Wednesday, May 22, 2024
HomeLiteratureഭയപ്പാട്. (കഥ)

ഭയപ്പാട്. (കഥ)

ഭയപ്പാട്. (കഥ)

കാർത്തിക മോഹനൻ. (Street Light fb group)
അനന്തൻ നടക്കുകയായിരുന്നു, അല്ല.. നടക്കുന്നതുപോലെ ഓടുകയായിരുന്നു. നെറ്റിയിൽ നിന്നും വിയർപ്പുചാലുകൾ ഒരു പുഴയുടെ മെലിഞ്ഞ പല കൈവഴികൾ കണക്കെ അവന്റെ കണ്ണുകളെയും മൂക്കിനെയുമെല്ലാം നനച്ച് ഒഴുകിയിറങ്ങി. കാലുകൾ വേച്ചു തുടങ്ങിയോ എന്നൊരു സംശയം.. പക്ഷേ സംശയിച്ചു നിൽക്കാനോ, സംശയത്തിനുത്തരം കണ്ടെത്താനോ നേരമില്ല.. അന്തരീക്ഷം ചെറുതായി ഇരുട്ടിയതൊന്നുമല്ല, മണിക്കൂറുകളായി എവിടെനിന്നോ പാഞ്ഞുവന്ന ഇരുട്ടെല്ലാം കൂടി കട്ടപിടിച്ചു ഒടുവിൽ കുറ്റാക്കൂരിരുട്ടായതാണ്.. ആ കൂരിരുട്ടിലെവിടെയോ ഒരു കൂമൻ നിർത്താതെ ഒരിയിടുന്നത് കേൾക്കാം, ആ ശബ്ദത്തെ കുത്തിത്തുളച്ച് അരികിലെവിടെ നിന്നോ ഒരു ചീവീടും കരയുന്നുണ്ട്. അനന്തന് ഉള്ളിൽ ഭയമുണ്ടായിരുന്നു.. പണ്ടെന്നോ നെഞ്ചിൻകൂടിൽ തളച്ചിട്ട ആഴമേറെയുള്ള ഭയം.. വള്ളിനിക്കറിട്ട് കഥകൾ കേൾക്കാൻ കൊതിച്ചിരുന്ന പ്രായത്തിൽ കണ്ണുകളുരുട്ടി; രണ്ടു കൈകളും വായുവിലേക്ക് ഉയർത്തി, പേടിപ്പെടുത്തുന്ന ഭാവത്തോടെ, കല്ലുവെച്ച കമ്മലുകളുടെ ഭാരത്താൽ താഴേയ്ക്ക് തൂങ്ങിയ കാതുകൾ കൂർപ്പിച്ച്, ഉമ്മറത്തെ ദ്രവിച്ചുതുടങ്ങിയ കട്ടിലിൽ മൂടിപ്പുതച്ചിരുന്ന് മുത്തശ്ശി പറഞ്ഞുതന്ന രക്ഷസ്സുകളുടെയും യക്ഷികളുടെയും കഥകളും, ആ കഥകളിലെ തനിയ്ക്കിതുവരെ തീർച്ചയില്ലാത്ത അനവധി രൂപങ്ങളും അവന്റെയോരോ കാലടിയിലും മുന്നിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. കടവിൽ വഞ്ചിയുണ്ടായിരിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും അനന്തൻ മനസ്സുരുകി പ്രാർത്ഥിച്ചു, ഇക്കരെ നിന്ന് ഉച്ചത്തിൽ വിളിച്ചാൽ കേൾക്കുവാനും ഉണരുവാനും പാകത്തിനുള്ള ഉറക്കം മാത്രമേ വഞ്ചിക്കാരൻ മൊയ്തുവിന് കൊടുക്കാവൂ എന്ന്.
