Friday, May 23, 2025
HomeKeralaസോജാ... രാജകുമാരി…

സോജാ… രാജകുമാരി…

ശ്രീകുമാര് ഭാസ്കരൻ  .

ശാന്തി. അതായിരുന്നു അവരുടെ പേര്. നേപ്പാളി. അതിസുന്ദരി. ചില കലണ്ടറുകളിൽ കാണുന്ന ചൈനീസ് സുന്ദരിമാരെ വെല്ലുന്നസൗന്ദര്യം.
ഞങ്ങൾ താമസിച്ചിരുന്ന വീടിൻറെ ഒരുമുറി അവർക്ക് കൊടുത്തിരിക്കുകയായിരുന്നു. ഒരു മുറി എങ്കിലും അല്പം വലുത്. അതിൽ ചെറുതല്ലാത്ത ഒരു കുടുംബം. ശാന്തി, അവരുടെ അമ്മായിയമ്മ, ഭർത്താവ്, പിന്നെ രണ്ടു കുട്ടികൾ, സോനു, മോനു.
ശാന്തിയുടെ പ്രായം എത്രയെന്ന് അറിയില്ല. എങ്കിലും യൗവനം തുടിച്ചുനിന്നു. പേരുപോലെ തന്നെ ശാന്തസുന്ദരമായ സ്വഭാവം. ജീവിതസാഹചര്യങ്ങൾ ഏറെക്കുറെ ദരിദ്രം ആയിരുന്നു എങ്കിലും അതിൽ അവർക്ക് അലോസരമുള്ളതായി തോന്നിയില്ല ഒരിക്കലും. ഭർത്താവ് ബഹാദൂർ സെക്യൂരിറ്റിയായി ജോലി ചെയ്തുവരുന്നു. മുഴുക്കുടിയൻ. കുടുംബം എന്ന സങ്കല്പം അയാൾക്കുള്ളതായി തോന്നിയില്ല.
ശാന്തി നേപ്പാളിലെ ഒരു ധനിക കുടുംബാംഗമായിരുന്നു. വിവാഹം കഴിച്ച് എത്തിയതാണ് കാൺപൂരിൽ. ബഹാദൂർ വിവാഹം കഴിച്ചു എന്ന് പറയുന്നതിലും ഭേദം ബഹാദൂറിനെ വിവാഹം കഴിച്ചു എന്നു പറയുന്നതാണ് ഉചിതം. അതായിരുന്നു ആ കുടുംബത്തിൽ ബഹാദൂറിന്റെ റോൾ. ഞങ്ങൾ തൊട്ടിപ്പുറത്ത് താമസിച്ചിട്ടും അയാളെ വളരെ അപൂർവ്വമായി മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ.
ഞാൻ അവിടെ എത്തുമ്പോൾ ആ വീടിൻറെ മുറ്റത്തുള്ള ചെറിയ മരത്തിൻറെ തണലിൽ കിടപ്പിലായ ഒരു വൃദ്ധൻ ഉണ്ടായിരുന്നു. ബഹാദൂറിന്റെ അച്ഛൻ. അമ്മ വളരെ കാര്യപ്രാപ്തിയുള്ള ഒരു സ്ത്രീയായിരുന്നു. ബഹാദൂറിന്റെ അച്ഛൻ മിലിട്ടറിയിലെ ഒരു ക്ലർക്ക് ആയിരുന്നു. നല്ല ശമ്പളം. പ്രൗഢമായ ജീവിതം. അദ്ദേഹത്തിൻറെ ഒരേയൊരു മകൻ ബഹാദൂർ. ധൂർത്തുപുത്രൻ. അവനെ നന്നാക്കാൻ ആണ് ചെറുപ്പത്തിലെ വിവാഹം കഴിപ്പിച്ചത്. ബഹാദൂർ പത്താംതരം ജയിച്ചിട്ടില്ല. ജയിച്ചിരുന്നെങ്കിൽ അവന് മിലിട്ടറിയിൽ മാന്യമായ ഒരു ജോലി തരപ്പെടുത്തി കൊടുക്കാൻ ആ വൃദ്ധന് കഴിയുമായിരുന്നു. പക്ഷേ ബഹാദൂർ ഒരിക്കലും പത്താംതരം കടന്നു കൂടിയില്ല.
