Thursday, July 3, 2025
HomeSTORIESഅറുതിപ്പാൽ.

അറുതിപ്പാൽ.

ശ്രീ കുമാർ ഭാസ്കരൻ.

ജേക്കബ് സാമുവൽ കുര്യൻ കാൺപൂരിലെത്തിയത് ബാക്ക് പേപ്പർ എഴുതുവാനാണ്. എൻറെ സീനിയർ ആയിരുന്നു ജേക്കബ് സാമുവൽ കുര്യൻ. ഡി. എ. വി. യിലെ പൂർവ്വവിദ്യാർത്ഥി. ബോട്ടണിയാണ് വിഷയം. പി.ജി. രണ്ടാം വര്‍ഷം ഒരു പേപ്പര്‍ നഷ്ട്ടപ്പെട്ടു. ആ പേപ്പർ എഴുതിയെടുക്കാൻ വന്നിരിക്കുകയാണ് കുര്യന്‍.
ഒരു ദിവസം അത്താഴം കഴിക്കവേ അണ്ണനാണ് കുര്യൻറെ വരവിനെപ്പറ്റി പറഞ്ഞത്. കുര്യൻ രണ്ടുദിവസത്തിനകം സ്ഥലത്തെത്തും. കുര്യന് ഒരു പേപ്പർ കിട്ടാനുണ്ട് അത് എഴുതാനാണ് വരുന്നത്. കൊല്ലം സ്വദേശി. ഇത്രയുമാണ് അണ്ണനിൽ നിന്നും കുര്യനെ പറ്റി എനിക്ക് മനസ്സിലായത്.
ഞാൻ എനിക്ക് കിട്ടിയ അറിവ് വെച്ച് ഒരു രൂപം സങ്കല്‍പ്പിച്ചു. അത് ഒരു ഭീകര രൂപമായിരുന്നു. കാരണം ഒരു പേപ്പർ നഷ്ടപ്പെടണം എങ്കിൽ അത്ര തരികിട ആയിരിക്കും കുര്യന്‍ സംശയമില്ല. ചെറിയ തരികിട പാർട്ടികൾക്ക് പോലും ബോട്ടണിയിൽ ഒന്നും നഷ്ടപ്പെടാറില്ല. ഫിസിക്സ് ആണെങ്കിൽ ഒരു ന്യായീകരണമുണ്ട്. പാസായി വരാൻ അല്പം പാടായിരിക്കും. കാൺപൂർ സർവ്വകലാശാലയുടെ ഫിസിക്സ് സിലബസ് അല്പം കട്ടിയാണ്. ഐ. ഐ. ടി. യുടെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല ഫിസിക്സ് എഴുതിയെടുക്കുക അത്ര എളുപ്പമല്ല. നല്ല അദ്ധ്വാനം വേണം.
എന്നാല്‍ ബോട്ടണി അങ്ങനെ വരാൻ സാധ്യതയില്ല. കാരണം പലതാണ്. ഒന്നാമത് ജനിതകം ഒഴിവാക്കിയാൽ അതിൽ കണക്കുകൂട്ടലുകളും ഒന്നും കാര്യമായി ഇല്ല. രണ്ടാമത് ബയോളജി വിഷയം പൊതുവേ ബോറടിപ്പിക്കുന്നതല്ല. മൂന്നാമത് മുരളീധരക്കുറുപ്പ് ആണ്.
മുരളി സാർ ബോട്ടണി അധ്യാപകനാണ്. മലയാളിയാണ്. ഒരു കാൺപൂരുകാരിയ പ്രണയിച്ച് വിവാഹം കഴിച്ച് അവിടെ കൂടിയതാണ്. ഒരു കണക്കിന് പറഞ്ഞാൽ കുടിയേറ്റം അല്ലെങ്കിൽ അച്ചിവീട്ടില്‍ പൊറുതി. അത് ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്. നഷ്ടപ്പെട്ടുപോയ മാതൃദേശത്തിന്റെ ദുഃഖം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു.
മുരളീധരക്കുറുപ്പ് ഒരു ആശ്രിതവത്സലനാണ്. പ്രത്യേകിച്ചും വിദ്യാർത്ഥികൾക്ക്. അതുകൊണ്ട് ചില മെച്ചങ്ങളുണ്ട്. കേരളത്തിൽ നിന്നും ഒരുപാട് പേർക്ക് കുറുപ്പ് സാർ അഡ്മിഷൻ വാങ്ങി കൊടുത്തിട്ടുണ്ട്. അതിന് മെച്ചമായ കമ്മീഷനും പറ്റിയിട്ടുമുണ്ട്. അഡ്മിഷൻ പരിപാടി അദ്ദേഹത്തിന്റെ ഒരു വലിയ വരുമാന മാർഗമായിരുന്നു. അതിനു കാരണം അവിടെ പഠിച്ചിറങ്ങുന്ന മലയാളി വിദ്യാർത്ഥികളാണ്. അവർ നാട്ടിലെത്തിയാൽ അവരുടെ ബന്ധുക്കൾ, പരിചയക്കാർ മുതലായവരുമായി ബന്ധപ്പെട്ട ഡിഗ്രി കഴിഞ്ഞ വിദ്യാർഥികളെ കണ്ടെത്തി ക്യാൻവാസ് ചെയ്തു പി. ജി. ക്ക് കാൺപൂരിലേക്ക് അയയ്ക്കും. അവിടെ പി. ജി. പ്രവേശനം തയ്യാറാക്കി കൊടുക്കാൻ കുറിപ്പ് സാർ ഉണ്ട്.
