ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ) ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.
ആദ്യമാണ് പള്ളിയുടെ ഉൾഭാഗം കാണുന്നത്. അതിന്റെയുള്ളിൽ ബിംബങ്ങളോ പടങ്ങളോ മാരകായുധങ്ങളോ കണ്ടില്ല.
‘സൈനബ നീ അകത്തേക്ക് കടക്കരുത്’.
പള്ളിയിൽ കടക്കാൻ കാലെടുത്തു വെച്ച ഉടനെ ഞാൻ കേട്ട ശബ്ദം അതായിരുന്നു. പള്ളിയുടെ ഉള്ളിലേക്ക് നോക്കി. ആരെയും കണ്ടില്ല.
‘ഒരു കാര്യം പറയാനാണ് ഞാൻ വന്നത്’. ഞാൻ പറഞ്ഞു.
‘പള്ളിയിൽ സ്ത്രീകൾ നമസ്കരിക്കാൻ പാടില്ലെന്ന് നിനക്കറിയൂലെ ഒഹാബി?’. അകത്ത് നിന്ന് അശരീരി ശബ്ദം.
‘ഞാൻ നിസ്കരിക്കാൻ വന്നതല്ല, നിസ്കരിക്കാൻ സമയമാവുമ്പോൾ ഞാൻ പോയ്ക്കോളാം. അല്ല, ഞാനൊരു സംശയം ചോദിച്ചോട്ടെ?’.
ചോദിച്ചോളൂ എന്നദ്ദേഹം പറഞ്ഞതനുസരിച്ച് ഞാൻ ചോദിച്ചു.
‘ഖുറാനിൽ യാത്രക്കാരായ സ്ത്രീകൾക്ക് പള്ളിയിൽ നിസ്കരിക്കാമെന്നു എവിടെയെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ ബോർഡ് ഇത്ര വർഷമായിട്ടും ഇവിടെ കണ്ടില്ല’. അവിടെകണ്ട ഒരു ബോർഡ് ചൂണ്ടി ഞാൻ ചോദിച്ചു.
‘അതൊന്നും നീ പറയേണ്ട. നീ വന്ന കാര്യം പറഞ്ഞാൽ മതി’. എവിടെയോ നിന്ന് എന്നോട് സംസാരിക്കുന്ന ആ മനുഷ്യൻ പറഞ്ഞു. എന്നിട്ട് തുടർന്നു. ‘ഞാൻ ചോദിക്കുന്നതിന്നു നീ ഉത്തരം പറഞ്ഞാൽ മതി’.
അശരീരി ഇത് പറഞ്ഞപ്പോൾ ഞാൻ ഭവ്യതയോടെ നിന്നു. പള്ളിയിൽ വരാൻ അടുത്ത വീട്ടിലെ സാറത്തായുടെ കയ്യിൽ നിന്നും വാങ്ങി ധരിച്ച പർധ കാറ്റത്ത് ആടാൻ തുടങ്ങി.
‘നിന്നെ ഫോണ്‍ ചെയ്തു, അത് ചെയ്തു എന്നെല്ലാം പറഞ്ഞ് ഒരു പാട് പേർക്കെതിരെ നീ കേസ് കൊടുത്തിട്ടുണ്ടല്ലേ? നീ ഒരു കുറി നടത്തി കോടികൾ പലരിൽ നിന്നും പിരിച്ചു അവർക്ക് കൊടുക്കാതെ പറ്റിച്ചിട്ടുണ്ടല്ലേ? കൂടാതെ പലരേയും ബ്ലാക്ക്‌മെയിൽ ചെയ്തു പണം വാങ്ങിയിട്ടുണ്ടല്ലേ?’. അശരീയുടെ ചോദ്യശരങ്ങൾ.
എല്ലാം ശെരിയാണെന്നും ഇനി അള്ളാഹുവിനെ പേടിച്ചു നന്നായി നടക്കാൻ വേണ്ടിയാണ് പള്ളിയിൽ വന്നതെന്നും ഞാൻ പറഞ്ഞു.
