Wednesday, June 19, 2024
HomeLiteratureകണി കെണിയായി (നർമഭാവന)

കണി കെണിയായി (നർമഭാവന)

കണി കെണിയായി (നർമഭാവന)

By ഷെരീഫ് ഇബ്രാഹിം., ദാറുസ്സലാം.
—————–
അല്പം വൈകിയാണ് ഞാൻ നിർദിഷ്ട തൃപ്രയാർ ഹോസ്പിറ്റലിന്റെ തറക്കല്ലിടൽ കർമത്തിന്റെ തലേന്ന് രാത്രി തൃപ്രയാറിൽ നിന്ന് വീട്ടിലേക്ക് പോയത്. മഴ ഒരു വിധം നന്നായി പെയ്യുന്ന രാത്രി. തൃപ്രയാർ സെന്റർ സിഗ്നൽ കഴിഞ്ഞ ഉടനെ ഏതോ ഒരു മനുഷ്യൻ പെട്ടെന്ന് എന്റെ കാറിന്റെ അടുത്തേക്ക് ചാടി. ഞാൻ സഡ്ഡൻ ബ്രെയ്ക്കിട്ടു.
ദേഷ്യം ഉള്ളിലടക്കി ചില്ലു താഴ്ത്തി ഞാൻ ചോദിച്ചു. “എന്താ മരിക്കാൻ വേറെ വണ്ടിയൊന്നും കണ്ടില്ലേ?”
“ചേട്ടാ, എനിക്ക് ഒരാളുടെ വീട്ടിൽ അത്യാവശ്യമായി പോകണം. ബസ്സുകൾ ഇനി ഉണ്ടാവില്ലല്ലോ?”
മഴയുടെ ശബ്ദം കൊണ്ടാവാം വ്യക്തമാകാത്ത ഭാഷയിൽ അയാൾ എന്നോട് പറഞ്ഞു.
“എവിടെയാണ് പോകേണ്ട വീട്?”
എന്റെ ശബ്ദം കുറച്ചു മയമായി. ഒരു ഉപകാരമല്ലേ. പറ്റുമെങ്കിൽ ചെയ്യാം എന്ന് കരുതി.
കുറച്ചു പോയാൽ ഒരു ചാഴൂർ കേറ്റം എന്ന സ്ഥലം ഉണ്ട് അതിന്റെ കുറച്ചു തെക്ക് മാറിയാണ്.”
അയാളുടെ മറുപടി കേട്ടപ്പോൾ എനിക്ക് സന്തോഷമായി. എന്റെ വീടും ചാഴൂർ കേറ്റത്തിന് വടക്കോട്ടാണ്. അപ്പോൾ എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല. വണ്ടിയിൽ കയറിക്കോളാൻ ഞാൻ ആ മനുഷ്യനോട് പറഞ്ഞു.
കാറിൽ കയറിയ പാടെ അയാൾ ഉറക്കം ആരംഭിച്ചു.
ചാഴൂർ റോഡിനടുത്തെയപ്പോൾ ഞാൻ ചോദിച്ചു. “ഇനി എവിടെയാ പോകേണ്ടത്?’
“അത്…. പിന്നെ നടുവിൽപാടത്ത്പറമ്പിൽ ഫൽഗുണന്റെ വീട്ടിലാണ് പോകേണ്ടത്. ലൈൻമാൻ ഫൽഗു എന്ന് പറഞ്ഞാൽ മതി.”
“അപ്പോൾ ആ വീട് നിനക്കറിയൂലെ?” എനിക്ക് വീണ്ടും ദേഷ്യം വന്നു.
“ചേട്ടാ, ചൂടാവല്ലേ? ഒരു ഉപകാരമല്ലേ? ആ വീട്ടിൽ ചെന്നൊന്ന് ചോദിക്കൂ”
റോഡ് സൈഡിലുള്ള ഒരു വീട് കാണിച്ചു കൊണ്ട് നിസ്സാരഭാവത്തിലാണ് അയാളുടെ മറുപടി.
ഇന്ന് ആരെയാണാവോ കണികണ്ടത് എന്ന് ഞാൻ ആലോചിച്ചു. നേരം വെളുത്തപ്പോൾ മുഖം നോക്കുന്ന കണ്ണാടിയിൽ ഞാൻ നോക്കിയത് ഓർമ വന്നു. അപ്പോൾ കണി കണ്ടത് എന്നെ തന്നെയാണല്ലോ?
ഞാൻ കാർ നിറുത്തി കുടയെടുത്ത് അടുത്ത വീട്ടിൽ ചെന്ന് ലൈൻമാൻ ഫൽഗുവിന്റെ വീട് അന്വേഷിച്ചു. രണ്ടു മൂന്നു വീട്ടിൽ അന്വേഷിച്ചിട്ടും അവർക്കാർക്കും ഇങ്ങിനെയൊരാളെ അറിയില്ല എന്ന മറുപടിയാണ് കിട്ടിയത്.
ഇതൊരു വലിയ പുലിവാലായല്ലോ എന്ന് മനസ്സിൽ കരുതി. ഇവിടെ ആ മനുഷ്യനെ ഇറക്കി വിടാനും പറ്റില്ല. എന്തായാലും നനഞ്ഞല്ലോ.. ഇനി കുളിച്ചു കേറുകതന്നെ.
ഞാൻ തിരിച്ചു കാറിൽ ചെന്ന് ആ മനുഷ്യനോട് ചോദിച്ചു.
“ഈ ഫൽഗുവിന്റെ മൊബൈൽ നമ്പർ തായോ.. നമുക്ക് വിളിച്ചു ചോദിക്കാം.”