ഉത്തരേന്ത്യയിൽ പല കോളേജുകളിലും പി. ജി. സീറ്റ് ഒഴിവായി കിടക്കുകയാണ് പതിവ്. രണ്ട് കാരണങ്ങളാണ്. ഒന്ന് എങ്ങനെയെങ്കിലും ഡിഗ്രി കഴിഞ്ഞു കിട്ടിയാൽ ബിസിനസിലേക്ക് ഇറങ്ങാൻ താല്പര്യപ്പെടുന്നവരാണ് തദ്ദേശവാസികളായ വിദ്യാർത്ഥികൾ. കാരണം അവരുടെ പ്രതീക്ഷ വലുതാണ്. ഒരു പി. ജി. എടുത്ത്, തുച്ഛമായ ശമ്പളത്തിൽ ഏതെങ്കിലും സർക്കാർ ജോലിയില്‍ കയറി ജീവിതം തുലയ്ക്കാൻ അവർ തയ്യാറല്ല. നമ്മൾ ജീവിത സുരക്ഷിതത്വം സർക്കാർ ജോലിയിൽ കാണുമ്പോൾ ഉത്തരേന്ത്യന്‍ യുവാക്കൾ ആ സുരക്ഷിതത്വം അല്ല മറിച്ച് സർക്കാർ ജോലിയുടെ പരിമിതിയെപ്പറ്റിയാണ് അവർ ചിന്തിക്കുന്നത്. നമ്മള്‍ ജോബ്‌ സീക്കേഴ്സ് ആവുമ്പോള്‍ അവര്‍ ജോബ്‌ ക്രിയേറ്റേഴ്സ് ആകുന്നു.
നിങ്ങൾക്ക് കഴിവുണ്ടെങ്കിലും ഇല്ലെങ്കിലും, സർക്കാർ ഉദ്യോഗസ്ഥൻ ആയാൽ മാസം ശമ്പളം കിട്ടിക്കൊണ്ടിരിക്കും. നല്ല തസ്തികയിൽ ആണെങ്കിൽ കൈക്കൂലിയും വാങ്ങാം. ഇടയ്ക്ക് ലീവ് എടുക്കാം. പ്രായമാകുമ്പോൾ പെൻഷൻ കിട്ടും. അതിൻറെ ഇടയ്ക്ക് ചത്താൽ സർവ്വീസിൽ ഇരിക്കുമ്പോള്‍ ചത്തു എന്നതിന്റെ പേരിൽ ഭാര്യയ്ക്ക് അല്ലെങ്കിൽ മക്കൾക്ക് ജോലി കിട്ടാനും സാധ്യതയുണ്ട്. നല്ലത്. ഇതിന്റെ ഒരു മോശമായ വശവും പിന്നീട് എനിക്ക് ബോദ്ധ്യപ്പെട്ടു.
നാട്ടിൽ എത്തി ഒരു സർവ്വകലാശാല ക്യാമ്പസിൽ ഗവേഷകനായ സമയം, ആ ക്യാമ്പസിലെ ഒരു ഉദ്യോഗസ്ഥന് അർബുദം ബാധിച്ച് ചികിത്സയിലായി. അദ്ദേഹത്തിന് പെൻഷൻ ആവാൻ ഏതാനും മാസങ്ങളെ ഉള്ളൂ. അദ്ദേഹത്തിൻറെ ചികിത്സയ്ക്കായി സർവ്വകലാശാലയിലെ ഉദ്യോഗസ്ഥരിൽ നിന്നും ധനസമാഹരണം നടത്തിയത് സർവ്വ കലാശാല ഉദ്യോഗസ്ഥനായ എൻറെ ഒരു സുഹൃത്താണ്. ആദ്യം രോഗം ഭേദമാകും എന്ന നിലയിൽ അവർ പ്രവർത്തിച്ചു. മാസങ്ങൾക്കകം അവർക്ക് മനസ്സിലായി ഈ അവസ്ഥയിൽ രോഗിക്ക് കാര്യമായ പ്രതീക്ഷ വേണ്ട. രോഗി മരിക്കും ഉറപ്പ്. ചികിത്സിച്ചു ഭേദമാക്കാൻ പറ്റില്ല. എങ്കിലും ചികിത്സ തുടർന്നു. ഒരിക്കൽ ഈ രോഗിയുടെ അവസ്ഥ എന്നോട് പറയുമ്പോൾ എന്റെ സുഹൃത്ത് അറിയാതെ ആത്മഗതം നടത്തിയത് അല്പം ഉറക്കെ ആയിപ്പോയി. ‘എങ്ങനെയെങ്കിലും ഒന്ന് പെട്ടെന്ന് ചത്താൽ മതിയായിരുന്നു. ഇനി രണ്ടര മാസമേ ഉള്ളൂ സർവ്വീസിൽ. ഇപ്പോൾ ചത്താൽ ആ പയ്യൻ രക്ഷപ്പെട്ടേനെ.’ രോഗിയുടെ മകൻറെ കാര്യമാണ് പറഞ്ഞത്. സർവ്വീസിൽ ഇരുന്ന് ചത്താൽ ഡിഗ്രി കഴിഞ്ഞിരിക്കുന്ന മകന് ജോലി കിട്ടും.
ഈശ്വരൻ വലിയവൻ തന്നെ. ആ രോഗി പിന്നീട് കഷ്ടിച്ച് മൂന്നാഴ്ചയെ ജീവിച്ചിരുന്നുള്ളൂ. ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയതുകൊണ്ട് മാത്രം ഏറ്റവും അടുത്ത സുഹൃത്തുക്കൾ പോലും ആ മനുഷ്യൻറെ മരണത്തിനായി കാത്തിരുന്നു. ഇത് ജീവിത സുരക്ഷിതത്വത്തിന്റെ മറ്റൊരു വശമാണ്. പൊള്ളുന്ന കറുത്തവശം.
