Friday, March 29, 2024
HomeLiteratureകുമ്പസാരം. (കഥ)

കുമ്പസാരം. (കഥ)

ഷെരീഫ് ഇബ്രാഹിം.
‘ആലീസേ, ഒന്നിത്രടം വന്നെ’
അങ്ങേരുടെ വിളിയാണ്. ഏതൊരു കാര്യത്തിന്നും എന്നെ വിളിക്കും. വിവാഹം കഴിഞ്ഞിട്ട് വർഷം മുപ്പത്തഞ്ചായി.
മുറ്റം അടിച്ചിരുന്ന ചൂൽ അവിടെത്തന്നെയിട്ട് വേഗം ചെന്നു.
‘ആ വെറ്റില ചെല്ലം ഒന്നെടുത്തെ’
കയ്യെത്തും ദൂരത്തുള്ള സാധനങ്ങളാണെങ്കിലും ഞാൻ വേണം. ആളൊരു മുരട്ട് സ്വഭാവമാണ്. വാശി കൂടുതലാണ്. സ്നേഹം ഉള്ളിലുണ്ട്, പുറത്ത് കാണിക്കാറില്ലെന്നു മാത്രം.
‘ഇതെന്താ വെറ്റില മൂത്തതാണല്ലോ? ആ ജോസിനോട് പലവട്ടം പറഞ്ഞതാ തളിർവെറ്റില വേണമെന്ന്’
ചേട്ടൻ മുറുക്കാൻ തുടങ്ങി. ഞാൻ മുറ്റമടി മുഴുവനാക്കാൻ പുറത്തേക്കിറങ്ങി.
‘അമ്മച്ചീ എന്റെ ഷർട്ട്‌ കഴുകിയത് എവിടെയാ വെച്ചത്?’ ഏക ആണ്തിരി ജോസിന്റെ ചോദ്യമാണ്.
അവന്റെ ഷർട്ട് കൊടുക്കാൻ വീണ്ടും അകത്തേക്ക് പോകേണ്ടി വന്നു.
‘അമ്മച്ചീ…’ ഒന്ന് നിറുത്തിയിട്ട്‌ അവൻ തുടർന്നു ‘ഒരു കാര്യം അപ്പച്ചനോട് പറയോ?’ ജോസിന്റെ ചോദ്യം
‘നിനക്ക് നേരിട്ട് അപ്പച്ചനോട് പറഞ്ഞൂടെ?’
‘എനിക്ക് പേടിയാ അപ്പച്ചനെ. അപ്പച്ചൻ ചിലപ്പോൾ വഴക്ക് പറയും’ അവൻ അവന്റെ നിസ്സഹായാവസ്ഥ പറഞ്ഞു
‘എനിക്ക് അമ്പത് ലക്ഷം രൂപ വേണം. അമ്പത് ലക്ഷം വേറെ ലോണ്‍ കിട്ടും’. അവന്റെ ആവശ്യം പറഞ്ഞു.
‘നിനക്കെന്തിനാ ഇത്രയധികം പൈസ?’ ഞാനവനോട് ചോദിച്ചു.
‘ഒരു സിനിമ പിടിക്കാനാണ്. സിനിമ പിടിച്ചാൽ ഇരട്ടിക്കിരട്ടി ലാഭമുണ്ടാക്കാമെന്ന് കൂട്ടുകാരൊക്കെ എപ്പോഴും പറയും അമ്മച്ചീ’ അവൻ അവന്റെ കാര്യം പറഞ്ഞു.
‘അമ്പത് ലക്ഷമോ? എവിടെ നിന്നുണ്ടാക്കാനാ?’ ഞാൻ ചോദിച്ചു.
‘നമ്മുടെ ആ വസ്തു വിറ്റാൽ പോരെ?’ അതായിരുന്നു അവൻ കണ്ട പോംവഴി.
‘നീ ഒരു കാര്യം ചെയ്യു. ഇവിടെ നിൽകൂ. ഞാൻ ചെന്ന് അപ്പച്ചനോട് ചോദിക്കട്ടെ’. എന്നും പറഞ്ഞു ചേട്ടന്റെ അടുത്തേക്ക് ഞാൻ പോയി.
