ഞെട്ടിത്തിരിഞ്ഞു നോക്കി. ടിവിയിലാണ്.. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമ. ശ്രദ്ധിച്ചാലും ഇല്ലെങ്കിലും, മിക്കവാറും പ്രവാസജീവിതങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു ടിവി. അതിങ്ങനെ വിശ്രമമില്ലാതെ ഇരുപത്തിന്നാലു മണിക്കൂറും പ്രവർത്തിച്ചു കൊണ്ടേയിരിക്കും. ഒറ്റപ്പെടലുകളിൽ നിന്നുള്ളൊരു മോചനം. അരികിലാരോ ഉണ്ടെന്നുള്ള തോന്നൽ..
അടുത്ത ദിവസം കുട്ടികളെക്കൊണ്ട് ചെയ്യിക്കേണ്ട കണക്കുകൾ സെറ്റ് ചെയ്യുകയായിരുന്നു. ടിവി പരിപാടികളിൽ കാർട്ടൂണിനോടാണ് താൽപ്പര്യം, എന്നും. ആരോ പറഞ്ഞതോർക്കുന്നു ഏറ്റവും വയലന്റായ സിനിമയ്ക്ക് മാത്രമേ ഏറ്റവും കൂടുതൽ ചിരിപ്പിക്കാൻ കഴിയൂ. ടോം ആന്റ് ജെറി കാണുന്നവർക്ക് അത് വേഗത്തിൽ മനസിലാവും.
കാർട്ടൂണും, സംഗീത പരിപാടികളുമൊഴിച്ച് മറ്റൊന്നിനും ചെവി കൊടുക്കാത്ത ഞാൻ, ഇത് ശ്രദ്ധിച്ചത് ജീവിതചര്യയോട് ബന്ധപ്പെട്ട വാക്ക് കേട്ടിട്ടാവും. അല്ലെങ്കിലും, ഞങ്ങൾ അദ്ധ്യാപകർക്ക് സ്കൂൾ, ക്ലാസ്സ്, കുട്ടികൾ, പുസ്തകം, എന്തിന് ചോക്കെന്ന് കേട്ടാൽ പോലും ഒന്നു ശ്രദ്ധിക്കാൻ തോന്നും.
“ചോദിച്ചത് കേട്ടില്ലേ.. ഇവരാരാന്ന്..?”
വീണ്ടും മീരാ ജാസ്മിന്റെ ശബ്ദം. ശ്രദ്ധ ആ സീനിലേക്കായി. പെൺകുട്ടികളുടെ കാലിന്റെ ഫോട്ടോ അവരറിയാതെ എടുത്ത ആൺകുട്ടികളോടുള്ള പ്രകടനമായിരുന്നു അടുത്തത്.
മനസ്, അറിയാതെ ചിന്തകളിലുഴറി. എത്ര സത്യം. ഇന്നത്തെ തലമുറ തൊട്ടു മുന്നിലെ ഈ ചതിക്കുഴികളെന്തേ കാണാതെ പോകുന്നു.? മീഡിയായും, ചലച്ചിത്രങ്ങളുമെല്ലാം ഇത്തരം മുന്നറിയിപ്പുകൾ നൽകിയിട്ടും ചിരിച്ചു കാണിക്കുന്ന മുഖങ്ങൾക്ക് പിന്നിലെ ചതി പലരും മനസിലാക്കാത്തതെന്തേ?
“പുഞ്ചിരിക്കുന്ന പൂവിലുമുണ്ട് വഞ്ചനയുടെ ലാഞ്ചന..” കലാലയ ജീവിതത്തിന്റെ അവശേഷിപ്പായി ഹൃദയത്തോടെന്നും ചേർത്ത് പിടിക്കുന്ന ഓട്ടോഗ്രാഫിൽ കുറിച്ചിട്ട വരികൾ മിഴിവോടെ മനസിൽ തെളിഞ്ഞു, തിളക്കമുള്ള കണ്ണുകളെ ,കണ്ണടയുടെ ഫ്രയിമിനുള്ളിൽ തളച്ചിട്ട വെളുത്ത വട്ട മുഖവും. അവളുടെ കൈ വിറച്ചിരുന്നോ ഇത് കുറിക്കുമ്പോൾ..?