ചെറുപ്പത്തിലെ കുടി തുടങ്ങി. പിന്നെ ചീട്ടുകളി, വാതു വെപ്പ്, അങ്ങനെ പോയി അവൻറെ ജീവിതം. അതിനുപരിഹാരം ആയിട്ടാണ് ശാന്തിയുമായുള്ള വിവാഹം നടത്തിയത്. വിവാഹ ശേഷവും ബഹാദൂർ പത്താംതരം എഴുതി. പക്ഷേ തോറ്റു പല പ്രാവശ്യം. അതോടെ ആ പണി നിർത്തി സെക്യൂരിറ്റി ആയി.
നേപ്പാളിലെ ഒരു ആഭിജാത്യ സമ്പന്നകുടുംബത്തിൽ രാജകീയമായാണ് ശാന്തി വളർന്നത്. സ്ത്രീകൾ പുറത്തുപോയി പഠിക്കുന്ന ശീലം ഇല്ലാത്തതുകൊണ്ട് അവർക്ക് വേണ്ടത്ര വിദ്യാഭ്യാസം കിട്ടിയിട്ടില്ല. ബഹാദൂറിന്റെ വിവാഹാലോചന വരുമ്പോൾ അവർ വളരെ ചെറുപ്പമായിരുന്നു. എങ്കിലും വിവാഹം നടന്നു. കാരണം ബഹാദൂര്‍ അന്ന് നല്ല സുന്ദരനായിരുന്നു. അതിലുപരി ബഹാദൂറിന്റെ അച്ഛൻ ഇന്ത്യൻ മിലിട്ടറി ഉദ്യോഗസ്ഥനും. നല്ല ധനികനും ആയിരുന്നു. അതുകൊണ്ട് വിവാഹം നടന്നു. ശാന്തിയുടെ ജീവിതം അതോടെ കാൺപൂരിലായി.
വിവാഹശേഷം മാത്രമാണ് ബഹാദൂറിന്റെ മദ്യപാനശീലം ശാന്തി അറിഞ്ഞത്. അവന്റെ അച്ഛൻ റിട്ടയർ ആവുന്നത് വരെ അവർ സാമാന്യം വലിയ ഒരുവീട് എടുത്ത് താമസിച്ചുപോന്നു. ആ കാലഘട്ടത്തിൽ ആ മനുഷ്യനെ ആശ്രയിച്ച് ജീവിച്ചിരുന്ന ശ്രീവാസ്തവയുടെ വീട്ടിലെ ഒരു ചെറിയ മുറിയിൽ ആ മനുഷ്യന് അദ്ദേഹത്തിന്റെ അവസാനകാലം കഴിയേണ്ടിവന്നു. കാലത്തിൻറെ ഓരോ കാവ്യനീതികളെ. അല്ലാതെന്തു പറയാന്‍.
യാഥാർത്ഥ്യത്തിന്റെ കറുത്തമുഖം അനാവരണം ചെയ്യപ്പെട്ടപ്പോഴും ശാന്തി പതറിയില്ല. ആ കുടുംബത്തെ കൈവിട്ടില്ല. പിന്നീട് ഒരിക്കലും അവർ നേപ്പാളിലെ തൻറെ കുടുംബത്തെ കാണാൻ പോയില്ല. ആരെയും ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തിയുമില്ല. അവരുടെ ഇല്ലായ്മ ആരെയും അറിയിച്ചില്ല. ഇതിന്റെ ഇടയിൽ രണ്ട് കുട്ടികളായി. ഒപ്പം ബഹാദൂറിന്റെ കുടി കൂടി.