ഉത്തരേന്ത്യന്‍ യുവാക്കളുടെ സങ്കല്പത്തിൽ, ഒരു സർക്കാർ ജോലിയിൽ കയറി ഒരിക്കലും തങ്ങൾക്ക് ഒരു ബെൻസ് കാർ വാങ്ങി യാത്ര ചെയ്യാൻ പറ്റില്ല. എത്ര കഴിവുണ്ടെങ്കിലും. അങ്ങനെയാണ് അവർ ചിന്തിക്കുക. ചെറുപ്രായത്തിൽ വലിയ പ്രമോഷൻ സാധ്യമല്ല. ചുരുക്കത്തിൽ അവിടെ കഴിവിന് അല്ല എക്സ്പീരിയൻസിനാണ് പ്രാധാന്യം. വർഷങ്ങൾ ഇരുന്നു നരകിക്കാൻ തയ്യാറായാൽ നിങ്ങൾക്ക് ഉദ്യോഗക്കയറ്റം ഉണ്ടായിക്കൊണ്ടിരിക്കും. പക്ഷേ അവിടെയും നിങ്ങളുടെ ബെൻസ് മോഹം പൂവണിയില്ല.
ഉദ്യോഗസ്ഥനായി വല്ല കള്ളനോട്ട് അടിയോ മയക്കുമരുന്ന് കച്ചവടമോ ചെയ്യണം അതാണ് അവസ്ഥ. നല്ല പ്രായത്തിൽ അടിസ്ഥാന വിദ്യാഭ്യാസം ആയാൽ അതായത് ഡിഗ്രി ആയാല്‍, ഏതെങ്കിലും നല്ല സ്വകാര്യ സ്ഥാപനത്തിൽ കയറുക. സ്വന്തം കഴിവുകൊണ്ട് എത്ര വേണമെങ്കിലും ഉയരാം. അല്ലെങ്കിൽ വേണ്ടത്ര അനുഭവപരിചയം ആയി എന്ന് തോന്നിയാൽ, സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുക. അതിൽ പരമാവധി അദ്ധ്വാനിക്കുക. പരമാവധി നേടുക. പരമാവധി സുഖിക്കുക. ഇതാണ് ഒരു ഉത്തരേന്ത്യൻ യുവാവിന്റെ ലക്ഷ്യം.
അതുകൊണ്ട് ഡിഗ്രി കഴിഞ്ഞാൽ പി. ജി. ക്ക് പോയി സമയം കളയാൻ അവർ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് തുടർപഠനം ആഗ്രഹിക്കുന്ന ഒരു ബിരുദധാരിക്ക് കുറിപ്പ് സാർ ഒരു ദൈവദൂതൻ ആവുന്നത്. അദ്ദേഹത്തിന് അവിടെ വലിയ അദ്ധ്വാനം ഒന്നുമില്ല. കോളേജിൽ ആപ്ലിക്കേഷൻ കൊടുത്താൽ പി. ജി. പ്രവേശനം ഉറപ്പാണ്. പ്രവേശനം കിട്ടുമ്പോൾ ഒന്നുമറിയാതെ കമ്മീഷനായി കുറച്ചു തുകയും കിട്ടും. പക്ഷേ ഉത്തരേന്ത്യൻ കോളേജുകളെപ്പറ്റി അറിയാന്‍ കുറുപ്പ് സാറിനെ പോലെയുള്ളവർ അനിവാര്യമായിരുന്നു എന്ന സത്യം വിസ്മരിക്കാനും കഴിയില്ല.
ബോട്ടണിയില്‍ ഒരു പേപ്പർ നഷ്ടപ്പെട്ടു എങ്കിൽ കുര്യൻ അത്രമാത്രം ഒരു തരികിട ആയിരിക്കണം എന്ന് ഞാൻ ഉറപ്പിച്ചു. മനസ്സിൽ ഒരു രൂപം തെളിഞ്ഞു വന്നു. പരുക്കനായ ധൂർത്തനായ ധിക്കാരിയായ മദ്യപാനിയായ ഒരു അലമ്പൻ. ഒരു ഒന്നാംതരം കാട്ടുപോത്ത്. ഒറ്റ പേപ്പർ എഴുതാനാണ് വരുന്നതെങ്കിലും, കുര്യൻ രണ്ടാഴ്ചയോളം ഇവിടെ കാണും എന്നും സാം അണ്ണൻ സൂചിപ്പിച്ചിരുന്നു.
സാധാരണ ബാക്ക് പേപ്പർ എഴുതാൻ വരുന്നവരും നിയമവിദ്യാർത്ഥികളും ഞങ്ങളുടെ കൂടെയാണ് താമസം. ഐ. ഐ. ടി. യിൽ രണ്ടു കൂട്ടര്‍ പരീക്ഷാസമയത്ത് മാത്രമേ വരൂ. ബാക്ക് പേപ്പർ എഴുതാൻ വരുന്നവർക്ക് പരീക്ഷയ്ക്ക് ഇരുന്നാൽ മതി. പക്ഷേ പൂർണ്ണസമയം അഥവാ റഗുലർ നിയമവിദ്യാർത്ഥികൾ എല്ലാ ദിവസവും കോളേജിൽ പോകേണ്ടവരാണ്. പക്ഷെ അവരും പരീക്ഷയ്ക്ക് മാത്രമേ വരികയുള്ളൂ. കോളേജിലെ ഹാജർ പ്രശ്നമല്ല. അത് ഫൈൻ അടച്ച് പരിഹരിക്കാം. ഫൈൻ അത്ര വലിയ തുകയൊന്നുമല്ല. പലപ്പോഴും ഫൈനും വേണ്ടി വരാറില്ല. കാരണം വിവേക് അവസ്തി എന്ന വിദ്യാർത്ഥി മഹാമന്ത്രിക്ക് സർവ്വകലാശാലയിലുള്ള സ്ഥാനവും അധികാരവും അത്ര വിപുലമാണ്. അത് മുതലാക്കിയിരുന്നത് മല്ലു നിയമവിദ്യാർത്ഥികളാണ്. പരീക്ഷയ്ക്ക് മാത്രം എത്തും. ബാക്കി സമയം നാട്ടിൽ ട്യൂഷൻ എടുത്ത് കാശുണ്ടാക്കും.