‘ഞാനൊരു കാര്യം പറഞ്ഞാൽ ചേട്ടൻ ചൂടാവോ?’. മുഖവുരയായി ഞാൻ പറഞ്ഞു
‘അതിനു എനിക്ക് ചൂടാവാത്ത കാര്യം പറഞ്ഞാൽ മതി’. ഇതായിരുന്നു അദ്ധേഹത്തിന്റെ മറുപടി.
അവൻ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ ചേട്ടനോട് പറഞ്ഞു.
അവനെ വിളിക്കാൻ പറഞ്ഞതനുസരിച്ച് ഞാൻ ജോസ് കുട്ടിയെ വിളിച്ചു.
അപ്പച്ചന്റെ മുന്നിൽ അവൻ ഭയന്ന് നിൽക്കുകയാണ്.
എല്ലാം അദ്ദേഹം ജോസ് കുട്ടിയോട് ചോദിച്ചറിഞ്ഞു. ഞങ്ങൾ വിചാരിച്ച പോലെയല്ല, അദ്ദേഹം ചൂടാവുന്നില്ല.
കുറെ ചോദ്യങ്ങൾ ചോദിച്ചതിന് മറുപടി കിട്ടിയപ്പോൾ ചോദ്യത്തിന്നു പകരം ചില ഉപദേശങ്ങൾ മകന് കൊടുത്തു.
‘ജോസ് കുട്ടി, ആ സ്ഥലം വിറ്റു പൈസ നിനക്ക് തരുന്നതിന് വിഷമമുണ്ടായിട്ടല്ല, നേരെ മറിച്ച് നിന്റെ കൂട്ടുകാര് ലോകം കണ്ടിട്ടില്ല, നീ പറയുന്ന രീതിയിലല്ല, സിനിമ ഫീൽഡ്. അത് കൊണ്ട് സിനിമ ഫീൽഡിൽ ഇറങ്ങേണ്ടയെന്നാണ് എന്റെ അഭിപ്രായം’
അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നി.
‘അപ്പച്ചന് എന്റെ ഭാവിക്ക് വേണ്ടി ഇത് ചെയ്യാൻ പറ്റൂലെങ്കിൽ അത് പറഞ്ഞാൽ മതി. അതിനു വലിയ ഉപദേശം ഒന്നും വേണ്ട’. എന്നാണവൻ കുറച്ച് ഗൌരവത്തിൽ പറഞ്ഞത്. മകന്റെ ഭാവമാറ്റത്തിൽ അത്ഭുദം തോന്നി.
‘നീ ആരോടാണ് മോനെ ഇങ്ങിനെ സംസാരിക്കുന്നത്?’ ഞാൻ ഇടയിൽ കയറി പറഞ്ഞു.
‘അമ്മച്ചി ഇക്കാര്യത്തിൽ ഇടപെടേണ്ട. അപ്പച്ചൻ മരിച്ചു പോകുമ്പോൾ സ്വത്തുക്കളെല്ലാം അപ്പച്ചൻ കല്ലറയിൽ കൊണ്ട് പോകുമല്ലോ?’ അവന്റെ അനുസരണക്കെട് കണ്ടപ്പോൾ എനിക്കവനോട് ദേഷ്യം തോന്നി.
‘മോനെ.. നീ ഏത് സ്ഥലം വേണമെങ്കിലും വിറ്റോളൂ. ഞാൻ എവിടെ വേണമെങ്കിലും ഒപ്പിട്ടു തരാം’.
വർഷങ്ങൾ നാല് കഴിഞ്ഞു. അവൻ അപ്പന്റെ കയ്യിൽ നിന്നും വാങ്ങിയ സ്ഥലം വിറ്റ് സിനിമ പിടിച്ചെന്നും അതിൽ നായികയായ ഒരു പെണ്കു്ട്ടിയെ വിവാഹം കഴിച്ചെന്നും അറിയാൻ കഴിഞ്ഞു. ആ സിനിമ പൊളിഞ്ഞെന്നും അവൻ കടക്കാരനായപ്പോൾ ആ പെണ്കുയട്ടി അവനെ ഉപേക്ഷിച്ചുവെന്നും അറിഞ്ഞു. സങ്കടം തോന്നുന്നുണ്ട്. ഒരിക്കൽ വിവരം ചേട്ടനോട് സൂചിപ്പിച്ചു. അവന്റെ കാര്യം ഒന്നും പറയേണ്ടായെന്ന് പറഞ്ഞപ്പോൾ ഞാനത് നിറുത്തി.