ചില സമയങ്ങളിൽ ബഹാദൂറിനെ അവൻറെ അമ്മ ശാരീരികമായി കൈകാര്യം ചെയ്ത നന്നാക്കാൻ ശ്രമിക്കുമായിരുന്നു. അതിൻറെ ഫലമായി അവൻ വീട്ടിലേക്കുള്ള വരവ് കുറച്ചു. വൈകിട്ട് സെക്യൂരിറ്റിപ്പണി കഴിഞ്ഞ് കുടിച്ച് എവിടെയെങ്കിലും കിടക്കും. ബഹാദൂറിന്റെ അച്ഛൻറെ അവസ്ഥ നാള്‍ക്കുനാൾ മോശമായി വന്നു. എങ്കിലും അയാളെ ഭാര്യയും മരുമകൾ ശാന്തിയും കാര്യമായി പരിചരിച്ചു. അയാളുടെ പെൻഷൻ ഒന്നിനും തികയുമായിരുന്നില്ല.
ഒരു മഞ്ഞകാല അവധി കഴിഞ്ഞ് ഞാൻ നാട്ടിൽ നിന്നും തിരിച്ച് കാൺപൂരിൽ ചെല്ലുമ്പോൾ അയാൾ കിടന്നിരുന്ന കട്ടിൽ ഒഴിഞ്ഞു കിടന്നിരുന്നു. മഞ്ഞുകാലത്ത് അയാൾ മരിച്ചു. അൽപകാലം ശാന്തിയുടെ അമ്മായിയമ്മ ദുഃഖിതയായിട്ട് നടന്നു. ഇടയ്ക്ക് അവർ നന്നായി മദ്യപിച്ച് ഉറക്കെ ഹിന്ദി പാട്ട് പാടും. എങ്കിലും അവർക്ക് ശാന്തിയെ വലിയ ഇഷ്ടമായിരുന്നു. പിന്നെ ആ രണ്ടു കുട്ടികളെയും. സോനുവും മോനവും.
ഒരു ദിവസം ബഹാദൂർ വീട്ടിൽ വന്നപ്പോൾ കൂടെ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. നേപ്പാളി. പീലു. അയാളും സെക്യൂരിറ്റി ആയിരുന്നു. ചെറുപ്പം. സുമുഖൻ. നല്ല പെരുമാറ്റം. വളരെ പെട്ടെന്ന് പീലു ആ വീടിൻറെ ഭാഗമായി. അയാള്‍ പിന്നെ സ്ഥിരമായി അവിടെ എത്തിത്തുടങ്ങി. ശാന്തിയുടെ അമ്മായിയമ്മയ്ക്ക് മുറുക്കാൻ വാങ്ങിക്കൊടുക്കും. അങ്ങനെ ആ സ്ത്രീ നിരന്തരം മുറുക്കിത്തുടങ്ങി. ശാന്തിയെ പീലു ‘ഭാബി’ എന്ന് വിളിച്ചു. ഒരു അനുജന്റെ സ്ഥാനം.
കോളേജിൽ നിന്നും ഞാനും ശ്രീജിത്തും വരുമ്പോൾ പല വൈകുന്നേരങ്ങളിലും ബഹാദൂറിന്റെ അമ്മയുമായി സംസാരിച്ചുകൊണ്ട് പീലുവും ആ കയറ്റുകട്ടിലിൽ ഉണ്ടാകും. ഞങ്ങൾ മുറിയിലേക്ക് കയറുന്നതിനു മുമ്പ് ശ്രീജിത്ത് അവനെ രൂക്ഷമായി ഒന്ന് നോക്കും. ശ്രീജിത്തിനോട് ശാന്തി പലപ്പോഴും സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിനു രണ്ടാണ് കാരണം. ഒന്ന് അവന് ഹിന്ദി വഴങ്ങും. രണ്ട് മനുഷ്യത്വപരമായി ആളുകളോട് ഇടപെടും. ഇത് രണ്ടും എനിക്ക് അന്യമായിരുന്നു. അതുകൊണ്ട് ശാന്തി കുടുംബത്തോട് ഞാൻ അകന്നുനിന്നു.
