മയാമി: അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ 140ലധികം മൈല്‍ വേഗത്തില്‍ കാറ്റഗറി 4ല്‍, ക്യൂബ, ബഹാമസ് രാജ്യങ്ങളില്‍ നാശം വിതച്ച് ഫ്‌ളോറിഡ സംസ്ഥാനത്തെ ഏറ്റവും തെക്കുപടിഞ്ഞാറേ മുനമ്പിലുള്ള കീവെസ്റ്റില്‍ ശനിയാഴ്ച ശനിയഴ്ച രാത്രി ഹരിക്കയിന്‍ “ഇര്‍മ’ എത്തി. ഫ്‌ളോറിഡ വെസ്റ്റ് കോസ്റ്റിലൂടെ നോര്‍ത്തിലേക്ക് പോകും. നേരത്തെ നാഷണല്‍ ഹറിക്കയിന്‍ സെന്റര്‍ അറിയിച്ചിരുന്നത് ഈസ്റ്റ് കോസ്റ്റിലൂടെ മയാമി, ഫോര്‍ട്ട് ലോഡര്‍ഡേല്‍ എന്നിവിടങ്ങളിലൂടെ കടന്ന് നോര്‍ത്തിലോക്ക് പോകാനാണ് സാധ്യത എന്നാണ്. എന്നാല്‍ ഇപ്പോള്‍ ഹറിക്കയിന്‍ പാത്ത് വെസ്റ്റ് കോസ്റ്റിലൂടെ നേപ്പിള്‍സ്, താമ്പ ഭാഗത്തുകൂടെ കടന്ന് നോര്‍ത്തിലേക്ക് പോകും എന്നാണ്. അതുകൊണ്ട് ഇപ്പോള്‍ വെസ്റ്റ് കോസ്റ്റിലെ ലക്ഷക്കണക്കിന് ആളുകളെ ത്വരിതഗതിയില്‍ താമസ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ബ്രോവാര്‍ഡ് കൗണ്ടിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വീടുകളില്‍ തന്നെ എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്ന് കൗണ്ടി അധികാരികള്‍ അറിയിച്ചു.
ഇര്‍മയുടെ ഭീകരമായ വരവ് ഫ്‌ളോറിഡയിലേക്കാണ് എന്ന് അറിഞ്ഞതുമുതല്‍ കീവെസ്റ്റ്, മയാമി, ബ്രോവാര്‍ഡ് കൗണ്ടികളില്‍ നിന്ന് ലക്ഷക്കണക്കിന് ജനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങി. ജോര്‍ജിയ, സൗത്ത് കരോലിന, നോര്‍ത്ത് കരോലിന തുടങ്ങി ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ പേരും പോയത്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പലായനം എന്നുതന്നെ വിശേഷിപ്പിക്കാം. മയാമിയില്‍ തുടങ്ങി നയാഗ്ര വരെ നീളുന്ന ഇന്റര്‍ സ്‌റ്റേറ്റ് 95 ഹൈവേ അക്ഷരാര്‍ത്ഥത്തില്‍ ചലിക്കാന്‍ കഴിയാതെ വന്നു. ദശലക്ഷക്കണക്കിന് കാറുകള്‍ നിരങ്ങി നീങ്ങുന്ന കാഴ്ചയാണ് വ്യാഴാഴ്ച മുതല്‍ വെള്ളിയാഴ്ച രാത്രി വരെ ദര്‍ശിക്കുവാന്‍ കഴിഞ്ഞത്.
മയാമിയില്‍ നിന്നും പുറപ്പെട്ട ഒരു സംഘം 22 മണിക്കൂര്‍ സഞ്ചരിച്ചാണ് നോര്‍ത്ത് കരോലിനയിലെ കൊളംബസില്‍ എത്തിച്ചേര്‍ന്നതെന്ന് അറിയിച്ചു.
നാഷണല്‍ ഹറിക്കയിന്‍ സെന്റര്‍ ഇപ്പോള്‍ അറിയിക്കുന്നത് ഇര്‍മയുടെ ശക്തി അല്‍പം കുറഞ്ഞതായിട്ടാണ്. കാറ്റഗറി നാലും മൂന്നുമായിട്ടാണ് ഫ്‌ളോറിഡയിലെ ഈസ്റ്റ് കോസ്റ്റിലൂടെ കടന്നുപോകുന്നത് എന്നാണ്.
വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ മയാമി, ഫോര്‍ട്ട് ലോഡര്‍ഡേല്‍ എന്നീ എയര്‍പോര്‍ട്ടുകള്‍ അടച്ചു. ഈവലിയ പ്രകൃതി ദുരന്തത്തെക്കുറിച്ചുള്ള തല്‍സമയ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും, ഹറിക്കയിന്‍ ഇര്‍മ ദുരന്തത്തില്‍പ്പെടുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനുമായി “സൗത്ത് ഫ്‌ളോറിഡ മലയാളീസ്’ എന്ന ഒരു ഹെല്‍പിംഗ് വാട്ട്‌സ്ആപ് ഗ്രൂപ് പ്രവര്‍ത്തിക്കുന്നു. അതുപോലെ ഈ ദുരന്തത്തില്‍ സഹായ ഹസ്തവുമായി നിരവധി മലയാളി സംഘടനകളും, ഫോമയും മുന്നോട്ടുവന്നിട്ടുള്ളത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ്.