്ടിൽ തന്നെ ഒരു വശം കടൽ ആയ ഭാഗത്ത് മേശ കൊണ്ട് വന്നിട്ടു. അതാണ് കസ്റ്റംസ്. എന്റെ ഊഴം വന്നു. പെട്ടി ഞാനെടുത്തു മേശപ്പുറത്തു വെച്ചു. അന്ന് ചൈനയുമായി പ്രശ്നം ഉള്ള സമയം. പലചരക്ക് കടയിൽ കണക്കു കൂട്ടാൻ ഉപയോഗിക്കുന്ന കടലാസിൽ ഓരോ സാധനങ്ങളുടെയും പേരും ഇന്ത്യയിലെ വിലയും എഴുതുന്നു. അപ്പോഴാണ് എന്റെ പെട്ടിയിലുള്ള ആ ബോംബ് കസ്റ്റംസ് ആപ്പീസറുടെ കണ്ണിൽ പെട്ടത്.
അദ്ദേഹം എന്നോട് ആക്രോശിച്ചു ‘യെ ക്യാ ചൈനാകാ മാൽ ലാത്താ ഹേ (എന്താണിത് ചൈനയുടെ സാധനം കൊണ്ട് വരികയോ’)
അന്നും ഇന്നും ഹിന്ദിയിൽ ഞാൻ ഹം ഹും ഹോ ആണ്. ഞാൻ കരഞ്ഞു (കരച്ചിലിന്നു ഭാഷയില്ലല്ലോ?)
മഷി ഒഴിച്ചെഴുതുന്ന ഹീറോ പേനയായിരുന്നു എന്റെ കയ്യിൽ കസ്റ്റംസ്കാർ കണ്ടുപിടിച്ച ബോംബ്. ഞാൻ അദ്ധേഹത്തിന്റെ കയ്യിലേക്ക് നോക്കി. അദ്ദേഹം എഴുതുന്നതും ഹീറോ പേന കൊണ്ടായിരുന്നു.
അങ്ങിനെ കസ്റ്റംസ് എല്ലാം കഴിഞ്ഞു നാട്ടിലേക്ക് പോകാൻ ദാദർ റെയിൽവേ സ്റ്റെഷനിലെക്ക്. അന്നത്തെ കാലത്ത് ഇന്ത്യയുടെ പടിഞ്ഞാറേ കരയിലുള്ള ബോംബയിൽ നിന്നും പടിഞ്ഞാറേ കരയിലുള്ള കേരളത്തിലേക്ക് പോകുന്ന ട്രെയിൻ പടിഞ്ഞാറ് നിന്ന് ഏകദേശം കിഴക്കേ കരയോളം പോയിട്ടാണ് വീണ്ടും പടിഞ്ഞാറേ ഭാഗത്തെക്ക് പോകുന്നത്, അതായത് ദാദറിൽ നിന്നും മദ്രാസിന്നടുത്തുള്ള ആർക്കോണം വഴിയാണ് ട്രെയിൻ. നാല്പതു മണിക്കൂർ യാത്ര. ഒരു പാട് വിദേശ യാത്രകൾ പലതരം ഫ്ലൈറ്റുകളിൽ, പലതരം വാഹനങ്ങളിൽ യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും ഇന്നും എന്നും എനിക്ക് യാത്രക്ക് ഏറ്റവും ഇഷ്ടപെടുന്ന വാഹനം ഫ്ലൈറ്റൊ കാറോ അല്ല, പ്രത്യുത ബോട്ടും (വഞ്ചിയും) ട്രെയിനും ആണ്.
അങ്ങിനെ രണ്ടാം ദിവസം പുലർച്ചെ നാല് മണിക്ക് “മ്മ്ടെ” തൃശ്ശൂർ (ത്രിശ്ശീവപേരൂർ) എത്തി. അന്നത്തെ കാലത്തും നഗരമായിട്ടും തൃശ്ശൂർ നഗരം ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും ഉണർന്നിട്ടില്ല. ‘ദെന്തൂട്ടാ, ഈ കന്നാലിക്ക് എണിക്കാറിയില്ലേ? ഈ ശെറഫു വന്നത് അറിഞ്ഞില്ലേ’ എന്ന് മനസ്സില് ആദ്യം കരുതി. പിന്നെ തോന്നി. പാവം ഇന്നലത്തെ ക്ഷീണം കൊണ്ട് ഉറങ്ങുകയാവും. കിടാവ് കുറച്ചു നേരം കൂടി ഉറങ്ങിക്കോട്ടെ.
പക്ഷെ അന്ന് റൌണ്ടിലുള്ള ‘പത്തൻസ്’ ഹോട്ടെലിൽ നിന്നും റേഡിയോവിലൂടെ സുപ്രഭാതഗീതങ്ങൾ കേൾക്കുന്നു. അത് കേട്ടപ്പോൾ യാത്രാക്ഷീണം എല്ലാം മാറി. അവിടെയുള്ള ബിസ്മില്ലാ ഹോട്ടലിൽ ചെന്ന് കുളി പാസാക്കി. ഒരു അംബാസഡർ കാർ വാടകക്കെടുത്തു യാത്ര തുടർന്നു, എന്റെ വീട്ടിലേക്കു, കാട്ടൂരേക്ക്.