ചില അവസരങ്ങളിൽ വീടിൻറെ പിന്നിലുള്ള ബോർവെല്ലിൽ നിന്നും വെള്ളം എടുക്കാൻ വരുന്ന ശാന്തി എന്നെ നോക്കി സൗഹാർദ്ദപരമായി ചിരിക്കാറുണ്ട്. പക്ഷേ പലപ്പോഴും ഞാൻ അത് കണ്ടതായി ഭാവിച്ചില്ല. അല്പം മൂരാച്ചി സ്വഭാവമായിരുന്നു എന്റേത്.
ഞാൻ അവിടെ ചെന്നതിനുശേഷം കൈകൊണ്ട ഒരു നടപടി ശാന്തി കുടുംബത്തിന് സഹായകരമായിരുന്നു. പ്രത്യേകിച്ചും ശാന്തിക്ക്. അത് പുറത്തുള്ള കക്കൂസും കുളിമുറിയും ഉപയോഗിക്കുവാനുള്ള അനുവാദം ആയിരുന്നു. അതുവരെ ഞങ്ങൾ വി. ഐ. പി.കൾ മാത്രമാണ് കക്കൂസും കുളിമുറിയും ഉപയോഗിച്ചിരുന്നത്. വീട്ടുടമ അത് ഞങ്ങള്‍ക്കാണ് റിസർവ് ചെയ്തിരുന്നത്. ഞങ്ങൾ പി. ജി. വിദ്യാർത്ഥികൾ ആണല്ലോ. വി. ഐ. പി.കൾ. അതുകൊണ്ട് ജനം ഉണരുന്നതിന് മുമ്പ് അല്പം അകലെയുള്ള പറമ്പിനെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു ശാന്തിയുടേത്. ഇത് ബുദ്ധിമുട്ടാകുന്നത് തണുപ്പുകാലത്തിന്റെ മൂർദ്ധന്യതയിലാണ്. ആ പ്രശ്നം പരിഹരിച്ചുകൊണ്ട് അവർക്ക് ഞങ്ങൾ ഉപയോഗിക്കുന്ന കക്കൂസ് ഉപയോഗിക്കാനുള്ള അനുവാദം ഞാൻ കൊടുത്തു. അതിനോട് എൻറെ കൂട്ടുകാരും സര്‍വ്വാത്മനാ സഹകരിച്ചു.
സോനുവിനെ ഒന്നാം ക്ലാസിൽ ചേർത്തിട്ട് ആ സന്തോഷം ശ്രീജിത്തിനോട് പങ്കുവെക്കുന്ന ശാന്തിയെ പിന്നീട് പലദിവസവും ഞാൻ കണ്ടിരുന്നു. ശ്രീജിത്തിന്റെ മനസ്സിൽ എവിടെയോ ചില കുറിഞ്ഞിപ്പൂക്കൾ പൂത്തുതുടങ്ങി. അതൊരു പരിധിവരെ എനിക്കും ഗുണകരമായി. ചിലപ്പോൾ അപ്രതീക്ഷിതമായി അടുക്കളയിലെ സാധനങ്ങൾ തീരുമ്പോൾ അത് വാങ്ങിക്കൊണ്ടു വരാൻ ശ്രീജിത്തിനോട് പറഞ്ഞാൽ അവൻ പെട്ടെന്ന് ചൂടാകും. പറയാവുന്ന ചീത്ത എല്ലാം പറയും. പിന്നെ സാധനങ്ങൾ വാങ്ങി വരാറുള്ളൂ. പക്ഷേ സമീപകാലങ്ങളിലായി എന്നു പറഞ്ഞാൽ ശാന്തിസമ്പർക്കം അല്പം പച്ചപിടിച്ചതിനുശേഷം അവൻറെ സ്വഭാവത്തിൽ കാര്യമായ മാറ്റമുണ്ട്. ചീത്തവിളി ഇല്ല. മാത്രമല്ല എന്തെങ്കിലും വാങ്ങി വരണോ എന്ന് ഇങ്ങോട്ട് ചോദിക്കുവാനും തുടങ്ങി. കാരണം വ്യക്തം. സാധനം വാങ്ങാൻ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് ശാന്തിയുടെ മുറിക്ക് മുന്നിലൂടെയാണ്. അവൻ ഹാപ്പി. ഞാന്‍ ഹാപ്പി. സർവ്വം ആനന്ദമയം.