പരീക്ഷയ്ക്ക് എത്തുമ്പോൾ അവസ്തിയ്ക്ക് നല്ല ഒന്നാന്തരം കയറ്റുമതി ഗ്രേഡിൽ പെടുന്ന ഒരു പാക്കറ്റ് അണ്ടിപ്പരിപ്പ് സമ്മാനിക്കും. അവസ്തിയ്ക്ക് അത് മതി. അവസ്തിയെ മാത്രമല്ല ഉത്തരേന്ത്യയിലെ ഏതൊരു കൊലകൊമ്പനേയും ഒരു പാക്കറ്റ് അണ്ടിപ്പരിപ്പില്‍ ഒതുക്കാന്‍ കഴിയും. കാരണം അണ്ടിപ്പരിപ്പ് ഉത്തരേന്ത്യന്‍റെ ഒരു ദൗർബല്യമാണ്. അണ്ടിപ്പരിപ്പിൽ ഒതുങ്ങാത്തവന്‍ ഹൽവയിൽ ഒതുങ്ങും. ഒന്നുകിൽ അണ്ടിപ്പരിപ്പ് മാത്രം അല്ലെങ്കിൽ അണ്ടിപ്പരിപ്പും ഹൽവയും. ഇതിൽ രണ്ടിലും ഒതുങ്ങാത്തവന്‍ ഏത്തക്കാ ചിപ്സില്‍ ഒതുങ്ങും. ഇതിൽ മൂന്നിലും ഒതുങ്ങാത്തവൻ ഇനിയും ഉത്തരേന്ത്യയിൽ ജനിച്ചിട്ടില്ല.
കുര്യൻ പരീക്ഷയ്ക്ക് ഒരാഴ്ചമുമ്പേ എത്തി. പക്ഷേ കുര്യൻ എൻറെ ധാരണ ആകെ തെറ്റിച്ചുകളഞ്ഞു. ഞാൻ കുര്യനെപ്പറ്റി താലോലിച്ചു മനസ്സിൽ കൊണ്ടുനടന്ന ഭീകര രൂപം ഒറ്റയടിക്ക് ഇടിഞ്ഞ് നിലംപരിശായി. കുര്യൻ അതിസുന്ദരനായിരുന്നു. കട്ടിമീശയുള്ള സുന്ദരൻ. ക്ലീൻ ഷേവ് ചെയ്ത് സാരി ഉടുത്താൽ സ്ത്രീകളെ പോലും അതിശയിപ്പിക്കുന്ന സുന്ദരി ആയിരിക്കും. ഒരു പരിധിവരെ അങ്ങനെയാണ് കുര്യന്‍. നാണം കലർന്ന ചിരിയായിരുന്നു കുര്യന്റേത്. ലജ്ജാലുവായ മനുഷ്യൻ.
വളരെ പെട്ടെന്നാണ് കുര്യൻ എൻറെ അടുത്ത സുഹൃത്തായത്. പ്രായത്തിൽ ഒരു വയസ്സ് കുറവായിരുന്നു എനിക്ക്. എങ്കിലും എന്നെ കുര്യൻ അണ്ണൻ എന്നാണ് വിളിച്ചിരുന്നത്. കുര്യൻ പൊതുവേ എല്ലാവരെയും പ്രായഭേദമന്യേ സൗഹാർദ്ദപൂർവ്വം അണ്ണൻ എന്ന് സംബോധന ചെയ്തു. ആരോഗ്യത്തിലും ഭക്ഷണത്തിലും കുര്യൻ അതീവ ശ്രദ്ധാലുമായിരുന്നു. കോളേജിൽ പോകുമ്പോൾ സാമാന്യം വലിയൊരു ഫ്ലാസ്കിൽ വെള്ളം തിളപ്പിച്ച് കൊണ്ടുപോവുകയാണ് പതിവ്. പുറത്തുനിന്നും ഭക്ഷണം ഒന്നും കഴിക്കില്ല. എന്തിന് ചായ പോലും വാങ്ങി കുടിക്കത്തില്ല. അതിനു മതിയായ ഒരു കാരണമുണ്ട്. ഒരു നേപ്പാള്‍ യാത്രയുടെ അനുഭവം. പണ്ട് നടത്തിയ യാത്രയുടെ അനുഭവം.
കുര്യന്റെ പിതാവ് ഒരു സ്കൂൾ അധ്യാപകനാണ്. ഇംഗ്ലീഷ് ആണ് വിഷയം. മലയാളം മീഡിയത്തിൽ പഠിച്ചു വന്ന കുര്യന് ഇംഗ്ലീഷില്‍ പ്രാവീണ്യം ഉണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. കുര്യൻ വീട്ടിലേക്ക് കത്തെഴുതുമ്പോൾ ഇംഗ്ലീഷിൽ തന്നെ എഴുതണം എന്ന് അദ്ദേഹത്തിനു നിർബന്ധമാണ്. ഭാഷാപരമായി കുര്യൻ അല്പം പിന്നിലായിരുന്നു. പ്രത്യേകിച്ചും ആംഗലേയത്തിൽ. കുര്യൻ എപ്പോഴും ആംഗലേയത്തിൽ തന്നെ വീട്ടിലേക്ക് കത്ത് എഴുത്തും. രണ്ടാഴ്ചക്കുള്ളിൽ ആ കത്തും അതിൻറെ മറുപടിയും ഒരു വലിയ കവറിൽ കിട്ടും. കത്തിലെ ഗ്രാമർ മിസ്റ്റേക്ക് ചുവന്ന മഷി കൊണ്ട് അണ്ടർലൈൻ ചെയ്തിരിക്കും. പിന്നെ അതിൻറെ ശരിയായ രൂപം മാർജിനിൽ എഴുതിയിട്ടിരിക്കും. ഈ രീതിയിലാണ് കുര്യന് മറുപടി വരിക. കുര്യന് ഒരു പെങ്ങളും അമ്മയും ആണുള്ളത്. പെങ്ങളുടെ കാര്യത്തിൽ, തന്നോട് കാണിക്കുന്ന ശ്രദ്ധയുടെ നാലിലൊന്ന് കാണിച്ചിരുന്നെങ്കിൽ അവൾക്ക് ഐ. എ. എസ്. കിട്ടിയേനെ എന്ന് കുര്യൻ ഇടയ്ക്കിടെ പറയാറുണ്ട്. കുര്യൻ എന്ന മകനിൽ ആ സ്കൂൾ അധ്യാപകന് ഉള്ള പ്രതീക്ഷ അത്ര വലുതായിരുന്നു.
