തിരി കെടുത്താന്‍ തുനിഞ്ഞാലുമായിരം
തിരികളായിജ്ജ്വലിക്കുന്ന ചിന്തകള്‍
ഒരു കടുംകെട്ടഴിച്ചാലബോധത്തില്‍
തെരുതെരുന്നനെച്ചുറ്റും കുരുക്കുകള്‍
ഇരവിലെന്നുമീ വാനത്തു കണ്ടു ഞാന്‍
കനിവു പെയ്യാത്ത വെണ്‍മേഘമാലകള്‍
മിഴിയടച്ചാലുറക്കാതെ വിഭ്രമ-
ച്ചുഴിയിലങ്ങനെയാഴുന്ന ചിന്തകള്‍
പഴുതു പരതുവാനുള്ളിലെത്തടയണ-
ച്ചുവരിലെന്നുമലയ്ക്കുന്ന നോവുകള്‍
ഒരു കൊടുക്കലില്‍ തീരേണ്ട ബാദ്ധ്യത
ഒരു പറച്ചിലില്‍ തീരേണ്ട വാക്കുകള്‍
ഇതു കുറിക്കുമ്പൊളറിയുന്നു കണ്‍കളില്‍
സുഖദനിദ്രതന്നാദ്യ മഞ്ഞിന്‍കണം
തണുവകറ്റാനെനിക്കുണ്ടു നീയെന്ന
കവിത തുന്നിപ്പിടിപ്പിച്ച കമ്പളം
///അരുണ്‍ ഗാന്ധിഗ്രാം/// യു.എസ് മലയാളി///