ആ സാഹചര്യത്തിലാണ് പീലുവിന്റെ രംഗപ്രവേശം. അത് ഒരു അപശകുനമായി ശ്രീജിത്തിന്. പീലു ശാന്തിഭാബിയോട് വല്ലാത്ത അടുപ്പം കാണിക്കുന്നുണ്ട്. ഒരു കാര്യവും ഇല്ലെങ്കിലും. പീലു നല്ല ഒരു സഹോദരന് തുല്യമായി ശാന്തിയോട് ആധികാരികമായി ഇടപെട്ടു തുടങ്ങി. ശാന്തി കുടുംബം അതായത് ശാന്തിയും അമ്മായിയമ്മയും അത് അംഗീകരിച്ചു തുടങ്ങി.
പതിവുപോലെ ബഹാദൂർ വല്ലപ്പോഴും മാത്രം അവിടെ വന്നു പോകും. അവൻ വരുന്നത് നമുക്കറിയാം. അവൻറെ അമ്മ അവനെ ഹിന്ദിയിൽ കണ്ണുപൊട്ടുന്ന തെറി വിളിക്കും. അതും പരമാവധി ഒച്ച വച്ച്. തെറിവിളിയുടെ മൂർദ്ധന്യതയിൽ അവൻ മുങ്ങും. കാരണം അവൻ വരുന്നത് അമ്മയ്ക്ക് കിട്ടിക്കൊണ്ടിരുന്ന അച്ഛൻറെ പെൻഷൻ കാശ് വാങ്ങാനാണ്. ഒരിക്കൽപോലും അവന് ഒരു രൂപ പോലും കൊടുക്കാൻ അവൻറെ അമ്മ തയ്യാറായില്ല. എന്നിട്ടും അവൻ ആ കാശിനുവേണ്ടി നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. അധ്വാനശീലന്‍.
ശാന്തി മുൻകൈയെടുത്താണ് സോനുവിനെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തത്. അതിൻറെ ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു കൊടുത്തത് ശ്രീജിത്ത് ആയിരുന്നു. അന്ന് പതിവിനു വിപരീതമായി അവൻ എനിക്ക് ചായയും സമൂസയും വാങ്ങിത്തന്നു. അവൻ ആകെ പൂത്തുലഞ്ഞു തുടങ്ങി.
“ശാന്തി നേപ്പാളിൽ ഒരു രാജകുടുംബത്തെപ്പോലെ ജീവിച്ചതാണ്.” ഒരിക്കൽ ശ്രീജിത്ത് പറഞ്ഞു. ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു.
“ഇപ്പോഴത്തെ നേപ്പാള്‍ രാജാവിൻറെ ആരായിട്ടുവരും.” ഞാൻ ചോദിച്ചു.
അവൻ എന്നെ രൂക്ഷമായി നോക്കി. “അല്ലെങ്കിലും ഇതൊക്കെ നിന്നോട് പറഞ്ഞിട്ടെന്തു കാര്യം. പോത്തിനറിയാമോ ഏത്തയ്ക്കാ അപ്പത്തിന്റെ രുചി.” അവൻ പിണങ്ങി.
