Friday, April 19, 2024
HomeLiteratureകർഷകശ്രീ. (ചെറുകഥ)

കർഷകശ്രീ. (ചെറുകഥ)

കർഷകശ്രീ. (ചെറുകഥ)

ജെയ്‌നി സ്റ്റീഫൻ. (Street Light fb group)
സദസ്സാകെ ആരവങ്ങളാൽ മുഖരിതമാണ്. മീറ്റിംഗ് തുടങ്ങാൻ സമയമായിരിക്കുന്നു. തനിക്ക് ഇങ്ങനെയൊരു സദസ്സിനു മുൻപിലിരിക്കാൻ ഭാഗ്യം ലഭിച്ചതിനെയോർത്തു അരുൺ ദൈവത്തിന് നന്ദി പറഞ്ഞു. മുഖ്യമന്ത്രിക്ക് ഹസ്തദാനം ചെയ്ത് ഇരിപ്പിടത്തിലിരിക്കുമ്പോൾ മൈക്കിലൂടെ ഒരാൾ വിളിച്ചു പറഞ്ഞു.
‘ഇന്ന് നമ്മൾ ഇവിടെ കൂടിയിരിക്കുന്നത് കേരള ചരിത്രത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ കർഷകശ്രീ ആയി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ പ്രിയങ്കരനായ അരുണിനെ അനുമോദിക്കാനും അവാർഡ് സമ്മാനിക്കാനുമാണ്. നമ്മുടെ മുഖ്യമന്ത്രി ഇവിടെ നമ്മോടൊപ്പം ഉണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ നമുക്കാകാംഷ ഉള്ളതുകൊണ്ടും, ഒത്തിരി ആശംസാ പ്രസംഗങ്ങൾ ഉള്ളത്കൊണ്ടും ഞാൻ അധികം പറഞ്ഞു നിങ്ങളെ ബോറടിപ്പിക്കുന്നില്ല. നമുക്ക് ആശംസാ പ്രസംഗങ്ങളിലേക്ക് കടക്കാം.’
ആശംസാപ്രസംഗങ്ങൾ തുടങ്ങിയപ്പോൾ അരുണിന്റെ മനസ്സ് ഭൂതകാലത്തിലേക്ക് പാഞ്ഞു. ഒത്തിരി സന്തോഷം നിറഞ്ഞതായിരുന്നു തന്റെ കുട്ടിക്കാലം. അച്ഛനും അമ്മയും അനിയത്തി മീനുവും അടങ്ങുന്ന കുടുംബം. അച്ഛനൊരു സർക്കാർ വക പ്രൈമറിസ്കൂൾ അധ്യാപകനായിരുന്നു. എന്നിരുന്നാലും അച്ഛൻ തങ്ങളെ സ്വാശ്രയ സ്കൂളുകളിൽ വിട്ടാണ് പഠിപ്പിച്ചിരുന്നത്. അച്ഛന്റെ കൂട്ടുകാരും മറ്റും ആ സ്കൂളിലും അധ്യാപകരായുണ്ടായിരുന്നു. എവിടെച്ചെന്നാലും ‘രാമചന്ദ്രൻ മാഷ്ടെ മോനല്ലേ’ എന്ന ചോദ്യം കേൾക്കുമ്പോൾ വലിയ അഭിമാനമായിരുന്നു.
