Sunday, September 29, 2024
HomeLiteratureആ യാത്രയിൽ..... (കഥ)

ആ യാത്രയിൽ….. (കഥ)

ആ യാത്രയിൽ..... (കഥ)

സനൂപ് മന്നാടിയാർ. (Street Light fb group)
അമ്മു, അവൾക്കിഷ്ടപ്പെട്ട ഒരാൾക്കൊപ്പം വീടുവിട്ടിറങ്ങിയ രാവിൽ ഹരിയേട്ടന്റെ മുറിയിൽ മദ്യകുപ്പികൾ വീണുടയുന്ന ശബ്ദം കേട്ടാണ് അഞ്ജലി ചെന്നു നോക്കിയത്.
“അവൾക്കിവിടെ എന്തിന്റെ കുറവായിരുന്നു. ഏക മകളാണെന്നോർത്ത് ഞാനും നീയും മത്സരിച്ചു സ്നേഹിച്ചതല്ലേ. എന്നിട്ടും നെറികെട്ടവൾ പോയി.” ഹരി കിതച്ചു.
“ഹരിയേട്ടാ, അവൾ നമുക്കെന്നും നല്ല സുഹൃത്തുകൂടിയായിരുന്നു. നടത്തിക്കൊടുക്കാൻ കരഞ്ഞ് പറഞ്ഞതല്ലേ. നമ്മളാണ് കുടുബ മഹിമ പറഞ്ഞ് ചെവിക്കൊടുക്കാതിരുന്നത്. അവളെ അനുഗ്രഹിച്ചില്ലെങ്കിലും ശപിക്കാതിരിക്കൂ…”
“ഇറങ്ങി പോടീ, വക്കാലത്ത് പറയാൻ വന്നിരിക്കുന്നു ഒരമ്മ, എന്നും അവളെ കെട്ടിപ്പിടിച്ചു കിടന്നിട്ട് നേർവഴിക്ക് നടത്താൻ നിനക്ക് പറ്റിയോ. പ്രേമം, പ്രേമിക്കുന്ന എല്ലാവരും ഒന്നാവുന്നുണ്ടോ..” അത്രയും കേട്ടതും നിറമിഴിയുമായി അഞ്ജലി ഇറങ്ങി നടന്നു.
ഉറക്കം വരാതെ അഞ്ജലി വീണ്ടും ഹരിയുടെ മുറിയിലെത്തിയപ്പോൾ അയാൾ നിലത്തു കിടന്നുറങ്ങിയിരുന്നു. തിരികെ മടങ്ങാൻ തുടങ്ങിയതും തന്റെ പഴയ ഡയറിയെക്കുറിച്ചോർത്തു. ശബ്ദം കേൾപ്പിക്കാതെ ഷെൽഫ് തുറന്നതുമായ് പുറത്തിറങ്ങി.
ചൂരൽ കസേരയിൽ കിടക്കുമ്പോൾ അവളോർത്തു. പ്രണയത്തെക്കുറിച്ച് പ്രായോഗികവാദിയായ ഹരിയേട്ടന് എന്തറിയാനാണ്.
“പ്രണയത്താൽ മുറിവേൽക്കപ്പെടുമ്പോഴെല്ലാം ഞാൻ നിന്നെ ഓർക്കുന്നതെന്താണ്, ആദി??”
അന്ന്,
റെയിൽവേ സ്റ്റേഷനിൽ ആദിത്യനെ കാത്തിരിക്കുമ്പോൾ ആയിരം ചിന്തകൾ അജ്ഞലിയുടെ മനസ്സിലൂടെ ചൂളം വിളിച്ച് കടന്നു പോയി. ശരിയും തെറ്റും സമാന്തരങ്ങളായ രണ്ട് ട്രാക്കുകളാണ്, അവയൊരിക്കലും കൂട്ടിമുട്ടുന്നില്ല. അതിനുമുകളിലൂടെ ചീറി പാഞ്ഞു പോയ ജീവിതം…
ആദിയെ പരിചയപ്പെടുമ്പോൾ അനിയന്റെ പ്രായം പോലുമില്ലാത്ത ഒരാളോട് തോന്നുന്ന വാത്സല്യമായിരുന്നു. വിചിത്രമായ അവന്റെ ചിന്തകൾ നീരാളി കൈകൾ പോലെ ചുറ്റി വരിയുകയായിരുന്നു. എനിക്കും ഹരിയേട്ടനുമിടയിലെ പവിത്രമായ സ്നേഹം പ്രണയമല്ലെന്ന് എത്രയെളുപ്പത്തിൽ ആദി തുറന്നു കാട്ടി. ശൂന്യതയുടെ വലിപ്പം അവനാൽ വെളിവാക്കപ്പെട്ടത് അതിൻ നേർക്ക് വിരൽ ചൂണ്ടിയായിരുന്നില്ല, അതുവരെ അറിയാത്തതെന്തോ അനുമതി വാങ്ങാതെ എന്നിൽ നിറച്ചായിരുന്നു..