‘അതൊന്നുമല്ല, നീ കുറെനാൾ എല്ലാവരെയും കഷ്ടപ്പെടുത്തി? ഇപ്പോൾ നീയൊരു പ്രശ്നത്തിൽ പെട്ടു അല്ലെ?’. അശരീരി ചോദിച്ചു.
‘ശെരിയാണ് അശരീരി, ഞാൻ ഒരു പാട് തെറ്റ് ചെയ്തു. കുറച്ചു ദിവസം മുമ്പ് ഇങ്ങിനെ ഒരാളെ ഞാൻ ബ്ലാക്ക്‌മെയിൽ ചെയ്തു. അയാൾ എന്റെ പേർക്കൊരു കേസ് കൊടുത്തു. അയാളെ ഞാൻ അയാളുടെ ഓഫീസിൽ പോയി സർക്കാർ രേഖകൾ നശിപ്പിച്ചെന്നും ഔദ്യോഗീകപ്രവർത്തനം തടസ്സപ്പെടുത്തിയെന്നും ആണ് കേസ്’. പ്രശ്നം പറഞ്ഞു.
‘പൊട്ടനെ ചൊട്ടൻ ചതിച്ചാൽ ചൊട്ടനെ ദൈവം ചതിക്കും എന്നത് എത്ര ശെരിയാണ്’. അത് പറഞ്ഞ് ആ അശരീരി കൂട്ടി ചേർത്തു. ‘നീ മാധ്യമങ്ങളിലൂടെ വിളിച്ചു പറഞ്ഞിരുന്ന കാര്യങ്ങൾ ബസ് സ്റ്റാന്റിന്റെയും റെയിൽവേ സ്റ്റെഷന്റെയും പിന്നിൽ രാത്രിയിൽ നടന്നു മോശമായ രീതിയിൽ ശരീരം വിറ്റ് പണം വാങ്ങി കുട്ടികൾക്ക് കഞ്ഞി കൊടുക്കുന്ന സ്ത്രീകൾ പോലും ഇത് പോലെ വിളിച്ചു പറയില്ല. അവരെ വേശ്യ എന്ന് വിളിക്കുന്നത് അവർക്ക് ഇഷ്ടപ്പെടില്ല. പക്ഷെ, സൈനബ നീയും വേശ്യയാണ്. റോയൽ വേശ്യ’.
അശരീരി പറഞ്ഞത് ശെരിയാണ്.
ആദ്യമായി തട്ടം ഇട്ടത് കൊണ്ടാവണം,അത് കാറ്റിൽ ഇളകി പോയി. ഞാനത് ശെരിക്കെടുത്തിട്ടു.
‘ഞാനാകെ പെട്ടിരിക്കുകയാണ്. അശരീരി എന്നെ രക്ഷപ്പെടുത്തണം. എത്ര പൈസ വേണമെങ്കിലും പള്ളിക്കും കുറച്ചു അശരീരിക്കും തരാം’.
എന്റെ വിഷമം ഞാൻ വീണ്ടും പറഞ്ഞു.
എന്താ, തെറ്റ് ചെയ്തിട്ട് പണം കൊടുത്താൽ ദൈവം പൊറുക്കുമോ എന്ന അശരീരിയുടെ ചോദ്യം.
നിസ്കാരത്തിന്നുള്ള സമയമായി. വാങ്ക് കൊടുത്തു. ഞാൻ മദ്രസയുടെ പിന്നിലേക്ക് പോയി. അവിടെ വേറെയും സ്ത്രീകൾ ഉണ്ടായിരുന്നു. അസുഖത്തിന്ന് മന്തിരിച്ചൂതാൻ, ദുഅ ഇരക്കാൻ തുടങ്ങിയവയ്ക്ക് വന്നവരും അക്കൂട്ടത്തിലുണ്ട്.
നിസ്കാരം കഴിഞ്ഞു എല്ലാവരും പോയപ്പോൾ ഞാൻ വീണ്ടും പള്ളിയിലേക്ക് പോയി.
‘സൈനബാ നീ പോയില്ലേ?’. അശരീരി എന്നെ വീണ്ടും കണ്ടപ്പോൾ ചോദിച്ചു.