ആറാംക്ലാസ്സിൽ പഠിക്കുമ്പോഴാണെന്നു തോന്നുന്നു സർക്കാർ സ്കൂളുകളിൽ പഠിക്കാനായി കുട്ടികളെ വിടുന്ന മാതാപിതാക്കളുടെ എണ്ണം വളരെ കുറഞ്ഞു. എത്ര കഷ്ടപ്പെട്ടാലും മക്കളെ നല്ല സ്കൂളുകളിൽ പഠിപ്പിക്കണമെന്ന ആഗ്രഹത്തെ കുറ്റം പറയാനാവില്ലല്ലോ. ക്ലാസ്സുകളിൽ കുട്ടികളില്ലാത്തതുകൊണ്ടു അധ്യാപകരുടെ ജോലി പോകുമെന്ന സ്ഥിതി വന്നു. ഈ പ്രതിസന്ധി തരണം ചെയ്യാൻ എണ്ണം തികയ്ക്കാനായി കുട്ടികളെ അധ്യാപകർ തന്നെ തേടിപ്പിടിക്കണമെന്നും അങ്ങനെ ചെയ്താൽ അധ്യാപകർക്ക് അവരുടെ ജോലി നിലനിർത്താം എന്നുമാണ് സർക്കാർ നിർദ്ദേശിച്ചത്.
സ്കൂളിലെ ഭൂരിഭാഗം അദ്ധ്യാപകരും കുട്ടികളെ തേടിപ്പിടിച്ചു തങ്ങളുടെ ജോലി നിലനിർത്തി. പക്ഷേ അച്ഛൻ മാത്രം അത്‌ ചെയ്തില്ല. സ്വന്തം മക്കളെ സ്വകാര്യ സ്കൂളിൽ വിട്ട് പഠിപ്പിച്ചിട്ടു മറ്റുള്ള മാതാപിതാക്കളോട് അവരുടെ മക്കളെ സർക്കാർ സ്കൂളിൽ വിടാൻ പറയുന്നത് മര്യാദയുള്ളവർക്കു ചേർന്നതല്ലെന്നായിരുന്നു അച്ഛന്റെ ന്യായം. എന്റെ ജോലി നിലനിർത്താൻ ഞാനത് ചെയ്യില്ലെന്ന് അച്ഛൻ തീർത്തുപറഞ്ഞു. ക്ലാസ്സിൽ കുട്ടികളുടെ എണ്ണം തികയ്ക്കാനാവാതെ അച്ഛന്റെ ജോലി നഷ്ടപ്പെട്ടു. ഇക്കാലത്തും ഇങ്ങനെയുള്ള മണ്ടന്മാരുണ്ടോ എന്ന് പറഞ്ഞ് കൂട്ടുകാർ പോലും അച്ഛനെ കളിയാക്കി.
അന്നുമുതൽ അച്ഛൻ പറമ്പിലേക്കിറങ്ങിയതാണ്. സ്കൂളിൽ കൂട്ടുകാരെല്ലാം ‘മണ്ടൻ മാഷിന്റെ മോൻ’ എന്ന് കളിയാക്കി വിളിക്കുമ്പോൾ ആദ്യമൊക്കെ അമർഷം തോന്നിയിരുന്നെങ്കിലും അത്‌ കടിച്ചമർത്തിയതല്ലാതെ ഒന്നും തിരിച്ചു പറഞ്ഞിരുന്നില്ല.
ഒരു ദിവസം അച്ഛനും അമ്മയും മീനുവും കൂടെയുള്ളപ്പോൾ കൂട്ടുകാരിലൊരുവൻ ഉച്ചത്തിൽ അങ്ങനെ വിളിച്ചപ്പോൾ താനവന്റെ മേലേക്ക് പാഞ്ഞുകയറി എന്തൊക്കെയോ ചെയ്തു. പിന്നെ അച്ഛനും കൂട്ടുകാരും കൂടിയാണ് തന്നെ പിടിച്ചുമാറ്റിയത്. അപ്പോൾ തന്നെ അവനെ ഉപദ്രവിച്ചതിന് അവനോട് ക്ഷമയും പറയിപ്പിച്ചു.
ഒത്തിരി ദ്വേഷ്യത്തോടെയാണന്നു വീട്ടിലെത്തിയത്. സംസാരിക്കാൻ വന്ന അച്ഛനോടന്ന് ഒരുപാട് തർക്കിച്ചു. പിന്നെയും തോളിൽ കൈയിട്ട് ഉപദേശിച്ചു കൊണ്ടിരുന്ന അച്ഛന്റെ കൈതട്ടിമാറ്റി പുറത്തിറങ്ങിപ്പോയി. അവിടവിടെ അലഞ്ഞുതിരിഞ്ഞു നടന്ന് വളരെ വൈകിയാണന്ന് വീട്ടിലെത്തിയത്. തിരിച്ചുവന്നപ്പോൾ അമ്മയാണെതിരേറ്റത്‌.
