Friday, April 26, 2024
HomeLiteratureനിറങ്ങൾ. (കഥ)

നിറങ്ങൾ. (കഥ)

നിറങ്ങൾ. (കഥ)

അജിന സന്തോഷ്.
മൂടിക്കെട്ടിയ ആകാശം പോലെയായിരുന്നു അവളുടെ മനസ്സ് .. ആകെ ഇരുണ്ടിരിക്കുന്നു..
പെയ്യാൻ വെമ്പി നിൽക്കുന്ന മിഴികൾ..
വിദൂരതയിലെങ്ങോ നോക്കി നിന്നപ്പോൾ കുറെ ചിത്രശലഭങ്ങൾ പറന്നു പോകുന്നത് കണ്ടു..
പല പല വർണ്ണങ്ങൾ വാരിപ്പുതച്ച
ചിത്രശലഭങ്ങൾ..
തൻ്റെ ജീവിതത്തിലെ വർണ്ണങ്ങൾ മുഴുവൻ ഒപ്പിയെടുത്തിട്ടാണ് അവ പറന്നകലുന്നത് എന്നവൾക്ക് തോന്നി..
പറന്നു പറന്നു അവയെല്ലാം ദൂരേക്ക് മാഞ്ഞു പോയപ്പോൾ അവളോർത്തു..
”ഇനി എൻ്റെ ജീവിതത്തിൽ നിറങ്ങളില്ല.. എല്ലാം എന്നെ വിട്ടകന്നിരിക്കുന്നു.. ”
അവളുടെ ബാല്യത്തിന് ഏഴു നിറങ്ങളുണ്ടായിരുന്നു..
മഴവില്ലു പോലെ.. മഞ്ചാടിക്കുരുവും കുന്നിമണിയും അതിനു മാറ്റു കൂട്ടി..
കൗമാരത്തിൽ എത്തിയപ്പോൾ അത് എഴുനൂറായി..
നിറപകിട്ടാർന്ന ദിനങ്ങൾ..
വർണ്ണക്കാഴ്ചകൾ.. സുഗന്ധമുള്ള പൂവുകൾ.. പലനിറത്തിലുള്ള കുപ്പിവളകൾ.. അതിൻ്റെ കിലുക്കം..
യൗവ്വനത്തിൻ്റെ പടി വാതിൽക്കൽ എത്തിയപ്പോൾ നിറങ്ങളുടെ എണ്ണം വീണ്ടും കൂടി.. എഴുന്നൂറിൽ നിന്ന് ഏഴായിരത്തിലേക്ക്..
ആഘോഷങ്ങളുടെ വരി വരിയായുള്ള ഘോഷയാത്ര….
സീമന്ത രേഖയിൽ ചുവപ്പ് വർണ്ണം പടർന്നപ്പോൾ മുതൽ കാണുന്നതെല്ലാം ചുവപ്പായി..
അവളുടെ കവിളുകൾ പോലും ചുവന്നു തുടുത്തു..
പ്രണയത്തിൻ്റെ കടും ചുവപ്പ് നിറം നിറഞ്ഞൊഴുകിയ സുന്ദരമായ കാലം..
പക്ഷേ ആ കാലത്തിന് അധികം ആയുസ്സുണ്ടായില്ല.. ഒരു തുലാവർഷ രാത്രിയിൽ അവളുടെ സീമന്ത രേഖയിലെ ചുവപ്പിനോടൊപ്പം ഏഴായിരം നിറങ്ങളും സ്വപ്നങ്ങളും ഒലിച്ചു പോയി..
പിന്നീട് അവളുടെ ജീവിതത്തിന് ഒരേയൊരു നിറം മാത്രമേ ഉണ്ടായിരുന്നുള്ളു..
നരച്ച വെള്ള നിറം.
മിഴികൾ പിൻവലിച്ച് തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ ഒരു ചിത്രശലഭം തന്നിലേക്ക് പറന്നടുക്കുന്നതുപോലെ അവൾക്ക് തോന്നി.. അവൾ ഒന്നു കൂടി സൂക്ഷിച്ചു നോക്കി..