ചിന്തകൾ, കടലു കടന്ന് ഊട്ടിയുടെ മനോഹര അന്തരീക്ഷത്തിലേക്ക് വിരുന്നു പോയി. സ്കൂൾ, ബോർഡിംഗ്.. കാല്പാദം പതിഞ്ഞ മണ്ണ്, കണ്ണീർത്തുള്ളികളേറ്റ് വാങ്ങിയ ക്ലാസ്സ് മുറികൾ.. ഒന്നിനു പുറകെ ഒന്നെന്നവണ്ണം ഒരു സിനിമ പോലെ മനസിൽ തെളിഞ്ഞു.
ബോർഡിംഗിന്റെ പുറകിൽ ഒരു ഭീമാകാരൻ ഗേറ്റുണ്ടായിരുന്നു. അഴികൾ തീർത്ത ഗേറ്റ്. അതിനപ്പുറം ആൾപ്പാർപ്പില്ലാതെ കാടും പടലും പിടിച്ച് കിടക്കുന്നൊരു മൈതാനമായിരുന്നു. നിറയെ കാട്ടുപ്പൂക്കൾ. പേരറിയാത്ത, വിവേചിച്ചറിയാനാവാത്ത സുഗന്ധം പേറുന്ന, പല വർണ്ണങ്ങളിലെ പൂക്കൾ..
നീലാകാശം, നീലക്കടൽ. പൊതുവേ നീലയെ ഇഷ്ടപ്പെടുന്നതു കൊണ്ടായിരുന്നിരിക്കണം, ഗേറ്റിനോട് ചേർന്ന് പൂത്തു നിന്ന നീല നിറത്തിലെ ഇത്തിരിക്കുഞ്ഞന്മാരോടായിരുന്നു ഏറെ പ്രിയം. കാറ്റിൽ മെല്ലെ തലയാട്ടി അരികത്തു വിളിക്കുന്ന അവരെനിക്ക് ആരെല്ലാമോ ആയിരുന്നു. അഴികൾക്കിടയിലൂടെ കൈ നീട്ടി, അവയെ ഒന്നു തൊടാനെത്ര ശ്രമിച്ചു. പക്ഷേ ഇപ്പോഴോർക്കുമ്പോൾ പേടി തോന്നുന്നു..
(വയൽപ്പൂക്കൾ)
സഹപ്രവർത്തകയ്ക്ക് ഒരു പ്രോജക്റ്റ് വർക്കിനു വേണ്ടി മാംസഭോജികളായ സസ്യങ്ങളെക്കുറിച്ച് തിരഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസിലായത്. ഒരിക്കലെന്റെ ഏകാന്തതയ്ക്ക് കൂട്ടിരുന്ന, എന്റെ സങ്കടങ്ങളിൽ പങ്കു ചേർന്നിരുന്ന ആ നീലപ്പൂവുകൾ മാന്യതയുടെ മുഖം മൂടിയണിഞ്ഞവയായിരുന്നു എന്ന തിരിച്ചറിവ് മനസിനെ വല്ലാതെ നോവിച്ചു. അല്ലെങ്കിലും വിശ്വാസപ്രമാണങ്ങൾക്ക് കോട്ടം തട്ടുമ്പോഴാണല്ലോ മനസ് മുറിയുക. എന്നിൽ ആശ്വാസത്തിന്റെ തിരയിളക്കമേകി എന്നെ സന്തോഷിപ്പിച്ചിരുത്തുമ്പോഴും, അവ, ഒന്നുമറിയാത്ത കുറേ പ്രാണികളെ നിഷ്കരുണം ചവച്ചരയ്ക്കുകയായിരുന്നുവെന്ന് ഞാനറിയാതെ പോയി.