അമ്മയ്ക്ക് അസുഖം കലശലാണെന്നു പറഞ്ഞു ഇന്നലെ വൈകുന്നേരമാണ് കമ്പിയെത്തിയത്, രാത്രി തന്നെ പുറപ്പെട്ടു. അർബുദമാണ്, താങ്ങാനാവാത്ത വേദനകൊണ്ട് പുളയുമ്പോൾ തന്റെ പേര്ചൊല്ലി വിളിക്കുന്നത് കഴിഞ്ഞ തവണ തിരിച്ചു പോവാൻ നേരം കണ്ടതാണ്.. അമ്മയുടെ ആ മുഖവും ശബ്ദവും അന്നുതൊട്ടിന്നു വരെ തന്റെ ഉറക്കം കെടുത്തിയിട്ടേയുള്ളൂ. അന്നേരമെല്ലാം കൽക്കട്ടാനഗരം ശാന്തമായുറങ്ങുന്നതുകണ്ട് നേരം വെളുക്കും വരെ താൻ കണ്ണുമിഴിച്ചിരുന്നു, ഓരോ രാവിലും എല്ലാം ഇട്ടെറിഞ്ഞു അമ്മയ്ക്കരികിലേക്കു പോയാലോ എന്നോർക്കും. പക്ഷേ നാട്ടിൽച്ചെന്നാൽ തലയിലേയ്‌ക്കെടുത്തു വയ്‌ക്കേണ്ടുന്ന ബാധ്യതകൾ എണ്ണിയാലൊടുങ്ങാത്തവയാണെന്നുള്ള തിരിച്ചറിവിൽ ആ തിരിച്ചുപോക്ക് വേണ്ടെന്നുവെച്ചൊന്നു നെടുവീർപ്പെടും. ജനിച്ചു വളർന്ന വീട് കടപ്പെട്ടുപോവാതിരിക്കാനും, അമ്മയെ ചികിത്സിക്കാനും, തന്നെക്കാളും പന്ത്രണ്ടു വയസ്സോളം മൂപ്പുള്ള ഓപ്പോളെ കെട്ടിച്ചയയ്ക്കാനും വേണ്ടിയാണ് രണ്ടു വർഷങ്ങൾക്കു മുൻപ് താനിവിടം വിട്ടത്, ഒപ്പം തന്നിൽ ഭയത്തിന്റെ വേരുകളാഴ്ത്തിയ ഈ നശിച്ച നാട്ടിൽ നിന്നൊരു മോചനവും… തനിക്കന്നു വയസ്സ് പതിനേഴ്.
ആരാച്ചാർ കുമാരുവിന്റെ മകനെന്ന പേര് അവനെ കുട്ടിക്കാലം മുതൽക്കേ അലോസരപ്പെടുത്തിയിരുന്നു, അയാളുടെ മരണശേഷം ജീവിച്ചിരിക്കുമ്പോൾ അയാൾ തൂക്കിലേറ്റിയ അനവധിപേരുടെ കറുത്ത തുണിയിട്ടു മൂടിയ മുഖങ്ങൾ അവനെ പല രാത്രികളിലും കണ്മുന്നിൽ വന്നു പേടിപ്പിച്ചു. പക്ഷേ മറ്റൊരു മഞ്ഞക്കയറിൽ തൂങ്ങിയാടിയ അച്ഛന്റെ മുഖം മാത്രം അവർക്കിടയിൽ മറയേതുമില്ലാതെ നിന്നു.
നാടുവിട്ട് കൽക്കട്ടയിൽ പോയിട്ടും പഴയ ഭയം മറ്റാരിലും ചെന്നുകേറാതെ അവന്റെ മേൽ മാത്രം തെളിഞ്ഞും തെളിയാതെയും കുടികൊണ്ടുവെന്നുള്ളതാണ് സത്യം.
വിവരം കിട്ടുന്ന ക്ഷണം അവിടുന്നു പുറപ്പെടണമെന്നും എത്ര വൈകിയാലും ഇന്ന് തന്നെ എത്തിച്ചേരണമെന്നും കമ്പിയിലുണ്ടായിരുന്നു. അമ്മയ്‌ക്കെന്തെങ്കിലും അരുതാത്തതു സംഭവിച്ചോയെന്നോർത്ത് ഭയപ്പാടിനിടയിലും അവന്റെ കണ്ണുകൾ നിറഞ്ഞു.
