Friday, May 17, 2024
HomeLiteratureപ്രണയവിശുദ്ധ...... (ചെറുകഥ)

പ്രണയവിശുദ്ധ…… (ചെറുകഥ)

പ്രണയവിശുദ്ധ...... (ചെറുകഥ)

സജി വർഗീസ്.
തലശ്ശേരിറയിൽവേ സ്റ്റേഷനിൽ എറണാകുളത്തേക്ക് പോകുവാൻ രാവിലെ നേത്രാവതിഎക്സ്പ്രസ്സും കാത്തിരിക്കുകയായിരുന്നുഞാൻ. ട്രെയിൻ വരാൻ ഇനിയും മുപ്പത്മിനുട്ട് ബാക്കിയുണ്ട്. വിവിധതരത്തിലുള്ള ആളുകൾ.. പല തരം വേഷങ്ങൾ… കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ.
കൊച്ചുകുട്ടികൾ ‘നാലാംവയസ്സില് നട്ട ഭ്രാന്തെന്നു ‘പറഞ്ഞതുപോലെ ഓടി നടക്കുന്നു. അവരെ പിടിച്ചുവയ്ക്കുന്ന അമ്മമാർ.. തരുണീമണികളെ നോക്കിയിരുന്ന് നേരം പോക്കുന്ന കോമളന്മാർ..കമിതാക്കൾ… ഒരു നേരത്തിന്റെ അന്നത്തിനു വേണ്ടി യാചിക്കുന്നവർ… മദ്യപിച്ച് ബഹളം വയ്ക്കുന്നവർ.. കൂലിപ്പണിക്ക് പോകുവാൻ തോളത്ത് വള്ളിക്കൊട്ടയും തൂക്കി നിൽക്കുന്ന തമിഴ് സുന്ദരിമാർ…
നേതാക്കന്മാർ… അങ്ങനെ പലതരത്തിൽപ്പെട്ടവരുണ്ട്.
ടീ സ്റ്റാളിൽ നിന്നും രണ്ടു ദോശയും വാങ്ങിക്കഴിച്ചു.ഒരുഗ്ളാസ്സ് സ്ട്രോങ്ങ് ചായയും കുടിച്ചു.
പ്ളാറ്റ്ഫോമിലെ വിഭിന്നമുഖങ്ങളെ നോക്കി നിന്നു.
അപ്പോഴാണ് അവരെ ശ്രദ്ധിച്ചത്.
മുഖത്തു മുഴുവൻ ചുവപ്പുംറോസും കലർന്ന കട്ടിച്ചായം പൂശിയമുഖം. ഏകദേശ എഴുപതിനു മുകളിൽ പ്രായം.ഒരു കീറിയ ടീ ഷർട്ടുംപാന്റും ആണ് വേഷം.തോളത്ത് തൂക്കിയിട്ടിരിക്കുന്ന തുണി സഞ്ചി, കൈയിൽ തൂക്കിപ്പിടിച്ച വെള്ളക്കന്നാസിൽ കുടിവെള്ളം.
ചുരുണ്ട മുടികൾ…രണ്ടുപല്ലുകൾ മുമ്പോട്ട് ഉന്തി നിൽക്കുന്നു.
മുഖത്ത് ചായംപൂശി പല്ലുന്തി കുഴിഞ്ഞ കണ്ണുകളോട് കൂടിയ ആ മുഖത്തേക്ക് നോക്കിയപ്പോൾവയസ്സായ ഒരു യക്ഷിയെപ്പോലെ തോന്നിച്ചു.ഇതിന് മുൻപും തലശ്ശേരിയുടെ നഗരവീഥികളിലൂടെ അവർ നടന്നു നീങ്ങുന്നത് കണ്ടിട്ടുണ്ട്.
അവർ പ്ളാറ്റ്ഫോമിൽ പ്രതീക്ഷയോടെ നിൽക്കുകയാണ്.
നേത്രാവതി എക്സ്പ്രസ്സ് വന്നു.അവർ ലോക്കോ പൈലറ്റ് ഇരിക്കുന്ന ഭാഗത്തേക്ക് ഓടിപ്പോയി. അവിടെ നിന്നും ലോക്കോ പൈലറ്റിനെ നോക്കിയതിനുശേഷം തലയിൽകൈവച്ച് എന്തൊക്കെയോ പിറുപിറുത്തു.
“വന്നില്ല… വരില്ല…. “,പിന്നെയും ഒരേ നിൽപ്പാണ്.
പ്രായംചെന്ന വൃദ്ധനോട് ഞാൻതിരക്കി.
” അവരെന്താണ് ഈ വേഷത്തിൽ… “
“മാനസികമായ എന്തോ തകരാറുണ്ടല്ലേ…?
അവൾ.. അധ്യാപിക… ലോക്കോ പൈലറ്റിനെ പ്രണയിച്ചവൾ…. കുട്ടികൾക്ക് പ്രണയകഥകൾ പറഞ്ഞു കൊടുത്ത കുട്ടികളുടെ സ്വന്തം ടീച്ചർ…. അവളുടെ പേരു മാത്രമറിയാം പ്രിയദർശിനി ടീച്ചർ….
മലയാളത്തനിമയാർന്ന മലബാറിലെ സുന്ദരി… പുരുഷന്മാർ അവൾ പോകുന്ന വഴിയേ.. അവളൊന്നുദർശിക്കാൻ പുറകെ നടക്കുമായിരുന്നു.