കാട്ടൂർ നരിക്കുഴിക്കടുത്തുള്ള വിശുദ്ധയാക്കപ്പെട്ട ഏവൂപ്രാസ്യമ്മ ജനിച്ച വീട്ടിലും അതിന്നടുത്തുള്ള പള്ളിയിൽ നോവേനയിലും ലതീഞ്ഞിലും പങ്കെടുക്കാൻ ചേട്ടനോടൊപ്പം ഇറങ്ങി.
ഇല്ലിക്കാടെത്തിയപ്പോൾ സഫിയാനെ കണ്ടു.
‘എങ്ങോട്ടാണ് രണ്ടു പേരും കൂടെ?’ സഫിയാടെ ചോദ്യത്തിന്ന് വിവരം പറഞ്ഞു.
‘തിരിച്ചു വരുമ്പോൾ വീട്ടിൽ കയറിയിട്ടേ പോകാവൂ’. ആ മോളെ സ്നേഹം നിറഞ്ഞ ക്ഷണം. അത് സ്വീകരിച്ചു.
‘ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ’ അച്ചനെ കണ്ടപ്പോൾ അഭിവാദ്യം ചെയ്തു.
‘എപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ’ അച്ചൻ പ്രത്യഭിവാദ്യം ചെയ്തു.
‘തോമയെ കാണാൻ അങ്ങോട്ട് വരാനിരിക്കുകയാണ്’ അച്ചൻ പറഞ്ഞു.
‘എന്താ അച്ചോ പ്രത്യേകിച്ച്?’ അച്ചന്റെ വാക്കുകൾ കേട്ടപ്പോൾ തിരിച്ചു ചോദിച്ചു.
‘നമുക്ക് പള്ളിയിലേക്ക് പൊൻകുരിശ് വേണം. അതിൽ കുറെയൊക്കെ ചിലർ നേർച്ച നേർന്നിട്ടുണ്ട്‌. തോമയും അതിൽ സഹകരിക്കണം’
‘അച്ചോ തെറ്റാണെങ്കിൽ ക്ഷമിക്കണം. ഈശോമിശിഹാ മരക്കുരിശിൽ കിടന്നാണ് മരിച്ചത്. പിന്നെ നമ്മക്കെന്തിനാ പൊൻ കുരിശ്?’
അച്ചൻ ആ വിഷയത്തെപ്പറ്റി കൂടുതലൊന്നും പറഞ്ഞില്ല. ചേട്ടൻ ഒരു പുരോഗമനവാദി എന്ന് കരുതിയിട്ടുണ്ടാവും.
‘ചില ക്രിസ്ത്യാനികളുണ്ട്. അവർ കൂടിയാൽ മൂന്ന് പ്രാവശ്യമേ പള്ളിയിൽ വരൂ. രണ്ട് പ്രാവശ്യം എടുത്തുകൊണ്ടും ഒരു പ്രാവശ്യം നടന്നും. നടന്ന് വരുന്നത് മനസ്സമ്മതത്തിന്നും മറ്റേത് മാമോധിസ മുക്കാനും മരിച്ചു കഴിഞ്ഞാലും’
‘അച്ചൻ ആരെ ഉദ്ദേശിച്ചാണ് ഈ പറയുന്നത്?’ ഞാൻ ചോദിച്ചു.
‘നോക്കൂ, അലീസേ, ഞാൻ നിങ്ങളെ ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ല. ഒരു പൊതുത്വത്തം പറഞ്ഞെന്ന് മാത്രം’
ഞങ്ങൾ കിടക്കുമ്പോൾ കയ്യിൽ കുരിശ് പിടിച്ചാണ് കിടക്കാറു. ഉറക്കം മരണത്തിന്റെ റിഹേഷ്സൽ ആണല്ലോ? പിതാവിന്നും പുത്രനും പരിശുദ്ധൽമാവിനും എന്ന് പറഞ്ഞു കുരിശ് വരച്ചു. ഈശോ മറിയം ഔസേപ്പേ ഈ ആൽമാവിന്ന് കൂട്ടായിരിക്കണമേ എന്ന് പ്രാർഥിച്ചു.
ഇടിയും മഴയും മിന്നലുമുള്ള ഒരു രാത്രിയിൽ പുറത്ത് വാതിലിൽ മുട്ട് കേട്ടു.