“നീ സംസാരിക്കുമ്പോൾ മാത്രം ആശയങ്ങൾ അനുഭവങ്ങളുടെ സ്വർണ്ണം വിളക്കിയ രുദ്രാക്ഷമാലയാവുന്നു. പ്രണയം ആത്മാവിന്റെ ധ്യാനമാവുന്നു.” ആലിപ്പഴം പോലെ അലിഞ്ഞു പോയ എന്റെ എതിർപ്പുകൾക്കപ്പുറം ആൾക്കൂട്ടങ്ങൾക്ക് നടുവിലും ഞാൻ അവനെ കാത്തിരിക്കുന്നു…
നീണ്ട ഫോൺ സംസാരത്തിനിടയിൽ ഹെഡ്സെറ്റിൽ അവന്റെ ചുംബനത്തിന്റെ കിലുക്കം കേട്ട്, ഇളകി ചിരിച്ച് മുറിയിലേക്ക് കയറി വരുമ്പോൾ ഹരിയേട്ടന്റെ കാര്യസാധ്യത്തിനായുള്ള വഴിപാടുകളെന്നെ ഉണർത്താതായ്. എല്ലാം കഴിയുന്നതും കാത്ത് ബാത്ത് റൂമിലേക്കോടാൻ കാത്തുകിടന്ന ഞാൻ, പകലുകൾ നിഷേധിക്കപ്പെട്ട ചരക്കു തീവണ്ടിയായ് മാറി…
ഇഷ്ടക്കുറവല്ല, ഒരുതരം മരവിപ്പ്. ഒത്തിരി നാൾ കഴിയുമ്പോ ഓരോ വിവാഹ ജീവിതവും ആവരണങ്ങളെല്ലാം അഴിഞ്ഞു വീണ് മനസ്സിന്റെ നഗ്നത വെളിവാക്കുന്ന സന്ദർഭങ്ങളിൽ, എക്സ് റേ ഷീറ്റ് പോലെ സ്വാർത്ഥതയുടെ വഴികൾ കാണിച്ചു തരും..
ആദിയുടെ നിർബന്ധത്തിന് വഴങ്ങി യാത്രക്കിറങ്ങുമ്പോൾ ഹരിയേട്ടനോട് പറഞ്ഞ കള്ളങ്ങളിൽ നെഞ്ച് നീറുന്നുണ്ടായിരുന്നു. ‘ഉത്തരേന്ത്യയിലെ സുഹൃത്തിന്റെ മകളുടെ കല്യാണം’ അതായിരുന്നു പാതി സത്യമായ കാരണം..
ട്രെയിനുകൾ പലതും മുന്നിലൂടെ പോയ് മറയുന്നു. പോവേണ്ടയിടം പോലുമറിയാതെ ഞാൻ കാത്തിരിക്കുന്നു, ആദിയിനിയുമെത്തിയില്ല. ടിക്കറ്റ് എടുത്തുവെന്നാണ് പറഞ്ഞത്. പക്വതയില്ലാതയില്ലാത്ത അവനെ വിശ്വസിച്ചിറങ്ങിയ ഞാനാണ് പൊട്ടിക്കാളി …
പെട്ടന്നാണ് എന്റെ കണ്ണുകൾ ശക്തമായ കൈകളാൽ മൂടപ്പെട്ടത്. കനത്ത ദേഷ്യത്തോടെ ഞാൻ തട്ടിമാറ്റി തിരിഞ്ഞു നോക്കാതെ ചോദിച്ചു, “എവിടെയായിരുന്നു ഇത്ര നേരം ?”
ഉറക്കെയുള്ള ചിരിയായിരുന്നു മറുപടി. തിരിഞ്ഞു നോക്കിയപ്പോൾ കാവിമുണ്ടും ഷർട്ടും കയ്യിൽ ഒരു തുണി സഞ്ചിയും വേഷം. എന്നിലെ ദേഷ്യം ചിരിക്ക് വഴിമാറി.
ടെയിൻ വന്നപ്പോൾ എന്റെ കൈയ്യും പിടിച്ച് അവൻ കംമ്പാർട്ട്മെന്റിൽ കയറി. യാത്ര തുടങ്ങിയിട്ടും ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. അവന്റെ കൈകളിൽ വിരൽ കോർത്ത് ‘എങ്ങോട്ടെന്ന് ‘ പതുക്കെ ചോദിച്ചു.
“രാമേശ്വരം …”
“അയ്യോ, എനിക്ക് പിരീഡ്സ് കഴിഞ്ഞ് ഏഴായില്ല, നാളേയാവൂ.”
“അവിടെ അമ്പലം മാത്രമല്ല, കുറേയുണ്ട് കാണാൻ. പിന്നെ ഞാനിന്ന് തന്നെ പോവാൻ വാശിപ്പിടിച്ചത് ഇന്ന് ഗുരുപൗർണ്ണമിയാണ്.”
“അതിനെന്താ …”
“അത് പറഞ്ഞറിയിക്കാനാവാത്ത സുഖമാണ്. വേലിയേറ്റം കാണാം.”അവൻ ചിരിച്ചു.