എന്റെ പ്രശ്നത്തിന്നൊരു പരിഹാരം അറിഞ്ഞിട്ട് പോകാമെന്ന് കരുതിയാണ് ഞാൻ രണ്ടാമതും വന്നതെന്ന് പറഞ്ഞു. എനിക്ക് ആ അശരീരിയെ കണ്ടാൽ കൊള്ളാമേന്നുണ്ട്. കാണാൻ കഴിയുന്നില്ല. ഭയം എനിക്ക് കുറേശെ വന്നുതുടങ്ങി. മുസലിയാരെയും കാണാനില്ല. ഞാൻ പള്ളിയുടെ പുറത്തുള്ള റോഡിലേക്ക് നോക്കി. അവിടെ പല ഗ്രൂപ്പുകളുടേയും ഒരുപാട് ബോർഡുകൾ. പള്ളിയുടെ ഉള്ളിൽ മിമ്പറിന്റെ രണ്ടു ഭാഗത്തായി രണ്ടു ക്ലോക്കുകൾ. രണ്ടിലും ഒരേ സമയം. പിന്നെയെന്തിനാണ് രണ്ടു ക്ലോക്കുകൾ?
‘സൈനബാ, നീ ഗൾഫിൽ ആയിരുന്നെങ്കിൽ ഇതിനകം വധശിക്ഷതന്നെ ലഭിച്ചേനെ. ഇവിടെയായത് നന്നായി. എല്ലാത്തിന്നും ജാതി കാണുന്ന നിന്റെ കാര്യം വന്നപ്പോൾ ജാതിസംഘടനകളും മഹിളാസംഘടനകളും ഒന്നും രംഗത്ത് വന്നില്ല അല്ലെ?’
എനിക്കാകെ ഭയമായി. ദൈവത്തിന്റെ കോടതിയിൽ ഞാൻ കുറ്റക്കാരിയാണല്ലോ എന്ന ഭയം.
‘എന്നെ രക്ഷിക്കൂ രക്ഷിക്കൂ അശരീരി’. ഞാൻ ഉറക്കെ കരയാൻ തുടങ്ങി.
‘ഇക്കയെന്താണ് രക്ഷിക്കാൻ പറയുന്നത്?’ എന്റെ ഭാര്യയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ സ്വപ്നം കണ്ടതാണെന്ന വിവരം പറഞ്ഞു. ആ സ്വപ്നം എന്താണെന്ന് കേൾക്കെണമെന്ന അവളുടെ ആഗ്രഹം ഞാൻ നിറവേറ്റി. ഇത് കൊള്ളാമല്ലോ ഇതൊരു കഥയാക്കി എഴുതിക്കൂടെയെന്ന അവളുടെ ആഗ്രഹം എനിക്കിഷ്ടപ്പെട്ടു. ‘ഇക്കാടെ എല്ലാ കഥകളുടേയും പേരിന്റെ അവസാനം ‘അം’ എന്നാണല്ലോ. ഈ കഥയ്ക്ക് മാപ്പർഹിക്കാത്ത കുറ്റം എന്ന് പേരിട്ടാൽ മതി’.
അവൾക്കും സാഹിത്യവാസനയൊക്കെയായല്ലോ എന്ന് ഞാനാലോചിച്ചു. അല്ലെങ്കിലും മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിന്നുമുണ്ടാ സൌരഭ്യം എന്നാണല്ലോ.
ഇനി ഈ സ്വപ്നം ഒരു കഥയായി എഴുതണം. അവൾ നിർദേശിച്ച പേരും കൊടുക്കണം.
—————————————————-
മേമ്പൊടി:
1. താൻതാൻ ചെയ്തോരബദ്ധം താൻതാനനുഭവിച്ചെ തീരൂ
2. ഇല മുള്ളിന്മേൽ വീണാലും മുള്ള് ഇലയിൽ വീണാലും കേടു മുള്ളിന്നാണ്
3. നാണം കെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടാപണം തീർത്തുകൊള്ളും