Saturday, April 20, 2024
HomeLiteratureഎന്‍റെ ആദ്യത്തെ പാന്‍റ്. (അനുഭവ കഥ)

എന്‍റെ ആദ്യത്തെ പാന്‍റ്. (അനുഭവ കഥ)

എന്‍റെ ആദ്യത്തെ പാന്‍റ്. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
എന്റെ വളരെ പൊടിയിലെ അമ്മ തുണി വാങ്ങി ഞങ്ങളുടെ വീട്ടിന്റെ കിഴക്കതിൽ നന്ദിനി അക്കയുടെ കയ്യിൽ കൊടുക്കും. നന്ദിനി അക്ക രണ്ട്‌ നിക്കർ തച്ച്‌ എനിക്ക്‌ തരും. നിക്കർ ഊർന്ന് പോകാതിരിക്കാൻ ഇലാസ്റ്റിക്‌ വച്ചാണു തച്ചു തരുന്നത്‌.
പിന്നെ ഓണത്തിനും മറ്റും കൊച്ചു മാമനും കൊച്ചച്ചനും എടുത്തു തരുന്ന തുണി തയ്ക്കാൻ കൊടുക്കുന്നത്‌ ഞങ്ങളുടെ ആശുപത്രി മുക്കിൽ തയ്യൽ കടയിട്ടിരുന്ന അച്ചുതൻപിള്ള മേശിരിയുടെ കടയിൽ ആണു. അദ്ദേഹം ഒരു വിധം തരക്കേടില്ലാതെ തച്ചു തരും.
പക്ഷേ അന്നും നമ്മുടെ ലക്ഷ്യം മുണ്ട്‌ ഉടുക്കണം. എന്നതായിരുന്നു. അതും എങ്ങനെ മുണ്ടുടുക്കണം. ആരേപ്പോലെ ഉടുക്കണം എന്നോക്കേ എനിക്ക്‌ തീരുമാനം ഉണ്ടായിരുന്നു കൊച്ചിലെ തന്നെ.
ഞങ്ങളുടെ വടക്കതിൽ ദിവാൻ പേഷ്ക്കാരുടെ ഭാര്യയുടെ ആങ്ങള (അളിയൻ) മുണ്ടുടുക്കും. അതുപോലെ ഉടുക്കണം എന്നാണു എന്റെ ആഗ്രഹം. അദ്ദേഹം മുണ്ടുടുത്ത്‌ കഴിഞ്ഞാൽ തട്ടൊക്കേ അഴിച്ചിട്ട്‌ മുണ്ടിന്റെ ഒരു തുമ്പ്‌ കയ്യിൽ പൊക്കി പിടിച്ചു കൊണ്ട്‌ ഒരു നടത്തയുണ്ട്‌. ഈ നടക്കുന്നതിനിടയിൽ തുപ്പുകയോ മറ്റും വേണമെങ്കിൽ റോഡിന്റെ ഒരു വശത്ത്‌ ആരും വരുന്നില്ല എന്ന് തിട്ടപ്പെടുത്തിയിട്ടാണു അദ്ദേഹം തുപ്പുന്നത്‌. അതുപോലെ തട്ടുടുക്കുകയാണെങ്കിൽ പൊക്കി ആണു ഉടുക്കുന്നത്‌. എന്നാലും മുണ്ട്‌ മുട്ടിനു മുകളിൽ വരെ ഉണ്ടാകും.
ഇദ്ദേഹത്തിനെ ഞങ്ങൾ എല്ലാം വിളിക്കുന്നത്‌ പീതാമ്പരേമ്മാവൻ എന്നായിരുന്നു. ഇദ്ദേഹം കല്ല്യാണമൊന്നും കഴിച്ചിട്ടില്ല. പക്ഷേ ഗോഡ്ഫാദറിൽ സ്വാമിനാഥൻ പോകുന്ന പോലെ ഒരു പോക്കുണ്ട്‌. ഇദ്ദേഹം പേഷ്ക്കാരുടെ പുരയിടങ്ങൾ നോക്കാൻ പോകുമ്പോൾ ആദിച്ചനെല്ലൂർ വച്ച്‌ ഹൃദയാഘാതം മൂലം പെട്ടന്ന് മറിഞ്ഞ്‌ വീണു മരിക്കുകയായിരുന്നു.
അങ്ങനെ ഞാൻ മുണ്ടിലേക്ക്‌ കടന്നു. അന്ന് എനിക്കാണെങ്കിൽ ഒറ്റ മുണ്ടാണു. അത്‌ നല്ല വണ്ണം തേച്ച്‌ മടക്കിയാണു ഉപയോഗിക്കുന്നത്‌.
കൊട്ടിയത്ത്‌ മെഡിക്കൽ സ്റ്റോറിൽ നിൽക്കുമ്പോഴും മുണ്ടാണു. പിന്നെ പാന്റിലേയ്ക്ക്‌ പോകാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. എന്റെ കൂടേ ജോലി ചെയ്ത പെൺ പിള്ളേർ എല്ലാം പറയും ഹരി മുണ്ട്‌ ഉടുത്താൽ മതി അതാ കാണാൻ രസം. പിന്നെ പറയണോ? ഏതെങ്കിലും പെൺ പിള്ളാർ പറഞ്ഞാൽ പിന്നെ വിപരീതമായി വല്ലതും ചെയ്യുമോ? അതും ഇന്നത്തേ പോലെ വനിതാ തൊഴിലാളികൾ അന്നില്ല. അന്നുള്ളത്‌ ഫാർമ്മസിസ്റ്റുകളും മറ്റുമാ.