സസ്യങ്ങളിലെ മാംസഭോജികളെക്കുറിച്ച് സ്കൂൾതലത്തിലേ പഠിക്കുന്നതാണ്. ആഫ്രിക്കൻ വനാന്തരങ്ങളിൽ ഒറ്റയും തെറ്റയുമായി കാണപ്പെടുന്ന ഇവർ വനത്തിന്റെ ഭയാനക സൌന്ദര്യം ആവാഹിച്ചെടുത്തവരാണ്. ഫ്ലൈ ട്രാപ്പ്, പിച്ചർ പ്ലാന്റ്സ് തുടങ്ങിയവരൊക്കെ ആ കുടുംബത്തിലുൾപ്പെടും. നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന തൊട്ടാവാടി പോലും അവരിലൊരാളാണ്. യൂറോപ്പിലെ മ്യൂസിയങ്ങളിൽ ഈ ഭീകരന്മാരെ കമ്പി വേലിക്കകത്തായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്, ചില ഭീകര കുറ്റവാളികളെ ജയിലിൽ കയ്യിലും കാലിലും കഴുത്തിലുമൊക്കെ ചങ്ങലയ്ക്കിട്ട് സൂക്ഷിക്കുന്നതു പോലെ. കാഴ്ചക്കാരാവട്ടെ ഭയത്തോടു കൂടിയുള്ള കൌതുകത്തിലാണവയെ വീക്ഷിക്കുന്നതും.
എങ്കിലും ഇവരൊക്കെ കുറ്റവാളികൾ എന്നു മുദ്രകുത്തപ്പെട്ടവരാണ്. പരസ്യമായിട്ടാണിവർ ഇരയെപ്പിടിക്കുന്നത്. പക്ഷെ ഈ നീലപ്പൂക്കളോ… മാന്യതയുടെ മൂടുപടത്തിനുള്ളിലും. വയൽപ്പൂവുകളെന്നും നെല്ലിപ്പൂവുകളെന്നും പൊതുവെ അറിയപ്പെടുന്ന ഇവർ പീഢനത്തിനു പേരു കേട്ട നമ്മുടെ കേരളത്തിന്റെ സ്വന്തമെന്നു പറയുന്നത് അഭിമാനിക്കേണ്ട കാര്യം തന്നെ.
(U. reticulata inflorescence. Photo by M. Janarthanam.)
വള്ളിച്ചെടിയാണോ കുറ്റിച്ചെടിയാണോ എന്ന് കാഴ്ചക്കാരിൽ ആശങ്കയുണർത്തുന്ന ഈ കുഞ്ഞു ചെടിയുടെ ഉയരം ഏറിയാൽ ഇരുപത് സെന്റീമീറ്റർ ഉണ്ടാവും. അതിന്റെ അറ്റത്ത്, കൂണുപോലെ, ഏകദേശം പത്തു മില്ലീമീറ്റർ വ്യാസത്തിലുള്ള കുഞ്ഞ് മൊട്ട് വരും. പിന്നത് ഭംഗിയുള്ള നീലപ്പൂവായി പൊട്ടി വിടരും. പൂക്കളുടെ ഭംഗിയിൽ ആകൃഷ്ടരായെത്തുന്ന പ്രാണികളെ, തങ്ങളുടെ പരാഗണ സദ്യ യേകി വിത്തറ പോലെ തോന്നിക്കുന്ന സഞ്ചിക്കുള്ളിലേക്ക് ഇവർ ആനയിക്കും. കഴിഞ്ഞു.. പിന്നവൻ പുറം ലോകം കാണില്ല. പുറമേ ഈ പൂക്കൾ അപ്പോഴും ചിരിക്കുന്നുണ്ടാവും. അമർന്നു പോയ നിലവിളികൾ കാറ്റാവുമോ കട്ടെടുക്കുന്നത്?
(മാടായിപ്പാറയിലെ വയൽപ്പൂവുകൾ)
വനാന്തരങ്ങളിലൂടെ സഞ്ചരിച്ച്, കഷ്ടപ്പാടുകൾ സഹിച്ച്, സസ്യങ്ങളിലെ ഭീകരരെ പുറം ലോകത്തിനു കാട്ടിക്കൊടുക്കാൻ ഗവേഷകർ യത്നിക്കുമ്പോൾ, ചിരിപ്പൂക്കൾ പൊഴിച്ച് ഒരായിരം വയൽപ്പൂക്കൾ നമ്മളെ മാടി വിളിച്ച്, നമ്മുടെ വയലോരങ്ങളിലും പാതയോരങ്ങളിലും പ്രാണികൾക്കായുള്ള കെണിയൊരുക്കി കാത്തു നിൽക്കുന്നുണ്ടാവും.