കടൽപ്പാലത്തിലൂടെ ട്രെയിൻ നീങ്ങുമ്പോൾ ജാലകത്തിലൂടെ നിലാവിൽ അലയടിക്കുന്ന കടൽ കാണാം. വേലിയേറ്റത്തിന്റെ തിരയിളക്കങ്ങൾക്കിടയിലും മുക്കുവർ മീൻ പിടിക്കുന്ന തിരക്കിലായിരുന്നു.
ആദിയെന്റെ കൈ പിടിച്ച് ട്രെയിനിന്റെ വാതിൽ തുറന്നു. വാതിലൂടെ വീശിയടിച്ച കാറ്റിൽ ഞങ്ങൾ കടലിൽ പതിക്കുമെന്ന് തോന്നി.
“നിന്റെ ഹരിയേട്ടൻ ഇളം തെന്നലെങ്കിൽ, ഞാനീ ശക്തമായ കടൽ കാറ്റാണ്. നുരഞ്ഞു പൊന്തുന്ന കടൽ നമ്മുടെ പ്രണയവും.” അവൻ പതിയെ കാതിൽ പറഞ്ഞു.
“ഈ ട്രെയിൻ കടലിലേക്ക് തിരകൾ കൊണ്ടു പോയാലോ?”
“അരുതാത്തതേ പറയൂ, എന്നുണ്ടോ ?”
“1964 ൽ ഉണ്ടായ കടലാക്രമണത്തിൽ ഒരു ട്രെയിനും റെയിൽവേ സ്റ്റേഷനും ഒരു ഗ്രാമവും കടലെടുത്തു. ഇനിയും തിട്ടപ്പെടുത്താനാവാത്ത മരണങ്ങൾ. അതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അന്നത്തെ റെയിൽവേ മന്ത്രി ലാൽ ബഹദൂർ ശാസ്ത്രി രാജിവെച്ചു.”
“ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ?”
“നീ പ്രണയത്തിൽ നിന്ന് പിന്മാറിയാ പിന്നെ ഞാനുണ്ടാവില്ല, ജീവിതത്തിൽ നിന്നും ധാർമ്മികമായ രാജി.”
“ഭീഷണിയാണോ ആദി?”
“ഹേയ് അല്ല, ഓരോ ഭ്രാന്തുകൾ.”
നുരഞ്ഞു പൊന്തുന്ന കടൽ, വീശിയടിക്കുന്ന തണുത്ത കാറ്റ്, കാലിന്റെ പെരുവിരലിൽ നിന്ന് ഭയം ശിരസ്സിലേക്കിരച്ചു കയറി. വീട്ടിൽ അമ്മുവും ഹരിയേട്ടനും ഉറക്കത്തിലാവും. ചിന്തകൾ കാടുകയറിയപ്പോൾ ആദി കൈയ്യിൽ അമർത്തിപ്പിടിച്ചു.
“ഈ യാത്ര പോരേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുണ്ടോ ?
“ഇല്ല, വെറുതെ വീട്ടിലെ കാര്യങ്ങൾ ഓർത്തു.”
“എനിക്കൊപ്പം യാത്ര ചെയ്യുന്നത് ഒരു ശരീരം മാത്രമാണല്ലേ, മനസ്സിപ്പോഴും ആ വീട്ടിലാണ്.”
“ആദി, പ്ലീസ്… നീയേറെ നിർബന്ധിച്ചപ്പോഴേതോ നിമിഷത്തിൽ ഞാൻ ഇറങ്ങിത്തിരിച്ചു.”
അതിരാവിലെ രാമേശ്വരത്തിറങ്ങും വരെ മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നു.
അധികം സൗകര്യങ്ങളില്ലാത്ത മഠത്തിൽ മുറിയെടുത്തു. പഴകിയ ഫാനിന്റെ ഞെരുക്കങ്ങൾ പലതുമോർമ്മിപ്പിച്ചു. കിടക്കയിൽ എനിക്കടുത്തേക്കവൻ നീങ്ങി വന്നതും, “എന്താ ഉഷ്ണമെന്ന് ” പിറുപിറുത്തു. അവനെന്നെ തൊടാതെ നീങ്ങി കിടന്നു.
കാലത്ത് പുറപ്പെടാൻ തുടങ്ങുമ്പോൾ മoത്തിന്റെ നടത്തിപ്പുകാർ വാടക വാങ്ങാതായപ്പോൾ അന്നദാനത്തിനായ് ചെറിയൊരു തുക മാത്രം നൽകി മടങ്ങി.
പിന്നീട് അമ്പലത്തിനുളളിലെ 3l തീർത്ഥ കിണറിലെ ജലം മേലാകെ ഒഴിച്ച് തണുത്തു വിറച്ചു. അപ്പോഴും ആദിയുടെ ചിന്തകൾ എനിക്ക് അപ്രാപ്യമായ് തുടർന്നു. അവൻ നേരെ നടന്നത് ബലികർമ്മം നടക്കുന്ന കടലോരത്തേക്കാണ്.
“ആദി, നീ ഒറ്റ കുട്ടിയല്ലേ, മാതാപിതാക്കൾ ജീവിച്ചിരിക്കുന്നുമുണ്ട്. പിന്നെയാർക്കാണ് ഈ ബലികർമ്മം?”