അനന്തൻ നെൽപ്പാടം പിന്നിട്ടിരുന്നു. മുന്നിൽ സർപ്പക്കാവാണ്, അതു കഴിഞ്ഞാൽ ഭഗവതീ ക്ഷേത്രമായി, സമീപത്തുള്ള ആൽമരത്തിന്റെ ചുവട്ടിലൂടെ ഇടതു വശത്തുള്ള കുറ്റിക്കാട് പിന്നിട്ടാൽ കടവായി, അവിടെയെത്തിച്ചേർന്നാൽ എങ്ങിനെയും ശബ്ദമുണ്ടാക്കി മൊയ്തുവിനെ ഉണർത്താം, വെളുക്കും മുൻപ് വീട്ടിലെത്തിച്ചേരാം.. അവനോർത്തു. ഞരമ്പുകൾ അങ്ങിങ്ങായി തുറിച്ചു നിന്ന കാലുകൾ വലിച്ചുവെച്ച് അനന്തൻ ആഞ്ഞു നടന്നു. തോൾബാഗൊന്നു ശെരിയാക്കി മുന്നോട്ട് നടക്കുന്നതിനിടയിൽ കാലിലെന്തോ കുരുങ്ങി അവനൊന്ന് വശത്തേക്ക് ചാടി, ഒടുവിൽ വഴിയിൽ പൂവിട്ടു നിന്ന പാലമരത്തിൽ പടർന്നുകയറിയ ഏതോ കാട്ടുവള്ളിയാണെന്നു കണ്ട് ആശ്വസിച്ചു, വീണ്ടും നടപ്പു തുടർന്നു.
അപകടമൊന്നും കൂടാതെ അമ്പലമുറ്റത്തെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ്, ഭഗവതി ശാന്തസ്വരൂപിണിയാണെന്നാണ് കേട്ടിട്ടുള്ളത്.. പക്ഷേ വരിക്കപ്ലാവിൽ പണിതീർത്ത് പട്ടുടയാടയും ആഭരണങ്ങളും ധരിച്ച ദേവിയെ രൗദ്രഭാവത്തോടെ മാത്രമേ അനന്തൻ കണ്ടിട്ടുള്ളൂ, അവനെന്നും ഭയമായിരുന്നല്ലോ, എന്തിനോടും ഏതിനോടും ഭയമായിരുന്നല്ലോ… അതുകൊണ്ടു തന്നെ ശ്രീകോവിലിനു നേർക്ക് അറിയാതെ പോലും നോക്കിയില്ല, പകരം നിലാവിന്റെ അരണ്ട വെളിച്ചത്തിൽ നടവഴിയിലെ ചെറിയ ദീപസ്തംഭത്തിന് നേർക്ക് നോക്കി.. എണ്ണയത്രയും വറ്റി, ദീപാരാധനയ്ക്കാരോ കൊളുത്തിവെച്ചതിൽ അവസാനത്തെ തിരിയും അണഞ്ഞിരുന്നു.
അനന്തൻ നടത്തത്തിന്റെ വേഗത കൂട്ടി, അമ്മയെ മനസ്സിലോർത്തു.. തന്നെക്കാണുമ്പോൾ അമ്മയ്ക്കുണ്ടാവുന്ന സന്തോഷത്തെക്കുറിച്ചോർത്തു. അച്ഛനെയോർത്തില്ല, ഓർത്താൽ മുന്നിൽ തെളിയാൻ പോവുന്ന രൂപങ്ങളെ തന്നിൽനിന്നകറ്റി നിർത്തുവാൻ വേണ്ടി അവൻ എന്നേ അയാളെ മറന്നിരുന്നു..
ആലിൻചുവട്ടിൽ നല്ല വെട്ടമുണ്ടായിരുന്നു, ഉറവിടമില്ലാത്ത വെളുത്ത ഒരു പ്രകാശത്തിൽ പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയ ആൽത്തറ അവൻ നടത്തിനിടയിലും വ്യക്തമായി കണ്ടു. ലോകം മുഴുവൻ രാത്രികളിൽ വിജനമാവുന്നതെന്തെന്നോർത്ത് അവന് അത്ഭുതം തോന്നി, വെളിച്ചമണഞ്ഞ് ഇരുട്ട് പടരുമ്പോൾ എല്ലാവരും അവരവർക്ക് കിട്ടുന്നയിടങ്ങളിൽ ഉറങ്ങിക്കൊള്ളുക എന്നത് ആരുണ്ടാക്കിയ നിയമമാണെന്നും ഓർത്തു. തനിക്ക് പിടി കിട്ടാത്ത കാര്യങ്ങളാണ് ഭൂമിയിൽ ഏറെയുമെന്നത് അവനെത്രയോ മുൻപുതന്നെ മനസ്സിലാക്കിയിരുന്നു.. ഒരു ക്ഷണം ഭയത്തെ മറന്ന് ചിന്തകളിൽ മുങ്ങി അനന്തൻ ആലിന്റെ ഇടതുവശത്തേയ്ക്കു നടന്നു.
മനഃപൂർവം വിചാരങ്ങളിൽ മുഴുകി വേഗത്തിൽ നടക്കുന്നതിനിടയിൽ പിറകിൽ നിന്നും എന്തോ ഒരു ശബ്ദം കേട്ടതു പോലെ.. അവൻ അവിടെത്തന്നെ നിന്നു.. ചുണ്ടുകൾ വിറച്ചുതുടങ്ങി, തിരിഞ്ഞുനോക്കാൻ തീരേയും ധൈര്യമില്ല.. മുന്നോട്ട് നടക്കണമെന്നുണ്ട്, പക്ഷേ കാലുകൾ അനങ്ങുന്നില്ല. താൻ കേട്ടതിനെ ഒരിക്കൽക്കൂടി കേൾക്കാൻ; വ്യക്തമായി കേൾക്കാൻ അവൻ തന്റെ വിറപൂണ്ട ശ്വാസത്തെ ഉള്ളിലൊളിപ്പിച്ചു. ഇപ്പോഴവന് കേൾക്കാം, പിറകിൽ ആരുടെയോ ശ്വാസോച്വാസത്തിന്റെ ശബ്ദം കേൾക്കാം. അതെ, ആരോ ഉണ്ട്, തന്റെ പിറകിൽ. അനന്തൻ വെട്ടിവിയർത്തു. വിയർപ്പിന്റെ കൈവഴികളെല്ലാം ഒന്നായി, പിന്നെയൊരു പുഴയായി അവന്റെ നെഞ്ചിൽനിന്നും താഴേയ്‌ക്കൊഴുകി. ഒറ്റയൊരു നിമിഷത്തിൽ എങ്ങിനെയോ സംഭരിച്ച ധൈര്യത്തിൽ അവൻ തിരിഞ്ഞു നോക്കി, അടുത്തെങ്ങും ആരെയും കണ്ടില്ല. പക്ഷേ കണ്ടു.. മുകളിൽ ആകാശത്തെ തൊട്ടു തൊട്ടില്ലായെന്ന മട്ടിൽ ക്ഷേത്രമുറ്റമാകെ വികൃതരൂപങ്ങളുടെ നിഴലുകൾ വീഴ്‌ത്തിയ ആൽമരത്തിന്റെ ഉയരങ്ങളിലെവിടെയോ ഒരു കൊമ്പിൽ ഒരു ദേഹം തൂങ്ങിയാടുന്നു!! അനന്തൻ ഞെട്ടിത്തരിച്ചു, കൈയും കാലും ദേഹവും തളർന്നു താഴെ മണലിലുള്ള ഇരുണ്ട ഒരു നിഴൽരൂപത്തിനുമേലേക്ക് വീണു. ബോധം മറയുന്നതിനു മുൻപ് അവൻ ഒന്നുകൂടി മുകളിലേയ്ക്ക് നോക്കി.. മുഖം വ്യക്തമല്ല, കറുത്ത തുണിയിട്ട് മൂടിയിട്ടുണ്ട്, ആണാവണം, വെളുത്ത ഷർട്ടും മുണ്ടുമാണ് വേഷം, ആരോ വായുവിൽ നിന്ന് ആട്ടിവിട്ടിട്ടെന്നപോലെ കയറിൽ തൂങ്ങി ആ ദേഹം നിലയ്ക്കാതെ ആടിക്കൊണ്ടിരുന്നു.
അടഞ്ഞ മിഴികൾക്കു മുകളിൽ നനുത്ത തണുപ്പുവന്നുഴിഞ്ഞപ്പോൾ അനന്തൻ മയക്കത്തിൽ ഞെട്ടി, പിന്നെ കനം കൂടിയ കണ്ണുകൾ വലിച്ചുതുറന്നു. അവന്റെ ഇരു കണ്ണുകൾക്കുമേലെ നിന്നും മെലിഞ്ഞുണങ്ങിയ രണ്ടു കൈകൾ അകന്നുപോയി. അവൻ തല ചെരിച്ചുനോക്കി, തനിക്കരികിൽ വെളുത്ത ഷർട്ടും മുണ്ടും ധരിച്ച; തല കറുത്ത തുണികൊണ്ട് മൂടിയ ഒരാളിരിക്കുന്നു. അവൻ കണ്ണൊന്നു തിരുമ്മിയമർത്തി ഒരിക്കൽക്കൂടി നോക്കി, ഇപ്പോൾ കാഴ്‌ച്ച വ്യക്തമായി.. അയാൾ തന്നെ.. ബോധം മറയുന്നതിനു മുൻപ് ആലിന്റെ മുകളിൽ തൂങ്ങിയാടുന്നത് താൻ കണ്ടതാണ്, അയാളെങ്ങിനെ ഇവിടെ.. തന്റെയരികിൽ… അവനു ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി. വീണ്ടും കണ്ണുതിരുമ്മി അവൻ ആലിന്റെ മുകളിലേയ്ക്ക് നോക്കി.. അവന്റെ കാഴ്ച്ച മുകൾക്കൊമ്പിൽ അപ്പോഴും ആടിക്കൊണ്ടിരുന്ന ഭാരമില്ലാത്ത മഞ്ഞക്കയറിൽച്ചെന്നെത്തി, തിരിച്ചു വിഭ്രാന്തിയുടെ ആദ്യഘട്ടമറിഞ്ഞ്; തുറിച്ച് അടുത്തിരിക്കുന്ന മുഖമില്ലാത്ത ദേഹത്തിൽ തറച്ചു നിന്നു. ദേഹം അതിന്റെ ശിരസ്സുമൂടിയ കറുത്ത തുണി പതിയെ മുകളിലേയ്ക്ക് ഊരിമാറ്റുകയായിരുന്നു. തളർച്ചയിലും അനന്തൻ ഞെട്ടി.. ഭയമുണർന്നിരിക്കുന്ന മനസ്സിനെ കൂടുതൽ തളർത്തുമാറ് ഞെട്ടി, പിറകോട്ട് നിരങ്ങി മാറി, ഉച്ചത്തിൽ വാവിട്ടു കരയാൻ തുടങ്ങി. മുഖമുള്ള ദേഹം അവനരികിലേക്കു നീങ്ങിയിരുന്നു, നേരത്തേ അവന്റെ കണ്ണുകളെയുണർത്തിയ തണുത്ത കൈകൾ അവനെ ഇരു തോളുകളിലും പിടിച്ചെഴുന്നേല്പിച്ചു, അനന്തന്റെ കുഴഞ്ഞ ശരീരം ഏറെ ബദ്ധപ്പെട്ട് എഴുന്നേറ്റിരുന്നു. ദേഹം എഴുന്നേറ്റ് അവനെതിരെയായി വന്നിരുന്നു. അത് ചോദിച്ചു..
“നീ എന്തിനങ്ങനെ ചെയ്തു?”
അനന്തൻ മിണ്ടിയില്ല..
ഉച്ഛത്തിലുള്ള കരച്ചിൽ നിലച്ചിരുന്നു, എങ്കിലും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
ദേഹം വീണ്ടും ചോദിച്ചു, അല്പം കൂടി ഉയർന്ന ശബ്ദത്തിൽ..
“നീ എന്തിനങ്ങനെ ചെയ്തു?”
ഇത്തവണയും അനന്തൻ ശബ്‌ദിച്ചില്ല, ആ പരിസരത്തെ നിശബ്ദതയെയില്ലാതാക്കി അവന്റെ എങ്ങലടി ശബ്ദം ഉയർന്നു വന്നു.
“നീ എന്തിനെന്നെ കൊന്നു?”
ഇത്തവണ ദേഹം അലറീ, കണ്ണുകൾ കോപത്തിൽ ചുവന്നുമലർന്നു, ചുണ്ടുകൾ വിറച്ചുതുള്ളീ.
“എനിയ്ക്ക് നിങ്ങളെ വെറുപ്പായിരുന്നു, ഒരു അറപ്പുമില്ലാതെ മനുഷ്യനെ കൊന്നുതള്ളുന്ന നിങ്ങളെ വെറുപ്പായിരുന്നു.”
ഇത്തവണ ദേഹമാണ് ഞെട്ടിയത്, ആ ഞെട്ടലിൽ അതിന്റെ കണ്ണുകൾ ചെറുതാവുന്നതും ശ്വാസം മന്ദഗതിയിൽ പുറത്തേക്കും അകത്തേക്കും ചലിക്കുന്നതും അനന്തൻ കണ്ടു.
