രാജി കൃഷ്ണകുമാര്‍
സൈന്ധവ ഹൃദയത്തിൽ
പുഴുക്കുത്തുകൾ പടരവേ
നെടുവീർപ്പിലമരുന്നു
ഞാനുമെൻ പ്രണയവും
അന്ധകാരത്തിന്റെ നാട്ടിൽനിന്നും
വന്ന വെളുത്ത നരഭോജികൾ ചിരിക്കുന്നു
ഉലയിൽ ഉരുക്കി പതം വരുത്തുന്നു
ചിന്തകൾക്കണിയിക്കാനൊരു കറുത്ത ചങ്ങല
യമുനയിൽ ചിതറിയ
പ്രണയോപഹാരത്തിന്
വെണ്ണക്കൽച്ചീളുകൾ.
തകർന്ന സ്തംഭത്തിൽ
നിന്നടർന്നുവീണ ചക്രത്തിലൊ-
രരചന്റെ കണ്ണുനീർ
തിലോദകം കിട്ടാതെ
ഗംഗയിലൂടൊഴുകുന്ന
കറുത്ത കബന്ധങ്ങളിലൊന്നിലൊരു
വിപ്ലവ കവിത തുടിക്കുന്നു
ഏതോ ബോധിമരച്ചുവട്ടി
ലലയുന്നെന്നാത്മാവതു കേട്ട്
കോരിത്തരിക്കുന്നു
ഞാൻ സ്വയം രക്തസാക്ഷി!