“നിനക്ക് മുന്നേ ഞാൻ പ്രണയിച്ച മനസ്സുകൾക്ക്,
അവരെയെല്ലാം ഞാനെന്റെ നിനവുകളിൽ നിന്ന് പടിയടച്ച് പിണ്ഡം വയ്ക്കുന്നു. എന്നിട്ട് ഒരു ദേവിയെ ആവാഹിച്ച് കുടിയിരുത്തുന്നു.”
എന്റെ കണ്ണുകളറിയാതെ നിറഞ്ഞു. അതു കണ്ടതും അവൻ തല താഴ്ത്തി.
“നല്ല വിയർപ്പ്, തുടക്കൂ” പതുക്കെ പറഞ്ഞു.
“ഇതെന്റെ വിയർപ്പല്ല, നെറുകിലൊഴിച്ച തീർത്ഥമൊഴുകിവന്നതുമല്ല, എന്റെ പ്രതിരോധങ്ങളെ തകർത്തെറിയുമ്പോൾ അണമുറിഞ്ഞൊഴുകുന്ന കണ്ണുനീരാണ്, നീയെന്തിനാണെന്നെ ഇത്ര ഭ്രാന്തമായ് പ്രണയിക്കുന്നത് ?”
“ഹേ, അഞ്ജലി, നീയിവിടം ശ്രദ്ധിക്കൂ… ഈ കടലിൽ തിരയടിക്കുന്നില്ല. പണ്ട് രാമൻ ശപിച്ചതാണ്.”
“ഈ രാമസേതുവിലെ കല്ലുകൾ കടലിൽ പൊങ്ങിക്കിടക്കുന്നതെന്താന്നറിയോ? അവയോരോന്നിലും രാമൻ സീതയുടെ കാതിൽ പറഞ്ഞ, എന്നാൽ പീന്നീടൊരിക്കലും പൂർത്തിയാവാതെ പോയ മോഹങ്ങൾ അദൃശ്യ ഭാഷയിൽ കൊത്തിവെച്ചിട്ടുണ്ട്. ആ പ്രണയമാണവയെ താങ്ങി നിർത്തുന്നത്.”
“ഓരോ വാക്കിനാലും ഞാനും നിന്റെ ഹൃദയത്തിലേക്ക് അദൃശ്യമായ രാമസേതു പണിയുന്നുണ്ട്.” ആദിയുറക്കെ ചിരിച്ചു.
“അതിലൂടെയാണ് ഞാൻ നിന്നിലേക്കിറങ്ങി വന്നത്, ആദീ.”
പറഞ്ഞു തീരും മുമ്പേ എന്നെ ഒരാൽമര ചുവട്ടിലിരുത്തി പോയ്മറിഞ്ഞവൻ, തിരികെ വന്നത് ഒരു പഴഞ്ചൻ ജീപ്പുമായാണ്.
“എങ്ങോട്ടാ നമ്മൾ പോവുന്നത് ?”
“ധനുഷ്ക്കോടി. 1964 ലെ തിരയിളക്കത്തിൽ ജീവിതം തൂത്തെറിയപ്പെട്ട പ്രേത ഗ്രാമം.” മണൽപ്പരപ്പിലൂടെ ജീപ്പ് പാഞ്ഞു.
പള്ളിയുടെ അവശിഷ്ടവും സ്ക്കൂളുമെല്ലാം കണ്ടു തിരികെ മടങ്ങുമ്പോൾ സഞ്ചാരികളുമായ് നിരവധി വണ്ടികൾ അങ്ങോട്ട് പോവുന്നുണ്ടായിരുന്നു.
“ആദീ, ഇതിനു മാത്രം എന്താ അവിടെ കാണാനുള്ളത്.”
“എല്ലാം നഷ്ടമായ ശൂന്യത. പ്രതീക്ഷയുടെ കണിക പോലുമില്ലാത്ത തുടച്ചു മാറ്റൽ. എന്റെ മനസ്സ് പോലെ.”
“അങ്ങിനെ പറയരുത്, നിനക്ക് ഞാനില്ലേ.” ഞാനറിയാതെ അവന്റെ അടുത്തേക്ക് നീങ്ങി, സ്റ്റീയറിങ്ങിൽ നിന്ന് കൈകൾ സ്വതന്ത്രമാക്കി അവനെന്നെ ചേർത്തു പിടിച്ച് അധരങ്ങൾ ആർത്തിയോടെ നുണഞ്ഞു. ജീപ്പപ്പോഴും മണൽ കാട്ടിൽ ലക്ഷ്യമില്ലാതെ ഒഴുകി.
എന്റെ നിർബന്ധത്തിന് വഴങ്ങി, ആ രാത്രി, ഞങ്ങൾ ശീതീകരിച്ച മുറിയെടുത്തു. എന്തും സംഭവിക്കുമെന്ന് ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തി. ഉറഞ്ഞുകൂടിയ മൗനത്തിൽ ഉടുക്കു കൊട്ടും പോലെ നെഞ്ചിടിച്ചു.