പിന്നെ കാര്യത്തിനും കാര്യമില്ലാതെയും ശ്രീജിത്ത് ശാന്തിയോട് സംസാരിക്കാൻ സമയം കണ്ടെത്തി. കോളേജിൽ പോക്ക് കുറഞ്ഞു. അല്പം കലാബോധം കാണിച്ചു തുടങ്ങി. കാരണം സിനിമ കാണാൻ താല്പര്യപ്പെട്ടു തുടങ്ങി എന്നർത്ഥം.
മുമ്പ് സിനിമ കാണൽ ഒരു സബ് സ്റ്റാന്‍ഡേർഡ് പരിപാടിയായിരുന്നു അവന്. എനിക്ക് നേരെ തിരിച്ചും. അന്ന് ഒരു സിനിമ കാണാമെന്ന് അവൻ പറഞ്ഞു. ഞങ്ങൾ താമസിക്കുന്നിടത്തുനിന്നും ഏറ്റവും അടുത്ത തീയേറ്റർ അഞ്ചു കിലോമീറ്റർ അകലെയാണ്. ടിക്കറ്റിന്റെ പൈസ ഒക്കെ അവൻ തരും. ഞങ്ങളുടെ വേള്‍ഡ്ബാങ്ക് ആയിരുന്നല്ലോ അവന്‍. ഒറ്റക്കാര്യമേയുള്ളു, ഞാൻ നേരത്തെ പോയി ക്യൂനിന്ന് ഇടികൊണ്ട് ടിക്കറ്റ് എടുക്കണം.
അവൻ പൈസ തന്നിട്ട് “കീയാൻ” പറഞ്ഞു. എനിക്ക് മനസ്സിലായില്ല.
“കീഞ്ഞുപാഞ്ഞു പോടാ.” അവൻ അലറി. എനിക്ക് അതും മനസ്സിലായില്ല.
“പെട്ടെന്ന് പോയി ടിക്കറ്റ് എടുക്കടാ പോത്തെ” അത് എനിക്ക് മനസ്സിലായി.
പിന്നീട് കണ്ണൂരുകാരുടെ പല പ്രാദേശിക പ്രയോഗങ്ങളും അവൻ എന്നെ പരിചയപ്പെടുത്തി. ഞാൻ അത്ഭുതപ്പെട്ടു. ഇത് മലയാളം തന്നെയൊ.
പീലുവിന് ശാന്തിസഹവാസം കൂടിക്കൂടി വന്നു. ഒരിക്കൽ അവൻ ഒരു ചുവന്ന സാരി ശാന്തിക്ക് വാങ്ങിക്കൊടുത്തു. ഭാബിക്കുള്ള സമ്മാനം. ശാന്തി അത് ഏതെങ്കിലും വിശേഷദിവസം ധരിക്കാൻ മാറ്റിവെച്ചു.
പീലു അങ്ങനെ കുടുംബത്തിൻറെ അഭിഭാജ്യഘടകമായി. സ്ഥിരമായി അമ്മായിയമ്മയ്ക്ക് മുറുക്കാൻ വാങ്ങിക്കൊടുക്കും. പലപ്പോഴും സോനുവിനെയും മോനുവിനെയും കൊണ്ട് പുറത്തേക്കുള്ള ലഘുകറക്കം. അങ്ങനെ പീലു അവിടെ കൊഴുത്തു വന്നു. ബഹാദൂർ പതിവുപോലെ ഇടയ്ക്ക് വരും. അമ്മയുടെ ചീത്ത വിളി കേട്ട് മടങ്ങിപ്പോകും. ചില അവസരങ്ങളിൽ അമ്മായിയമ്മയ്ക്ക് പണം കൊടുത്തും പീലു സഹായിച്ചു.