“അച്ഛനോട് ക്ഷമ ചോദിച്ചിട്ടാവാം ബാക്കിയെന്തും” എന്നമ്മ പറഞ്ഞപ്പോൾ ആ മുഖത്തെ നിശ്ചയദാർഢ്യം വായിച്ചെടുക്കാനായത് കൊണ്ട് നേരെ അച്ഛന്റെ മുറിയിലേക്ക് ചെന്നു.
ജോലി പോയിട്ടും ഒട്ടും കൂസതിരുന്നവൻ, ജീവിതത്തിലെ എല്ലാ തകർച്ചകളിലും തലയുയർത്തിപ്പിടിച്ചു അതിനെ നേരിട്ടവൻ, മഴയിലും വെയിലത്തും അധ്വാനിച്ചിട്ട് വരുമ്പോഴും പുഞ്ചിരിയോടെ കാര്യങ്ങളെ നോക്കിക്കണ്ടവൻ; നിസ്സംഗനായി ദൂരേയ്ക്ക് നോക്കിയിരിക്കുന്ന കാഴ്‌ച.. അത്‌ തന്റെ ഹൃദയം തകർത്തു കളഞ്ഞു.
“അച്ഛാ… എന്നോട് ക്ഷമിക്കൂ”
എന്ന് പറഞ്ഞ് കാലിൽ വീഴുമ്പോൾ തന്റെ കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ ആ പാദങ്ങളെ നനച്ചു. രണ്ടു കൈകൊണ്ടും പിടിച്ചുയർത്തി അടുത്തിരുത്തി കണ്ണുനീർ തുടച്ചിട്ട് അന്ന് അച്ഛൻ പറഞ്ഞു.
“അച്ഛനറിയാം, എല്ലാവരും അച്ഛനെ കളിയാക്കിയതിലുള്ള സങ്കടം സഹിക്കവയ്യാതെയാണ് മോനവനെ ഉപദ്രവിച്ചതെന്ന്. അച്ഛൻ പണ്ട് കുട്ടികളെ ക്യാൻവാസ് ചെയ്ത് ഡിവിഷൻ നിലനിർത്തിയിരുന്നെങ്കിൽ എനിക്കിതൊന്നും ചെയ്യേണ്ടി വരില്ലായിരുന്നു എന്നും നീ ചിന്തിക്കുന്നുണ്ടെന്നറിയാം. പക്ഷേ മോൻ എന്നും ഇതോർക്കണം. ഭൂരിഭാഗത്തിനൊപ്പം തിന്മ ചെയ്ത് കൊണ്ടല്ല, ഒറ്റയാണെങ്കിലും നന്മ ചെയ്തുകൊണ്ടാവണം അച്ഛന്റെ മോൻ ജീവിക്കേണ്ടത്.”
ആ വാക്കുകൾ ചാട്ടുളി പോലെയാണ് അന്ന് മനസ്സിൽ തുളച്ചുകയറിയത്. നന്നായി പഠിച്ചു അച്ഛനെപ്പോലെ നല്ലൊരധ്യാപകനാകണമെന്ന് അന്ന് പ്രതിജ്ഞയെടുത്തു. ബിരുദം കഴിഞ്ഞ് ബിഎഡിന് ചേരുമ്പോൾ അതീവ സന്തോഷത്തിലായിരുന്നു എല്ലാവരും.
