Saturday, April 20, 2024
HomeKeralaപുതിയനിയമം. (കവിത)

പുതിയനിയമം. (കവിത)

വൈഗ എസ്. നായര്‍.

തിരുത്തപ്പെടുകയാണ് എന്‍റെയീ
പഴയ നിയമം ..

എനിക്കായി ക്രൂശിക്കപ്പെടാത്തൊരു
മിശിഹാ കിഴക്കെവിടെയോ
കന്യകയല്ലാത്തവളില്‍
ഭൂജാതനായിരിക്കുന്നു ..

എന്‍റെ കാല്‍പ്പാടുകളെ
അവന്റെ നിയമങ്ങളാക്കുമവന്‍ ..
ഓര്‍മ്മകളിലെ നോവിനെ
തഴുകിയുറക്കുമവന്‍ ..

സോളമന്റെ ഉത്തമഗീതങ്ങള്‍
താരാട്ടായി ചെവിയില്‍ മൂളുമവന്‍ ..
എന്‍റെ ഉയര്‍ച്ചതാഴ്ച്ചകളില്‍
വിരല്‍ത്തുമ്പു കുതിര്‍ത്ത്
ചിത്രം വരക്കുമവന്‍ ..

ഏദേനിലെ മുന്തിരിച്ചാറില്‍
ചുണ്ടുമുക്കി എന്‍റെ സിരകളിലേക്ക് അലിയിച്ചിറക്കുമവന്‍ ..

അടിവയറ്റിലെ തുടിപ്പില്‍
പുതുജീവന്‍ പകരുമവന്‍ ..
പ്രണയത്തിന്‍റെ താഴ്വരയില്‍
എന്നെ വിശുദ്ധയാക്കുമവന്‍ ..

അവന്‍റെ വാരിയെല്ലില്‍ നിന്നും
എനിക്കായി വീണ്ടുമൊരു
പുതിയനിയമം കുറിക്കുമവന്‍ …!!!

RELATED ARTICLES

Most Popular

Recent Comments