ആദ്യം സംസാരിച്ചു തുടങ്ങിയത് ഞാനാണ്.
“ആദി, നിനക്കിനിയെന്തെങ്കിലും ആഗ്രഹം ഉണ്ടോ?”
“നിന്റെ കൈയ്യിൽ സാരിയുണ്ടെങ്കിൽ ഒന്നുടുക്കൂ, കാണാൻ കൊതിയാവുന്നു.”
“അയ്യോ, ഞാൻ കൊണ്ടു വന്നിട്ടില്ല. യാത്രയിൽ ബുദ്ധിമുട്ടാവുമെന്നു കരുതി.”
“ഞാൻ വാങ്ങി വരാം.” മറുപടിക്ക് കാത്തു നിൽക്കാതെ ആദി മുറി വിട്ടിറങ്ങി, ഒരു നീല സാരിയുമായി മടങ്ങിയെത്തി .
“എന്റെ കൈയ്യിൽ ജാക്കറ്റില്ല.”
“സാരമില്ല ഒന്നു പുതക്കൂ.” അവന്റെ കണ്ണുകൾ തിളങ്ങി.
അവനുമുമ്പിൽ നഗ്നമാവുമ്പോൾ എന്നിൽ നിന്നും നാണമെങ്ങോ മറഞ്ഞിരിക്കുന്നു. അടിയുടുപ്പുകളുടെ അകമ്പടിയില്ലാതെ ആ സാരി ഞാൻ കൃത്യമായ് ഉടുത്തു.
ആദ്യമായ് കാണുമ്പോലെ അവനെന്നെ ഏറെ നേരം നോക്കി നിന്നു. ഒന്നു ചേർത്തു പിടിച്ചിരുന്നെങ്കിലെന്ന് വല്ലാതെ കൊതിച്ചു. അവനെന്റെ അടുത്തേക്ക് വന്നതേയില്ല.
നിരാശയും കോപവും ഇരച്ചു വന്നപ്പോൾ “കഴിഞ്ഞോ നിന്റെ കൗതുകങ്ങൾ” എന്ന് ചോദിച്ചു.
“ഹരിയേട്ടനും അമ്മുവുമില്ലാത്ത പകലുകൾ കൃത്യമായ് അറിയുന്ന എനിക്ക്, അന്നു തോന്നാത്തതൊന്നും ഇന്നു തോന്നില്ല. ഉറങ്ങിക്കോളൂ.”
ആ വേഷത്തോടെ ഞാനുറങ്ങി. ഉണരുമ്പോൾ ആദിയെന്നെ നോക്കിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒരു സ്ത്രീയിലെ മാറ്റങ്ങളെത്ര ചടുലമാണ്. ഉടലിൽ നിന്നൂർന്നു വീണ ഉടയായെക്കുറിച്ച് ഞാനുടനെ ബോധവതിയായി, മാറ്റാനുള്ള വസ്ത്രവുമായി അവനെ തള്ളി മാറ്റി ബാത്ത് റൂമിലേക്കോടി. തണുത്ത വെള്ളം പെയ്തു വീണ ഷവറിന് ചുവട്ടിൽ ഞാനുറക്കെ കരഞ്ഞു.
പുരാണ കഥയിലെ ശൂർപ്പണഖയെപ്പോലെ, എന്നുള്ളിലെ തുടിപ്പുകളറിയാതെ, ഞാൻ നിറഞ്ഞൊഴുകുന്നതറിയാതെ, നീയെന്നെ നിഷേധിച്ചതെന്തിനായിരുന്നു.
കാലമെന്നിൽ നടത്തിയ ഉടച്ചുവാർക്കൽ തിരിച്ചറിഞ്ഞു, ഹരിയേട്ടനപ്പുറമാർക്കും ഉണർവു പകരാനാവാത്ത താപ ശിലയായ് കുളിച്ചിറങ്ങിയതും പോവാനൊരുങ്ങി.
“റെയിൽവേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ വരിനിൽക്കുമ്പോൾ
നമ്മുടെ നാടായ പാലക്കാട്ടേക്കല്ലാതെ എങ്ങോട്ടെങ്കിലും ടിക്കറ്റെടുക്കൂ” ആദി എന്നോട് അപേക്ഷ സ്വരത്തിൽ പറഞ്ഞു.
“പറ്റില്ല, വീട്ടിലെ കാര്യങ്ങൾ കുത്തഴിയും. അമ്മുവിന്
പരീക്ഷ ആവാറായി. ഹരിയേട്ടന്റെ തിരക്കുകൾ… എനിക്ക് പോയേ പറ്റൂ.”
കംപാർട്ട്മെന്റിലെ ഒഴിഞ്ഞ സീറ്റിൽ ആദിയെന്റെ മടിയിൽ കിടന്നു. ആ നീളൻ മുടിയിഴകളിലൊന്നു തലോടാൻ പോലുമോർക്കാതെ ഞാൻ മൗനം തുടർന്നു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മുഖം കഴുകാൻ അവൻ എഴുന്നേറ്റ് പോയതും സൈഡിലേ ഒറ്റ സീറ്റിലേക്ക് ഞാൻ മാറിയിരുന്നു. അവൻ വീണ്ടും എന്റെ മുന്നിൽ വന്നിരുന്നു.