തുമ്പയേയും തെച്ചിയേയും പോലെ ഇവയും വംശനാശം വന്നു പോയിരിക്കുമെന്നു ആശ്വസിക്കണ്ട. ദുഷ്ടനെ ദൈവം പന പോലെ വളർത്തുമെന്നല്ലേ. മാടായിപ്പാറയുടെ ഹൃദയത്തിലേക്കുള്ള യാത്രയിൽ സൈന്ധവം എന്ന ബ്ലോഗിൽ പറയുന്നുണ്ട് ആ പാറയുടെ പരിസരത്തിന്നും ഇവർ നിലനിൽക്കുന്നുവെന്ന്, അതേ പ്രൌഡിയോടെ. ഒന്നു ശ്രദ്ധിച്ചാൽ നമ്മുടെ പാതയോരങ്ങളിലും ഇനിയും അവശേഷിക്കുന്ന പാടവരമ്പത്തുമൊക്കെ നമുക്കീ പകൽമാന്യന്മാരെ കാണാം.
സൌമ്യ എന്നൊരു പാവം പെണ്ണിനെ കശക്കിയെറിഞ്ഞ ഗോവിന്ദച്ചാമിയെപ്പോലുള്ളവർ ഈ സമൂഹത്തിലുണ്ട്. അവർക്ക് നമ്മൾ ഭീകരന്മാരുടെ സ്ഥാനവും ചാർത്തിക്കൊടുത്തിട്ടുണ്ട്. പക്ഷേ നമുക്ക് ചുറ്റും ചിരിക്കുന്ന മുഖങ്ങളിലേതിലൊക്കെയോ ചതി ഒളിഞ്ഞിരിക്കുന്നില്ലേ? മാന്യതയുടെ മുഖംമൂടിയണിഞ്ഞ്, നമ്മുടെ ദുഃഖത്തിലും സന്തോഷത്തിലും ഒപ്പം നിൽക്കുന്നുവെന്ന് കാണിച്ച്, നമുക്കായുള്ള ചതിക്കുഴികളൊരുക്കി കാത്തിരിക്കുന്നവരെ ഓർമ്മിപ്പിക്കുകയല്ലേ പ്രപഞ്ചസൃഷ്ടാവ് ഈ വയൽപ്പൂവുകളുടെ സൃഷ്ടിയിലൂടെ?
ആ സസ്യത്തിന്റെ ആവാസവ്യവസ്ഥയുടെ പരിണതഫലമായിട്ടാണ് അവ അങ്ങനെ ചെയ്യുന്നതെന്ന് വാദിക്കാം. പക്ഷേ, നമുക്കതീതമായ പ്രപഞ്ചത്തിലെ സർവ്വ ചരാചരാങ്ങളേയും നിയന്ത്രിക്കുന്ന ശക്തിയുടെ മുന്നറിയിപ്പാണിതെന്നു കരുതുന്നതിലും തെറ്റില്ല.
പ്രകൃതിയിലെ ഓരോ അണുചലനത്തിനും അർഥമുണ്ട്, തിരക്കുകൾക്കിടയിൽ മനുഷ്യൻ ശ്രദ്ധിക്കാതെ പോകുന്ന പ്രകൃതി പഠിപ്പിക്കുന്ന പാഠങ്ങളാണവ. പ്രകൃതിയോട് ചേർന്നിരിക്കുമ്പോൾ മാത്രമാണ് മനുഷ്യൻ പൂർണ്ണനാവുന്നത്… അകലും തോറും അവൻ അവന്റെ തന്നെ നാശത്തിന്റെ കുഴി തോണ്ടുന്നു. മനുഷ്യനെന്നിത് മനസിലാക്കി ജീവിക്കും?