അങ്ങനെ ഇരിക്കേ കർണ്ണാടകയിൽ ഫാർമ്മസി പഠിച്ച ഒരു ഉമയനെല്ലൂർക്കാരൻ അനിൽ അവിടെ ഫാർമ്മസിസ്റ്റ്‌ ട്രെയിനിയായിട്ട്‌ വന്നു. ഒരു ദിവസം അദ്ദേഹം പറഞ്ഞു ഞാൻ കർണ്ണാടകക്ക്‌ ഒന്ന് പോകുന്നു എന്ന്. അപ്പോൾ മുതലാളിയുടെ മകൻ പറഞ്ഞു. അവിടെ വളരെ വില കുറച്ച്‌ തുണി വാങ്ങാൻ കിട്ടും എന്ന്.
അങ്ങനെ അദ്ദേഹം കർണ്ണാടകയ്ക്ക്‌ പോയപ്പോൾ രണ്ട്‌ പാന്റിന്റെ തുണി വാങ്ങി കൊണ്ടു വരുവാൻ പൈസ കൊടുത്തു വിട്ടു. അദ്ദേഹം തിരിച്ചു വന്നപ്പോൾ രണ്ട്‌ പാന്റൈന്റെ തുണിയുമായി ആണു വന്നത്‌. തുണിയോക്കേ കൊള്ളാം വിലയും തുച്ചം.
ഇനി അത്‌ തയ്ക്കാൻ കൊടുക്കണം ഞാൻ ഞങ്ങളുടെ മുതലാളിയുമായി സംസാരിച്ചപ്പോൾ അപ്സരാ മുതലാളി പറഞ്ഞു. കൊട്ടിയത്ത്‌ കിഴക്ക്‌ ഭാഗത്തായി ഒരു പുതിയ തയ്യൽ കട തുടങ്ങിയിട്ടുണ്ട്‌. പേർഷ്യയിൽ നിന്ന് തിരിച്ചു വന്ന് തുടങ്ങിയതാണു. ഞാൻ എന്റെ വസ്ത്രങ്ങൾ ഇപ്പോൾ അവിടെയാണു തയ്ക്കാൻ കൊടുക്കുന്നത്‌. ഹരിയും അവിടെ കൊടുക്ക്‌.
ആ തയ്യൽ കടയുടെ പേരാണു.
നീഡിൽ ഫൈറ്റ്‌
പേരുകൊള്ളാം ഇല്ലേ?
സൂചി കൊണ്ടുള്ള യുദ്ധം
പേരുപോലെ തന്നെ മുടിയോക്കേ നല്ല ഫാഷനിൽ ചീകി വച്ച്‌. പാന്റൊക്കേ ഇട്ട്‌ ഷർട്ട്‌ ഇൻ ചെയ്ത്‌ ബൽറ്റൊക്കേ ഇട്ട്‌ ഒരു മനുഷ്യൻ. അപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു എന്റെ ആദ്യത്തേ രണ്ട്‌ പാന്റും ഇവിടെ തന്നെ കൊടുത്ത്‌ തയ്പ്പിക്കാം.
അങ്ങനെ പാന്റിന്റെ അളവൊക്കേ കൊടുത്തു. ഇത്രാം തീയതി വരാൻ പറഞ്ഞു. തുണി പാന്റാക്കി തരുന്നത്‌ വാങ്ങാൻ.
അങ്ങനെ പറഞ്ഞ ദിവസമായി. നീളം കൂടിയ നിക്കറുവാങ്ങാൻ പോകുന്ന സന്തോഷം. ഞാൻ മുതലാളിയോട്‌ പറഞ്ഞിട്ട്‌ തയ്യൽ കടയിൽ ചെന്നു.
അപ്പോൾ പറയുകയാണു എന്റെ തുണി തച്ചില്ല.
ഞാൻ പറഞ്ഞു നിങ്ങൾ ഇന്നു വരുവാൻ അല്ലെ പറഞ്ഞത്‌?
അപ്പോൾ അദ്ദേഹം – അതെ പക്ഷേ ഇവിടെ ഭയങ്കര തയ്യൽ ആയി പോയി. പിന്നെ നിങ്ങളുടെ തുണി കണ്ടപ്പോൾ എനിക്ക്‌ തോന്നി അത്‌ എടുത്ത്‌ കാളം പോളം തയ്ക്കാൻ പറ്റില്ല. അത്രയ്ക്ക്‌ നല്ല തുണിയാ.
ഞാൻ അർജ്ജന്റെ എന്ന് പറഞ്ഞു കുറേ പേർക്ക്‌ തച്ചിട്ടിരിക്കുന്നു. പക്ഷേ അവരാരും വന്നില്ല. നിങ്ങളുടെത്‌ തയ്ച്ചില്ല നിങ്ങൾ വരികയും ചെയ്തു. പിന്നീട്‌ രണ്ട്‌ തവണ കൂടി ആ കടയിൽ ഞാൻ പോയി നീളം കൂടിയ നിക്കർ വാങ്ങാൻ.
കടയുടെ പേരു നീഡിൽ ഫൈറ്റ്‌ എന്നായതു കൊണ്ട്‌ ഞാൻ ദൂര നിന്നേ ചോദിക്കുകയുള്ളായിരുന്നു.
പക്ഷേ ഇന്നും ഈ തയ്യൽ കടകൾക്ക്‌ ഒരു മാറ്റവും ഇല്ല. പറഞ്ഞാൽ പറഞ്ഞ സമയത്ത്‌ കൊടുക്കുന്ന ഏർപ്പാടെ ഇല്ല.
RELATED ARTICLES

Most Popular

Recent Comments