“അമ്മുവിന്റെ വിവാഹ ശേഷം എനിക്കൊപ്പം വരുമോ?”
“ഭ്രാന്ത് പറയാതിരിക്കൂ. എനിക്ക് ഹരിയേട്ടനോടും ഉത്തരവാദിത്വമുണ്ട്. നിന്റെ മാതാപിതാക്കൾക്ക് മുന്നിൽ മകന്റെ ജീവിതം തകർത്തവളാകാൻ വയ്യ.”
“അപ്പോ എനിക്കൊപ്പം വരുമെന്ന് വാക്കു തന്നതോ?”
“നിന്റെ ഭ്രാന്തുകൾക്ക് വെഞ്ചാമരം വീശാൻ എന്റെ പ്രായം 18 അല്ല.”
തർക്കങ്ങൾ തുടരുന്നതിനിടയിൽ പാലക്കാടെത്തി.
വെറുതെ ഒരു സീൻ ഉണ്ടാക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഞാനാദ്യമിറങ്ങി. ഓട്ടോ വിളിക്കാൻ പോയപ്പോഴേക്കും ആദി ബൈക്കുമായ് വന്നു. ആളുകൾ ശ്രദ്ധിക്കുന്നതൊഴിവാക്കാൻ ഞാനതിൽ കയറി. ബുള്ളറ്റിന്റെ ശബ്ദത്തേക്കാൾ വേഗത്തിൽ നെഞ്ചിടിക്കുന്നുണ്ടായിരുന്നു.
യാത്ര തുടങ്ങിയതും ആദി സംസാരിച്ച് തുടങ്ങി.
“ഇനി ഇത്തിരി ദൂരമേയുള്ളൂ. ഉത്തരം പറയാതെ പോവരുത്. എന്നോട് പറഞ്ഞതെല്ലാം കളവായിരുന്നോ?”
“ഒരു പുഴയിൽ ഒരിക്കലേ ചാടാനാവൂ. അടുത്ത നിമിഷം പുതിയൊരു പുഴയാണ്. അതു തന്നെയാണൊരു പെണ്ണും. ആ നിമിഷം ഞാനതെല്ലാം ആഗ്രഹിച്ചിരുന്നു. എന്നാലിപ്പോൾ ജനിച്ചു വളർന്ന നാട്ടിൽ നിനക്കൊപ്പം ബൈക്കിലിരിക്കുമ്പോൾ നാട്ടുകാർ ശ്രദ്ധിക്കും മുമ്പേ, എത്രയും വേഗം വീട്ടിലെത്തിയാൽ മതിയെനിക്ക്.”
വീട്ടിലേക്കുള്ള വളവ് തിരിഞ്ഞപ്പോൾ ആദി ചോദിച്ചു. “അമ്മുവിന്റെ കല്യാണം കഴിഞ്ഞ്, ഹരിയേട്ടന്റെ മരണശേഷം, ഇവിടെയൊന്നും വേണ്ട, ഒരു തീർത്ഥയാത്രയ്ക്ക് ഇറങ്ങി ഉത്തരേന്ത്യയിൽ നമുക്ക് സുഖമായ് ജീവിക്കാം. നിന്നെ പിരിയാൻ വയ്യ, അത്രയ്ക്കിഷ്ടാ എനിക്ക്.”
“അതാണല്ലേ നിന്റെ മനസ്സിലിരിപ്പ്. നിറമാംഗല്യം ഓരോ സ്ത്രീയ്ക്കും വിലപ്പെട്ടതാണ്. ഹരിയേട്ടനില്ലാത്ത ലോകം എനിക്ക് ചിന്തിക്കാൻ കൂടി വയ്യ. അമ്മുവിന്റെ ഭർതൃവീട്ടിൽ അവളുടെ അഭിമാനം സംരക്ഷിക്കേണ്ടതെന്റെ കടമയാണ്. അന്നും ഞാനിറങ്ങി വരില്ല. നിന്നെ ഞാനിഷ്ടപ്പെട്ടിരുന്നു. ഇന്നെനിക്കറിയാം നിന്റെ ഒരായിരം കൗതുകങ്ങളിലൊന്നു മാത്രമാണ് ഞാനെന്ന്.”
അവന്റെ മറുപടിക്ക് കാതോർക്കാതെ വീട്ടിലേക്ക് നടന്നു. ഒന്നും മിണ്ടാതെ അവനെന്റെ കൂടെ വന്നു.
പൂമുഖത്ത് ഹരിയേട്ടൻ പത്രം വായിച്ചിരിക്കുന്നു.
“ആദി, ഇങ്ങു വന്നിട്ട് കുറേ ആയല്ലോ. ഫേസ്ബുക്ക് പോസ്റ്റുകൾ മതിയോ. എന്തായ് നിന്റെ നോവൽ. ഇവളെ എവിടെ വെച്ച് കണ്ടു?”
“റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് കണ്ടതാ.”
