മാറ്റം എല്ലാ മേഖലയിലും അനിവാര്യമാണ് .മാറ്റമില്ലാത്തതായി മാറ്റം മാത്രമേ ഉള്ളു .മാറികൊണ്ടിരിക്കുക എന്നത് ലോക നിയമമാണ് .അത് അങ്ങിനെ തന്നെ തുടർന്ന് കൊണ്ടേയിരിക്കും. മാറ്റങ്ങളുടെ കുത്തൊഴുക്കിൽ പെട്ട് ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു
നമ്മൾ മലയാളികൾ.ഇങ്ങിനെയൊരു സാഹചര്യത്തിലാണ് ‘മാറുന്ന മലയാളി’ എന്ന കാലിക പ്രസക്തിയുള്ള ഒരു വിഷയത്തിലേക്ക് ഇറങ്ങി ചെല്ലുന്നത് .ഈ മാറ്റം നല്ല രീതിയിലുള്ളതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .ആഘോഷങ്ങളുടെ നാനാർഥങ്ങൾ തിരയുന്ന അശാന്ത കാലത്തിന്റെ മൃതസത്വങ്ങളായി മാറിയിരിക്കുന്നു നമ്മൾ മലയാളികൾ. അഗ്ന്നി ചിറകുകളുമായി പുരോഗതിയിലേക്ക് പറക്കുന്ന മനുഷ്യകുലത്തെപ്പറ്റിയാണ് കേരളം എന്നും സ്വപ്നം കാണുന്നത്.എന്നാൽ കാറ്റിലെ അപ്പൂപ്പൻ താടി പോലെ പുതു തലമുറയുടെ ചിന്തകളും ബോധങ്ങളും പറന്നു നടക്കുന്ന കാലമാണിത്.
കേരളം ദൈവത്തിന്റെ സ്വന്തം നാട്, മലയാളിത്തം എന്നത് ഓരോ മലയാളിയുടെയും മനസ്സിൽ ഉറങ്ങി കിടക്കുന്ന വികാരമാണ്. മലയാളിയെന്നു പറയുമ്പോൾ മനസ്സിൽ തെളിയുന്ന ഒരു ചിത്രമുണ്ട്, ഗ്രാമങ്ങളും പച്ചപ്പുകളും വയലും പുഴയും മലകളും മരങ്ങളുമെല്ലാം. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇതെല്ലാം തീർത്തും അന്യം തന്നെ. കാല ചക്രത്തിന്റെ നിലക്കാത്ത പ്രവാഹത്തിൽ കേരള സംസ്ക്കാരവും ഓർമ്മയാവാം. പഴയ മലയാളിയെ ഓർക്കാൻ കുറച്ചു അവശിഷ്ട്മെങ്കിലും ബാക്കി വച്ചിട്ടുണ്ട് കഴിഞ്ഞ തലമുറ. അടുത്ത തലമുറയ്ക്ക് എന്ത് നൽകാനാവും നമ്മുക്ക്. ഒരു പക്ഷെ മലയാളിയുടെ സ്വന്തമായിരുന്നതൊന്നും വരും തലമുറയുടെ സ്വപ്നങ്ങളിൽ പോലും വന്നെത്തി നോക്കില്ല. ആഗോള ശക്തികളുടെ ഇച്ഛക്കനുസരിച്ചു ചലിക്കുന്ന യന്ത്ര പാവകൾ ആകുന്നു നാം.
വിദ്യാഭ്യാസ ഗുണങ്ങളും നാടിനു എന്നതിനേക്കാൾ മറ്റു നാടുകൾക്ക് ആണ് ഗുണം ചെയ്യുന്നത്. സമൃദ്ധിയുടെ വേലിയേറ്റം മഹാ ഭൂരിപക്ഷത്തെയും അടിത്തെറ്റിച്ചിരിക്കുന്നു. എത്ര കിട്ടിയാലും തികയായ്ക, പണം നേടാനായി ചെയ്യാവുന്നതും ചെയ്യരുതാത്തതും തമ്മിലുള്ള അതിർത്തികൾ ഇല്ലായ്മ, എന്തൊക്കെ ചെയ്തിട്ടും സന്തോഷം കിട്ടയ്ക, നാശമില്ലാത്ത സന്തോഷം എന്തെന്ന് അറിയായ്ക, പ്രകൃതിയോടുള്ള വേർപ്പാട്, അതോടെ എല്ലാറ്റിൽ നിന്നും അന്യനായ അനുഭവം. ഓരോരുത്തരും ഓരോ അപ്പൂപ്പൻ താടി, ഒരു പുതിയ കാറ്റ് വന്നാൽ എല്ലാം കൂടി എങ്ങോട്ടോ പറന്നു പോയേക്കാം. മലയാളത്തെ, അതിന്റെ പൂർണ്ണമായ സൗന്ദര്യത്തെ ഒട്ടും ചോർന്നു പോകാതെ വർണ്ണിക്കാനെങ്കിലും നമ്മുക്ക് കഴിയട്ടെ.
/// അമ്പിളി/// യു.എസ് മലയാളി///