രണ്ടാം വർഷം പഠിക്കുമ്പോഴാണ് കുര്യനും മറ്റ് അഞ്ചു കൂട്ടുകാരും നേപ്പാളിൽ പോയത്. ഒരു സൗഹൃദ സന്ദർശനം. നാട്ടിൽ നിന്നും വരുമ്പോൾ ട്രെയിനിൽ വച്ച് പരിചയപ്പെട്ട ചില കന്യാസ്ത്രീകൾ നേപ്പാളിൽ ഒരു മഠത്തിൽ ഉണ്ടായിരുന്നു. കാണ്‍പൂരില്‍ ഇറങ്ങുമ്പോൾ, അവർ കുര്യനെയും കൂട്ടുകാരെയും നേപ്പാളിലേക്ക് ക്ഷണിച്ചു. ഒരു ഔപചാരികമായ ക്ഷണം. പക്ഷേ കന്യാസ്ത്രീകളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അടുത്ത വിന്റർ വെക്കേഷന് കുര്യൻ ടീം നേപ്പാളിൽ എത്തി. സാധാരണ വിന്റർ വെക്കേഷന് എല്ലാവരും നാട്ടിലേക്ക് ട്രെയിൻ പിടിക്കുകയാണ് പതിവ്. എന്നാൽ ആ പ്രാവശ്യവും അവർ നേപ്പാളിലേക്ക് പോയി. മൂന്നു നാല് ദിവസം അവിടെ ചിലവഴിച്ചു. പിന്നെ തിരിച്ചു പോന്നു.
തിരികയുള്ള യാത്രയിൽ ട്രെയിനിൽ വച്ചുള്ള ഏതോ ഭക്ഷണം മോശമായിരുന്നു. അഞ്ചുപേരും ശര്‍ദ്ദില്‍ ആരംഭിച്ചു. ഉടൻതന്നെ എല്ലാവരെയും ഹോസ്പിറ്റലിൽ ആക്കി. മൂന്നാല് ദിവസം കൊണ്ട് ശര്‍ദ്ദില്‍ അവസാനിച്ചു. ഫുഡ് പോയിസൺ ആയിരുന്നു. കുര്യൻ ഇത് ഒരു ആഘോഷമാക്കി. കാരണം എല്ലാവരിലും വെച്ച് ദുർബലനായ കുര്യൻ പിടിച്ചുനിന്നു. മറ്റുള്ളവർ വീണുപോയി. കുര്യൻ അത് ആഘോഷിച്ചു. പക്ഷേ ആഘോഷം അധികം നീണ്ടില്ല.
ഏതാനും ദിവസത്തിനുള്ളിൽ പനിപിടിച്ച കുര്യനെ ഹോസ്പിറ്റലിലാക്കി. പക്ഷേ പനിക്ക് ശമനം ഉണ്ടായില്ല. ക്രമേണ കുര്യൻറെ ശരീരം നീര് വെച്ച് വീർത്തു തുടങ്ങി. കിഡ്നി ഫെയിലുവറിന്റെ ലക്ഷണം. ട്രെയിനിലെ ഭക്ഷണത്തിന്റെ വിഷാംശം എല്ലാവരും ചർദ്ദിച്ചു കളഞ്ഞപ്പോൾ കുര്യന് അത് പറ്റിയില്ല. അത് കുറച്ചു ഗുരുതരമായ രീതിയിലാണ് കുര്യനെ ബാധിച്ചത് അല്പം വൈകിയാണെങ്കിലും. അതാണ് നടന്നത്. കുര്യൻറെ അവസ്ഥ നാൾക്കുനാള്‍ മോശമായി വന്നു. ഒരു മരുന്നും ഫലിച്ചില്ല. ഒരു മരുന്നിനോടും കുര്യൻറെ ശരീരം പ്രതികരിക്കാതെയായി. അതോടെ ട്രീറ്റ്മെൻറ് നിർത്തി. ഡോക്ടർമാർ നിസ്സഹായരായി. ചീഫ് ഡോക്ടർ കൂട്ടുകാരോട് വിവരം പറഞ്ഞു. യുറീമിയ ആണ് അവസ്ഥ. ഒന്നും ചെയ്യാൻ കഴിയില്ല. യാഥാർഥ്യം കൂട്ടുകാർക്ക് മനസ്സിലായി. എങ്കിലും അവർ കുര്യനെ ഹോസ്പിറ്റലിൽ നിന്നും നീക്കിയില്ല. അവസാനം അവർ കുര്യനോട് കാര്യം വ്യക്തമാക്കി. ആർക്കുമൊന്നും പറയാനുണ്ടായിരുന്നില്ല. ചെയ്യാനും.
കുര്യൻ കുറെ നേരം മുകളിലേക്ക് നോക്കി കിടന്നു. പിന്നെ ഒരു പേപ്പറും പേനയും വേണമെന്നാവശ്യപ്പെട്ടു. അവസാന കത്ത് വീട്ടിലേക്ക് അയക്കാനുള്ള പുറപ്പാടിലാണ് കുര്യന്‍ എന്ന് കൂട്ടുകാർക്ക് മനസ്സിലായി. പക്ഷേ കുര്യൻ ഒരു കത്തും വീട്ടിലേക്കയച്ചില്ല. എപ്പോൾ വേണമെങ്കിലും കുര്യൻ കൈവിട്ടു പോകാം. എല്ലാവരും ഹോസ്പിറ്റലിലുണ്ട്. മൊത്തം ദുഃഖമയം. പക്ഷേ അത്ഭുതം തന്നെ സംഭവിച്ചു.