”അഞ്ജു, ഫ്രിഡ്ജിൽ പാലുണ്ട്. ആദിയിരിക്ക്, ഞാൻ ഫ്രെഷായി വരാം.” ഹരിയേട്ടൻ മുകളിലെ മുറിയിലേക്ക് പോയി.
ആദിയെനിക്കൊപ്പം അടുക്കളയിൽ വന്നു. ആരുമില്ലെന്ന ഉറപ്പിൽ അവനെന്നെ ശക്തമായി ചേർത്തു പിടിച്ചു. ഞാൻ ശക്തമായി കുതറുന്നുണ്ടായിരുന്നു. എല്ലാം അവസാനിപ്പിക്കരുതെന്ന് അവനെന്നോട് കെഞ്ചി പറഞ്ഞു.
അന്നേരം വാതിൽക്കൽ ഒരു നിഴൽ കണ്ടു. ആരോയിതെല്ലാം കണ്ടു വെന്നുറപ്പായതോടെ, അവന്റെ കൈകളിൽ നിന്ന് സ്വതന്ത്ര്യമായതും അവന്റെ കവിളിൽ ഞാനാഞ്ഞടിച്ചു.
ഇനിയൊരിക്കലും ഈ വീട്ടിൽ വരരുതെന്ന താക്കീതിൽ വീട്ടിൽ നിന്നിറക്കി വിട്ടു. പിന്നീടു നോക്കിയപ്പോൾ ഹരിയേട്ടന്റെ കുളിയപ്പോഴും കഴിഞ്ഞിരുന്നില്ല. അമ്മു ട്യൂഷൻ കഴിഞ്ഞെത്തിയതേയുള്ളൂ. ജനാലകർട്ടനിൽ കാറ്റു പിടിച്ചതാവുമെന്നു കരുതി .
നിറമിഴിയോടെയവൻ പോയതും നെഞ്ചു പിടഞ്ഞു. ആദ്യമായല്ല അവനെന്നെ ചേർത്തു പിടിക്കുന്നത്. ആ നിമിഷം ഞാനെന്റെ സുരക്ഷ മാത്രമാണ് നോക്കിയത്.
പിറ്റേന്ന് രാവിലെ പത്രം വായിച്ചിരുന്ന ഹരിയേട്ടൻ ഒരലർച്ച പോലെ എന്നെ വിളിച്ചു.
“ആദി പോയി. ബൈക്ക് ആക്സിഡന്റ്. ഹെൽമറ്റില്ലാതെ പാലത്തിന്റെ കൈവരിയിലിടിച്ച് താഴേക്ക് മറഞ്ഞു. അവിടേക്ക് പോവണ്ടേ നമുക്ക്.”
“ഞാനില്ല ഹരിയേട്ടാ..”
“എന്തേ, ഒരപകടത്തിൽ ആ വീടാകെ തകർന്നു കാണും. ഏക മകനല്ലേ.”
“അതപകടമാവില്ല, കൊലപാതകമാവും.”
“ആര് കൊല്ലാൻ? ആദി പാവമല്ലേ.”
“ഞാൻ..”
“എന്താ?”
“അയ്യോ, ആദി പാവാണ്. പക്ഷേ ജേണലിസ്റ്റല്ലേ ശത്രുക്കൾ കാണും.” ഹരിയേട്ടനും സമ്മതിച്ചു.
ആ മരണമെന്നെ വല്ലാതെ ഉലച്ചു. ഹരിയേട്ടന് വഴങ്ങാൻ പിന്നെ എനിക്ക് കഴിഞ്ഞില്ല. പിന്നീടുറക്കം അമ്മുവിനൊപ്പമായി. ഞാനകന്നതോടെ ഹരിയേട്ടന്റെ ജീവിതത്തിൽ പലരും കടന്നു വരുന്നതിന്റെ സൂചനകൾ കണ്ടു. ഒന്നും ഞാനറിഞ്ഞതായ് ഭാവിച്ചില്ല. ആ ഹൗസിങ്ങ് കോളനിയിലെ മാതൃകാ ദമ്പതികളെന്നും ഞങ്ങളായിരുന്നു.
ചിന്തകളിൽ നിന്നുണർന്നതും കസേരയിൽ നിന്നെഴുന്നേറ്റ്, കരഞ്ഞു കലങ്ങിയ കണ്ണുമായ് വെറുതേ അവളുടെ മുറിയിലേക്ക് ചെന്നപ്പോൾ തലയിണക്ക് താഴെ ചുരുട്ടി മടക്കിയ വെളുത്ത പേപ്പർ കണ്ടു.