മീശമുളയ്ക്കാത്ത ചെറുപ്പക്കാരുടെ സ്വപ്നങ്ങളിലെ രാജകുമാരി.
മംഗലാപുരം-ചെന്നൈ എക്സ്പ്രസ്സിലായിരുന്നു അവളുടെ രാജകുമാരൻ.
ദിവസവും രാവിലെയും വൈകുന്നേരവും തലശ്ശേരിയിൽ ട്രെയിൻ എത്തുമ്പോഴുള്ള കൂടിക്കാഴ്ച.. കൈമാറുന്ന പ്രണയ ലേഖനങ്ങൾ…
വിദ്യാലയത്തിലേക്ക് പോകുന്നതിന് മുൻപ് കൺകുളിർക്കെ കാണുന്നു.
വൈകുന്നേരം സ്ക്കൂൾവിട്ടു നേരെ റയിൽവേസ്റ്റേഷനിലേക്ക്.
വിശുദ്ധ പ്രണയം. അവൾ തന്റെ രാജകുമാരനോടൊപ്പം സ്വപ്നത്തേരിലേറി യാത്ര ചെയ്തുകൊണ്ടിരുന്നു.
ഒരു ദിവസം അവൾകസവുസാരിയുടുത്ത് തുളസിക്കതിർചൂടി ചന്ദനക്കുറിയണിഞ്ഞ് പ്രസാദവുമായ് തന്റെ പ്രിയതമനെക്കാണുവാൻ റയിൽവേ സ്റ്റേഷനിൽ എത്തി. പക്ഷേ വന്നില്ല… തന്റെ പ്രിയതമന്റെ സ്ഥാനത്ത് മറ്റൊരാളിരിക്കുന്നു.
“അദ്ദേഹം ഇന്നലെ ഒരാക്സിഡന്റിൽ….”
അവളുടെ തലച്ചോറിലൂടെ അഗ്നി സ്ഫുലിംഗങ്ങൾ അലയടിച്ചു കൊണ്ടിരുന്നു. കണ്ണുകളിൽ ഇരുട്ടു കയറി..
അവൾ പൊട്ടിച്ചിരിച്ചു.. കരഞ്ഞു കരഞ്ഞവൾ തളർന്നു.
ആരൊക്കെയോ ചങ്ങലയിൽ ബന്ധിച്ചു.
ചങ്ങലയും പൊട്ടിച്ചു കൊണ്ടവൾ ഓടി…
റയിൽവേ സ്റ്റേഷനിൽ എത്തി… രാവിലെ മുതൽ വൈകുന്നേരം വരെ തന്റെ പ്രണയ രാജകുമാരനെ നോക്കി നിൽക്കും. തീവണ്ടിയിൽ അദ്ദേഹത്തിന് കൊടുക്കാനുള്ള കുടിവെള്ളവുമായ്…
“വരും വരാതിരിക്കില്ല… “പിറുപിറുത്തു കൊണ്ട് നടന്നു പോകും.. വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു… ഋതുക്കൾ എത്ര മാറി മാറി വന്നു.. പ്രിയദർശിനി ടീച്ചറുടെ മനസ്സിനു മാത്രം മാറ്റമില്ല… അവരിന്നും മധുരപ്പതിനേഴു കഴിഞ്ഞവളാണ്…
വിശുദ്ധ പ്രണയത്തിന്റെ പ്രതീകം..
ഇന്നത്തെ ന്യൂജൻ കാലഘട്ടത്തിലാണെങ്കിലോ.. ഞാനാലോചിച്ചു.
പ്രതീക്ഷയുടെ ലോകത്താണ് ടീച്ചർ..
പ്രിയദർശിനി ടീച്ചറുടെ പ്രണയം മനസ്സുകൾ തമ്മിലായിരുന്നു… തന്റെ പ്രിയ നാഥന്റെ കണ്ണുകളിൽ നോക്കി നിൽക്കുമ്പോൾ മനസ്സുകൾ തമ്മിൽ കൈമാറുന്ന നിമിഷങ്ങൾ… പ്രണയലേഖനം തന്റെ പ്രാണന് നൽകുമ്പോൾ വിരൽ സ്പർശത്തിലൂടെ പ്രണയത്തിന്റെ തരംഗങ്ങൾ.. ശരീരത്തിലേക്കരിച്ചിറങ്ങിയ സമയം..
“വരും വരാതിരിക്കില്ല… “,പിറുപിറുത്തു കൊണ്ട് തന്റെ പ്രാണനാഥനുള്ള പ്രണയ ലേഖനമെഴുതിയ തുണ്ടുകടലാസും ചുരുട്ടിപ്പിടിച്ച് പാളങ്ങളുടെ അനന്തതയിലേക്ക് നോക്കിയിരിക്കുന്ന പ്രിയദർശിനി ടീച്ചർ… വിശുദ്ധ പ്രണയത്തിന്റെ സാക്ഷ്യപത്രം….
ഓടുന്ന ജീവിതതീവണ്ടി,
ഓടിക്കയറുന്ന ജീവിതങ്ങൾ!
ഓട്ടത്തിലെന്തൊക്കെയോവീണുടയുന്നു.
സജി വർഗീസ്.
കടപ്പാട്. വിശുദ്ധ പ്രണയത്തിന്റെ പ്രതീകമായ പ്രിയദർശിനി ടീച്ചർക്ക്
RELATED ARTICLES

Most Popular

Recent Comments