രണ്ടുദിവസം കഴിഞ്ഞപ്പോൾ ക്രമേണ കുര്യൻറെ കിഡ്നി പ്രവർത്തിച്ചു തുടങ്ങി. ഒരു ചികിത്സയുമില്ലാതെ. ഒരാഴ്ചയ്ക്കുള്ളിൽ അത് പരിപൂർണ്ണ പ്രവർത്തനക്ഷമമായി. കുര്യൻ യമനോട് യാത്ര പറഞ്ഞു തിരിച്ചു പോന്നു. എല്ലാവർക്കും സന്തോഷമായി. ഒരാഴ്ച കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്നും കുര്യനെ ഡിസ്ചാർജ് ചെയ്തു. കുര്യൻ നടന്ന് പുറത്തെ കാറിലേക്ക് കയറി. കുര്യൻറെ വസ്തുക്കൾ പാക്ക് ചെയ്യുമ്പോൾ തലയിണയുടെ അടിയില്‍ നിന്നും ഒരു പേപ്പർ കൂട്ടുകാർക്ക് കിട്ടി. കുര്യന്‍ പിതാവിന് എഴുതിയ അവസാനത്തെ കത്ത്.
ആ കത്ത് വായിച്ച് കൂട്ടുകാർ കുര്യനെ ഒരുപാട് കളിയാക്കിയിട്ടുണ്ട്. പിന്നെ സ്വകാര്യമായി ഒരുപാട് കരഞ്ഞിട്ടും ഉണ്ട്. കത്തില്‍ കുര്യന്‍ വിശദീകരിച്ചിരുന്നത് തങ്ങൾ നടത്തിയ യാത്രയെപ്പറ്റിയാണ്. യാത്രയിലെ ഭക്ഷണത്തെപ്പറ്റി. ഭക്ഷ്യ വിഷബാധയെപ്പറ്റി എല്ലാം വിശദമാക്കിയിരുന്നു. കുര്യൻ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതും കിഡ്നി രണ്ടും പ്രവർത്തനരഹിതമായതും എല്ലാം വിശദമായി വിവരിച്ചിരുന്നു. എന്നിട്ട് കത്ത് അവസാനിപ്പിക്കുന്നത്തിനു തൊട്ടുമുമ്പ് കുര്യൻ എഴുതി. ‘എൻറെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല. ഭക്ഷ്യവിഷബാധ മാത്രമാണ് കാരണം. എനിക്ക് എന്ത് സംഭവിച്ചാലും അതിൻറെ പരിപൂർണ്ണ കാരണക്കാരൻ ഞാനാണ്. അതിനാൽ എൻറെ മരണത്തിൽ ദുരൂഹത കണ്ട് എൻറെ കൂട്ടുകാരെ സംശയിക്കരുത്. അവർ തികച്ചും നിരപരാധികളാണ്. അവരെ എൻറെ മരണത്തിൻറെ പേരിൽ ഉപദ്രവിക്കരുത്. പോലീസ് കേസിൽ കുടുക്കരുത്.’
പിന്നീട് എത്രയോ പ്രാവശ്യം കുര്യനെ മറ്റുള്ളവര്‍ ഈ കത്തിന്റെ പേരില്‍ കളിയാക്കിയിട്ടുണ്ട്. അപ്പോഴെല്ലാം കുര്യൻറെ ഭാഷയിൽ പറഞ്ഞാൽ, കുര്യൻ സൈക്കിളിൽ നിന്ന് വീണ് എണീറ്റ് നിന്നിട്ടുള്ള ഒരു ചിരി ചിരിക്കും.
കുര്യന്‍ വരുമ്പോൾ ശാന്തിയുടെ രണ്ടാം സന്തതി മോനു പിച്ചവച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ശാന്തിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു പെൺകുഞ്ഞ്. പക്ഷേ രണ്ടാമത്തേതും ആണ്‍കുട്ടിയായി. പക്ഷേ ശാന്തി വിട്ടില്ല. മോനുവിനെ പെണ്‍ വേഷം കെട്ടിച്ച് ആത്മസായൂജ്യം അടഞ്ഞു. അവൻറെ മുടി മുറിച്ചില്ല. നീണ്ട മുടി റിബൺ വച്ച് കെട്ടിവെക്കും. കണ്ണ് എഴുതി പാവാട ഇടീച്ചാണ് ഒരുക്കുന്നത്. അങ്ങനെ മോനു ഒരു പെണ്ണായി നടന്നു.
കുര്യൻ വരുമ്പോൾ മോനുവിന്റെ അവസ്ഥ ഇതാണ്. ഒരു പാവാടപ്പയ്യൻ. പെണ്‍ വേഷം കെട്ടിയ മോനുവിനെ ഞാൻ ‘സോനാ’ എന്ന് വിളിച്ചു. അവൻ ഒരിക്കൽ ഞാനും കുര്യനും മാവിന്റെ ചുവട്ടില്‍ ഇരിക്കുമ്പോൾ അങ്ങോട്ട് വന്നു. അവനെ കണ്ടപ്പോൾ കുര്യന് ഒരു സംശയം. ആണോ അതോ പെണ്ണോ. കുര്യൻ വന്നിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളൂ. ഞാൻ നിസംശയം പറഞ്ഞു പെണ്ണ്. പേര്? കുര്യൻ ചോദിച്ചു. സോനാ ഞാൻ പറഞ്ഞു. എന്നിട്ടും കുര്യന് സംശയം. കുര്യൻ എന്നെ ഒന്ന് നോക്കിയിട്ട് മോനുവിനെ അടുത്ത് പിടിച്ച് പാവാട ഊരി ലിംഗനിർണയം നടത്തി. ഈ സമയം സാം അണ്ണൻ ഇതെല്ലാം കണ്ട് വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു. അണ്ണൻ എന്നെ കണ്ണുകാണിച്ചു. ഞാന്‍ പിന്നിലേക്ക് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ നിറഞ്ഞ ചിരിയുമായി ശാന്തി പിന്നിൽ. ശാന്തി നേരത്തെ വന്നിരുന്നു. വെള്ളമെടുക്കാൻ വന്നതാണ്. കുര്യൻറെ കലാപരിപാടി ശാന്തി കണ്ടു.