“പ്രിയപ്പെട്ട അമ്മയ്ക്ക്,
യുക്തിയുടെ വഴികളിൽ മാത്രം സഞ്ചരിക്കുന്ന അച്ഛന് എന്നെ മനസ്സിലാവില്ല. എന്നാൽ പ്രണയത്തിന്റെ നോവറിഞ്ഞ അമ്മയ്ക്ക് എന്നെ തിരിച്ചറിയാനാവും. അമ്മ എന്നോട് ക്ഷമിക്കണം. പ്രണയിച്ചവനൊപ്പം പോയതിനല്ല, അനുവാദം വാങ്ങാതെ ഡയറി വായിച്ചതിന്. അമ്മയുടെ ഇത്ര നാളത്തെ കണ്ണുനീരിന്റെ നീറ്റലറിഞ്ഞപ്പോഴാണ്, എന്റെ പ്രണയത്തെ ഞാൻ കൈവിടുന്നില്ലെന്നുറപ്പിച്ചത്. മറ്റുള്ളവരെയോർത്ത് സമാശ്വസിക്കാൻ അമ്മയോളം കഴിവെനിക്കില്ല. മരിച്ചു ജീവിക്കാനെനിക്ക് വയ്യ. അമ്മയുടെ അനുഗ്രഹമുണ്ടാവണം.”
സ്വന്തം അമ്മു.
ആയിരം കഷ്ണങ്ങളായ് ആ കടലാസ് ചീന്തിയെറിയുമ്പോൾ അവളോട് ദേഷ്യമായിരുന്നില്ല. ഹരിയേട്ടനറിയാത്ത രഹസ്യത്തിലേക്ക് നീളുന്ന തെളിവ് നശിപ്പിച്ച സംതൃപ്തിയുമല്ല.
എന്റെ പ്രണയത്തെ മകൾ ഇത്ര ഉദാത്തമായ് തിരിച്ചറിയുമായിരുന്നെങ്കിൽ, ഹരിയേട്ടനെന്തും മദ്യം കൊണ്ട് മായ്ച്ചു കളയാനാവുമായിരുന്നെങ്കിൽ ഞാനാരെയാണ് പേടിച്ചത് ??
ഒരിറ്റ് ഞാൻ സ്വാർത്ഥയായിരുന്നെങ്കിൽ, ഒരായുസ്സു മുഴുവൻ ആദിയെനിക്കായ് കാത്തിരുന്നേനേ. ആ വീട്ടിൽ അമ്മയോടൊപ്പം അവന്റെ ഉറക്കെയുള്ള ചിരി നിറഞ്ഞേനേ. അവൻ പോയതിൽ പിന്നെ കുടിച്ചു തീർത്ത എന്റെ കണ്ണീരിനൊരറുതിയുണ്ടായേനേ.
പൂർത്തിയാകാതെ കിടന്ന ചിന്തയ്ക്ക് ഉത്തരമാവുന്നു. ആദിയുടെ ഒരു കഥയിലെ വാചകം അവന്റെ ദർശനമാണ്.
“സ്വന്തം തീരുമാനപ്രകാരമല്ല നമ്മുടെ ജനനം. ഒരു ക്രിയേറ്റിവ് ആദ്യം ഡിസൈൻ ചെയ്യേണ്ടത് അവൻ എപ്പോൾ എങ്ങിനെ മരിക്കണം എന്നതാണ്. ആത്മഹത്യകൾ വലിയൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.”
അങ്ങിനെയെങ്കിൽ ആദിയുടേത് കൃത്യമായ് കണക്കുകൂട്ടിയ അപകടമെന്ന് തോന്നിപ്പിക്കുന്ന ആത്മഹത്യയാണ്. അന്ന് അടുക്കളയിൽ ആദിയെന്നെ ചേർത്തു പിടിക്കുന്നത് കണ്ട നിഴൽ രൂപം അമ്മുവാണ്. ആദി അവളെ വ്യക്തമായി കണ്ടിരിക്കാം. അവൻ കാരണം എന്റെ ജീവിതം തകർന്നുവെന്ന കുറ്റബോധമാണ് അവനെ കൊണ്ടത് ചെയ്യിച്ചത്.
അമ്മുവിൽ നിന്ന് ഈയൊരളവിൽ പക്വത അവൻ ചിന്തിച്ചു കാണില്ല.
എന്റെ മകൾ പക്വമതിയാണ്. അവളുടെ ശരിയായ തീരുമാനമാണ് അവളുടെ വിവാഹം. വിട്ടു പോയ ഭാഗങ്ങൾ ചേർത്തൊരു പദപ്രശ്നം പൂർത്തിയാകുമ്പോൾ എല്ലാം നഷ്ടമായതെനിക്ക് മാത്രമാണ്.
കാലങ്ങൾക്ക് ശേഷം ഷെൽഫ് തുറന്ന് ആ പഴയ നീലസാരി പുറത്തെടുത്തു. ജീവിതം വല്ലാതെ വിരസമാവുമ്പോൾ ആ സാരിയിൽ ഒരു കുരുക്കു രൂപപ്പെടുത്തുന്നതോർത്ത് കിടന്നു.
ഉറക്കത്തിലെപ്പോഴോ ആദിയുടെ കൈകൾ ചുറ്റിവരിയുന്നതായ് തോന്നി. ഞെട്ടിയുണർന്നപ്പോൾ നീലസാരി പുതപ്പായ് പുതച്ചിരിക്കുന്നു. അതിന്റെ ഇഴകളിലിപ്പോഴും ആദിയുടെ വിരൽ സ്പർശം തങ്ങി നിൽക്കുന്നു…..
RELATED ARTICLES

Most Popular

Recent Comments