ചേർപ്പ് കഴിഞ്ഞ് പടിഞ്ഞാട്ടുമുറി എന്ന സ്ഥലത്ത് എത്തിയപ്പോൾ സൈക്കിൾയജ്ഞക്കാർ സൈക്കിൾ ചാരി വെച്ച് സുഖമായി ഉറങ്ങുന്നു. ചിറക്കൽ ഇഞ്ചമുടി കനാലിന്നടുത്തു വിജനമായ പാടത്ത് കാർ നിറുത്തി. ഞാനാകെ ഭയപ്പെട്ടു. ഡ്രൈവർ ഇറങ്ങി. ഡിക്കി തുറന്നു. എന്റെ സപ്തനാഡികളും തളർന്നു. എന്നെ ഡ്രൈവർ കൊല്ലും. കാറിന്റെ ജാക്കിയുടെ ലിവർ എടുക്കാനാവും കാർ നിറുത്തിയത്. എന്റെ കയ്യിലുള്ള പേർഷ്യൻ സാധനങ്ങളും എല്ലാം അവർ എടുക്കും. കൂടാതെ അന്നത്തെ എന്റെ സമ്പാദ്യമായ തൊള്ളായിരം രൂപയും. കുറച്ചു കഴിഞ്ഞപ്പോൾ അവർ ഡിക്കിയിൽ നിന്നും ഒരു കേനിലുണ്ടായിരുന്ന കുറച്ചു പെട്രോളെടുത്തു കാറിന്റെ ടാങ്കിയിൽ ഒഴിച്ച് യാത്ര തുടർന്നു.
കരാഞ്ചിറ കഴിഞ്ഞു എന്റെ വീടായ മുനയം ഭാഗത്തേക്കുള്ള നാടാകെ മാറിയിരിക്കുന്നു. കണ്ണെത്താദൂരത്ത് നിലമായി കിടന്ന സ്ഥലത്ത് ഒരു പാട് വീടുകൾ. വീട്ടിലെത്തി. ബെല്ലടിച്ചു. എന്റെ പോന്നുപ്പ വന്നു. കേട്ടിപിടിച്ചപ്പോൾ ഉപ്പാടെ കണ്ണിൽ നിന്നും ഒരു നനവ്. ഉപ്പ കരയുകയോ. ആലോചിക്കാൻ വയ്യ.
‘ഉപ്പാ, ഉപ്പാടെ മോൻ രണ്ടു വർഷം പേർഷ്യയിൽ നിന്നിട്ടും……..ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല…..’ ഞാൻ ഗദ്ഗദകണ്ടനായി പറഞ്ഞു.
‘അത് സാരമില്ല. ലാഞ്ചിയിൽ പോയ നീ ഒരു വിസ സമ്പാതിച്ചില്ലേ. രണ്ടു വർഷം പോയെന്നല്ലെയുള്ളൂ. കാലം ഇനിയും ഇല്ലേ…’ അതാണ് എന്റെ പോന്നുപ്പ.
എന്റെ പോന്നുപ്പ മരിച്ചിട്ട് മുപ്പത്തൊമ്പത് വർഷം ആവാൻ പോകുന്നു. ഉപ്പാടെ വാക്കുകൾ ശെരിയായിരുന്നു എന്ന് പിന്നീട് കാലം തെളിയീച്ചു. വീണ്ടും ഒരു പാട് വർഷം ഗൾഫിൽ. ആ എന്റെ ഉപ്പാടെ ഗുരുത്വം കൊണ്ടാണ് ഇന്ന് ഞാൻ പട്ടിണി കൂടാതെ ജീവിക്കാൻ കഴിയുന്നതെന്ന് മനസ്സിലാക്കുന്നു. നാട്ടുവിശേഷങ്ങൾ പറയാൻ എന്റടുത്ത് വന്നെന്റെ അനുജൻ – മജീദ്. അവനും ഈ ലോകത്ത് നിന്നും പോയി. അല്ലാഹുവേ അവർക്കെല്ലാം കബറിലും പരലോകത്തും നല്ലത് മാത്രം കൊടുക്കട്ടെ എന്ന് പ്രാർഥിച്ചു കൊണ്ട് ഞാനീ ഓർമകുറിപ്പ് അവസാനിപ്പിക്കുന്നു.
———————————–
മേമ്പൊടി:
സൂര്യനായ് തഴുകിയുറക്കാമുണർത്തുന്ന അച്ചനെയാണെനിക്കിഷ്ടം
ഞാനൊന്ന് കരയുമ്പോളറിയാതെ കരയുന്ന അച്ചനെയാണെനിക്കിഷ്ടം