ചിത്രശലഭമല്ല.. ഒരു പച്ചക്കുതിരയാണ്..
”തൻ്റെ സ്വപ്നങ്ങൾക്ക് പച്ച നിറം പകരാൻ എത്തിയതാണോ ഈ പച്ചക്കുതിര..”
അവൾ ചിന്തയിലാണ്ടു നിൽക്കുമ്പോൾ പോസ്റ്റ്മാൻ കയറി വന്നു..
ഒരു എഴുത്തെടുത്ത് അവൾക്ക് നേരെ നീട്ടി..
അവൾ എഴുത്ത് തിരിച്ചും മറിച്ചും നോക്കി..
എങ്ങോ കണ്ടു മറന്ന കെെപ്പട..
ആകാംക്ഷയോടെ പൊട്ടിച്ചു..
‘എവിടെയാണ് എന്താണ് എന്നൊന്നും അറിയില്ല.. ഓർമയിലെങ്ങോ പൊടി പിടിച്ചു കിടക്കുന്നുണ്ടായിരുന്നു ഈ വിലാസം.. അത് പൊടി തട്ടിയെടുത്ത് എഴുതിയതാണ്.. പഴയ ക്ളാസ്മേറ്റിൻ്റെ ഒരു സംഗമം നടത്താൻ ഉദ്ദേശിക്കുന്നു.. ഈ എഴുത്ത് കിട്ടിയാൽ താഴെ കൊടുത്ത നമ്പറിൽ വിളിക്കുക..’
അവളുടെ മനസ്സിൽ ഒരു കോളേജ് ഓഡിറ്റോറിയം തെളിഞ്ഞു വന്നു.. സ്റ്റേജിൽ പാടിക്കൊണ്ടിരിക്കുന്ന സുമുഖനായ ഗായകൻ.. മുൻ നിരയിൽ പാട്ടിൽ ലയിച്ച് സ്വയം മറന്നിരിക്കുന്ന പാവാടക്കാരി..
അച്ഛൻ്റെ പിടിവാശി അറിയാവുന്നതുകൊണ്ട് സ്വന്തം സ്വപ്നങ്ങൾ പാതി വഴിയിൽ വലിച്ചെറിഞ്ഞു എല്ലാവരിൽനിന്നും ഒളിച്ചോടിയവൾ..
അവളോട് ഇപ്പോഴും വെറുപ്പായിരിക്കുമോ?
ഒന്നു സംശയിച്ച് അവൾ ആ നമ്പർ ഡയൽ ചെയ്തു..
തെല്ലു നേരത്തെ നിശബ്ദതയ്ക്ക് ശേഷം വാക്കുകൾ ഒഴുകി തുടങ്ങി.. വർഷങ്ങൾക്കിപ്പുറം മനസ്സ് തുറക്കാൻ കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം.. ഇരുണ്ട ആകാശത്തിലെ കാർമേഘങ്ങൾ ഒന്നൊന്നായി ഒഴിഞ്ഞു പോകുന്നതു പോലെ..
വെറുപ്പില്ല എന്നറിഞ്ഞപ്പോൾ അതിലുമേറെ..
ഏതായാലും സംഗമത്തിനു പോകണം..
എല്ലാവരെയും കാണണം. ഒരു മാറ്റം അനിവാര്യമാണ്.. ഒന്നിനും വേണ്ടിയല്ല.. ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കാനുള്ള കരുത്തു നേടാൻ.. തനിച്ചായി പോകാതിരിക്കാൻ..
നരച്ച വെള്ള നിറം മാറി പതുക്കെ പതുക്കെ പുതിയ ഏതോ നിറം തൻ്റെ ജീവിതത്തിൽ നിറയുന്നതു അവളറിഞ്ഞു.. തിരിച്ചറിയാനാവാത്ത ഏതോ നിറം..
RELATED ARTICLES

Most Popular

Recent Comments