“അയ്യോ ചേട്ടാ.. എന്റെ മൊബൈൽ ഫോൺ തൃപ്രയാർക്ക് വരുമ്പോൾ വീട്ടിൽ നിന്ന് എടുക്കാൻ മറന്നു. അതിലാണ് നമ്പർ ഉള്ളത്.”
ശെടാ ഇത് വലിയ കഷ്ടമായല്ലോ?
ഞാൻ എലെക്ട്രിസിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ സുനന്ദ മേഡത്തെ വിളിച്ചു ഇങ്ങിനെയൊരു ഫൽഗുവിനെ അറിയുമോ എന്ന് ചോദിച്ചു.
മറുപടി ആശാവഹമായിരുന്നു.. ഉവ്വ് ഒരു ലൈൻമാൻ ഫാൽഗുനൻ ഉണ്ട്. അയാളുടെ വീട് കാട്ടൂർ ലേബർ സെന്ററിന്നടുത്തതാണ്. ആളിപ്പോൾ സസ്‌പെൻഷനിലാണല്ലോ. എന്താ വല്ല ഇലക്ട്രിക് പ്രോബ്ലം ഷെരീഫുക്കാടെ വീട്ടിൽ ഉണ്ടോ ഞാൻ ആളെ വിടാം എന്ന മറുപടിയാണ് സുനന്ദ മേഡം പറഞ്ഞത്.
ഞാൻ അവരോടു കാര്യം പറഞ്ഞു. നന്ദിയും.
ഇനി നാലഞ്ചു കിലോമീറ്റർ പോണം കാട്ടൂർ ലേബർ സെന്ററിലേക്ക്. എന്ത് ചെയ്യാൻ. ഇതിനിടെ വീട്ടിൽ നിന്ന് എന്നെ കാണാതെ വന്നപ്പോൾ ഫോൺ വന്നു. ഞാൻ കുറച്ചു തിരക്കിലാണ് എന്ന് മാത്രം പറഞ്ഞു ഫോൺ ഡിസ്കണക്റ്റ് ചെയ്തു.
ഇനി ചൂടായിട്ടു കാര്യമില്ല. പാവം അമ്പത് വയസ്സ് ഉണ്ടെന്നു തോന്നുന്നു.
ഞാൻ കാട്ടൂർ ലേബർ സെന്ററിൽ എത്തി. അവിടെ വലിയകത്ത് സലീമിനോട് ചോദിച്ചപ്പോൾ ഫൽഗുണന്റെ വീട് പത്ത് സെന്റ് കോളനിയിലാണെന്നും കൂടെ പോരാമെന്നും മറുപടി കിട്ടി. അല്ലെങ്കിലും സലിം അങ്ങിനെയാണ്. പരിചയപ്പെട്ട നാൾ മുതൽ ഒരു സഹോദരനെപോലെ.
വേണ്ട ഞാൻ പോകാം എന്ന് മറുപടി കൊടുത്തു.
ഞങ്ങൾ ഫൽഗുണന്റെ വീട്ടിൽ എത്തി. കാറിന്റെ ഡോർ തുറന്ന് ആ മനുഷ്യൻ ഒരു ചിരി പാസാക്കി. എന്റെ ദേഷ്യം അയാളുടെ ചിരിയിൽ ഓടിയൊളിച്ചു.
തിണ്ണയിലിരുന്ന് പുസ്തകം നോക്കി പഠിക്കുന്ന ഏകദേശം എട്ട് വയസ്സായ ഒരു പെൺകുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു.
“അമ്മേ… ദേ അച്ഛൻ വന്നു.”
“ഇന്നും നാല് കാലിന്മേലാണോ വന്നിരിക്കുന്നേ?” അകത്ത് നിന്ന് ആ ചോദ്യം ഞാൻ കേട്ടു.
“ഇല്ല അമ്മെ അച്ഛൻ എന്നും ഓട്ടോയിലും വല്ലവരുടെയും മോട്ടോർ സൈക്കിളിന്റെ പിന്നിലുമല്ലേ വരാറ്. ഇപ്പോൾ നാല് കാലിലല്ല, നാല് ടയർ ഉള്ള കാറിലാ വന്നത്…”
“രണ്ട് കാലിന്മേൽ ഉള്ളപ്പോൾ വീട് അറിയും. നാല് കാലിന്മേലായാൽ സ്വന്തം വീട്ടിലേക്ക് വഴി മറക്കുന്ന മനുഷ്യൻ…”
അകത്ത് നിന്ന് ആ സ്ത്രീയുടെ ശബ്ദം.
ഞാൻ ഒന്നും പറഞ്ഞില്ല.
അയാൾ നന്ദി പറഞ്ഞു അകത്തേക്ക് പോയി. ആ കുട്ടി എന്റെ അടുത്ത് വന്നു ചോദിച്ചു.
“ഡ്രൈവർ ചേട്ടാ എത്രയാ കാറിന്റെ വാടക?”
ആ കുട്ടിയുടെ നിഷ്കളംഗമായ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രം നൽകികൊണ്ട് ഞാൻ കാർ ഡ്രൈവ് ചെയത് പോയി….
വീട്ടിൽ ചെന്ന ഉടനെ ആ കണ്ണാടി തല്ലിയുടക്കണമെന്ന തീരുമാനത്തിൽ………..
————————–
ഒരു പ്രത്യേക കാര്യം….
ഇത് നടന്ന സംഭവമല്ല, എന്റെ ഭാവനയിൽ വന്ന ഒരു നർമം മാത്രം.
RELATED ARTICLES

Most Popular

Recent Comments