Friday, May 10, 2024
HomeKeralaഅജിത്ത് ഇനി ഓർമ്മ ....

അജിത്ത് ഇനി ഓർമ്മ ….

അജിത്ത് ഇനി ഓർമ്മ ....

കുര്യന്‍  തോമസ്‌.
പി കെ അജിത്കുമാർ (60)
കോട്ടയം വേളൂർ പേരകത്തുശ്ശേരിൽ റിട്ട ആർമി ഉദ്യോഗസ്ഥൻ പരേതനായ പി കൃഷ്ണൻറെയും റിട്ട ഹെഡ് മിസ്ട്രസ് പി ലീലാമ്മയുടെയും പുത്രൻ മുണ്ടക്കയം ജ്യോതി ഗ്യാസ് ഉടമ ജ്യോതിർഗമയയിൽ പി കെ അജിത്കുമാർ (60) നിര്യാതനായി. മൃതശരീരം ഇന്ന് (വ്യാഴം)10 മണിയോടെ കോട്ടയത്ത് വേളൂരുള്ള പേരകത്തുശ്ശേരി വീട്ടിൽ കൊണ്ടുവരും. സംസ്കാര ചടങ്ങുകൾ ഉച്ചക്കു 2.30 നു തറവാട്ട് വീട്ടുവളപ്പിൽ.
ഭാര്യ പ്രസന്ന അജിത് (ഊരുവിള പുത്തൻവീട്, തിരുവനന്തപുരം). മക്കൾ ജ്യോതിർമയി (ബാംഗ്ളൂർ), ചിന്മയി (എൽ എൽ ബി വിദ്യാർത്ഥി, നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യൂയൽസ്), കൊച്ചി) മരുമകൻ ദീപു (സോഫ്റ്റ്‌വെയർ എൻജിനീയർ, ബാംഗ്ലൂർ).

അജിത്ത് ഇനി ഓർമ്മ ….