ഞങ്ങളുടെ വീടിനു മുന്നിൽ ഒരു നല്ല ഒരു മുറ്റം ഉണ്ടായിരുന്നു. അത് കഴിഞ്ഞാൽ റെയിൽവേ ട്രാക്ക്. രണ്ട് ട്രാക്ക് ആണുള്ളത്. മുറ്റവും റെയിൽവേ ട്രാക്കും ഏതാണ്ട് നിരന്നാണ് കിടന്നിരുന്നത്. അരമണിക്കൂർ ഇടവിട്ട് ട്രെയിൻ പാഞ്ഞു പോകും. മിക്കവാറും കൽക്കരിവണ്ടി. രാത്രി അവസാന വണ്ടി പതിനോന്നുമാനിക്ക്. അത് ഡീസൽ എൻജിനാണ്. അത് വേഗം കടന്നുപോകും. അതുകൊണ്ട് ഉറക്കം തടസ്സപ്പെടുമായിരുന്നില്ല.
വീടിൻറെ മുന്നിലെ ഭിത്തിയിൽ ഒരു ഹോൾഡറും ബൾബും ഉണ്ടായിരുന്നു. അത് രാത്രി മൊത്തം കത്തിക്കിടക്കും. രാത്രിയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള നടപ്പാതയിലൂടെ പോകുന്ന നാട്ടുകാർക്ക് സൗകര്യം ആവട്ടെ എന്ന് കരുതി കത്തിച്ച് ഇടുന്നതാണ്. ആ ലൈറ്റിന്റെ പ്രകാശത്തിൽ കയറ്റുകട്ടിലിൽ ശാന്തിയുടെ അമമായിയമ്മ ഉറങ്ങും. മുറ്റത്ത്. ശാന്തിയും കുട്ടികളും അകത്തും.
ഒരു ദിവസം വൈകിട്ട് ഞങ്ങള്‍ കോളേജിൽ നിന്ന് വരുമ്പോൾ ബൾബ് നിലത്ത് തവിടുപൊടിയായി കിടക്കുന്നു. സാമ്പത്തിക പരാധീനത കൊണ്ട് ബൾബ് ഉടനെ മാറ്റിയിടാന്‍ പോയില്ല. മാത്രമല്ല ഹോൾഡർ ആരോ കല്ലുകൊണ്ട് ഇടിച്ചു വച്ചിരിക്കുന്നു. ഇനിയും ബൾബ് ഇടണമെങ്കിൽ പുതിയ ഹോൾഡർ ഫിറ്റ് ചെയ്യണം. അതുകൊണ്ട് പിന്നീടുള്ള ചില ദിവസങ്ങളിൽ മുറ്റം ഇരുട്ടിലായി.
അന്ന് ശനിയാഴ്ച ആയിരുന്നു. ഞാൻ അകത്ത് പാചകത്തിന്‍റെ തിരക്കിലും. ഞാനാണ് ആ വീട്ടിലെ പ്രധാന പാചകക്കാരൻ. അത്യാവശ്യം എന്തെങ്കിലും വെക്കാൻ അറിയുന്ന ഒരേയൊരു വ്യക്തി ഞാനായിരുന്നു എന്നതാണ് കാരണം. ശ്രീജിത്ത് പിന്നിലു ള്ള സിമൻറ് ബെഞ്ചിൽ വായനയിൽ ആയിരുന്നു. അവിടെയാണ് ബോർവെൽ ഉള്ളത്. വല്ലപ്പോഴും ശാന്തി വെള്ളമെടുക്കാൻ അവിടെ വരാറുണ്ട്. ആ സമയത്ത് ദർശനത്തിനു വേണ്ടിയാണ് ശ്രീജിത്ത് ബോർവെല്ലിന്റെ സമീപത്തെ സിമൻറ് ബെഞ്ചിലിരുന്ന് പഠിക്കുന്നത്.