വാതിൽ തുറക്കാനൊരു പേടി. വല്ല കള്ളന്മാരുമാണെങ്കിലോ? ഇടി വെട്ടും മിന്നലും തുടങ്ങിയപ്പോൾ തന്നെ കറന്റ് പോയി. കുറെ മുട്ട് കേട്ടപ്പോൾ ചേട്ടൻ എന്നോട് അത് ജോസ് കുട്ടിയാണെന്നും വാതിൽ തുറന്നോളാനും പറഞ്ഞു.
ഞാൻ ടോർച്ചെടുത്ത് ചെന്ന് വാതിൽ തുറന്നു. ചേട്ടൻ പറഞ്ഞ പോലെ അത് ജോസ്കുട്ടി ആയിരുന്നു.
മോനെ നീ ആകെ നനഞ്ഞല്ലോ എന്ന് പറഞ്ഞു തല തോർത്തികൊടുത്തു. ‘മോൻ ഭക്ഷണം വല്ലതും കഴിച്ചോ?’ അതിന്നവൻ ഉവ്വെന്ന് മറുപടി പറഞ്ഞു.
‘അമ്മച്ചീ അപ്പച്ചനുറങ്ങിയോ? എനിക്ക് അപ്പച്ചനോട് മാപ്പ് പറയണം. അപ്പച്ചൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു…’ജോസ്കുട്ടി കരച്ചിലിന്റെ വക്കിലെത്തി.
‘മോനെ, നിന്റെ പൈസയൊക്കെ നഷ്ടപ്പെട്ടിട്ടു നീ പിന്നെ എങ്ങിനെ ജീവിച്ചു?’ ഞാൻ ചോദിച്ചു.
‘അമ്മച്ചീ, അപ്പച്ചൻ എല്ലാ മാസവും എനിക്ക് പൈസ അയക്കാറുണ്ട്’ എന്നാണവൻ മറുപടി പറഞ്ഞത്
എനിക്ക് അത് കെട്ട് അത്ഭുദം തോന്നി. ഇത്രയും വർഷമായിട്ടും ചേട്ടനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ.
‘മോനെ, നീ എന്തായാലും ചെയ്തത് വലിയ തെറ്റായി. നമുക്ക് ചെന്ന് അപ്പച്ചനോട് മാപ്പ് ചോദിക്കാം’
ഞങ്ങൾ റൂമിലെത്തി. അപ്പച്ചനെ കണ്ട ഉടനെ മകൻ കാലിൽ വീണ് മാപ്പ് പറഞ്ഞു.
‘അപ്പച്ചാ,എനിക്ക് മാപ്പ് തരൂ’ അവൻ കരയുകയാണ്. ചേട്ടൻ ഉറങ്ങിയിരിക്കയാണ്. അതോ ഉറക്കം നടിക്കുന്നതോ. കയ്യിൽ കുരിശ് മുറുകെ പിടിച്ചിട്ടുണ്ട്. കുറെ വിളിച്ചിട്ടും ചേട്ടൻ എഴുനേൽക്കാതെ വന്നപ്പോൾ ഞാൻ ദേഹം കുലുക്കി വിളിച്ചു. പക്ഷെ… എനിക്ക് ചെറിയ സംശയം തോന്നി. ആ സംശയം ശെരിയായിരുന്നു. അന്ത്യകൂടാശകളെല്ലാം കൈകൊണ്ട് കർത്താവിൽ നിദ്രപ്രാപിച്ചെന്ന സത്യം മനസ്സിലാക്കിയപ്പോൾ ഞാൻ ആ ദേഹത്തേക്ക് ചെരിഞ്ഞു.
ദയാപരനായ കർത്താവേ
ഈയാൽമാവിനു കൂട്ടായിരിക്കണമേ
മണ്ണിനോട് യാത്ര പറഞ്ഞു
മക്കളെ വിട്ടു പിരിഞ്ഞു
കാലത്തിൻ ബലിപീഠത്തിൽ
പൊലിഞ്ഞു പോയൊരീ ജീവിതം.
——————————–
മേമ്പൊടി:
(മൂത്തവർ ചൊല്ലും വാക്കും മുതുനെല്ലിക്കയും ആദ്യം കൈയ്ക്കും പിന്നെ മധുരിക്കും)
RELATED ARTICLES

Most Popular

Recent Comments