തളർന്നും തകർന്നും പോകുമായിരുന്ന ഇടത്തുനിന്നു സ്നേഹവും സൗഹൃദവും സഹൃദയത്വവും സർഗ്ഗാത്മകതയും കൊണ്ട് നിരാശകളെ നിരാകരിക്കാൻ പ്രേരിപ്പിച്ച പി കെ അജിത്കുമാർ ഇനി ഓർമ്മ. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
അജിത്തിന്റെ അറുപതാം പിറന്നാൾ ദിനത്തിൽ കൂട്ടുകാരും വീട്ടുകാരും സഹപ്രവർത്തകരും ജൂൺ 17 നു കോട്ടയം സി എസ് ഐ റിട്രീറ്റ് സെന്ററിൽ ഒത്തുചേർന്നിരുന്നു.
യൗവനത്തിൽ ആദ്യം വേഗതക്കുറവായും പിന്നീട് മുടന്തായും ഒടുവിൽ സമസ്തചലനങ്ങൾക്കുമുള്ള പിടിച്ചുകെട്ടായും വന്നെത്തിയ രോഗം മുറിയുടെ ചുവരുകൾക്കുള്ളിൽ തളച്ചിടുമായിരുന്ന സ്വന്തം ജീവിതത്തെ അജിത് സുന്ദരവും നാനാർതഥവുമുള്ള സർഗ്ഗാനുഭവമാക്കി. തളർന്നും തകർന്നും പോകുമായിരുന്ന ഇടത്തുനിന്നും കൂട്ടുകാർക്കിടയിൽ ഊർജ്ജവും ഉണ്മയും സഹൃദയത്തവുമുള്ള സൗമ്യസാന്നിധ്യമായി അജിത് സ്വയം ആവിഷ്കരിച്ചു. അജിത് അങ്ങനെ നന്മയും പ്രസാദാത്മതയും ഇഴപിരിച്ച വ്യത്യസ്തമായ അതിജീവന മാതൃകയായി.
കോട്ടയം വേളൂർ പേരകത്തുശ്ശേരിൽ റിട്ട ആർമി ഉദ്യോഗസ്ഥൻ പരേതനായ പി കൃഷ്ണൻറെയും റിട്ട ഹെഡ് മിസ്ട്രസ് ലീലാമ്മയുടെയും ആറ് മക്കളിൽ രണ്ടാമനാണ് അജിത്. കുട്ടിക്കാലത്തു കുസൃതിയും തമാശയും ആരോഗ്യയും സൗന്ദര്യവുമുള്ള മിടുക്കൻ. വേളൂർ യു പി സ്കൂളിലും കോട്ടയം സി എം എസ് ഹൈസ്കൂളിലും സ്കൂൾ വിദ്യാഭ്യാസം. നാട്ടകം ഗവ കോളജിൽ തുടർവിദ്യാഭാസം.
സ്കൂൾ-കോളജ് പഠനകാലത്തു മികച്ച എൻ സി സി കേഡറ്റ്. എഴുപതുകളിൽ വിദ്യാർത്ഥി സംഘടനാ ജില്ലാ നേതൃനിരയിൽ. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനാർത്ഥി. സംഘടനയുടെ കലാ-സാംസ്കാരിക വിഭാഗമായ കലാവേദിയുടെ ജില്ലാ കൺവീനർ. ദില്ലിയിൽ നടന്ന വിശ്വ യുവക് കേന്ദ്രത്തിൻറെ 10 ദിവസത്തെ ക്യാമ്പിൽ കേരളത്തിൻറെ പ്രതിനിധി.
എഴുപതുകളുടെ ഒടുവിൽ കലാ-സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരിക്കെയാണ് അജിത്തിൻറെ ശരീരപേശികൾ പണിമുടക്കി തുടങ്ങിയത്. പ്രോഗ്രസ്സിവ് മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതക വൈകല്യം ശരീരചലനങ്ങളെ വരിഞ്ഞു മുറുക്കിത്തുടങ്ങി . സെക്രട്ടറിയേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥനായ ജേഷ്ഠൻ ചലനരഹിതമായ വഴികളിലേക്ക് മുടന്തി ഇഴയുന്നത് ചങ്കിടിപ്പോടെ അജിത്‌ കണ്ടറിഞ്ഞു. പതിവ് ചർച്ചകൾക്ക് ശേഷം കൂട്ടുകാർക്കൊപ്പം രാത്രി ഇന്ത്യൻ കോഫി ഹൌസിൽ നിന്നിറങ്ങുമ്പോൾ കാലുറക്കാതെ ഭിത്തിയിൽ ചാരി നിൽക്കുമ്പോൾ വരുംദിനങ്ങളിൽ തനിക്കും വന്നെത്തുന്ന രോഗത്തിന്റെ പൂക്കളെ പുഞ്ചിരിയോടെ സ്വീകരിക്കാൻ മനസ്സിനെ ഒരുക്കി. പതിനെട്ടു വയസ്സിൽ രോഗമെത്തുംമുമ്പ് നേരിടാന്‍ സ്വന്തം അനുജനെ മാനസികമായി തയ്യാറാക്കി.
അജിത് എന്നും ചുറ്റുമുള്ളവരെ പ്രചോദിപ്പിച്ചു. സൗഹൃദക്കൂട്ടങ്ങളിൽ ആ കണ്ണുകൾ തിളങ്ങി. 1970 കളിൽ ആരംഭിച്ചു, കോട്ടയത്തും കൊച്ചിയിലും തിരുവനന്തപുരത്തും ഒക്കെയായി വളർന്നു പടർന്ന്, രാഷ്ട്രീയ-കലാ-ചലച്ചിത്ര സാംസ്കാരിക രംഗങ്ങളെ സ്വയം വ്യാഖ്യാനിച്ച ഒട്ടനവധി ആളുകളുടെ ഇന്നും തുടരുന്ന സൗഹൃദക്കൂട്ടായ്‌മ്മ നിലനിർത്തുന്ന കാണാച്ചരടായി. സി കെ ജീവൻ ട്രസ്റ്റിന്റെ പ്രോഗ്രാം കോഡിനേറ്ററായി. തനിക്കു എത്താവുന്നിടത്തെല്ലാം സ്വയം ചലിപ്പിക്കുന്ന വീൽ ചെയറുമായി എത്തി.
കഴിഞ്ഞ 28 വർഷമായി മുണ്ടക്കയത്തെ വീടിന്റെ വാതിലുകൾ സൗഹൃദം ചേക്കേറുന്ന ചില്ലകളാക്കി. അവിടത്തെ ജ്യോതി ഗ്യാസ് ഏജൻസി ഉടമയായി. ഭാര്യ പ്രസന്നയുടെ ചേട്ടനായി. മക്കൾ ജ്യോതിർമയിയുടെയും ചിന്മയിയുടെയും മരുമകൻ ദീപുവിൻറെയും പ്രിയപ്പെട്ട ആച്ഛനായി. ജീവനക്കാരുടെ അജിത് സാറായി….
അജിത്‌ ഇനി പകരം വെക്കാനില്ലാത്ത മരിക്കാത്ത ഓര്‍മ്മ…11
RELATED ARTICLES

Most Popular

Recent Comments