സന്ധ്യാസമയം. പെട്ടെന്ന് മുന്നിലെ കതകില്‍ എന്തോ വന്നിടിച്ചു വീഴുന്ന പോലെ ഒരു ശബ്ദം. കതവ് സാധാരണ അകത്തുനിന്ന് അടച്ച് കുറ്റിയിട്ടിരിക്കും. ഇല്ലെങ്കിൽ തെരുവ് പട്ടികൾക്ക് കേറി വരും. ഞാനും ശ്രീജിത്തും പെട്ടെന്ന് ഓടി ചെന്ന് കതകു തുറന്നു. തുറന്നപാടെ ഒരു മാംസപിണ്ഡം പോലെ ശാന്തി അകത്തേക്ക് വീണു. മുഖം ആകെ മഞ്ഞളിച്ചു കണ്ണുകൾ തുറിച്ച്.വല്ലാത്ത അവസ്ഥ. ഞാന്‍ പെട്ടെന്ന് പുറത്തേക്കിറങ്ങി നോക്കി. ഒരാൾ പുറത്തെ മരത്തിന് പിന്നിലൂടെ ഓടിമറയുന്നു. രൂപം മഞ്ഞിൽ അവ്യക്തമായിരുന്നു. ശാന്തിയുടെ കുട്ടികളുമായി അമ്മായിയമ്മ കടയിൽ പോയിരിക്കുകയായിരുന്നു.
ശ്രീജിത്ത് പെട്ടെന്ന് വെള്ളം കൊണ്ടുവന്ന് ശാന്തിയുടെ മുഖത്ത് തളിച്ചു. ശാന്തി എണീറ്റിരുന്നു. പുറത്തേക്ക് മിഴിച്ചു നോക്കി. ഒന്നും പറഞ്ഞില്ല. അല്‍പസമയം കഴിഞ്ഞ് ശാന്തി എണീറ്റ് പതുക്കെ മരച്ചുവട്ടിലെ കയറ്റു കട്ടിലില്‍ പോയിരുന്നു. അല്പം കഴിഞ്ഞ് ശാന്തി മുറിക്കകത്തേക്ക് പോയി. തിരികെ വന്നത് ആ പുത്തൻ ചുവന്ന സാരിയുമായാണ്. പീലു വാങ്ങിക്കൊടുത്ത സാരീ. ശാന്തി അത് മരച്ചുവട്ടിലിട്ട് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. പിന്നെ കയറ്റുകട്ടിലിൽ ഇരുട്ടിലേക്ക് നോക്കിയിരുന്നു.
ശ്രീജിത്ത് ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി. തിരിച്ചു വന്നത് കുറെ വയറും ഒരു ഹോള്‍ഡറും ഒരു ബൾബും ആയിട്ടാണ്. അവന്‍ വീടിന്‍റെ പിന്നിൽ നിന്ന പേരമരത്തിന്റെ നീളമുള്ള ഒരു കമ്പ് വെട്ടി ചെത്തി കൂർപ്പിച്ച് മുന്നിലെ മുറ്റത്തിന് നടുക്ക് നാട്ടി. അതിൽ ബൾബ് ഇട്ടു. അങ്ങനെ മുറ്റം വെളിച്ചത്തിൽ മുങ്ങി.
രാത്രി അത്താഴം കഴിഞ്ഞ് ഞങ്ങൾ പതിവുപോലെ ടെറസിൽ കയറി. പതിവിന് വിപരീതമായി ശാന്തിയും കുട്ടികളും അകത്ത് നേരത്തെ കിടന്നു. പുറത്ത് മരച്ചുവട്ടിൽ കയറ്റുകട്ടിലില്‍ അമ്മായിയമ്മ.
കത്തിയ സാരിയിൽ നിന്നും അപ്പോഴും നേർത്ത പുക ഉയരുന്നുണ്ടായിരുന്നു. ശ്രീജിത്ത്‌ മുകളിൽ നിന്ന് മുറ്റത്തേക്ക് നോക്കി. പിന്നെ മൂളി. ആ പഴയ ഹിന്ദി ഗാനം. ‘സോജാ….. രാജകുമാരി…. സോജാ.’
പിന്നീട് ഒരിക്കലും പീലുവിനെ ആ വീടിൻറെ പരിസരത്ത് ഞങ്ങൾ കണ്ടിട്ടില്ല.
*

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments