ജോണ്‍സണ്‍ ചെറിയാന്‍.
കല്‍പ്പറ്റ: അറുപത്തിരണ്ടാം വയസില്‍ അമ്മയായി വാര്‍ത്തകളില്‍ നിറഞ്ഞ ഭവാനിയമ്മ അന്തരിച്ചു. 75 വയസായിരുന്നു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂവാറ്റുപുഴ കാവുംകര സ്വദേശിനിയയ ഭവാനിയമ്മ ഏറെ നാളുകളായി വയനാട് പിണങ്ങോടിയിലെ പീസ് വില്ലേജില്‍ കഴിയുകയായിരുന്നു വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് ഭവാനിയമ്മയുടെ മരണം.
2004 ഏപ്രില്‍ പതിനാലിനാണ് ആണ്‍കുഞ്ഞിന് ഭവാനിയമ്മ ജന്മം നല്‍കിയത്. തിരുവനന്തപുരം സമദ് ആശുപത്രിയില്‍ ടെസ്റ്റ് ട്യൂബ് ബീജസങ്കലനത്തിലൂടെയാണ് ഭവാനിയമ്മ ഗര്‍ഭം ധരിച്ചത്. കുഞ്ഞിന് കണ്ണനെന്ന് പേരിട്ടു. രണ്ട് വയസുണ്ടായിരുന്നപ്പോള്‍ വീടിന് മുന്നില്‍ വെച്ചിരുന്ന ബക്കറ്റില്‍ തലകമഴ്ന്നു വീണ് കണ്ണന്‍ മരിച്ചു. കണ്ണന്റെ മരണം ഭവാനിയമ്മയെ മാനസികമായി തളര്‍ത്തി.
തുടര്‍ന്ന് മൂവാറ്റുപുഴയില്‍ നിന്നും വയനാട്ടിലേക്ക് ഭവാനിയമ്മ താമസംമാറ്റുകയായിരുന്നു. ഇതിനിടെ ലഭിച്ച സമയങ്ങളില്‍ ഭവാനിയമ്മ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. ആരോഗ്യം മോശമായപ്പോഴാണ് പീസ് വില്ലേജിലേക്ക് അവര്‍ താമസം മാറ്റിയത്.