ഞാൻ പെട്ടെന്ന് അകത്തേക്ക് പോയി. അപ്പോഴാണ് കുര്യനും ശാന്തിയെ കാണുന്നത്. കുര്യൻ സഹജമായ ചമ്മിയ ചിരി പാസാക്കി അകത്തേക്ക് വന്നു. ശാന്തിക്ക് കുര്യൻ കാണിച്ച കലാപരിപാടിയിൽ പ്രത്യേക അലോഹ്യമുള്ളതായി തോന്നിയില്ല. എന്തുതന്നെയായാലും സോന പെണ്ണല്ല എന്ന് കുര്യന്‍ ഉറപ്പിച്ചു. എങ്കിലും ഞാൻ മോനുവിനെ പിന്നീടും സോനാ എന്ന് തന്നെ വിളിച്ചു. ശാന്തി കേട്ടും കേൾക്കാതെയും.
കുര്യന്‍റെ പരീക്ഷ ആദ്യമേ കഴിഞ്ഞു. കുര്യന്‍ ഏതാനും ദിവസങ്ങളെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഞങ്ങൾക്കിടയിൽ വർഷങ്ങളുടെ ചിര പരിചിതത്വവും സൗഹൃദവും ഉണ്ടായിരുന്നതായി തോന്നി. അത്രമാത്രം സൗഹൃദം ആ കുറഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ടിരുന്നു. കുര്യന്റെ ഏറ്റവും വലിയ പ്രത്യേകത സ്വയം പൊക്കി പറയുന്ന രീതിയില്ല എന്നതാണ്. അവനെ പറ്റിയിട്ടുള്ളതും പറ്റിക്കൊ ണ്ടിരിക്കുന്നതും ആയ എല്ലാ അബദ്ധങ്ങളെപ്പറ്റിയും യാതൊരു മറയുമില്ലാതെ കുര്യൻ പറയും.
രണ്ടാം വർഷം പഠിക്കുമ്പോൾ കുര്യന് ഒരു പെണ്ണിൻറെ പേര് വെച്ച കത്ത് കത്ത് വന്നതും, കത്ത് വിശ്വസിച്ച് അവളെ കാണാൻ മോത്തിജി പാർക്കിൽ പോയതും, അവിടെ വച്ച് കൂട്ടുകാർ കുര്യനെ പൊക്കിയതും, പിന്നെ ആ വിവരം പുറത്ത് പറയാതിരിക്കാൻ അവർക്ക് ചെലവ് ചെയ്തതും ഒക്കെ കലവറയില്ലാതെ കുര്യൻ പറയുമായിരുന്നു. അബദ്ധങ്ങൾ അവിടം കൊണ്ട് തീരുന്നില്ല. പെങ്ങളുടെ കൂടെ മാർക്കറ്റിൽ പോകുമ്പോൾ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ നോക്കിയാൽ പെങ്ങള്‍ ചെള്ളയ്ക്ക് കുത്തുന്നത്. പുതിയതായി വാങ്ങിയ കൂര്‍ത്തയിട്ടു അതിഥികളുടെ മുന്നിലെത്തിയപ്പോൾ, കൂർത്തയുടെ കെട്ട് ലൂസ് ആയി കൂര്‍ത്ത അഴിഞ്ഞു വീണത്. ഷേവിങ് പെർഫെക്റ്റ് ആക്കാൻ കൊല്ലനെ കൊണ്ട് പ്രത്യേകം കത്തി ഉണ്ടാക്കി ഷേവ് ചെയ്തപ്പോൾ കവിൾ മുറിഞ്ഞുപോയത്. അങ്ങനെ പോകുന്നു കുര്യൻ തമാശകൾ.
കുര്യന് കിഡ്നി പ്രശ്നം ഉണ്ടായതിനുശേഷം, ആഹാരകാര്യത്തിൽ വളരെ ഭയവും ശ്രദ്ധയും ഉണ്ടായിരുന്നു. അതുകൊണ്ട് കഴിവതും പുറത്തു നിന്നും ഭക്ഷണം കഴിക്കില്ല. നാട്ടിൽ നിന്നും വരുമ്പോൾ ട്രെയിൻയാത്രയിൽ പഴം മാത്രമേ കുര്യൻ വാങ്ങി കഴിച്ചിരുന്നുള്ളൂ. ഇടയ്ക്ക് ഓരോ ചായയും കഴിച്ചു. ട്രെയിനിൽ കിട്ടിയ വേറെ ഒരു ഭക്ഷണവും വാങ്ങി കഴിച്ചില്ല. തിരിച്ചു നാട്ടിലേക്ക് പോകുമ്പോഴും അതുതന്നെയായിരുന്നു അവസ്ഥ. എന്തെങ്കിലും ഉണ്ടാക്കി കൊടുത്തുവിടാൻ കഴിയുമായിരുന്നു. പക്ഷേ കുര്യൻ അത് ഒരിക്കലും സമ്മതിച്ചില്ല. അവസാനം അല്പം പാല്‍ തിളപ്പിച്ച് ഫ്ലാസ്കില്‍ കരുതാം എന്ന് കുര്യൻ സമ്മതിച്ചു.