“അതെന്റെ ജോലിയായിരുന്നു..”
പതിഞ്ഞ ശബ്ദത്തിൽ അനന്തന്റെ കണ്ണുകളിലേയ്ക്ക് നോക്കി ദേഹം പറഞ്ഞു.
“പക്ഷേ എനിക്ക് നിങ്ങളെ എന്നും ഭയമായിരുന്നു, ഓരോരുത്തരേയും തൂക്കിലേറ്റി വന്ന് ആ കഥകൾ എന്നോട് പറയുന്ന നിങ്ങൾ എന്നെങ്കിലുമൊരിക്കൽ എന്നെയും കയറിൽക്കുരുക്കുമെന്ന നശിച്ച സ്വപ്നമായിരുന്നു എന്റെ ഉറക്കം കെടുത്തിയത്. ഞാൻ മറന്നിട്ടില്ല, അന്നാണ് ഡോക്ടർ അമ്മയ്ക്ക് അർബുദമാണെന്നും രോഗം മൂർച്ചിച്ചുവെന്നും അറിയിച്ചത്, ഓപ്പോളും അമ്മയുടെ കൂടെയായിരുന്നു പട്ടണത്തിലുള്ള ആശുപത്രിയിൽ..”
അവനൊന്നു നിർത്തി, അന്നേരം മൂക്കിലൂടെയവൻ വലിച്ചെടുത്ത ശ്വാസത്തിൽ മരണത്തിന്റെ ദുഷിച്ച ഗന്ധം കലർന്നിരുന്നു.
“ആ വാർത്ത എന്നെ ഞാനല്ലതാക്കി.. അമ്മയിനി തിരിച്ചു വന്നില്ലെങ്കിൽ, അമ്മയില്ലാത്ത വീട്ടിൽ.. ഏതു നിമിഷവും നിങ്ങളെന്നെ കൊന്നുതൂക്കുമെന്നു ഞാൻ ഭയന്നു. നിങ്ങളോടുള്ള ഭയം ഏറിയേറി, ഒടുവിൽ അന്ന് മനസ്സിന്റെ സമനില തെറ്റിയ ഒരു നിമിഷം ഭക്ഷണത്തിൽ വിഷം ചേർത്തു തീറ്റിച്ച് നിങ്ങളെ ഞാൻ കൊന്നു, എന്നിട്ട് വളരെ കഷ്ടപ്പെട്ട് കെട്ടിത്തൂക്കി, ആ മഞ്ഞക്കയറിൽ. അമ്മയുടെ അസുഖത്തിൽ മനംനൊന്ത് നിങ്ങൾ സ്വയം തൂങ്ങിയെന്ന് എല്ലാവരെയും പറഞ്ഞു ബോധിപ്പിച്ചു. നിങ്ങൾക്കറിയുമോ? നിങ്ങളില്ലാതായ ആ ഒരു രാത്രിയിൽ മാത്രമാണ് ഞാൻ ഭയപ്പാടില്ലാതെയുറങ്ങിയത്, അന്നെന്നെ ഒരു ദുസ്വപ്നവും വിളിച്ചുണർത്തിയില്ല, കൈവിട്ടുപോയ മനസ്സ് ഞാൻ പറയാതെ തന്നെ തിരിച്ചുവന്ന് അന്നെന്നിൽ കുടിയേറി. കുഞ്ഞുനാളിൽ നിങ്ങൾ കൊളുത്തിവെച്ച ഭയത്തിന്റെ തിരിനാളം എന്നിൽ ഒരു ഭ്രാന്തായി ആളിക്കത്തി ഒടുവിൽ നിങ്ങളുടെ തന്നെ ജീവനെടുത്തു.”
ഒറ്റ ശ്വാസത്തിൽ കൂട്ടിച്ചേർത്ത് അനന്തൻ മണലിലിരുന്നു കിതച്ചു, ആ ശരീരം വെട്ടി വിയർത്തിരുന്നു.
“പക്ഷേ പിറ്റേന്നു മുതൽ തല മൂടിയ രൂപങ്ങൾക്കൊപ്പം നിങ്ങളും എന്റെ ഉറക്കം കെടുത്തി, നിങ്ങളാണ് എല്ലാത്തിനും കാരണം, എല്ലാത്തിനും..”
