ചിറകുള്ള ചക്രക്കട്ടിൽ. (കഥ)

ചിറകുള്ള ചക്രക്കട്ടിൽ. (കഥ)

0
486
ആര്യ മങ്ങാട്.
ഇരുളിനെ കീറിമുറിച്ചു കൊണ്ടൊരു സ്ട്രെച്ചറിന്റെ ശബ്ദം ഏതോ വരാന്ത വഴി കടന്നു പോയി.. പാതിയുറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു അരികിലെ പഴക്കം ചെന്ന കട്ടിലിൽ കിടക്കുന്ന അച്ഛനെ നോക്കിയപ്പോൾ നല്ലയുറക്കമാണ്.. കാൽക്കൽ ഒരു കൈയില്ലാത്ത കസേരയിൽ അമ്മയും കട്ടിലിലേക്കു തലചായ്ച്ചുറങ്ങുന്നു..രണ്ടു പേരും ഒന്നുമറിയുന്നില്ല. അനേക നാളത്തെ ആശുപത്രിവാസം ഏറെത്തളർത്തിയിട്ടുണ്ട് ഇരുവരെയും.. വെളിച്ചമണയ്ക്കാത്ത വാർഡിലെ ജനലരികിൽ നിന്നും പുറത്തു കട്ടപിടിച്ച ഇരുട്ടിലേക്കു മിഴി നട്ടിരുന്നപ്പോൾ വീണ്ടും ആ സ്ട്രെച്ചറിന്റെ പരുക്കൻ ശബ്ദം അടുത്തു വന്നു.. കാലപ്പഴക്കം കൊണ്ടു വേദനിച്ചാവണം അതിന്റെ അവയവങ്ങൾ ക്രമാതീതമായ പരുക്കൻ ശബ്ദത്തിൽ പ്രതിഷേധിക്കുന്നത്… ആരെത്തേടിയാവും അതിവിടെ എത്തിയിട്ടുണ്ടാവുക ? കണ്ണുകൾ വെറുതേ ചുറ്റിലും പരതി നടന്നു..
” അല്ല .. അതിവിടേക്കല്ല.. മറ്റേതോ വാർഡിലേക്കാണ്.”
നിറം മങ്ങിയ മാർബിൾത്തറയിൽ പടിഞ്ഞിരുന്നപ്പോൾ എവിടെയോ ഒരു വേദന നുര ചിന്തുകയായിരുന്നു..
നിറയെ ആളുകളുണ്ടായിട്ടും വളരെ നിശബ്ദമാണീ വാർഡ്…
എന്താണ് അങ്ങിനെയെന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്…
കാണാൻ വരുന്നവരും കാണിക്കാൻ വരുന്നവരും നിശബ്ദതയെ പ്രണയിക്കുമ്പോലെ…
ചിരിക്കാൻ മറന്നു പോയതാണോ പലരും എന്നു തോന്നിപ്പോവും…
ദുഃഖം ഘനീഭവിച്ച ഇടനാഴികളിലെ
തണുത്തുറഞ്ഞ നിശബ്ദതയെ
വാചാലമാക്കാനെന്നോണം പഴകിപ്പൊളിഞ്ഞ മാർബിൾത്തറയിൽ ചക്രങ്ങൾ ചാടിച്ചു കൊണ്ട് ആ സ്ട്രെച്ചറിന്റെ ശബ്ദം മുഴങ്ങും..
അതു കേൾക്കുമ്പോഴറിയാം ആരോ ഈ നശിച്ച വാർഡിൽ നിന്നും രക്ഷപ്പെട്ടു പോവുകയാണെന്ന്..
ആ വണ്ടി ഇവിടേക്കു വന്നെങ്കിലെന്നു ഒരിക്കലച്ഛനോടു ആഗ്രഹം പറഞ്ഞപ്പോൾ അമ്മ ശാസിച്ചതെന്തിനാണ് ? അച്ഛന്റെ കണ്ണുകളിൽ നനവു പടർന്നതെന്തിനാണ്?.
ഉത്തരം കിട്ടാതെ ചില ചോദ്യങ്ങൾ … ചോദ്യങ്ങളായിത്തന്നെ അവസാനിക്കുന്നു..
പുലരാനിനി അധികമില്ല സമയം…. കണ്ണുകൾ മയക്കം വന്നു കൂമ്പിത്തുടങ്ങിയിട്ടുണ്ട്… ഇപ്പോഴെനിക്ക് വ്യക്തമായി കേൾക്കാം…
ആ സ്െട്രച്ചറിന്റെ ശബ്ദം ഇവിടെ … ഇവിടെ.. എന്റെയരികിലാണ്.. ചിറകു വിടർത്തിയൊരു ചക്രക്കട്ടിലിൽ നെറ്റിയിൽ അടയാളപ്പെടുത്തിയ നീലമഷിവട്ടം അതെന്നെയുറക്കത്തിലേക്കു കൊണ്ടു പോവുകയാണ്…
എന്നെയും വഹിച്ചു നീങ്ങുന്ന സ്ട്രെച്ചറിന്റെ അരോചകമായി തോന്നിയ ശബ്ദം അതെനിക്കിപ്പോൾ ശ്രവ്യമനോഹരമായ സംഗീതവീചികളാണ്… ഞാനും രക്ഷപ്പെടുന്നു… ഈ നശിച്ച വാർഡിൽ നിന്നും….. എന്നന്നേക്കുമായി…

 

Share This:

Comments

comments