പക്ഷേ വിധി.. അതിനെ തടുക്കാൻ ആർക്കും ആവില്ലല്ലോ. പക്ഷാഘാതം വന്ന് അച്ഛൻ കിടപ്പിലായി. പിന്നെയൊന്നും ആലോചിച്ചില്ല, ബി എഡ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു മുഴുസമയ കർഷകനായി. അച്ഛൻ തുടങ്ങിവച്ച കൃഷികൾ നശിച്ചുപോകാതിരിക്കണം എന്നേ മനസ്സിലുണ്ടായിരുന്നുള്ളു. വീൽചെയറിൽ കൂടെനടന്നു അച്ഛനാണ് എല്ലാ നിർദ്ദേശങ്ങളും തന്നത്. അച്ഛൻ സന്തോഷത്തോടെയിരിക്കാൻ അച്ഛന്റെ കൂടെ ഓടിനടന്ന് ചുറുചുറുക്കോടെ എല്ലാം ചെയ്തതാണ് തന്നെ ഈ സ്ഥാനത്തിനർഹനാക്കിയത്.
ഇനി നമ്മൾ അവാർഡ്ദാനച്ചടങ്ങിലേക്കു പ്രവേശിക്കുകയാണ്. അവാർഡ് സമ്മാനിക്കുവാൻ മുഖ്യമന്ത്രിയെയും ഏറ്റുവാങ്ങാനായി അരുണിനെയും ക്ഷണിക്കുന്നു എന്ന് പറയുന്നത് കേട്ടുകൊണ്ടാണ് അരുൺ ചിന്തയിൽ നിന്നുണർന്നത്.
എഴുന്നേറ്റു നിന്ന് അവാർഡ് സ്വീകരിക്കുന്നതിന് മുൻപ് മുഖ്യമന്ത്രിയോട് അനുവാദം ചോദിച്ച് മൈക്ക് കയ്യിലെടുക്കുമ്പോൾ എന്താണ് പറയാൻ പോകുന്നതെന്ന് ഒരൂഹവുമില്ലായിരുന്നു. സ്റ്റേജിലിരിക്കുമ്പോൾ മനസ്സിലൂടെ കടന്നുപോയതെല്ലാം എല്ലാവരോടും വിളിച്ചു പറയുമ്പോൾ കണ്ണു നിറയുന്നുണ്ടായിരുന്നു.
“അതേ സുഹൃത്തുക്കളെ.. ഈ അവാർഡ് ഒരിക്കലും എനിക്കവകാശപ്പെട്ടതല്ല ഇതെന്റെ അച്ഛനാവകാശപ്പെട്ടതാണ്. അച്ഛന്റെ ഇച്ഛാശക്തിക്കു കൂട്ടുനിൽക്കുക മാത്രമേ ഞാൻ ചെയ്തുള്ളു. അതുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ അവാർഡ് എന്റെ അച്ഛന് കൊടുത്ത് ആദരിക്കാൻ കനിവുണ്ടാകണം എന്നപേക്ഷിക്കുന്നു.”
മൈക്ക് ആരുടെയോ കൈയിൽ ഏൽപ്പിച്ചു സ്റ്റേജിൽ നിന്നിറങ്ങി വീൽച്ചെയറിൽ നിന്ന് അച്ഛനെ കൈകളിൽ കോരിയെടുത്ത് തിരിച്ചു സ്റ്റേജിന്റെ പടികൾ കയറുമ്പോൾ സദസ്സിലുള്ളവരെല്ലാം എഴുന്നേറ്റു നിന്ന് കൈയടിച്ചു. ആരോ സ്റ്റേജിലേക്കെടുത്തുവച്ച വീൽചെയറിൽ അച്ഛനെ ഇരുത്തി അവാർഡ് വാങ്ങിക്കാനായി അച്ഛന്റെ കൈകൾ ഉയർത്തി അത്‌ വാങ്ങുമ്പോൾ ആ കൈവിരലുകളിലെ അനക്കം അരുണിനെ ആശ്ചര്യപ്പെടുത്തി. അപ്പോഴും സന്തോഷത്താൽ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
RELATED ARTICLES

Most Popular

Recent Comments