കുര്യൻ പുറപ്പെടുന്ന ദിവസം രാവിലെ തിവാരിയുടെ വീട്ടിൽ പോയി ഒരു ലിറ്റർ പാൽ വാങ്ങി. പതിവിനു വിപരീതമായി തിവാരി ഒരു രൂപ കൂടുതല്‍ വാങ്ങി. അത് എന്തിനെന്നു എനിക്ക് മനസ്സിലായില്ല. ഞങ്ങളുടെ പ്രിയപ്പെട്ട കന്നാലിപ്പയ്യൻ കാരണം വ്യക്തമാക്കി. എരുമയുടെ കറവ തീരാറായി. അറുതിപ്പാലാണിത്. അതിനാൽ ഇതിന് കൊഴുപ്പ് കൂടുതലാണ്. അതുകൊണ്ട് ഒരു രൂപ കൂടുതൽ എടുത്തു എന്നു സാരം. അറുതിപ്പാലിന് ഗുണനിലവാരം കൂടുതലാണെന്ന്. തിവാരിയുടെ കച്ചവട മന:സ്ഥിതി അംഗീകരിക്കാതിരിക്കാൻ പറ്റില്ല. തിവാരി മാസങ്ങളായി ഞങ്ങളെ കാണുകയും അത്യാവശ്യം പലപ്പോഴും ഞങ്ങളിൽ നിന്നും സഹായങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നിട്ടും കാര്യം വന്നപ്പോള്‍ തനിനിറം കാട്ടി. ‘പണത്തിനു മീതെ പരുന്തും പറക്കില്ല.’ അത് കേരളത്തിൽ മാത്രമല്ല കാൺപൂരും അതങ്ങനെ തന്നെ.
കൊച്ചുതിവാരി പറഞ്ഞപോലെ അറുതിപ്പാല്‍, നല്ല കട്ടിയുള്ളതായിരുന്നു. കൊഴുപ്പ് വളരെ കൂടുതൽ. ഗുണനിലവാരം എന്തുമാകട്ടെ, ഒരു രൂപ കൂടിയതിൽ നഷ്ടമില്ല. പാല്‍ കണ്ടപ്പോഴേ കുര്യൻ അതിൽ ഇരിട്ടിയിൽ കൂടുതൽ വെള്ളം ഒഴിക്കാൻ പറഞ്ഞിരുന്നു. എന്നിട്ടും പാലിന് നല്ല കട്ടിയുണ്ടായിരുന്നു. പാല്‍ തിളപ്പിച്ചാറ്റിച്ച് ഫ്ലാസ്ക്കില്‍ നിറച്ചു. കുര്യനൊപ്പം ഞാന്‍ റെയിൽവേ സ്റ്റേഷനിൽ പോയി. ട്രെയിന്‍ രണ്ടു മണിക്കൂര്‍ ലേറ്റായിരുന്നു. എന്നിട്ടും ബോറടിച്ചില്ല. ആ സമയമത്രയും കുര്യൻ കഥകൾ പറഞ്ഞുകൊണ്ടിരുന്നു. അബദ്ധങ്ങളുടെ കഥകള്‍.
ട്രെയിനിൽ കയറുന്നതിനു മുമ്പ്, കുര്യൻ എന്നോട് പറഞ്ഞ കാര്യം, ഞാൻ എൻറെ എല്ലാ വിശേഷങ്ങളും അണ്ണനെ അറിയിച്ചിരിക്കും സമയാസമയത്ത്. അത് വ്യക്തമാണ്. കുര്യന് കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു. പഠനം ജോലി വിവാഹം അങ്ങനെ. ജനിക്കാൻ പോകുന്ന കുട്ടിയുടെ പേരിൻറെ കാര്യത്തിൽ വരെ കുര്യന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. അതായിരുന്നു ജേക്കബ് സാമുവൽ കുര്യൻ.
പക്ഷേ മുകളിൽ ഇരുന്നു കളിക്കളത്തിലെ കരുക്കള്‍ നീക്കിക്കൊണ്ടിരുന്ന ആ വലിയ കളിക്കാരന്റെ പ്ലാൻ അതായിരുന്നില്ല. ഇനിയും ഒരിക്കലും കുര്യനെ ഞാൻ കാണില്ല എന്ന്, പുറപ്പെടുന്ന ട്രെയിനിന്റെ വാതുക്കൽ നിന്ന് കൈവീശിക്കാണിക്കുന്ന കുര്യനെ കണ്ടപ്പോൾ ഞാൻ കരുതിയില്ല. മുകളിലത്തെ കളിക്കാരൻ, കണക്കു കൂട്ടലുകൾ നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു.
കുര്യന്‍ നാട്ടിലെത്തി. ഒരാഴ്ച കഴിഞ്ഞപ്പോൾ കുര്യന് ജോലി ശരിയായി. കോയമ്പത്തൂരിൽ. ഒരു അഗ്രികൾച്ചർ ഫാമിൻറെ മാനേജർ. യോഗ്യമായ ശമ്പളവും താമസസൗകര്യം ഉണ്ട്. യാത്രയ്ക്ക് ഒരു വാഹനം. ഈ വിവരം ചൂടാറും മുമ്പേ കുര്യൻ അറിയിച്ചിരുന്നു. കുര്യൻറെ കത്ത് അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു.
‘താമസിയാതെ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വിശേഷം ഞാൻ അണ്ണനെ അറിയിക്കും.’ അതെനിക്ക് അറിയാമായിരുന്നു. കുര്യൻറെ പ്ലാനിൽ ജോലി. അതു കഴിഞ്ഞാൽ വിവാഹം.
പക്ഷേ കുര്യനെപ്പറ്റി പിന്നീട് ഞാൻ അറിഞ്ഞ ഏറ്റവും പ്രധാനപ്പെട്ട വിശേഷം അതായിരുന്നില്ല. ആ വിശേഷം എന്നെ അറിയിച്ചത് അവനായിരുന്നില്ല. കാരണം മുകളിലെ കളിക്കാരൻ പെട്ടെന്ന് അപ്രതീക്ഷിതമായി ചില കരുക്കൾ നീക്കിവെച്ചു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments