ജോണ്‍സണ്‍ ചെറിയാന്‍.
കായംകുളം കൊച്ചുണ്ണി എന്ന പെരുംകള്ളനെ ഹീറോയാക്കി മനസ്സില്‍ പ്രതിഷ്ഠിച്ചവരാണ് മലയാളികള്‍. റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയാകാന്‍ ഒരുങ്ങുകയാണ്. ഈ വാര്‍ത്തയ്ക്ക് പിന്നാലെ കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലുള്ള നിവിന്‍ പോളിയുടെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.
റോഷന്റെ നിര്‍ദ്ദേശപ്രകാരം ‘ബാഹുബലി’യ്ക്കടക്കം വിഎഫ്‌എക്സ് നിര്‍വ്വഹിച്ച ഫയര്‍ഫ്ളൈ ക്രിയേറ്റീവ് സ്റ്റുഡിയോ ആണ് കായംകുളം കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ ഗെറ്റപ്പ് തയ്യാറാക്കിയിരിക്കുന്നത്. മുടി പറ്റെ വെട്ടി, പിരിച്ചുവച്ച കനം കുറഞ്ഞ മീശയും കഴുത്തിലും കൈയിലുമുള്ള ചരടുകളും തോളില്‍ തോക്കും തിരകളും അരയില്‍ വീതിയേറിയ ബെല്‍റ്റുമെല്ലാമായാണ് റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയില്‍ കായംകുളം കൊച്ചുണ്ണിയെ വിഭാവനം ചെയ്തിരിക്കുന്നത്. നീല
നിറത്തിലുള്ള മുണ്ടും വെള്ള ബനിയനുമാണ് വേഷം. ചിത്രത്തില്‍ കായംകുളമായി സെറ്റിടുന്നത് ശ്രീലങ്കയിലാണ്. ഇതിന് പുറമേ ഉഡുപ്പി, മംഗലാപുരം എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ശ്രീലങ്കയില്‍ ആരംഭിക്കും. പത്ത് കോടി മുതല്‍ മുടക്കി ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കും. നിരവധി പുതുമുഖങ്ങളും കഥാപാത്രങ്ങളാകുന്ന സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരിലേറെയും ഇന്ത്യന്‍ സിനിമയിലെ അതികായന്മാരാണ്.
രംഗ് ദേ ബസന്തി, ഭാഗ് മില്‍ഖ ഭാഗ്, ദേവദാസ് തുടങ്ങി ബോളിവുഡിലെ പ്രോജക്ടുകള്‍ ക്യാമറയില്‍ പകര്‍ത്തിയ ബിനോദ് പ്രധാനാണ് ഛായാഗ്രാഹകന്‍. സംഗീതം ഗോപി സുന്ദര്‍. ഏഴോളം ആക്ഷന്‍ സീക്വന്‍സുകള്‍ കൈകാര്യം ചെയ്യാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആക്ഷന്‍ കൊറിയോഗ്രാഫേഴ്സ് എത്തും. സ്റ്റോറി ബോര്‍ഡുകള്‍ക്ക് പകരം ഓരോ സീനിന്റെയും അനിമേറ്റഡ് ഭാഗങ്ങള്‍ ഒരുക്കിയതിന് ശേഷം ഷോട്ടുകള്‍ പ്ലാന്‍ ചെയ്യുന്ന ‘പ്രീവിസ്’ ശൈലിയിലാവും ഷൂട്ടിങ്. ശ്രീലങ്കയിലെ കാന്‍ഡി എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.