അവൻ ചിലമ്പിച്ച ശബ്ദത്തിൽ പറഞ്ഞുനിർത്തി.
അവനെതിരെയിരുന്ന ദേഹം തലതാഴ്ത്തി, അതിന്റെ കുഴിഞ്ഞ കണ്ണുകളിൽ നിന്നും താഴേയ്ക്കു വീഴാൻ രണ്ടുതുള്ളി കണ്ണുനീർ അവസരം കാത്തു നിന്നു. പിന്നെയത് തലയൊന്നുയർത്തി, പതിയേ രണ്ടുകൈകളുമുയർത്തി അനന്തന്റെ ശിരസ്സിൽ തൊട്ടു, എഴുന്നേറ്റു തിരിഞ്ഞുനടന്നു..
രാവ് കൂടുതൽ കനത്തു. അതിനിടയിലെപ്പോഴോ അനന്തൻ കണ്ണുതിരുമ്മിയെഴുന്നേറ്റു, നീണ്ട ഒരുറക്കത്തിൽ നിന്നെന്നപോലെ.. തലയ്ക്കകത്തൊരു സ്ഫോടനം നടക്കുന്നതു പോലെ.. അവൻ ചുറ്റിനും നോക്കി, അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല. ആൽത്തറയിലെ വെളുത്ത പ്രകാശം രാത്രിയുടെ മൽപ്പിടിത്തത്തിൽ ഇരുണ്ടില്ലാതായിരുന്നു. പിന്നെ ബാക്കിയുണ്ടായിരുന്നത് അനന്തനും, അവന്റെ കാൽച്ചുവട്ടിൽ കിടന്നിരുന്ന മുഷിഞ്ഞ കറുത്ത തുണിയും, പിന്നെ ആൽമരക്കൊമ്പിൽ അനാഥമായി തൂങ്ങിനിന്ന മഞ്ഞക്കയറുമായിരുന്നു. പാടം കടന്നു ദൂരേ നിന്നും വന്ന തണുത്ത കാറ്റ് ക്ഷേത്രമുറ്റത്തേയ്‌ക്കെത്തിനോക്കാതെ സർപ്പക്കാവിൽ തന്നെയൊടുങ്ങിത്തീർന്നു.
നേരം പുലർന്നു, ചുറ്റിനും പരന്നു തുടങ്ങിയ സൂര്യവെട്ടത്തിൽ ക്ഷേത്രം തുറക്കാൻ വന്ന വയസ്സൻ തിരുമേനി തന്റെ മങ്ങിയ കാഴ്ച്ചയിലെങ്ങിനെയോ കണ്ടു, ക്ഷേത്രമുറ്റത്തെ ആൽമരത്തിൽ ഉയരത്തിലൊരുകൊമ്പിൽ എന്തോ ഒന്ന് തൂങ്ങിയാടുന്നു, മഞ്ഞക്കയറിൽ കറുത്ത തുണി കൊണ്ട് മൂടിയ ഒരു ദേഹം..
കണ്ണുകൾ പുളിച്ചും കിഴച്ചും ആളുകൾ മുകളിലേയ്ക്ക് തന്നെ നോക്കിനിന്നു. കൽക്കട്ടയിൽ നിന്നും വന്നെത്തുന്ന അനന്തനെ അമ്മയുടെ മരണമറിയിച്ച് വീട്ടിലെത്തിയ്ക്കാൻ തലേന്ന് കടവിൽ കാത്തുനിന്ന് ഒടുവിൽ നേരം പതിരാവായപ്പോൾ വഞ്ചിക്കുള്ളിൽക്കിടന്നുറങ്ങിപ്പോയ മൊയ്‌തുവും അക്കൂട്ടത്തിൽ ഉറക്കച്ചടവോടെ മേലേ തൂങ്ങിയാടുന്നവനെ നോക്കിനിന്നു. ദൂരെയെവിടെ നിന്നോ ഒരു അച്ഛൻകാക്ക ദയനീയമായി കരഞ്ഞു. അത് തെല്ലും കേൾക്കാതെ, ഭയം തീണ്ടാത്ത ഏതോ ഒരു രാജ്യത്തിലേക്ക് അനന്തന്റെ ആത്മാവും കണ്ണുകളും യാത്ര തുടങ്ങിയിരുന്നു..

 

RELATED ARTICLES

Most Popular

Recent Comments